പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി. പതിവുപോലെ അമേരിക്ക 40 സ്വര്‍ണ്ണമുള്‍പ്പെടെ 126 മെഡലോടെ ഒന്നാം സ്ഥാനത്തെത്തി. ചൈന രണ്ടാംസ്ഥാനത്തും. സ്വര്‍ണ്ണമില്ലാതെ 6 മെഡലുകളോടെ നമ്മുടെ സ്ഥാനം 71-ാമത് ആണ്. ഇന്ത്യന്‍ ജനസംഖ്യ 150 കോടിയിലെത്താന്‍ വെമ്പിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നാംസ്ഥാനത്തില്‍ കുറഞ്ഞൊന്നും നമുക്ക് അഭിമാനിക്കാന്‍ വക നല്‍കില്ല. സാമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിക സൈനിക മേഖലകളിലുമെല്ലാം ഇന്ത്യ എത്രയോ മുന്നേറിക്കഴിഞ്ഞു. എന്നാല്‍ കായിക മേഖലയില്‍ നമുക്ക് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിയുന്നതേയില്ല. അതു എല്ലാ ഇന്ത്യക്കാര്‍ക്കും വേദനയും അപമാനവും ഉണ്ടാക്കുന്ന സംഗതിയാണ്.
കായികശേഷിയില്‍ ഇന്ത്യക്കാര്‍ പിന്നോക്കമാണോ? ഒരിക്കലും അല്ല. ചില ഒറ്റപ്പെട്ട താരങ്ങളുടെ മെഡല്‍ നേട്ടങ്ങള്‍ നമ്മുടെ കായികശേഷിയെ സംശയിക്കാന്‍ ഇട തരുന്നില്ല. നല്ല സ്റ്റേഡിയങ്ങളും പരിശീലന സംവിധാനങ്ങളുമൊക്കെ ഇപ്പോള്‍ നമ്മുടെ നാട്ടിലുമുണ്ട്. എന്നിട്ടും നമുക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ തിളങ്ങാനാകാത്തത് എന്താണ്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. നമുക്ക് ഒരു കായിക സംസ്‌കാരമില്ല എന്നതുതന്നെ. ക്രിക്കറ്റൊഴികെ ഒരു സ്‌പോര്‍ട്‌സിനോടും നമുക്ക് കാര്യമായ അഭിനിവേശമില്ല. 1984ലെ ലോസ് ഏഞ്ചലോസിലെ 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ 4-ാം സ്ഥാനക്കാരിയാകേണ്ടി വന്ന പി.ടി ഉഷയുടെ പിന്നില്‍ ആസ്‌ട്രേലിയക്കാരിയായ ഒരു അഞ്ചാം സ്ഥാനക്കാരി ഉണ്ടായിരുന്നത്രേ! ഡെബി ഫ്‌ളിന്റോഫ് കിങ്ങ് (Debbie Flinloff King) എന്ന ആസ്‌ട്രേലിയക്കാരി. തന്നെ പിന്നിലാക്കി മുന്നേറിയ പെണ്‍കുട്ടിയെക്കണ്ട് ഈ ആസ്‌ട്രേലിയക്കാരി ചോദിച്ചത് ‘ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ഉണ്ടോ’? എന്നായിരുന്നു. 88ലെ സിയൂണ്‍ ഒളിമ്പിക്‌സില്‍ ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയായിരുന്നു ആസ്‌ട്രേലിയക്കാരിയുടെ മധുര പ്രതികാരം.
കായികമത്സരയിനങ്ങള്‍ മിക്കവാറും എല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ചവയാണ്. എന്നിട്ടും ചൈനയും ജപ്പാനും കൊറിയയും അവരെ അത്ഭുതപ്പെടുത്തി മുന്നേറുന്നു. പൂര്‍വേഷ്യന്‍ രാജ്യക്കാര്‍ പൊതുവെ ഇന്ത്യക്കാരേക്കാള്‍ ശാരീരികശേഷിയും ഉയരവും കുറഞ്ഞവരാണ്. എന്നിട്ടും അവര്‍ കായികരംഗത്ത് യൂറോപ്യന്മാരെ പിന്നിലാക്കുന്നു. പാരീസിലും ജപ്പാന്‍ 45 മെഡലോടെ മൂന്നാം സ്ഥാനത്തെത്തി. 32 മെഡലോടെ സൗത്ത് കൊറിയ 8-ാം സ്ഥാനത്തുമുണ്ട്. റഷ്യ പങ്കെടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇവര്‍ ഒന്നോ രണ്ടോ സ്ഥാനം താഴേയ്ക്ക് ഇറങ്ങുമായിരുന്നു. അത്രതന്നെ.
ഇന്ത്യ ക്രിക്കറ്റാണ് എല്ലാം എന്നു കരുതുന്നവരാണ്. ആ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു. മറ്റു കായിക വിനോദങ്ങളില്‍ മത്സരിച്ചെത്തുന്നവര്‍ക്കും വേണ്ടത്ര ആദരവ് നല്‍കണം. ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തക്കുറവാണ് ഏറ്റവും വലിയ പ്രശ്‌നം. കഴിവുള്ളവരല്ല ഇന്ന് മത്സരിക്കുന്നത്. പകരം താല്പര്യമുള്ളവര്‍ മാത്രമാണ്. താല്പര്യമുള്ളവരെല്ലാം കഴിവുള്ളവര്‍ ആകണമെന്നില്ല. കഴിവുള്ളവര്‍ക്ക് താല്പര്യമുണ്ടായാലേ പ്രയോജനമുള്ളൂ. ജന്മനാ തന്നെ കായികശേഷിയുള്ള പലരും മത്സരരംഗത്തേയ്ക്കു വരുന്നതേയില്ല. എല്ലാ പൗരന്മാരും കായിക മത്സരങ്ങളുടെ ഭാഗമാകുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തേ മതിയാകൂ.
കേരളത്തിലെ സ്‌കൂളുകളില്‍ 90%ത്തിലും കളിക്കളങ്ങളില്ല. യൂറോപ്പിലോ അമേരിക്കയിലോ അത്തരത്തില്‍ ഒരു സ്‌കൂള്‍ കാണാന്‍ തന്നെ കഴിയില്ല. ഇംഗ്ലീഷുകാരുടെയിടയില്‍ വളരെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “”The war of waterloo was won on the playing fields on Eton” ‘ എന്നാണത്. ഈറ്റന്‍ പബ്ലിക് സ്‌കൂളിലെ കളിക്കളങ്ങളിലാണ് വാട്ടര്‍ലൂ യുദ്ധം ജയിച്ചതെന്നാണ് അവര്‍ പറയുന്നത്. ബ്രിട്ടനിലെ അതിപ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായിരുന്ന ഈറ്റന്‍ പബ്ലിക് സ്‌കൂളില്‍ കുട്ടികള്‍ക്കു കിട്ടിയ കായികവും മാനസികവുമായ പരിശീലനമാണ് അവരെ സമര്‍ത്ഥരായ യോദ്ധാക്കളാക്കി മാറ്റിയതത്രേ! വാട്ടര്‍ലൂവില്‍ നെപ്പോളിയനെ നേരിട്ട സംയുക്ത സേനയുടെ തലവനായിരുന്ന ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണും ഇറ്റണ്‍ പബ്ലിക് സ്‌കൂളില്‍ പഠിച്ചിറങ്ങിയ പോരാളിയായിരുന്നു. (പഴശ്ശിരാജയ്‌ക്കെതിരേയും മൈസൂര്‍ യുദ്ധങ്ങളില്‍ ടിപ്പുവിനെതിരേയും പൊരുതി ജയിച്ചത് ഇതേ വെല്ലിങ്ടണ്‍ തന്നെ).
ഇന്ത്യയില്‍ പൊതുവെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങളില്ല. ക്ലാസ്മുറികളേയുള്ളൂ. വിദ്യാഭ്യാസത്തില്‍ ക്ലാസ് മുറികളേക്കാള്‍ പ്രധാനമാണ് കളിക്കളം. തീരെ ആരോഗ്യമില്ലാത്ത രോഗാതുരരായ ഒരു തലമുറ വളര്‍ന്നു വരുന്നതിന് ഒരു പ്രധാന കാരണം അടച്ചുമൂടിയ ക്ലാസ് മുറികളിലെ പഠനമാണ്. ഒട്ടു മിക്കവാറും സ്‌കൂളുകളില്‍ ഉണ്ടായിരുന്ന കളിക്കളങ്ങളില്‍ രക്ഷകര്‍തൃസമിതിക്കാര്‍ കെട്ടിടങ്ങള്‍ വച്ചു നിറച്ചു കഴിഞ്ഞു.
കായികവിദ്യാഭ്യാസത്തെ നമ്മള്‍ പരിഗണനയ്ക്ക് എടുക്കുന്നതേയില്ല. സ്‌കൂളുകളില്‍ കായികാധ്യാപകരെ നിയമിക്കുന്നില്ല. നിയമിക്കപ്പെട്ടവര്‍ തന്നെ ഒരു പണിയും ചെയ്യാനാവാതെ വെറുതെയിരിപ്പാണ്. കായികവിദ്യാഭ്യാസത്തിലെ മികവും പരീക്ഷകള്‍ക്കു വിധേയമാക്കി ഒരു പാഠ്യവിഷയമായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും ഒരു കായികയിനത്തില്‍ മികവുതെളിയിക്കാതെ സെക്കന്ററി വിദ്യാഭ്യാസത്തില്‍ വിജയിയായി പ്രഖ്യാപിക്കപ്പെടാന്‍ പാടില്ല. കളിക്കളങ്ങളില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടില്ല. രാഷ്ട്ര നിര്‍മ്മാണത്തിന് ബുദ്ധിശക്തി മാത്രം പോരാ കായികശക്തിയും വേണം.
ആഭ്യന്തര മത്സരങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കിയാലേ യഥാര്‍ത്ഥ പ്രതിഭകള്‍ മത്സരരംഗത്തെത്തുകയുള്ളൂ. പ്രാദേശിക തലത്തിലുള്ള മത്സരങ്ങളില്‍ വിജയിച്ചു വരുന്നവര്‍ മാത്രമേ താലൂക്ക്, ജില്ലാ, സംസ്ഥാനതലം കടന്നു ദേശീയതലത്തിലെത്താവൂ. പഞ്ചായത്തുതലം മുതല്‍ ഗൗരവപൂര്‍ണ്ണമായ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടണം. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ പണം തട്ടുന്നതിനുള്ള സ്ഥാപനങ്ങളായി നിലനില്‍ക്കാന്‍ അനുവദിക്കരുത്. പ്രാദേശികതലം മുതലുള്ള മത്സരങ്ങള്‍ അവരുടെ ചുമതലയില്‍ത്തന്നെ നടക്കണം. അതിലെ വിജയികളേ മുകളിലേയ്ക്ക് മത്സരിക്കാനെത്താവൂ. ഇത്തരത്തില്‍ വിജയിച്ചെത്തുന്നവരുടെ ദേശീയമത്സരം എല്ലാവര്‍ഷവും വലിയ ആഘോഷമായിത്തന്നെ നടത്തപ്പെടണം. നാഷണല്‍ ഗെയിംസ് ഇടയ്ക്ക് വലിയ സംഭവമായി മാറിയെങ്കിലും ഇപ്പോള്‍ വഴിപാടായി മാറിയിരിക്കുന്നു. കായികതാരങ്ങള്‍ക്ക് ഗ്രാമീണതലം മുതല്‍ നല്ല ആദരവും മെച്ചപ്പെട്ട സാമ്പത്തിക സഹായവും ലഭിക്കാനിടയാക്കണം. ഓരോ പഞ്ചായത്തിലും ഏതെങ്കിലും ഒരു ഗെയിമിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കണം. ഒരു പഞ്ചായത്തില്‍ ഫുട്‌ബോളെങ്കില്‍ മറ്റൊരിടത്ത് വോളിബോള്‍, മൂന്നാമതൊരിടത്ത് നീന്തല്‍ക്കുളം അങ്ങനെയങ്ങനെ. കൂടുതല്‍ സൗകര്യങ്ങള്‍ ഗ്രാമീണരും തദ്ദേശസഭകളും തന്നെ ക്രമേണ ഒരുക്കിക്കൊള്ളും. ഇത്തരത്തില്‍ ഒരു കായിക സംസ്‌കാരം വളര്‍ന്നുവന്നാല്‍ വൈകാതെ ഇന്ത്യ ആ മേഖലയിലും ഉന്നത സ്ഥാനത്തെത്തും.
വ്യാപകമായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കും ഒരു കാരണം ആരോഗ്യമില്ലാത്ത ജനതയാണ്. നല്ല ആഹാരത്തോടൊപ്പം കായികാധ്വാനവുമുള്ള ജനതയ്‌ക്കേ രോഗപ്രതിരോധശേഷിയുണ്ടാവൂ. അനാരോഗ്യവാന്മാരായ നൂറ്റമ്പതു കോടിയേക്കാള്‍ ആരോഗ്യവാന്മാരായ പത്തുകോടിയോ പതിനഞ്ചുകോടിയോ ആയിരിക്കും കൂടുതല്‍ ശക്തരായിരിക്കുന്നത്. പെറ്റുപെരുകലിന് വളം വച്ചുകൊടുക്കാതെ കരുത്തരായ ജനതയെ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം.
എം.എന്‍.വിജയന്‍ എന്ന ഇടതുപക്ഷ ചിന്തകന്‍ അന്തരിച്ചിട്ട് ഈ ഒക്ടോബര്‍ 3 ആകുമ്പോള്‍ 17 വര്‍ഷം ആകുന്നു. നല്ല അധ്യാപകനും എഴുത്തുകാരനും വായനക്കാരനും നിരൂപകനും പ്രഭാഷകനുമൊക്കെയായിരുന്നു എം.എന്‍. വിജയന്‍. നാട്ടുകാരെ പറ്റിക്കാന്‍ കുറെ ഫാസിസ്റ്റ് വിരുദ്ധതയൊക്കെ പറഞ്ഞു നടന്നിരുന്നെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇടതുപക്ഷ ചിന്തയുടെ വ്യര്‍ത്ഥതയെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. അടിമുടി അഴിമതിയില്‍ മുങ്ങിയ ഇടതുപക്ഷ രാഷ്ട്രീയത്തോട് ഏതാണ്ട് വിടപറഞ്ഞ അവസ്ഥയിലായിരുന്നു അന്ത്യനാളുകളില്‍ പ്രൊഫ. എം.എന്‍.വിജയന്‍.
ചിന്തകന്‍ എന്നൊക്കെ പറയാറുണ്ടെങ്കിലും അത്രയ്ക്കു ഗൗരവമുള്ള എന്തെങ്കിലും ചിന്തയൊന്നും അദ്ദേഹം നമുക്കു പ്രദാനം ചെയ്തതായി തോന്നുന്നില്ല. അദ്ദേഹത്തിന്റെ കുറെയേറെ കൃതികള്‍ വായിച്ചിട്ടുണ്ടെങ്കിലും പ്രഭാഷണങ്ങള്‍ കുറച്ചേ കേട്ടിട്ടുള്ളൂ. കൃതികളിലും പ്രഭാഷണങ്ങളിലും അടുക്കും ചിട്ടയുമുള്ള ഒന്നും അവതരിപ്പിക്കുന്ന പതിവ് എം.എന്‍.വിജയന് ഉണ്ടായിരുന്നില്ല. താന്‍ വായിച്ചറിഞ്ഞതും നിരീക്ഷിച്ചതുമായ സംഗതികളെ കാര്യമായ അടുക്കും ചിട്ടയുമൊന്നുമില്ലാതെ വാരിവിതറുന്നവയായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പ്രഭാഷണങ്ങളും. എഴുത്തിലും ചില കൃതികള്‍ ഒഴിച്ചാല്‍ പലതിലും അച്ചടക്കമില്ലാത്ത ഈ തെന്നിമാറല്‍ കാണാം.
ഇടതുപക്ഷാശയങ്ങളിലും അദ്ദേഹത്തിനു കാര്യമായ വ്യക്തതയുണ്ടായിരുന്നുവെന്ന് പറയാനാവില്ല. കാരണം അവസാനനാളുകളില്‍ ലോകം ഏതാണ്ടു പൂര്‍ണ്ണമായും ഉപേക്ഷിച്ച സ്റ്റാലിനിസ്റ്റ് നിലപാടുകളെയാണ് അദ്ദേഹം പിന്‍താങ്ങിയത്. ഒരാളെ ചിന്തകന്‍ എന്നൊക്കെ വിളിക്കണമെങ്കില്‍ അനന്യമായ എന്തെങ്കിലും അയാള്‍ സംഭാവന ചെയ്തിരിക്കണം. എം.എന്‍.വിജയന്‍ താന്‍ വായിച്ചറിഞ്ഞ ഇംഗ്ലീഷ് കൃതികളില്‍ നിന്ന് ചിലതൊക്കെ യാന്ത്രികമായി ആവര്‍ത്തിച്ചു എന്നല്ലാതെ തന്റേതായി എന്തെങ്കിലും പുതുതായി സംഭാവന ചെയ്തിട്ടില്ല. ഇടതുപക്ഷ ആശയങ്ങളില്‍ പോലും പുതിയ കാലത്തിനു വെളിച്ചം പകരുന്ന ഒന്നും അദ്ദേഹം സംഭാവന ചെയ്തില്ല.
കേരളത്തില്‍ പൊതുവെ എഴുത്തുകാരില്‍ ഭൂരിപക്ഷവും ഇടതുപക്ഷക്കാരായി നടക്കുന്നത് ഇടതുപക്ഷാശയങ്ങളോട് ഏതെങ്കിലും തരത്തിലുള്ള താല്പര്യമുള്ളതുകൊണ്ടല്ല. ഇടതുപക്ഷത്തോട് കൃത്യമായ എതിര്‍പ്പുള്ള എഴുത്തുകാരും കാലാന്തരത്തില്‍ ഇടത്തേയ്ക്കു നീങ്ങാന്‍ നിര്‍ബ്ബന്ധിതരാകുന്ന ഒരു സാംസ്‌കാരിക പരിതഃസ്ഥിതിയാണ് ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നത്.
എഴുത്തുകാരുടെ സാമൂഹ്യപ്രാധാന്യം ഇടതുപക്ഷം ഒഴികെ മറ്റുള്ളവരാരും കാര്യമായി കണക്കാക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ നിന്ന എഴുത്തുകാരില്‍ മിക്കവാറും എല്ലാവരും പരാജയപ്പെടുകയാണുണ്ടായിട്ടുള്ളത് (എസ്.കെ.പൊറ്റെക്കാടും മുണ്ടശ്ശേരിയും ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് വിജയിച്ചിട്ടുണ്ട്). എഴുത്തുകാരുടെ പിന്‍തുണ വ്യാപകമായി കിട്ടിയിട്ടും പല തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തോറ്റിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാരെ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഗൗരവമായെടുക്കുന്നില്ല. എന്നാല്‍ സ്ഥൂലരാഷ്ട്രീയത്തില്‍ എഴുത്തുകാര്‍ക്ക് പ്രസക്തിയില്ലെങ്കിലും ആശയങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയത്തില്‍ അവര്‍ക്ക് വലിയ പ്രസക്തിയുണ്ട്.
പില്‍ക്കാലത്ത് രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്ന പല ആശയങ്ങളും ആദ്യം സൃഷ്ടിക്കുന്നത് എഴുത്തുകാരാണ്. സോഷ്യലിസവും ഫാസിസവും ജനാധിപത്യവും എല്ലാം ആദ്യം വിരിഞ്ഞത് എഴുത്തുകാരുടെ തൂലികയില്‍ നിന്നുതന്നെയാണ്. പിന്നീട് രാഷ്ട്രീയക്കാര്‍ അവയെ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ സാംസ്‌കാരിക പ്രവര്‍ത്തനത്തേയും കാണേണ്ടിയിരിക്കുന്നു. ആ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കണം മാതൃഭൂമി (ആഗസ്റ്റ് 11-17) എം.എന്‍.വിജയന്‍ പതിപ്പ് ഇറക്കിയിരിക്കുന്നത്. മഹാചിന്തകനായി ചിലര്‍ വിജയനെ കൊണ്ടുനടക്കുന്നതില്‍ സാംഗത്യമുണ്ടെന്നു തോന്നുന്നില്ല.