”അസതോ മാ സത്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ”
അസത്യത്തില്‍ നിന്നും സത്യത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍ നിന്ന് അമൃതത്വത്തിലേക്കും എന്നെ നയിക്കേണമേ എന്ന അര്‍ത്ഥവത്തായ പ്രാര്‍ത്ഥനാ വചനങ്ങള്‍ പകര്‍ന്നുതന്നവരാണ് നമ്മുടെ ആചാര്യന്മാര്‍.
തമോഗുണങ്ങളില്‍ നിന്നും നമ്മെ നന്മയിലേക്ക് നയിക്കുന്ന വഴിവിളക്കുകളാണ് അദ്ധ്യാപകര്‍. നമ്മുടെ ജീവിതവഴികളിലെ മാര്‍ഗദര്‍ശികള്‍, നമ്മുടെ അഭ്യുദയകാംക്ഷികള്‍, തങ്ങള്‍ക്കുള്ള അറിവ് പകര്‍ന്ന് തന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ പ്രചോദിപ്പിക്കുന്നവര്‍ എന്നിങ്ങനെ അനേകം വിശേഷണങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ പര്യാപ്തമായ സ്വാധീനശക്തിയുള്ളവരാണ് അദ്ധ്യാപകര്‍. അവരെ ആദരിക്കുന്ന ദിനമാണ് ‘ദേശീയ അദ്ധ്യാപകദിനം.’
സ്വാമി വിവേകാനന്ദന് ശേഷം ദാര്‍ശനിക രംഗത്ത് ലോകത്തിന് മുന്നില്‍ മുഴങ്ങിക്കേട്ട ഭാരതീയ ശബ്ദമാണ് സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്‍ എന്ന ചിന്തകന്റേത്. ആന്ധ്ര സര്‍വ്വകലാശാലയുടെയും കാശി ഹിന്ദു സര്‍വ്വകലാശാലയുടെയും വൈസ്ചാന്‍സലറും എഴുത്തുകാരനും സര്‍വ്വോപരി മികവുറ്റൊരു വിദ്യാര്‍ത്ഥിയും കൂടിയായിരുന്നു സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍.
1988 സപ്തംബര്‍ 5ന് അന്നത്തെ മദ്രാസ് പ്രവിശ്യയിലെ തിരുട്ടണിയില്‍ ഒരു സാധാരണ തെലുങ്ക് കുടുംബത്തിലായിരുന്നു ജനനം. 1906 ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും തത്വചിന്തയില്‍ എം.എ.ബിരുദം നേടിയ ശേഷം ‘വേദാന്തത്തിന്റെ നൈതികതയും, അതിന്റെ ആദ്ധ്യാത്മിക അനുപാതങ്ങളും’ എന്ന തന്റെ പ്രബന്ധത്തിലൂടെ അദ്ദേഹം വേദാന്തചിന്തകള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ അദ്വൈത വേദാന്തത്തില്‍ അധിഷ്ഠിതമായിരുന്നു. പില്‍ക്കാലത്ത് സ്വാമി വിവേകാനാല്‍ സ്വാധീനിക്കപ്പെട്ട അദ്ദേഹം വേദാന്തത്തെയും ഹിന്ദുമതത്തെയും ഒരു സാര്‍വ്വത്രിക മതമായി സ്ഥാപിക്കാന്‍ പരിശ്രമിക്കുകയുണ്ടായി.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ തത്വശാസ്ത്ര വിഭാഗത്തില്‍ അദ്ധ്യാപകനായി ഔദോഗിക ജീവിതം ആരംഭിച്ച രാധാകൃഷ്ണന്‍ മൈസൂരിലെ മഹാരാജാസ് കോളേജിലും തുടര്‍ന്ന് കല്‍ക്കത്ത സര്‍വ്വകലാശാലയിലെ കിംഗ് ജോര്‍ജ് അഞ്ചാമന്‍ ചെയര്‍ ഓഫ് മെന്റല്‍ ആന്റ് മോറല്‍ സയന്‍സിലും നിയമിതനായി. അതിനുശേഷം അദ്ദേഹം വിവിധ അന്താരാഷ്ട്ര വേദികളില്‍ തന്റെ സര്‍വ്വകലാശാലകളെ പ്രതിനിധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ സേവനങ്ങള്‍ക്കായി 1931ല്‍ ബ്രീട്ടീഷ് സര്‍ക്കാര്‍ നൈറ്റ് പദവി നല്‍കി ആദരിച്ചുവെങ്കിലും ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ‘സര്‍’ പദവി ഉപേക്ഷിച്ച് ഡോ. എന്ന പദവി തന്റെ പേരിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുകയാണ് ഉണ്ടായത്. ദീര്‍ഘമായ അദ്ധ്യാപക ജീവിതം ഡോ. എസ്.രാധാകൃഷ്ണന്‍ ആസ്വദിച്ചിരുന്നു. ലോകം മുഴുവന്‍ സഞ്ചരിക്കാനും പ്രഭാഷണം നടത്താനും തന്റെ തത്വചിന്തകളും ദര്‍ശനങ്ങളും പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അര്‍നോള്‍ഡ് എന്ന ലോക പ്രശസ്ത തത്വചിന്തകന്‍ രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞത് ‘വിശ്വചരിത്രത്തില്‍ മുങ്ങി മുത്തുകള്‍ എടുത്ത വ്യക്തി’ എന്നാണ്. തന്റെ അദ്ധ്യാപക കാലഘട്ടത്തിന്റെ തുടര്‍ച്ചയെന്നോണംനിപുണനായ ഭരണകര്‍ത്താവായി വാഴാനും അനേകായിരം അവസരങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവാനും ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍. ആത്മവിശ്വാസമുള്ളതും ക്രിയാത്മകവുമായിട്ടുള്ള മനോഭാവമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്നത് എന്നുളള ബോധ്യത്തില്‍ നിന്നുകൊണ്ട് തന്റെ വിദ്യാര്‍ത്ഥികളെ വ്യത്യസ്തമായി ചിന്തിക്കുവാനും ആരും സഞ്ചരിച്ചിട്ടില്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുവാനും അസാധ്യമായവ കണ്ടെത്തി സാധ്യമാക്കാനും പ്രശ്‌നങ്ങളെ നേരിട്ട് ജയിക്കുവാനുമുള്ള ധൈര്യം പകര്‍ന്ന് നല്‍കി വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും അദ്ദേഹത്തിനായി. അദ്ദേഹത്തിനോട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന സ്‌നേഹ ബഹുമാനങ്ങള്‍ക്കുള്ള തെളിവായിരുന്നു മൈസൂരില്‍നിന്ന് അദ്ദേഹത്തിന് കിട്ടിയ യാത്രയയപ്പ്. ക്യാമ്പസ് മുതല്‍ റെയില്‍വേസ്റ്റേഷന്‍ വരെ പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ കയറ്റി ശിഷ്യഗണങ്ങള്‍ തന്നെ രഥം വലിച്ച് കൊണ്ട് നല്‍കിയ ആഘോഷപൂര്‍വ്വമായ ആ യാത്രയയപ്പ് ചരിത്രത്തിലിടം പിടിച്ച യാത്രയയപ്പുകളില്‍ ഒന്നായി മാറി.
ശ്രേഷ്ഠനായ അദ്ധ്യാപകന്‍ എന്നതിലുപരിയായി രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതി, ദാര്‍ശനിക ചിന്തകന്‍, പ്രഭാഷകന്‍ തുടങ്ങി ഡോ. എസ്. രാധാകൃഷ്ണന്‍ വ്യാപരിച്ച മേഖലകള്‍ ഏറെയാണ്. അങ്ങനെയിരിക്കെയാണ് തങ്ങളുടെ പ്രിയപ്പെട്ട ദൈവതുല്യനായ ഗുരുവിന്റെ ജന്മദിനം ആഘോഷിക്കാനായി ശിഷ്യന്മാരും സുഹൃത്തുകളും ഒരുക്കങ്ങള്‍ കൂട്ടിയത്. ഇതിനുള്ള അനുമതിക്കായി സമീപിച്ച ശിഷ്യരെ സ്‌നേഹപൂര്‍വ്വം തന്റെ ജന്മദിന ആഘോഷങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച ഡോ. എസ്. രാധാകൃഷ്ണന്‍ മറ്റൊരുചിന്ത അവര്‍ക്ക് മുന്‍പിലിട്ടു. സര്‍ഗ്ഗാത്മകതയും ധാര്‍മികതയും ഉള്ള വിദ്യാഭ്യാസം പകര്‍ന്നുകൊടുത്ത് നല്ല പൗരന്മാരെ സൃഷ്ടിച്ച് രാഷ്ട്രപുനര്‍നിര്‍മ്മാണം നടത്തുന്ന അദ്ധ്യാപകര്‍ക്കുവേണ്ടി തന്റെ ജന്മദിനം മാറ്റി വെച്ചുകൂടെ എന്ന ആ നിര്‍ദ്ദേശമാണ് പില്‍ക്കാലത്ത് സപ്തംബര്‍ 5 അദ്ധ്യാപകദിനമായി ആചരിക്കുന്നതിലേക്ക് എത്തിയത്. ‘അദ്ധ്യാപകന്‍ രാജ്യത്തെ ഏറ്റവും നല്ല മനസ്സുകള്‍ ആവണം’ എന്നായിരുന്നു ഡോ.എസ്.രാധാകൃഷ്ണന്റെ വിശ്വാസം. 1962 മുതല്‍ എല്ലാവര്‍ഷവും സപ്തംബര്‍ 5 അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തില്‍ എന്നും അദ്ധ്യാപകദിനമായി അത്യാഹ്ലാദപൂര്‍വ്വം ആഘോഷിച്ചുവരുന്നു. നല്ലൊരു വിദ്യാര്‍ത്ഥിക്ക് മാത്രമെ നല്ലൊരു അദ്ധ്യാപകനാവാന്‍ കഴിയുകയുളളൂ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അന്നേ ദിവസം അവാര്‍ഡുകളും സമ്മാനിക്കുന്നുണ്ട്.
1948ല്‍ ആണ് ഡോ. എസ്. രാധാകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിതനായത്. ആ സമയത്ത് അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ മേഖലയിലെ വിലപ്പെട്ട ഒരു രേഖയായാണ് ഇന്നും പരിഗണിക്കുന്നത്. ഭാരതത്തിലെ നിലവിലുള്ള സര്‍വ്വകലാശാല സംവിധാനങ്ങള്‍ പുന:സംഘടിപ്പിച്ചും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയും സ്വതന്ത്രഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചും മൂല്യബോധവും രാഷ്ട്രബോധവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
മെക്കാളെയുടെ യൂറോകേന്ദ്രിത വിദ്യാഭ്യാസത്തില്‍നിന്നും ഭാരത കേന്ദ്രിത വിദ്യാഭ്യാസത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഭാരതത്തെ ശ്രേഷ്ഠ ഭാരതത്തിലെത്തിക്കുമെന്നതില്‍ സംശയമില്ല. ഡോ.എസ്.രാധാകൃഷ്ണന്റെ സമഗ്രവിദ്യാഭ്യാസം എന്ന ആശയം പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പുതിയ -വിദ്യാഭ്യാസനയം രൂപകല്‍പ്പന ചെയ്തിട്ടുളളത്. ഈ നയത്തിന്റെ പതാകാവാഹകരായി പ്രവര്‍ത്തിക്കേണ്ടത് അദ്ധ്യാപക സമൂഹമാണെന്നതും ശ്രദ്ധേയമാണ്. അദ്ധ്യാപകദിനത്തില്‍ എല്ലാ അദ്ധ്യാപകരും ഇതിന് പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു.
(ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)