സഭാമൊഴികള്‍
കെ.എന്‍.എ.ഖാദര്‍
വേദാബുക്‌സ്
പേജ്: 240 വില:340 രൂപ
9539009979
കേരള നിയമസഭയില്‍ വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഹൈന്ദവ ധാര്‍മ്മികാശയങ്ങള്‍ ഏറ്റവും കൂടുതല്‍ എടുത്തുദ്ധരിച്ചത് ഒരുപക്ഷേ ഒരു ഹിന്ദുവായിരിക്കില്ല, മുസ്ലിമായിരിക്കും. അത് കെ.എന്‍.എ ഖാദറായിരിക്കും. ‘അഗ്നിമീളെ പുരോഹിതം’ എന്ന ഋഗ്വേദ സൂക്തവും ‘ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം’ പോലുള്ള വേദമന്ത്രവുമൊക്കെ വളരെ ഹൃദ്യമായി ഉദ്ധരിക്കുന്നതാണ് ഖാദറിന്റെ സ്വഭാവം. ഏതു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും നിയമസഭയില്‍ അദ്ദേഹം വാചാലമായി തന്നെ ഭാരതീയതയിലേക്കെത്തും. അതില്‍ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ആദിശങ്കരനും ശ്രീനാരായണഗുരുവുമൊക്കെ ഒഴുകിയെത്തും. ഇവ മാത്രമല്ല ബൈബിളും ഖുറാനും ദാസ്‌കാപ്പിറ്റലും ഗാന്ധിജിയും കാറല്‍ മാര്‍ക്‌സുമൊക്കെ ഇതേ ലാഘവത്തോടെ അദ്ദേഹത്തിന്റെ വാഗ്‌ധോരണിയില്‍ കാണാം. സുലഭമായി കവിതകളും നോവലിലെയും ചെറുകഥയിലെയും ഭാഗങ്ങളുമൊക്കെ ഒന്നൊന്നായി പ്രവഹിക്കും. അത്രയ്ക്ക് വിശാലവും പണ്ഡിതോചിതവും ഒപ്പം രസകരവുമാണ് അദ്ദേഹത്തിന്റെ പ്രസംഗശൈലി.
ഖാദറിന്റെ നിയമസഭാ പ്രസംഗങ്ങളിലെ പ്രയോഗങ്ങള്‍ ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. വിഷയത്തിനനുസരിച്ച് സാന്ദര്‍ഭികമായി അവയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ മാത്രമല്ല അവ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധം അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങള്‍ ‘സഭാമൊഴികള്‍’ എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയത് തീര്‍ച്ചയായും സഹൃദയര്‍ക്ക് സ്വീകാര്യമാകും എന്നു വിശ്വസിക്കാം. ഈ പുസ്തകത്തിന് അവതാരികയെഴുതിയ രവി വര്‍മ്മ തമ്പുരാന്‍ ”ഇതിലെ അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ നിറവും ഹൃദയത്തിന്റെ ചൂടും പ്രാണന്റെ വിലയുമുണ്ട്” എന്ന് കുറിച്ചത് അളന്നു തൂക്കിയുള്ള വിലയിരുത്തലാണ്.
ആണ്ടവന്റെ ലീലാവിലാസങ്ങള്‍
സുധീര്‍ പറൂര്
ഗ്രീന്‍ ബുക്‌സ് തൃശ്ശൂര്‍
പേജ് : 216 വില : 310
0487-2422515
സുധീര്‍ പറൂരിന്റെ ആണ്ടവന്റെ ലീലാവിലാസങ്ങള്‍ കേസരിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ച നോവലാണ്. ആണ്ടവന്റെ മരണം വരെയാണ് കേസരി പ്രസിദ്ധീകരിച്ചത്. മരണത്തിന് ശേഷം ആണ്ടവന്‍ ഒരു മിത്തായി പരിണമിക്കുന്ന ഒരു രണ്ടാം ഭാഗം കൂടി പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
തണ്ണീര്‍ ഭഗവതി തോറ്റവും ഭഗവതിയാട്ടിന്റെ അനുഷ്ഠാനങ്ങളും ഒക്കെ ഈ കൃതിയെ കൂടുതല്‍ ഹൃദ്യമാക്കുന്നു. നോവലിന്റെ രണ്ടാം ഭാഗത്ത് ആണ്ടവന്റെ മരണശേഷം അയാളെ പേടിക്കുന്ന ജനത അയാള്‍ക്കുവേണ്ടി സ്‌കന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂശാരിക്കാവില്‍ ആണ്ടവന്റെ പ്രതിഷ്ഠ നടത്തുന്നു. വര്‍ഗസമരങ്ങള്‍ക്ക് പകരം വര്‍ഗ സമന്വയമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. ബ്രാഹ്മണനും നായരും ഈഴവനും മണ്ണാനും മാപ്പിളയുമൊക്കെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന ഗ്രാമനന്മയുടെ നേര്‍ക്കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരു തെറ്റും ചെയ്യാതെ നിരന്തരം ശിക്ഷിക്കപ്പെടുന്ന ആണ്ടവന്‍, മകന്റെ ഭ്രാന്തിനാല്‍ പൊറുതി മുട്ടി ആത്മഹത്യ ചെയ്ത വേലായുധന്‍, പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ രക്തം വാര്‍ന്ന് മരിക്കേണ്ടി വന്ന ആണ്ടവന്റെ ഭാര്യ, നാട്ടിലെ എല്ലാ കാര്യത്തിലും ആദ്യന്തം നിറഞ്ഞു നില്ക്കുന്ന കാക്കി ചേത്യാര്, എന്നെ ഒന്ന് കൊന്നു തരോ – എന്ന് അലറിക്കരയുന്ന ഗോവിന്ദന്‍ നായര്‍ – അങ്ങനെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഏറെ കഥാപാത്രങ്ങള്‍. ഇവര്‍ക്കിടയിലൂടെ അനുസ്യൂതം ഒഴുകുന്ന ആണ്ടവന്റെ കഥ വായനക്കാരുടെ ഉള്ളില്‍ നനവാര്‍ന്ന ഓര്‍മ്മയായി അവശേഷിക്കുക തന്നെ ചെയ്യും.
ദേശചരിതവും പുരാവൃത്തവും പതിഞ്ഞ തോറ്റംപാട്ടിന്റെ താളത്തില്‍ ഒഴുകി നീങ്ങുന്നത് ആണ്ടവനിലൂടെ അനുഭവിച്ചറിയുവാന്‍ കഴിയും എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. വെട്ടുനാടിന്റെ മാത്രം ദൈവ സങ്കല്പ്പമായ തണ്ണീര്‍ ഭഗവതിയുടെ ആചാരാനുഷ്ഠാനങ്ങളും തോറ്റംപാട്ടും ഈ കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. വര്‍ഗ സമരമല്ല വര്‍ഗ സമന്വയമാണ് യഥാര്‍ത്ഥ വിപ്ലവം എന്ന് ആണ്ടവനിലൂടെ ഒരു ഗ്രാമം വിളിച്ച് പറയുന്നത് കേള്‍പ്പിക്കുവാന്‍ ആണ്ടവന്റെ ലീലാവിലാസങ്ങള്‍ എന്ന നോവലിന് കഴിഞ്ഞിരിക്കുന്നു. ഒരു തെറ്റും ചെയ്യാതെ തന്നെ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഭ്രാന്ത് എന്ന മാനസികാവസ്ഥയുടെ നേര്‍സാക്ഷിയാണ് ആണ്ടവന്‍. ബോധത്തിനും ഭ്രാന്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്നുപോകുവാന്‍ വിധിക്കപ്പെട്ട ആണ്ടവന്റെ ചരിതം വായനക്കാരുടെ ഹൃദയ മിഴി നനയ്ക്കുക തന്നെ ചെയ്യും.