കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതു പാര്‍ട്ടികള്‍ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരില്‍ നിന്ന് പുറത്തുവന്നത് ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. ലോക്‌സഭയിലെ ഇടതു പാര്‍ട്ടികളുടെ അംഗസംഖ്യ അപ്പോള്‍ 59 ആയിരുന്നു. അതുവച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ പ്രത്യേകിച്ചും പലകാര്യങ്ങളിലും നിയന്ത്രിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പെടുത്തി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കൂടുതല്‍ സീറ്റ് നേടി പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്നും, ഭരണത്തെ ഹൈജാക്ക് ചെയ്യാമെന്നുമുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം മുന്‍കൈയെടുത്ത് ഇടതു പാര്‍ട്ടികള്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അപ്പോഴും അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷം സംഘടിപ്പിക്കുന്നതിന് സാവകാശം നല്‍കിക്കൊണ്ടായിരുന്നു ഈ പിന്തുണ പിന്‍വലിക്കല്‍. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ നടന്ന വാക്‌പോര് ഒരു ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാലും ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചതു പോലെ ഒന്നാം യുപിഎ സര്‍ക്കാര്‍ താഴെ വീണില്ല. താഴെ വീഴരുതെന്ന് ഇടതു പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു. പിന്തുണ പിന്‍വലിച്ച ഇടതു പാര്‍ട്ടികള്‍ക്കൊപ്പം പോരാതെ സിപിഎമ്മുകാരനായിരുന്ന സോമനാഥ് ചാറ്റര്‍ജി ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്ത് തുടര്‍ന്നത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഇക്കാര്യത്തില്‍ അന്നത്തെ സിപിഎം നേതൃത്വവും ചാറ്റര്‍ജിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലും ഗ്യാലറിക്കു വേണ്ടിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതു പാര്‍ട്ടികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ എതിര്‍ക്കുന്നതില്‍ സോണിയാ കോണ്‍ഗ്രസിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇടതു പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിച്ചതുമില്ല.
സോണിയാ ബ്രിഗേഡില്‍പ്പെടുന്ന മണിശങ്കരയ്യരെപ്പോലുള്ളവര്‍ പ്രധാനമന്ത്രി മന്‍മോഹനെതിരെ കടുത്ത വിമര്‍ശനം നടത്തിക്കൊണ്ടിരുന്നു. മന്‍മോഹന്‍ സിംഗിന്റെ സ്ഥാനത്ത് റഷ്യന്‍ ഏകാധിപതി ജോസഫ് സ്റ്റാലിനോ മറ്റോ ആയിരുന്നെങ്കില്‍ മണിശങ്കരയ്യരെ വിമാനത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിയുമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന് ഒരു വിമാനയാത്രക്കിടെ പറയേണ്ടി വന്നല്ലോ. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ ദേശീയ രാഷ്ട്രീയത്തിലെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ഇരു പാര്‍ട്ടികളെയും ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഒരു വൈദേശിക ശക്തി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്- ആ ശക്തി ചൈനയായിരുന്നു.
വിജയ് ഗോഖലെയുടെ വെളിപ്പെടുത്തല്‍
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ചിരുന്ന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഫലം പുറത്തുവന്നതിനുശേഷം സഖ്യമുണ്ടാക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിനു പിന്നില്‍ ചൈന ആയിരുന്നു എന്ന കാര്യത്തെക്കുറിച്ച് ഈ ലേഖന പരമ്പരയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളതാണല്ലോ. ഇങ്ങനെയൊരു സഖ്യം ഉണ്ടാക്കാനുള്ള തീരുമാനം ഈ പാര്‍ട്ടികള്‍ പൂര്‍ണ്ണമായും ആഭ്യന്തരതലത്തില്‍ എടുത്തതായിരുന്നില്ല. ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നല്‍കുന്നുണ്ട്.
ഇന്തോ-യുഎസ് ആണവ സഹകരണ കരാര്‍ ഒപ്പുവയ്ക്കുന്ന കാര്യത്തില്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗിച്ചു എന്നാണ് ‘ദ് ലോംഗ് ഗെയിം’ എന്ന പുസ്തകത്തില്‍ വിജയ് ഗോഖലെ വെളിപ്പെടുത്തുന്നത്. ഭാരതത്തിലെ ഇടതു പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഇതിനായി ശരിക്കും ഉപയോഗപ്പെടുത്തി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഐയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ വൈദ്യ ചികിത്സയ്‌ക്കെന്ന പേരില്‍ ചൈന സന്ദര്‍ശിച്ച് കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരുന്നു എന്നാണ് ഗോഖലെ എഴുതിയിട്ടുള്ളത്. വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്ന നിലയ്ക്ക് ചൈനീസ് കാര്യ വിദഗ്ദ്ധനായിരുന്നു ഗോഖലെ. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരില്‍ ഇടതു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം ചൈനയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ സ്വാധീനം ചൈന ശരിക്കും ഉപയോഗിച്ചു. ഇത് ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ചൈനയുടെ ഇടപെടലായിരുന്നുവെന്നും ഗോഖലെ പറയുന്നുണ്ട്. എന്നാല്‍ ചൈനയുടെ ഇത്തരത്തിലുള്ള ആദ്യ ഇടപെടലായിരുന്നുവെന്ന് ഗോഖലെ അഭിപ്രായപ്പെടുന്നതിനോട് യോജിക്കാനാവില്ല. യുപിഎ ഭരണകാലത്ത് ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ചൈനയുടെ ഇടപെടല്‍ ഇന്തോ-അമേരിക്ക ആണവ കരാറില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല എന്നതിന് മറ്റ് നിരവധി തെളിവുകളുണ്ട്.
വിജയ് ഗോഖലെയുടെ വെളിപ്പെടുത്തല്‍ സ്വാഭാവികമായും ഇടതു പാര്‍ട്ടികളെ വെട്ടിലാക്കി. യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന, അതുകൊണ്ടുതന്നെ ആഭ്യന്തര രഹസ്യങ്ങള്‍ അറിയാമായിരുന്ന ഒരാളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിനാല്‍ വസ്തുതാപരമായി അവ നിഷേധിക്കാനാവില്ലെന്ന് ഇടതു പാര്‍ട്ടികള്‍ക്ക് അറിയാം. അതുകൊണ്ട് അവര്‍ പതിവുപോലെ സൈദ്ധാന്തിക പദാവലികളില്‍ അഭയം പ്രാപിച്ചു. ബൂര്‍ഷ്വാ ഭരണവര്‍ഗ പാര്‍ട്ടികള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏജന്റായി പ്രവര്‍ത്തിക്കുന്നവരാണെന്നും, ഇടതുപാര്‍ട്ടികള്‍ക്ക് അത്തരം വിദേശ സ്വാധീനങ്ങള്‍ ഒന്നുമില്ലെന്നും പറഞ്ഞ് സിപിഎം നേതാവ് ഹനന്‍മൊള്ള രംഗത്തുവന്നു. എന്നാല്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം തന്നെ വൈദേശിക ഇടപെടലുകളുടെ ചരിത്രമാണെന്ന വസ്തുത ഇത്തരം പ്രത്യയശാസ്ത്ര വാചകമടികള്‍കൊണ്ട് മറച്ചുപിടിക്കാനാവുന്നതല്ല.
ഗോഖലെ പറയുന്നതിനെ മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും ശരിവെക്കുകയുണ്ടായി. ഗോഖലെയുടെ പുസ്തകം ‘തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്’ എന്നുപോലും മേനോന്‍ അഭിപ്രായപ്പെട്ടു. ”രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിമത്തായ ചൈനയെ ഭാരതം എങ്ങനെയാണ് നേരിട്ടതെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ ഈ പുസ്തകം വായിച്ചിരിക്കണം” എന്നാണ് ഒരു അഭിമുഖത്തില്‍ ശിവശങ്കര്‍ മേനോന്‍ പ്രതികരിച്ചത്. യുപിഎ ഭരണകാലത്ത് ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും, ഇടതു പാര്‍ട്ടികള്‍ പിണിയാളുകളായി നിന്നുകൊടുത്തുവെന്നുമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
ചൈനയുടെ കരങ്ങള്‍ ഒരുമിപ്പിക്കുന്നു
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. എല്ലാവര്‍ക്കും കൂടി ലഭിച്ചത് 24 സീറ്റ്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ലെങ്കിലും ചൈനയുടെ അദൃശ്യകരങ്ങള്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും പലകാര്യങ്ങളിലും ഒരുമിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമങ്ങളെ ചെറുക്കാന്‍ യാതൊന്നും ചെയ്യാതെ രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച ആത്മഹത്യാപരമായ നയങ്ങളെ ഇടതു പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ നടത്തിയ ആത്മാഭിമാനമില്ലാത്ത കീഴടങ്ങല്‍ പ്രസംഗത്തെയും ഇടതുപക്ഷം പൂര്‍ണമായി പിന്തുണച്ചു. പാര്‍ലമെന്റിനകത്തോ പുറത്തോ ഇതിനെതിരെ ഒരു വാക്കുപോലും ശബ്ദിച്ചില്ല. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ കൈമാറാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി 2008 ല്‍ രാഹുല്‍ ഒരു ധാരണപത്രം ഒപ്പു വയ്ക്കുകയുണ്ടായല്ലോ. ഇതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷമായ ബിജെപി വലിയ വിമര്‍ശനം ഉയര്‍ത്തിയപ്പോഴും ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. സോണിയാ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന വന്‍തോതില്‍ ഫണ്ട് നല്‍കിയതിനെയും ഇടതു പാര്‍ട്ടികള്‍ വിമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇടയില്‍ ഒരു ഇടനിലക്കാരന്റെ റോള്‍ ചൈന വഹിച്ചിരുന്നതായി ഇതില്‍ നിന്നൊക്കെ ഊഹിക്കേണ്ടിയിരിക്കുന്നു.
ഒന്നാം മോദി സര്‍ക്കാരിന്റെയും രണ്ടാം മോദി സര്‍ക്കാരിന്റെയും കാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ എന്ന നിലയ്ക്കുള്ള സഹകരണമല്ല കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും തമ്മിലുണ്ടായിരുന്നത്. കോണ്‍ഗ്രസും അതിന്റെ നേതാവ് രാഹുലും ആര്‍എസ്എസിനും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സ്വീകരിച്ച നിരുത്തരവാദപരവും വിദ്വേഷ പൂര്‍ണവും, രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കാത്തതുമായ നിലപാടുകളില്‍ ഒപ്പം നിന്നത് സിപിഎമ്മും ഇടതു പാര്‍ട്ടികളുമാണ്. പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ ദേശവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്ന കോണ്‍ഗ്രസിന്റെ നിലപാടുകളോട് അകലം പാലിക്കുകയുണ്ടായി. വിയോജിപ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലുമുണ്ട്. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ അപ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വന്തം പാര്‍ട്ടി നേതാവായല്ല, രാഹുലിന്റെ ഗോഡ് ഫാദറിനെപ്പോലെയും കോണ്‍ഗ്രസിന്റെ ഉപദേശകനായുമാണ് പെരുമാറിയത്. മറ്റു പല നേതാക്കളെയും അകറ്റിക്കളഞ്ഞ രാഹുല്‍ തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പോലെയാണ് യെച്ചൂരിയെ കണ്ടത്. ദല്‍ഹിയിലെ പരിപാടികളില്‍ രാഹുലിനെ ചുറ്റിപ്പറ്റി യെച്ചൂരി എപ്പോഴും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ രാജ്യസഭയിലെ കാലാവധി കഴിഞ്ഞ യെച്ചൂരിയെ കോണ്‍ഗ്രസിന്റെ ചെലവില്‍ എംപി ആക്കാനുള്ള ശ്രമവും നടന്നു. മുഖംമൂടി പൂര്‍ണമായി അഴിഞ്ഞുവീഴുമെന്നതുകൊണ്ടാവാം ഇതില്‍നിന്ന് ഇരു പാര്‍ട്ടികളും പിന്മാറിയത്.
ബിജെപിക്കും നരേന്ദ്ര മോദിക്കും അധികാരത്തില്‍ മൂന്നാമൂഴം ലഭിച്ച പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരു മുന്നണിയുടെ ഭാഗമായിരുന്നു. കേരളത്തില്‍ പരസ്പരം എതിര്‍ത്തു മത്സരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും കൈകോര്‍ത്തു. മുന്‍കാലങ്ങളില്‍ ഇത്തരം സഖ്യങ്ങളെ ന്യായീകരിക്കാന്‍ പറഞ്ഞിരുന്ന തൊടുന്യായങ്ങള്‍ പോലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് പറഞ്ഞുകേട്ടിട്ടില്ല. അങ്ങനെയൊരു മറ ഇനി ആവശ്യമില്ലെന്ന് ഇരു പാര്‍ട്ടികള്‍ക്കും തോന്നിയിരിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അപ്പോഴും ഇടതു പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ആയിരുന്നു. സ്വന്തം നേതാവായ ആനി രാജ വയനാട് മണ്ഡലത്തില്‍ രാഹുലിനെതിരെ മത്സരിക്കേണ്ടിയിരുന്നില്ല എന്നാണല്ലോ സിപിഐ നേതാവ് ബിനോയ് വിശ്വം പരസ്യമായി പ്രസ്താവിച്ചത്.
രാഹുലും യെച്ചൂരിയും ആരുടെ കരുക്കള്‍?
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇടതുപക്ഷ പ്രചാരവേലക്കാര്‍ രാഹുലിനെ നിര്‍ത്താതെ പ്രശംസിക്കാന്‍ തുടങ്ങി. രാഹുല്‍ പ്രതിപക്ഷ നേതാവായതോടെ ആ പദവിക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയും, പ്രധാന മന്ത്രി പദത്തിന് തുല്യമാണെതെന്ന് വിശേഷിപ്പിക്കാനും തുടങ്ങി. ലോക്‌സഭയിലെ നേതാവിന്റെ സ്ഥാനം നല്‍കിയിരുന്നത് കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായിരുന്നു. എന്നാല്‍ ഇതിന് ഭരണഘടനാ പദവി ലഭിച്ചപ്പോള്‍ നേതാവ് രാഹുലായി. എന്തുകൊണ്ടാണിതെന്ന് മാധ്യമങ്ങളൊന്നും ചോദിച്ചതുമില്ല. രാഹുലിന്റെ വീണ്ടു വിചാരമില്ലാത്ത കോമാളിത്തങ്ങളും പച്ചക്കള്ളങ്ങളും പ്രതിപക്ഷത്തിന് സ്വന്തം ശബ്ദം കൈവന്നതിന് തെളിവായും ചിത്രീകരിക്കപ്പെട്ടു. ഇതിനെല്ലാം ഇടതുപാര്‍ട്ടികള്‍ കയ്യടിച്ചു.
പ്രതിപക്ഷനേതാവിന്റേത് ഭരണഘടന പദവിയായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ യുവരാജാവിനെ വാഴ്ത്തിപ്പാടുകയാണ് ഇടത് ആവാസ വ്യവസ്ഥ ചെയ്തത്. യുവരാജാവിന്റെ ഭാഷയും ശരീരഭാഷയും നിര്‍ഭയത്വമായി ആഘോഷിക്കപ്പെട്ടു. തങ്ങള്‍ക്ക് രോമാഞ്ചമുണ്ടാകുന്നതായി ഇടത് മാധ്യമങ്ങള്‍ അഭിനയിച്ചു. രാഹുല്‍ 99/543 മാര്‍ക്കാണ് നേടിയതെന്ന നരേന്ദ്രമോദിയുടെ പരിഹാസം അവഗണിച്ച് 99/100 മാര്‍ക്ക് നേടിയെന്ന് ഇടതുപാര്‍ട്ടികള്‍ ആഹ്ലാദിച്ചു. ഇത്രയെങ്കിലും സീറ്റ് നേടാനായത് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ ചെലവിലാണെന്ന വസ്തുത ബോധപൂര്‍വ്വം വിസ്മരിക്കപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തേതുപോലെയാണ് യുപിഎ ഭരണകാലത്ത് വൈദേശിക ശക്തികള്‍ സ്വന്തം താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭാരതത്തിലിടപെട്ടിരുന്നത്. രാഷ്ട്ര താല്‍പര്യത്തെക്കാള്‍ ഭരണാധികാരത്തിനും കുടുംബവാഴ്ചയ്ക്കും പ്രാമുഖ്യം കല്‍പ്പിച്ച നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഭരണാധികാരികള്‍ വൈദേശിക ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തു. വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലം അനിവാര്യമായ ഒരു ഇടവേളയായി കണ്ട വൈദേശിക ശക്തികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വൈദേശിക ഇടപെടലുകള്‍ പൂര്‍വാധികം ശക്തമായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണകാലത്ത് സോവിയറ്റു യൂണിയനും അമേരിക്കയും ഭാരതത്തിന്റെ ഭരണകാര്യങ്ങളിലും നയരൂപീകരണത്തിലും സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. കേവലമായ ചാരപ്രവര്‍ത്തനമല്ല, ഭരണാധികാരികളെത്തന്നെ വിലയ്‌ക്കെടുക്കാന്‍ വൈദേശിക ശക്തികള്‍ക്ക് കഴിഞ്ഞു. ഭാരതത്തിന്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നുവെന്ന വ്യാജേന ഭാരതത്തെ ഒരു ആശ്രിത രാജ്യമാക്കി വളര്‍ത്താനും അസ്ഥിരപ്പെടുത്താനുമാണ് ‘സുഹൃദ് രാജ്യങ്ങള്‍’ ശ്രമിച്ചത്. കോണ്‍ഗ്രസിന്റെയും അവര്‍ക്ക് പങ്കാളിത്തമുള്ളതുമായ സര്‍ക്കാരുകളില്‍ വൈദേശിക കരങ്ങള്‍ നടത്തിയിട്ടുള്ള അട്ടിമറികള്‍ നിരവധിയാണ്. ജവഹര്‍ലാലിന്റെയും ഇന്ദിരയുടെയും വാഴ്ചക്കാലത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളും വിവര സാങ്കേതികവിദ്യയും പില്‍ക്കാലത്തുണ്ടായതുപോലെ വളര്‍ന്നിട്ടില്ലാതിരുന്നതിരുന്നതിനാല്‍ തത്സമയം പലതും പുറത്തുവന്നില്ല. വളരെക്കാലം കഴിഞ്ഞാണ് നടുക്കുന്ന പല വിവരങ്ങളും വെളിപ്പെട്ടത്. കാലംതെറ്റിയുള്ള ഈ വെളിപ്പെടുത്തലുകള്‍ അതിന്റെ സ്‌ഫോടനാത്മക സ്വഭാവത്തിന് മാറ്റം വരുത്തിയിരുന്നു. ഇതുസംബന്ധിച്ച പുസ്തകങ്ങള്‍ അക്കാദമിക് താല്‍പ്പര്യത്തോടെ മാത്രമാണ് സ്വീകരിക്കപ്പെട്ടത്. രാജ്യദ്രോഹം ജനങ്ങള്‍ ശരിയായി തിരിച്ചറിഞ്ഞില്ല. രാജ്യസ്‌നേഹികള്‍ ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതിന് ഒരു റെട്രോസ്‌പെക്ടീവ് ഇഫക്ടാണ് ഉണ്ടായത്. ഇതു സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മുദ്ര കുത്താന്‍ കോണ്‍ഗ്രസിന് എളുപ്പവുമായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാതിരിക്കാന്‍ ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ചില വൈദേശിക ശക്തികള്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നയം ചില രാജ്യങ്ങള്‍ സ്വീകരിക്കുകയും, തങ്ങളുടെ ശത്രുത വെടിഞ്ഞ് പരസ്പരം സഹകരിക്കുകയും ചെയ്തു. ലോകത്ത് മൂന്നാം സാമ്പത്തിക ശക്തിയിലേക്ക് മുന്നേറുകയും, ആഗോള തലത്തില്‍ സാംസ്‌കാരിക പ്രഭാവം സൃഷ്ടിക്കുകയും ചെയ്യുന്ന ഭാരതത്തെ ചെറുക്കാന്‍ വൈദേശിക ശക്തികള്‍ സംയുക്തമായി ശ്രമിക്കുകയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഇതിന്റെ വേദിയായിരുന്നു. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ദേശീയബോധമുള്ള, രാജ്യതാല്‍പ്പര്യത്തിന് പരമപ്രാധാന്യം നല്‍കുന്ന മോദി സര്‍ക്കാരിനു തന്നെ അധികാരം ലഭിച്ചു. ഇതുകൊണ്ടും പിന്മാറാതെ ഗ്ലോബല്‍ ലെഫ്റ്റും കോണ്‍ഗ്രസും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
ഇതില്‍ കരുവാകുന്ന രാഹുല്‍ വ്യക്തിപരമായി ‘വിവരമില്ലാത്ത വിദഗ്ദ്ധനും’ കോമാളിയുമൊക്കെയായിരിക്കാം. ഇങ്ങനെയുള്ളവര്‍ വൈദേശിക ശക്തികളുടെ കയ്യില്‍ കരുത്തുറ്റ ആയുധമായിത്തീരും. ഇതിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തുകയും ശക്തമായ നടപടികളെടുക്കുകയും വേണം. ജനാധിപത്യത്തിന്റേതായ സഹജദൗര്‍ബല്യങ്ങളും പ്രതിപക്ഷ ബഹുമാനവുമൊന്നും ഇതിന് തടസ്സമായിക്കൂടാ.
പരമ്പര അവസാനിച്ചു