ശബരിമലയിലെ ഭസ്മക്കുളം മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഹൈക്കോടതി തടഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാനുള്ള ഉന്നത അധികാര സമിതിയെ പോലും അറിയിക്കാതെയാണ് ഭസ്മക്കുളം മാറ്റാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടത്. ഇത് വിലയിരുത്തിയ ശേഷമാണ് ജസ്റ്റിസ് അനൂപ് നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍. വി. മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവസ്വം ബോര്‍ഡ് പതിവുപോലെ ഇക്കാര്യത്തിലും ഭക്തരുടെ താല്‍പര്യം മാത്രമല്ല ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തരിമ്പും വില നല്‍കാത്ത തീരുമാനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. പരിശുദ്ധവും ഉചിതവുമായ സ്ഥലത്താണ് ശബരിമലയില്‍ പുതിയ ഭസ്മക്കുളം നിര്‍മ്മിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചതെന്നാണ് പ്രസിഡന്റ് പ്രശാന്ത് പിന്നീട് മാധ്യമങ്ങളെ അറിയിച്ചത്. പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണറില്‍ കെട്ടിവെക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഔചിത്യം ഇല്ലാത്ത റിപ്പോര്‍ട്ടാണ് ഹൈക്കോടതിക്ക് നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. 1980കളില്‍ ശബരിമല ക്ഷേത്രത്തിന് സമീപം ആയിരുന്നു ഭസ്മക്കുളം. ഫ്‌ളൈഓവര്‍ നിര്‍മ്മാണ വേളയില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അത് മാറ്റി സ്ഥാപിച്ചു. അന്ന് ഈ സ്ഥലം വൃത്തിയും ശുദ്ധിയും ഉള്ളതായിരുന്നു. തുടര്‍ന്ന് ശബരിമലയില്‍ നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഭൂമിശാസ്ത്രപരമായി ചരിഞ്ഞ പ്രദേശമായതിനാലും കെട്ടിടങ്ങളിലെ മലിനജലം അവിടേക്ക് എത്തുന്ന സാഹചര്യമുണ്ടായി. മലിനവും അശുദ്ധവുമായ വെള്ളമാണ് ഭസ്മക്കുളത്തില്‍ എന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ തന്ത്രിമാരുമായി ചര്‍ച്ച നടത്തിയാണ് പുതിയ ഭസ്മക്കുളത്തിന് സ്ഥാനനിര്‍ണ്ണയം നടത്തിയത്. ഉന്നത അധികാര സമിതിയുടെ അനുമതിയും തേടി. ഇതിനിടയിലാണ് കോടതിയില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍മ്മാണം തടഞ്ഞത്. ബോര്‍ഡിന് പണച്ചെലവില്ലാതെ ഒരു ഭക്തന്റെ സമര്‍പ്പണമായാണ് ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടെ പുതിയ ഭസ്മക്കുളം വിഭാവനം ചെയ്തത്. സ്ഥാന നിര്‍ണയംതന്നെ നടത്തി ഉചിതമായ സ്ഥാനം കണ്ടെത്തിയതും ഇതിനാലാണ്. ഇക്കാര്യം മനസ്സിലാക്കി ഔചിത്യ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ തയ്യാറാകണമായിരുന്നു എന്നാണ് പ്രസിഡന്റിന്റെ നിലപാട്.
ശബരിമല അയ്യപ്പനില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് ഭക്തര്‍ ഭാരതത്തിനകത്തും പുറത്തുമായി ഉണ്ട്. അവര്‍ ഉദാരമായ സംഭാവന നല്‍കാനും തയ്യാറാണ്. ആ സംഭാവനാപണം ഉപയോഗിച്ച് യുക്തിബോധമില്ലാതെ നിരന്തരം നിര്‍മ്മാണം നടത്തുകയും പൊളിക്കുകയും പുനര്‍നിര്‍മ്മാണം നടത്തുകയും ഇതിന്റെ എല്ലാം പേരില്‍ കോടികള്‍ കമ്മീഷന്‍ അടിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കയ്യിട്ടുവാരല്‍ സങ്കേതം ആയി ദേവസ്വം ബോര്‍ഡ് മാറിയിരിക്കുന്നു. ശബരിമലയില്‍ കമ്മീഷണര്‍മാരായും ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായും എത്തിയവരില്‍ പലരുടെയും പേരില്‍ വിജിലന്‍സ് കേസും അന്വേഷണവും നടക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരിശുദ്ധമായ കാനനക്ഷേത്രം എന്ന പ്രത്യേകത മുന്‍നിര്‍ത്തി ശബരിമലയില്‍ പരിസ്ഥിതിക്കും പ്രകൃതിക്കും അനുസൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ഇന്ന് ശബരിമലയുടെ വിശുദ്ധി, പ്രകൃതിയുടെ സ്വാഭാവികമായ പരിശുദ്ധി എന്നിവ അവഗണിച്ചുകൊണ്ട് മരങ്ങള്‍ വെട്ടി മാറ്റി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനിന് രൂപം കൊടുത്തിട്ട് വര്‍ഷങ്ങളായി. ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് അനായാസമായി ദര്‍ശനം നടത്താനും ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകം തുടങ്ങിയവ നടത്തി ബുദ്ധിമുട്ടില്ലാതെ തിരിച്ചു പോരാനും രാത്രി തങ്ങുന്ന ഭക്തര്‍ക്ക് ശബരിമലയുടെ ആത്മീയ അനുഭൂതി അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ വിരി വെക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ആണ് ചെയ്യേണ്ടത്.
ശബരിമലയില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത് പോലും ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിന്റെ വിശ്വാസ പദ്ധതികള്‍ക്കും അനുസൃതമായിട്ടാണോ എന്ന കാര്യം കൂടി പുനരാലോചിക്കേണ്ടതാണ്. ക്ഷേത്രത്തിന്റെ ഭാഗമായ ഭസ്മക്കുളത്തിന് അതിന്റെ പരമ്പരാഗത സ്ഥാനം പ്രസക്തമല്ലേ? ഭസ്മക്കുളത്തിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന രീതിയില്‍ ചുറ്റും വന്ന നിര്‍മ്മാണം ആരുടെ പദ്ധതിയായിരുന്നു, ഇതിനുവേണ്ടി എന്തു പഠനവും എന്തു വിലയിരുത്തലും ആണ് നടത്തിയിട്ടുള്ളത്? ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നേരത്തെ ഭസ്മക്കുളം നവീകരിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത് ഇവിടെയല്ലേ എന്നും കോടതി ചോദിച്ചു. അതിന്റെ പേരിലാണ് ഉന്നത അധികാര സമിതി സെക്രട്ടറിയെ സ്വമേധയാ കോടതി കക്ഷിയാക്കിയത്.
വലിയ നടപ്പന്തലിന് സമീപം കൊപ്ര കളത്തിന് അടുത്തായി ഭസ്മക്കുളം നിര്‍മിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. നിലവിലുള്ളിടത്ത് ശുദ്ധിയും ശുചിത്വവും കുറവായതിനാല്‍ ആണ് ഭസ്മക്കുളം മാറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ബിജു ഹൈക്കോടതിയില്‍ വിശദീകരിച്ചു. വലിയ നടപ്പന്തലിലെ ഗണപതി വിഗ്രഹം മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നതാധികാര സമിതിയെ അറിയിച്ചില്ല എന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വലിയനടപ്പന്തലിനു സമീപത്തെ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഗണപതി വിഗ്രഹം മാറ്റി സ്ഥാപിക്കാനായി പൊളിച്ചു മാറ്റാനും ബോര്‍ഡ് തീരുമാനിച്ചു. ഇതിനായി ഇവിടുത്തെ ചുക്കുവെള്ളപ്പുരയും പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചു. ഇക്കാര്യങ്ങളൊക്കെ തന്ത്രിയുടെ സമ്മതപ്രകാരം ചെയ്തു എന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
ശബരിമലയില്‍ എന്ന് മാത്രമല്ല ഏത് ക്ഷേത്രത്തിലും ഇത്തരം മാറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തണമെങ്കില്‍ അതിന് ദേവഹിതം കൂടി അറിയേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡിന്റെയും ബോര്‍ഡ് ഭരിക്കുന്ന ഹിന്ദു വിരുദ്ധ രാഷ്ട്രീയ കക്ഷികളുടെയും അഭിലാഷങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് എന്തും പറയുന്ന ദൈവജ്ഞര്‍ക്ക് പകരം ഭക്തസമൂഹത്തിന് വിശ്വാസമുള്ള സ്ഥിതപ്രജ്ഞരായ ജ്യോതിഷികളെ ഉള്‍പ്പെടുത്തി ദേവഹിതം അറിഞ്ഞു മാത്രമേ ശബരിമല അയ്യപ്പന്റെ സന്നിധാനത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന എന്തും മാറ്റാനാകൂ. ഏതെങ്കിലും ഭക്തന്‍ പണം മുടക്കാന്‍ തയ്യാറാണ് എന്ന് പറയുമ്പോഴേക്കും ശബരിമലയില്‍ എന്തും പൊളിച്ചടുക്കാനും പുനര്‍നിര്‍മ്മിക്കാനും ബോര്‍ഡ് തയ്യാറായാല്‍ അത് ഭക്തരെ ചൂഷണം ചെയ്യാനുംകൊള്ളയടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.
ശബരിമലയിലെ അന്നദാന കാര്യത്തില്‍ എന്തുകൊണ്ട് ഈ നിലപാട് ഉണ്ടാവുന്നില്ല എന്നതുംപ്രസ ക്തമാണ്. അയ്യപ്പ സേവാ സമാജം അടക്കമുള്ള ഹിന്ദു സംഘടനകള്‍ സൗജന്യമായി അന്നദാനം നടത്താന്‍ തയ്യാറായിട്ടും അത് ചെയ്യാന്‍ അനുവദിക്കാതെ കോടതി കയറ്റാന്‍ അല്ലേ ദേവസ്വം ബോര്‍ഡ് എല്ലാ കാലവും ശ്രമിക്കുന്നത്. ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന നൂറുകണക്കിന് ഭക്തര്‍ക്ക് ഭക്തിയോടെ വിശ്വാസപൂര്‍വ്വം തീര്‍ത്ഥാടനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം ശബരിമലയെ ഒരു വിഭാഗത്തിന് കൊള്ളയടിക്കാനുള്ള വാണിജ്യ കേന്ദ്രമാക്കി മാറ്റാനാണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. വര്‍ഷങ്ങളായി, അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ നിറച്ചുകൊണ്ടുവരുന്ന അരി നല്‍കിയാല്‍ അന്നദാന കേന്ദ്രത്തില്‍ നിന്ന് ഭക്തര്‍ക്ക് ചോറ് നല്‍കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതൊക്കെയും വാണിജ്യവല്‍ക്കരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അടക്കം കേരളത്തിലെ എല്ലാ ദേവസ്വം ഭാരവാഹികളും പോകേണ്ട ഒന്നുരണ്ട് സ്ഥലങ്ങളുണ്ട്. അവ കര്‍ണാടകത്തിലെ ധര്‍മ്മസ്ഥലയും മൂകാംബികക്ഷേത്രവും ആണ്. അവിടെയെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് എങ്ങനെയാണ് സൗജന്യമായി പ്രസാദ ഊട്ടായി ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കുന്നതെന്ന് അവര്‍ കണ്ടറിയണം. ധര്‍മ്മസ്ഥലയില്‍ താമസസൗകര്യം പോലും സൗജന്യമായി നല്‍കുമ്പോള്‍ മൂകാംബികയില്‍ താമസത്തിന് കുറഞ്ഞ നിരക്ക് ഈടാക്കുന്നുണ്ട്. ഇത്രയേറെ ഭക്തരെത്തിയിട്ടും ഇവിടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ അവ പരമ്പരാഗത രീതിയില്‍ കൃത്യമായി തന്നെ നടത്തുന്നു എന്ന കാര്യം മനസ്സിലാക്കണം. ശബരിമലയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഭക്തര്‍ തയ്യാറായിട്ടും അതിനെ തടയാനും സംസ്ഥാന സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സാമ്പത്തിക മെച്ചം മാത്രം കണക്കിലെടുക്കാനും ആണ് ശ്രമിക്കുന്നത്. നിലയ്ക്കലില്‍ വരുന്ന വാഹനങ്ങള്‍ അവിടെ തടഞ്ഞ ശേഷം കെഎസ്ആര്‍ടിസിയില്‍ കൊള്ളനിരക്കിലാണ് ഭക്തരെ പമ്പയിലേക്ക് എത്തിക്കുന്നത്. മറ്റ് പല വിശ്വാസങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ സബ്‌സിഡിയോടെ യാത്രാസൗകര്യം ഒരുക്കുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് ശബരിമല അയ്യപ്പഭക്തരെ മാത്രം ഈ തരത്തില്‍ ചൂഷണം ചെയ്യുന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സൗജന്യ യാത്ര ഒരുക്കാന്‍ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ തയ്യാറായിട്ടും അതിനെ നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? നൂറു ബസ്സുകള്‍ ഉള്ള ഒരു സംവിധാനം നിലയ്ക്കലും പമ്പയിലും ഉണ്ടായാല്‍ ഓരോ ബസ്സ് നിറയുമ്പോള്‍ ഇരു ഭാഗത്തേക്കും വിട്ടയച്ചാല്‍ തീരുന്ന തിരക്ക് മാത്രമേ അവിടെയുള്ളൂ. അത് സൗജന്യമായി ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ട് അനുവദിക്കാത്തവരാണ് ദേവഹിതം നോക്കാതെ സൗജന്യമാണെന്ന് പറഞ്ഞ് ഭസ്മക്കുളം പൊളിക്കാന്‍ നോക്കുന്നത്.
ശബരിമല പ്രശ്‌നത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായിട്ടുണ്ടെന്ന് ഈ വിധിയിലൂടെ വ്യക്തമാണ്. ശബരിമല പ്രശ്‌നത്തില്‍ ഇനിയെങ്കിലും ഒരു വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടായേ കഴിയൂ. ശബരിമലയിലെ എല്ലാ പണം ഇടപാടുകളും പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണം. തീര്‍ത്ഥാടന കാലത്ത് താല്‍ക്കാലിക സംവിധാനം എന്ന പേരില്‍ നടത്തുന്ന സാമ്പത്തിക കൊള്ള പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ക്ഷേത്രത്തിലെ പലപല വകുപ്പുകളില്‍ ആയി വന്‍ കൊള്ളയാണ് അരങ്ങേറുന്നത്. കാണിക്ക പണം മുതല്‍ വഞ്ചി പെട്ടി വരെ നീളുന്ന കൈകള്‍ കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലും വാര്‍ത്തയായിരുന്നു. പണം എത്തുകയും എണ്ണുകയും ചെയ്യുന്ന എല്ലായിടത്തും സിസിടിവി ക്യാമറകള്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെയോ കോടതിയുടെയോ നിരീക്ഷണത്തില്‍ തന്നെ ഉണ്ടാകണം. ശബരിമലയിലെ ഇന്നത്തെ കോണ്‍ക്രീറ്റ് വനം ഇനിയെങ്കിലും ഇല്ലാതാകണം. പരിസ്ഥിതി അനുസൃതം അല്ലാത്ത ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനി ശബരിമലയില്‍ അനുവദിക്കരുത്. അടുത്ത അമ്പതോ നൂറോ വര്‍ഷത്തെ ആവശ്യങ്ങള്‍ കൂടി അനുസരിച്ച് അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്താനും പ്രകൃതിക്കും പരിസ്ഥിതിക്കും അനുസരിച്ച് സജ്ജമാക്കാനും കഴിയുംവിധം മാസ്റ്റര്‍ പ്ലാന്‍ പൊളിച്ചെഴുതണം. അയ്യപ്പന്റെ പണം കൊള്ളയടിക്കാന്‍ വരുന്നവരെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ ഒരു പുതിയ മാസ്റ്റര്‍ പ്ലാന്‍ ആണ് വേണ്ടത്. പതിനെട്ടാം പടിയുടെ വിശുദ്ധി പോലും ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ മേല്‍ക്കൂര നിര്‍മ്മാണം എന്ന വാദവും ഭക്തര്‍ ഉയര്‍ത്തുന്നുണ്ട്. ഇതടക്കമുള്ള എല്ലാ കാര്യങ്ങളിലും മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ദേവഹിതം തേടണം. ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തില്‍ പോലും മാറ്റം ഉണ്ടാകണം. ശബരിമലയിലെ എല്ലാ വാണിജ്യ ഇടപാടുകളും ലാഭക്കൊതിയില്ലാത്ത സേവന സന്നദ്ധരായ ഭക്തസംഘടനകളെയോ സേവന സന്നദ്ധ സംഘടനകളെയോ ഏല്‍പ്പിക്കണം.
വഴിപാടുകള്‍ മുതല്‍ ഭക്ഷണം വരെ എല്ലാ കാര്യത്തിലും ശബരിമല അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനം അവസാനിപ്പിക്കണം. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭക്തരുടെ താല്‍പര്യത്തിനും അനുസരിച്ചുള്ള ഒരു സംവിധാനം ശബരിമലയില്‍ ഉണ്ടാകണം. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും കേന്ദ്രസര്‍ക്കാരിന്റെയും കൂടിപങ്കാളിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാവുകയും വേണം. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല എന്ന പേരില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് ഒരു സൗകര്യവും നിഷേധിക്കാന്‍ പാടില്ല. ബഹുമാനപ്പെട്ട ദേവസ്വം ബെഞ്ച് ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും മാസ്റ്റര്‍ പ്ലാന്‍ പരിസ്ഥിതിക്കും പ്രകൃതിക്കും അനുസരിച്ച് ഭക്തരുടെ ക്ഷേമം മാത്രം മുന്‍നിര്‍ത്തി പരിഷ്‌കരിക്കാനും നിര്‍ദ്ദേശം നല്‍കണം. അയ്യപ്പഭക്തരുടെ വിശ്വാസത്തിനും താല്പര്യത്തിനും ആണ് പ്രാധാന്യമെന്ന് ദേവസ്വം ബോര്‍ഡിനെ ബോധ്യപ്പെടുത്തണം. തിരുവിതാംകൂര്‍, പന്തളം രാജകുടുംബങ്ങള്‍ക്കും തന്ത്രിക്കും ഭക്തസംഘടനകള്‍ക്കും പറയാനുള്ളത് കൂടി കേള്‍ക്കണം. ധര്‍മ്മസ്ഥല പോലെ ഭക്തിക്കും ധര്‍മ്മത്തിനും മാത്രം സ്ഥാനമുള്ള സന്നിധാനം ആയി ഇനിയെങ്കിലും ശബരിമലയെ മാറ്റണം.