പ്രശസ്ത മലയാള കവിയും ചിന്തകനുമായ ഡോ: അയ്യപ്പപണിക്കരുടെ ഒരു നിരീക്ഷണമുണ്ട്, ‘ഗാന്ധിജി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല, തത്വചിന്തയ്ക്കും രാഷ്ട്ര മീമാംസയ്ക്കും അദ്ദേഹം മൗലിക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍ മനനശക്തിയും മനശ്ശക്തിയും കുറഞ്ഞവരോ ഇല്ലാത്തവരോ ആയിപ്പോയി… അവര്‍ക്ക് ഗാന്ധിജി ഒരു ദൈവമായിരുന്നു. അവതാരപുരുഷന്മാര്‍ക്ക് ആരാധകന്മാരേ ഉള്ളൂ, ആരാധകന്മാര്‍ക്ക് അറിയാവുന്ന ഏക സംഗതി ഭക്തിയും പൂജയുമാണ്. ചിന്ത അവര്‍ക്ക് വിധിച്ചിട്ടുള്ളതല്ല…..’ (അയ്യപ്പപണിക്കരുടെ ലേഖനങ്ങള്‍ 1980-90, പേജ് 273- ഡിസി ബുക്‌സ്).
മഹാത്മാഗാന്ധിയെ വിഗ്രഹമാക്കിയവരൊക്കെ അദ്ദേഹത്തിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താതെ അവരവരുടെ ജീവിതാവശ്യങ്ങള്‍ക്കായി ആ വിഗ്രഹത്തെ അവസരോചിതമായി ഉപയോഗിക്കുകയാണ് ഉണ്ടായത്. ഇനിയൊരു കൂട്ടരാവട്ടെ ഗാന്ധി എന്ന ബ്രാന്റ്‌നെയ്മിന്റെ വിപണിമൂല്യം കണ്ടറിഞ്ഞ് തിരഞ്ഞെടുപ്പ് ഗോദയില്‍ സ്വന്തം നിലനില്‍പ്പിനായി അവയെ ഉപയോഗപ്പെടുത്തിക്കൊണ്ട്, കാലത്തിന്റെ കാല്‍വെയ്പ്പുകളില്‍ ഗാന്ധിയന്‍ ചിന്താധാരയെ എങ്ങനെ പ്രയോഗിക്കണമെന്നറിയാതെ കേവലം ഗാന്ധി ഭക്തരായി അഭിനയിച്ച് തീര്‍ക്കുകയായിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അനുഷ്ഠാന വ്യക്തിത്വങ്ങളും ഭാരതത്തില്‍ കാണപ്പെട്ടിരുന്നു. അവര്‍ ഗാന്ധിയന്‍ ആശയങ്ങളെ ഒരിക്കലും സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കാതെ സ്വജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അത്തരത്തില്‍ മഹാത്മാഗാന്ധിയെ ഉള്‍ക്കൊള്ളുകയും ‘താനൊരു സാനാതന ഹിന്ദുവാണ്’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ അനാദിയായ ഭാരത സംസ്‌കൃതിയുടെ കാലാനുസൃതമായ ആവിഷ്‌കാരമാണെന്ന ബോധ്യത്തില്‍ അവസാന ശ്വാസം വരെ പ്രവര്‍ത്തിക്കുകയും ചെയ്ത കര്‍മ്മ യോഗിയായിരുന്നു കേളപ്പജി. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിവന്ന് തന്റെ ജീവിതാവസാനം വരെയും ഭാരതീയ ചിന്താ പദ്ധതിക്ക് അനുസൃതമായ ഒരു ഗാന്ധിയന്‍ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് കേരളത്തിന്റെ കര്‍മ്മ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ സമൂഹം അദ്ദേഹത്തെ കേരളഗാന്ധി എന്ന് വിശേഷിപ്പിച്ചു. കെ.പി കേശവമേനോന്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു… ‘നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ഒരു ദിവസം ചെറുപ്പക്കാരനായ ഒരാള്‍ കോണ്‍ഗ്രസ് ഓഫീസില്‍ വന്നു. ബോംബെയില്‍ നിയമ പരീക്ഷയ്ക്ക് പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. പഠിപ്പ് വേണ്ടെന്ന് വെച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ വന്നിട്ടുള്ളതാണെന്ന് പറഞ്ഞു. ആ വിദ്യാര്‍ത്ഥിയാണ് ദേശസേവനം ചെയ്ത് പിന്നീട് പ്രസിദ്ധനായി തീര്‍ന്ന കെ.കേളപ്പന്‍…’ (കേളപ്പന്‍ എന്ന കര്‍മ്മയോഗി, കെഎന്‍എസ് നായര്‍ പേജ് 18-19).
2024 ആഗസ്റ്റ് 31ന് കേളപ്പജിയുടെ 136-ാം ജന്മദിനമാണ്. ഇന്നേക്ക് 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1889ല്‍ ചിങ്ങമാസത്തിലെ പൂയം നക്ഷത്രത്തില്‍ കൊയിലാണ്ടിയിലാണ് കേളപ്പജി ജനിച്ചത്. തന്റെ സമ്പൂര്‍ണ ജീവിതവും കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മാത്രം സമര്‍പ്പിച്ച ആ ധന്യാത്മാവിന്റെ ഈ പിറന്നാള്‍ ദിനത്തില്‍ സമകാലിക കേരളത്തിന്റെ ദുരവസ്ഥയില്‍ നിന്നും ഒരു ധാര്‍മ്മിക കേരളത്തിന്റെ വികാസപരിണാമങ്ങളിലെത്താന്‍ എങ്ങനെ സാധിക്കുമെന്ന ഒരു വിചിന്തനമാണ് ഈ കുറപ്പിനാധാരം. ഈ ലേഖനത്തിന്റെ തലക്കെട്ട് ഒരുപക്ഷെ വായനക്കാരില്‍ സംശയം ജനിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്, ഇതൊരു (കക്ഷി)രാഷ്ട്രീയ വീക്ഷണത്തിലല്ല തയ്യാറാക്കിയിരിക്കുന്നത് എന്ന് മാത്രം ആദ്യമായി സൂചിപ്പിച്ചു വിഷയത്തിലേക്ക് വരാം.
ചരിത്രം പരിശോധിക്കുമ്പോള്‍ പ്രധാനമായും മൂന്ന് മേഖലയിലാണ് കേളപ്പജി സ്മരിക്കപ്പെടേണ്ടത് എന്ന് തോന്നുന്നു. കേരള നവോത്ഥാനത്തിലെ മുന്നണിപ്പോരാളി എന്ന നിലയിലും ദേശീയ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിലും സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് തന്റെ പ്രവര്‍ത്തനത്തിലൂടെ ദിശാബോധം നല്‍കിയ സമുന്നത വ്യക്തിത്വം എന്ന നിലയിലും. ഈ മൂന്ന് ചരിത്ര വസ്തുതകളെയും ഈ ലേഖനത്തിന്റെ വിസ്താര പരിമിതി പരിഗണിച്ചുകൊണ്ട് നമുക്കൊന്ന് പരിശോധിക്കാം.
ആദ്യമായി കേരള നവോത്ഥാനം തന്നെ എടുക്കാം. നവോത്ഥാനമെന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പലകാലത്തായി സംഭവിച്ചിട്ടുള്ളതാണ്. സ്വന്തം മസ്തിഷ്‌കം മറ്റാര്‍ക്കും പണയംവെക്കാത്തവരും സഹജീവി സ്‌നേഹമുള്ളവരുമായ മനുഷ്യര്‍ ജീവിക്കുന്ന എല്ലായിടങ്ങളിലും നവോത്ഥാന ചിന്തകള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം ചിന്തകളെ പല സ്ഥലങ്ങളിലും അധികാരത്തിന്റെ പ്രബല ഹസ്തങ്ങളാലും ഉരുക്ക് ദംഷ്ട്രകളാലും അടിച്ചമര്‍ത്തപ്പെടുകയോ പിച്ചിച്ചീന്തപ്പെടുകയോ ചെയ്തിട്ടുമുണ്ട്. വേറെ ചിലയിടങ്ങളിലാവട്ടെ അവ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നോട്ട് വന്ന് നവസാമൂഹിക നിര്‍മ്മിതിക്ക് വഴിതെളിയിക്കുകയും ചെയ്തതായി കാണാം. ഇങ്ങനെ നോക്കുമ്പോള്‍ 14-15 നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ സര്‍വ്വമണ്ഡലങ്ങളിലും പരിവര്‍ത്തനം ഉണ്ടാക്കിയ പ്രസ്ഥാനത്തെ നമുക്ക് നവോത്ഥാനമെന്ന് വിളിക്കാം. മധ്യകാലഘട്ടത്തില്‍ മതാന്ധതയുടെ ദുര്‍വ്വാഴ്ചയില്‍ നശിപ്പിക്കപ്പെട്ട ഗ്രീക്ക് റോമന്‍ തത്വബോധങ്ങളും കലാസാഹിത്യങ്ങളും ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കി അതിനുള്ളിലെ ആത്മീയവും പ്രാപഞ്ചികവുമായ എല്ലാറ്റിനെയും യുക്തിയുടെ ഉരകല്ലിലൂടെ കണ്ടെത്താനുള്ള ഒരു പരിശ്രമമാണ് അന്ന് അവിടെ നടന്നത്. ദാന്തെയില്‍ നിന്ന് ആരംഭിച്ച് ഗലീലിയോയില്‍ ചെന്ന് എത്തിനില്‍ക്കുന്ന ആ കാലഘട്ടത്തെ യൂറോപ്പിലെ നവോത്ഥാന കാലഘട്ടമെന്ന് ഏകദേശം പറയാം. മതാനുശാസനങ്ങളുടെ കൈപ്പിടിയില്‍ ആയിരുന്ന ഭരണകൂടങ്ങളുടെ അതിക്രൂരമായ പീഡനങ്ങള്‍ ഈ നവീകരണ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നു. ബ്രൂണോയുടെയും ഗലീലിയോയുടെയും കോപ്പര്‍ നിക്കസിന്റെയും ഒക്കെ അനുഭവം നാം വായിച്ചറിഞ്ഞതാണല്ലോ… സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനമായാണല്ലോ കലയും സാഹിത്യവും കടന്നുവരാറ്. യൂറോപ്യന്‍ നവോത്ഥാനവുമായി ബന്ധപ്പെട്ട ഒരു സാഹിത്യ സൃഷ്ടിയിലെ ലഘുവിവരണം ഇതിന് ഉദാഹരണമായി ഇവിടെ ചേര്‍ക്കാം. ഇറ്റാലിയന്‍ നോവലിസ്റ്റും ഭാഷാ ശാസ്ത്രജ്ഞനുമൊക്കെയായ ഉംബര്‍ട്ടോ എക്കോയുടെ ജനപ്രിയ നോവലായ ‘ദി നെയിം ഓഫ് ദി റോസി’ലുള്ള ഒരു സംഭവം വളരെ ചുരുക്കി ഒന്ന് സ്പര്‍ശിക്കാം. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായിരുന്ന ക്രിസ്തുമത സ്ഥാപനങ്ങളിലെ ഏറ്റവും വലിയ ലൈബ്രറിയില്‍ ചില ദുരൂഹ മരണങ്ങള്‍ സംഭവിക്കുന്നു. കൊലപാതകം എന്ന് തന്നെ പറയാവുന്നവ. അപഗ്രഥന സ്വഭാവമുള്ള ബ്രദര്‍ വില്യം, മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടു. നിരവധി അന്വേഷണങ്ങളിലൂടെ അദ്ദേഹം സത്യം കണ്ടെത്തി. അവിടുത്തെ ഗ്രന്ഥ ശേഖരത്തില്‍ അരിസ്റ്റോട്ടില്‍ എഴുതിയ പോയറ്റിക്‌സ് രണ്ടാം വോള്യത്തിന്റെ കയ്യെഴുത്ത് പ്രതി ഉണ്ടായിരുന്നു. ഇതിലാണെങ്കില്‍ നിറയെ ഹാസ്യത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ഹാസ്യത്തോട് പ്രതിപത്തി ഉണ്ടായാല്‍ വായിക്കുന്നുവര്‍ക്ക് വളരെ ദിവ്യമായ കാര്യങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കണം എന്ന് തോന്നാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത് വായിക്കാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഒരു വിഷക്കൂട്ട് കൈയ്യെഴുത്ത്പ്രതിയില്‍ പുരട്ടിയാണ് കൊലപാതകി കാര്യം സാധിച്ചത്. വായിക്കാനിരിക്കുന്നവര്‍ കടലാസില്‍ തൊട്ട വിരല്‍ നാവിന്‍ തുമ്പില്‍ തൊട്ട് താളുകള്‍ മറയ്ക്കുമ്പോള്‍ വിഷം ശരീരത്തില്‍ കയറി മരണം സംഭവിക്കുന്നു. – അക്ഷരങ്ങളുടെ ശക്തിയെ ഭരണകൂടങ്ങള്‍ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ ഒരു നേര്‍ ചിത്രമാണിത്.
ഇത്തരം മതാധിപത്യ ഭരണകൂടങ്ങളുടെ കാലത്ത് രൂപപ്പെട്ടതായതുകൊണ്ടാണ് യൂറോപ്യന്‍ നവോത്ഥാനത്തില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും മാനവികതയുമൊക്കെ പിറവി കൊണ്ടത്. കൂടാതെ മതത്തില്‍ നിന്നും ഇതരമാവണം ഭരണകൂടം എന്ന അര്‍ത്ഥത്തില്‍ സെക്കുലറിസവും ഇക്കാലത്ത് രൂപപ്പെട്ടുവന്നു.
എന്നാല്‍ ഭാരതത്തില്‍ നവോത്ഥാനത്തിന്റെ കാഴ്ചപ്പാട് തികച്ചും വേറിട്ടതായിരുന്നു. സഹസ്രാബ്ദങ്ങളായി ഉരുത്തിരിഞ്ഞുവരുന്ന ഒരു ധാര്‍മ്മിക സാംസ്‌കാരിക ധാരയില്‍ കാലാന്തരത്തില്‍ അപചയം സംഭവിക്കാന്‍ സ്വാഭാവികമായും സാധ്യതയുള്ളതിനാല്‍ അത്തരം ച്യുതി സംഭവിക്കുന്ന കാലാംശങ്ങളില്‍ ധര്‍മ്മ സംരക്ഷണാര്‍ത്ഥം വ്യക്തികളോ സംഘടനകളോ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന ചിന്തയാണ് ആ കാഴ്ചപ്പാടിനെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന ദര്‍ശനങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ മാറ്റം വരാതെ പ്രയോഗത്തില്‍ ഉണ്ടായ അപചയത്തെ മാറ്റിത്തീര്‍ക്കുന്ന ഒരു പ്രക്രിയയാണ് അവിടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രക്രിയകളില്‍ സംഘര്‍ഷം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ധര്‍മ്മ സംരക്ഷണാര്‍ത്ഥം പിറവി കൊള്ളുന്ന അവതാരങ്ങളെയും ‘സംഘേ ശക്തി കലൗയുഗേ’എന്ന സന്ദേശവുമൊക്കെ ഉള്‍ക്കാഴ്ചയുള്ള ഋഷിപുംഗവന്മാര്‍ നമുക്ക് നേരത്തെ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. ഭാരതത്തിലുണ്ടായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ രക്തരഹിതവും ചിന്താബാഹുല്യം നിറഞ്ഞതുമായതിന്റെ അടിസ്ഥാനം ഈ കാഴ്ചപ്പാട് തന്നെയാണ്. ഭാരത സംസ്‌കൃതിയുടെ പ്രവാഹം അഖണ്ഡവും അനസ്യൂതവുമായതിന്റെ കാരണവും അതാത് കാലങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ ഈ ധാര്‍മ്മിക മുന്നേറ്റം കൊണ്ടുതന്നെയാണെന്ന് ഉറപ്പിച്ച് പറയാം.
വേറൊരു വ്യത്യാസമുള്ളത് മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട മതങ്ങളായിരുന്നില്ല ഇവിടെ ആധിപത്യം സ്ഥാപിച്ചത്. മറിച്ച് ഭരണകൂടങ്ങളുടെ സാരഥ്യം വഹിച്ചവര്‍ മാനദണ്ഡമായി എടുത്തിരുന്നത് ധര്‍മ്മം എന്ന പ്രാപഞ്ചിക ഭരണഘടനയെയായിരുന്നു എന്നതാണ്. മതങ്ങളിവിടെ തികച്ചും വ്യക്തിപരം മാത്രവും ധര്‍മ്മം സാമൂഹിക മാപിനിയുമായിരുന്നു. അതുകൊണ്ട് കൂടിയാണ് ഇവിടെ മതേതരം എന്ന വാക്ക് അപ്രസക്തമാകുന്നതും. കാരണം ഭരണകൂടങ്ങളെന്നും ഇവിടെ മതേതരവും ധാര്‍മ്മികവുമായിരുന്നു (ഒരുപക്ഷെ ബുദ്ധമതം സ്വീകരിച്ച ശേഷമുള്ള അശോകന്റെ രാജ്യം മാത്രമാണിതിന് ഒരു അപവാദമായിട്ടുള്ളത് എന്ന് പറയാറുണ്ട്). ആ ധര്‍മ്മത്തിന് ച്യുതി സംഭവിക്കുമ്പോള്‍ നവോത്ഥാന നായകന്മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അത് പൈതൃകത്തിനെതിരെയുള്ള യുദ്ധങ്ങളായിരുന്നില്ല. മറിച്ച് പൈതൃക നവീകരണത്തിന്റെ നേര്‍ അനുഭവങ്ങളായിരുന്നു. നിഷേധാത്മകതയോ സംഘര്‍ഷമോ രക്തച്ചൊരിച്ചിലോ ഒരിക്കലും അതിന്റെ ഭാഗമായിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത.
ഇതേ കാഴ്ചപ്പാട് തന്നെയാണ് കേരള നവോത്ഥാനത്തിലും കാണാന്‍ സാധിക്കുന്നത്. നവോത്ഥാന കേരളത്തിന്റെ നായകന്മാരില്‍ ആരും തന്നെ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഭാരതീയ പൈതൃകത്തിന്റെ അടിസ്ഥാന ശിലകളെ മുന്‍ നിര്‍ത്തി തന്നെയായിരുന്നു അവര്‍ മുന്നേറ്റത്തിന് വഴിതെളിച്ചത്. ഒരു ജീവിയുടെ പോലും രക്തം ഇതിന്റെ പേരില്‍ ഇവിടെ ചൊരിഞ്ഞിരുന്നില്ല. സാംസ്‌കാരിക പ്രവാഹത്തിലേക്ക് കാലാന്തരത്തില്‍ വന്നുചേര്‍ന്ന മാലിന്യങ്ങളെ നീക്കിക്കൊണ്ട് ആ പ്രവാഹത്തെ സുഗമമാക്കുന്ന പ്രക്രിയയായിരുന്നു അവര്‍ കാഴ്ചവെച്ചത്. അത്തരം അഴുക്കുകളില്‍ ഒന്നായ ജാതി വിവേചനത്തിന്റെ മേഖലയിലായിരുന്നു കേളപ്പജി പ്രവര്‍ത്തിച്ചിരുന്നത്. വൈക്കം സത്യഗ്രഹവും ഹരിജനോദ്ധാരണവും ഗുരുവായൂര്‍ സത്യഗ്രഹവും ഒക്കെ കേളപ്പജി പങ്കെടുത്തതോ നേതൃത്വം കൊടുത്തതോ ആയ ഈ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ വിവിധ ശ്രേണികളില്‍ ചിലത് മാത്രമാണ്. വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
രണ്ടാമതായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രംഗം എടുക്കാം- ഭാരതത്തിന്റെ ഗതകാല സമ്പന്നതയ്ക്ക് നേരെ അസൂയാവഹമായ നിരീക്ഷണമുണ്ടായിരുന്ന ലോകത്തിലെ ഏതാണ്ട് എല്ലാ സാമ്രാജ്യത്വ ശക്തികളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ നമ്മെ കീഴടക്കുക എന്ന ഉദ്ദേശ്യത്തോടെ അക്രമിച്ചിട്ടുണ്ട്. മാസിഡോണിയന്‍ പടയാളി അലക്‌സാണ്ടര്‍ മുതല്‍ അത് ആരംഭിച്ചു. പിന്നീട് ശകഹൂണാദികളും കുശാനന്മാരും മുഹമ്മദ് ബിന്‍ കാസിം മുതല്‍ മുഗളന്മാര്‍ വരെയുള്ള ഇസ്ലാമിക അക്രമകാരികളും പോര്‍ച്ചുഗീസുകാര്‍ മുതല്‍ ഇംഗ്ലീഷുകാര്‍ വരെയുള്ള പാശ്ചാത്യ ശക്തികളും പലഘട്ടങ്ങളിലായി നമ്മെ അക്രമിക്കുകയോ അധീനപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ആദ്യത്തെ വിദേശ അക്രമി വന്ന മുതല്‍ക്കുതന്നെ നമ്മള്‍ ധര്‍മ്മ സംരക്ഷണാര്‍ത്ഥം പ്രതിരോധവും തീര്‍ത്തിട്ടുള്ളതായി കാണാം. യഥാര്‍ത്ഥത്തില്‍ അവിടുന്ന് തുടങ്ങുന്നു നമ്മുടെ സ്വാതന്ത്ര്യ പോരാട്ടം. കാരണം സ്വപ്രകൃതിയില്‍ അന്യരുടെ വിലക്കുകള്‍ വരുമ്പോഴാണല്ലോ നമ്മള്‍ പരതന്ത്രരോ അടിമകളോ ആകുന്നത്. ഏതൊരു രാഷ്ട്രത്തിനും ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആധാരമായുള്ള മൗലിക ധാരണകളെയാണ് ആ രാഷ്ട്രത്തിന്റെ തന്ത്രം (പാരഡൈം) എന്ന് പറയുന്നത്. അത് നമ്മുടേത് തന്നെയാകുമ്പോള്‍ നാം സ്വതന്ത്രരും അന്യരുടേത് ആകുമ്പോള്‍ പരതന്ത്രരും ആകുന്നു. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നേര്‍ക്ക് അധിനിവേശത്തിനായി കടന്നുവന്ന ആദ്യത്തെ ആക്രമിയെ ചെറുക്കുന്നത് മുതല്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യപോരാട്ടം ആരംഭിക്കുന്നു. ആ സുദീര്‍ഘമായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഏതാണ്ട് അവസാനകാലഘട്ടത്തിലെ ഗാന്ധിയന്‍ അദ്ധ്യായങ്ങളിലാണ് കേളപ്പജിയെ നമുക്ക് കാണാന്‍ സാധിക്കുന്നത്.
മഹാത്മാഗാന്ധിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായാണ് കേളപ്പജി സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഗാന്ധിയന്‍ പാതയുടെ കേരളത്തിലെ അതിശക്തനായ നായകനായി ഉയര്‍ന്നുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ ഐതിഹാസിക ഗാന്ധിയന്‍ സമരവീഥിയിലൂടെ ഭാരത സ്വാതന്ത്ര്യസമരത്തിലെ അതികായനായി കേരളത്തില്‍ അദ്ദേഹം വളര്‍ന്നു എന്നത് ചരിത്രം. നേതൃത്വത്തെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഔദ്യോഗിക ചികിത്സകനായിരുന്ന ഡോക്ടര്‍ മോറന്‍ പ്രഭുവിന്റെ നിര്‍വ്വചനം നമുക്കിവിടെ ചേര്‍ത്തുവായിക്കാം… ‘നേതൃത്വം എന്നത് വിജയിക്കുമെന്ന് ഉറപ്പുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനുള്ള പ്രാപ്തിയും, മരണം ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പോലും ആ പദ്ധതികള്‍ നടപ്പിലാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാനുള്ള ബുദ്ധിശക്തിയുമാണ്…’ എന്നാണ് മോറന്‍ പ്രഭുവിന്റെ അഭിപ്രായം. ഈ കുറിപ്പിന്റെ വിസ്താരഭയം കൊണ്ട് സ്വാതന്ത്ര്യസമരചരിത്രത്തിലെ കേളപ്പനദ്ധ്യായങ്ങള്‍ ഇവിടെ കൂടുതലായി വിശദീകരിക്കുന്നില്ല. മൂന്നാമത്തെ ഭാഗമായ സ്വാതന്ത്ര്യാനന്തര കാലത്തെ കേരളത്തിനും നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഗാന്ധിയന്‍ പ്രവര്‍ത്തന പഥത്തിലൂടെ അദ്ദേഹം നിര്‍ഭയം സഞ്ചരിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാം.
നവോത്ഥാനത്തിന്റേയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റേയും മൂല്യവത്തായ ധാര്‍മ്മിക പശ്ചാത്തലം കേരളത്തിനുണ്ടായിരുന്നെങ്കിലും, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറി, അതില്‍ വിഭാഗീയത സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു, നിര്‍ഭാഗ്യവശാല്‍ സമൂഹ്യമനസ്സില്‍ മുഖ്യമായും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. വ്യക്തിക്കെന്ന പോലെ സമൂഹത്തിലും വിധിവൈപരിത്യം സ്വാഭാവികമാണല്ലോ. വികസനം നേരിടേണ്ടുന്ന എല്ലാ ഘട്ടത്തിലും ഒരു പ്രോക്രൂസ്റ്റിയന്‍ മനസ്സോടെ ആണ് അവര്‍ കേരളത്തെ നയിച്ചത്. എല്ലാ കാര്യത്തിലും അസഹിഷ്ണുക്കളായ അവര്‍ വരണ്ട പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട വചനങ്ങള്‍ നടപ്പാക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു. വികസന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആശയപരമായ വ്യക്തത ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേവലം തട്ടിക്കൂട്ടിയ തേനൂറും മുദ്രാവാക്യങ്ങള്‍ കൊണ്ടും കലാസാഹിത്യ രംഗങ്ങളിലെ അവിശുദ്ധ ഇടപെടല്‍ കൊണ്ടുണ്ടാക്കിയെടുത്ത മനംമയക്കുന്ന ഗാനവീചികള്‍ കൊണ്ടും കേരളജനതയെ മനസാ കീഴടക്കിയത് കൊണ്ടാണ് അവര്‍ക്ക് അങ്ങനെ ആധിപത്യത്തിലേക്ക് വരാന്‍ സാധിച്ചത്. വിശാലമായ ദേശീയ മുഖ്യധാരയോട് ഒട്ടിനില്‍ക്കാന്‍ ഒരുകാലത്തും കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ ദേശീയത നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്ക് മുന്നിലും ശീര്‍ഷാസനത്തില്‍ നില്‍ക്കാനാണ് അവര്‍ എന്നും ശ്രമിച്ചത്. ‘ഏത് കാര്യത്തിലും ശരി ഏതെന്ന് നോക്കാന്‍ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ശ്രദ്ധിച്ചാല്‍ മതി, അതിന്റെ എതിര്‍ ദിശയിലായിരിക്കും നേരിന്റെ പക്ഷം’ എന്ന രാജാജിയുടെ കമന്റ് ഇന്നത്തെ ഭാഷയില്‍ അവര്‍ക്കുള്ള ഒരു ട്രോളായിരുന്നു. ‘കാടത്തത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള ദൂരം പൂജ്യം സെന്റീ മീറ്ററാണെ’ന്നുള്ള കുട്ടികൃഷ്ണമാരാരുടെ കെ.ദാമോദരനോടുള്ള അഭിപ്രായ പ്രകടനവും ചില ചരിത്രവസ്തുതകള്‍ വിളിച്ചോതുന്നവയാണ്. കേരളത്തില്‍ നടന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഏതാണ്ട് എല്ലാ സമരങ്ങളും പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് എരിതീയിലേക്ക് എറിഞ്ഞുകൊടുത്തതാണെന്നും പില്‍കാലത്ത് അതിന്റെ പേരില്‍ അറിയപ്പെട്ട നേതാക്കള്‍ ആരും തന്നെ അത്തരം സമരങ്ങളുടെ ഏഴയലത്തുണ്ടായിരുന്നില്ലെന്നും ഉള്ള സത്യസന്ധമായ ചരിത്രഗാഥകള്‍ മേല്‍പ്പറഞ്ഞ കമന്റുകളെ അടിവരയിട്ട് ഉറപ്പിക്കുന്നു.
ഇവിടെയാണ് കേളപ്പജി തികച്ചും വ്യത്യസ്തനാകുന്നത്. മോറന്‍ പ്രഭുവിന്റെ അഭിപ്രായത്തിലുള്ള യഥാര്‍ത്ഥ നേതാവായി അദ്ദേഹം കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. 1947ലെ സ്വരാജ്യപ്രാപ്തിയുടെ പൂര്‍വ്വകാലഘട്ടം പൂര്‍ണമായും സ്വാതന്ത്ര്യം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നല്ലോ. സ്വരാജ്യ പ്രാപ്തിക്ക് ശേഷവും എണ്ണമറ്റ ധാര്‍മ്മിക മുന്നേറ്റങ്ങള്‍ ഭാരതത്തിലും കേരളത്തിലും ധാരാളമായി നടന്നിരുന്നു. ഗോവാ, ദിയുദാമന്‍ വിമോചന സമരം, ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ നടന്നതും അദ്ദേഹം ബലിദാനിയായതുമായ കശ്മീര്‍ വിമോചന സമരം എന്നിവയൊക്കെ ഇത്തരത്തില്‍ പെട്ടതാണ്. കേരളത്തിലാണെങ്കില്‍ ഐ.കെ. കുമാരന്റെ നേതൃത്വത്തില്‍ നടന്ന മയ്യഴി വിമോചന സമരം, മഹാത്മജിയുടെ ചിതാഭസ്മം നിളാ നദിയിലെ തിരുന്നാവായ തീര്‍ത്ഥത്തില്‍ ഒഴുക്കിയതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ട സര്‍വ്വോദയമേളകള്‍, തൊഴില്‍ പരിശീലന കേന്ദ്രമായ തവനൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആചാര്യ വിനോബാജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂദാന യജ്ഞം, മദ്യവിരുദ്ധ സമരം, സര്‍വ്വോദയ മണ്ഡല രൂപീകരണം, ശാന്തിസേന, ഗാന്ധി സ്മാരക നിധി, അങ്ങാടിപ്പുറം തളി ക്ഷേത്ര സമരം, ക്ഷേത്രസംരക്ഷണ സമിതി രൂപീകരണം, മലപ്പുറം ജില്ലാ വിരുദ്ധ സമരം തുടങ്ങി ഒട്ടനവധി ഭാവാത്മക മുന്നേറ്റങ്ങള്‍ക്ക് കേളപ്പജി മാതൃകാപരമായി നേതൃത്വം കൊടുത്തു. കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്നവയെല്ലാം നിഷേധാത്മകവും വിധ്വംസകവും ആയിരുന്നെങ്കില്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ഭാവാത്മകവും നിര്‍മ്മാണാത്മകവുമായിരുന്നു എന്നതാണ് ഇതിലെ പ്രകടമായ വ്യത്യാസം.
കേരളത്തിന്റെ സമീപകാല സാഹചര്യത്തിലേക്ക് ഒന്ന് എത്തിനോക്കിക്കൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം.
എഴുത്തുകാരനും ചിന്തകനുമായ ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നത് നോക്കാം… ‘ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട, എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തേണ്ടിവന്നപ്പോള്‍ നമ്മളോരുരുത്തരും അതിനെതിരെ ശക്തമായി പ്രതികരിച്ചു. നമ്മുടെ എല്ലാ മതേതര പ്രസ്ഥാനങ്ങളും സംഘടനകളും പെരുമാള്‍ മുരുകനെ പിന്താങ്ങി. എന്നാല്‍ മുംബൈയില്‍ ഷിറിന്‍ ദാല്‍വി എന്ന മുസ്ലീം വനിതാ എഡിറ്ററിനെതിരെ ഇസ്ലാമിക മൗലികവാദികള്‍ രംഗത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഇവിടുത്തെ ഒരു മതേതര സംഘടനയും പ്രതികരിച്ചില്ല……., അതുപോലെ തന്നെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരും ‘ഐ ആം ഗൗരി’ എന്ന് എഴുതിക്കൊണ്ട് അതിനെതിരെ ശബ്ദമുയര്‍ത്തി. എന്നാല്‍ ഹമീദ് ഫാറൂഖി എന്ന യുക്തിവാദി ഇസ്ലാമിക തീവ്രവാദികളുടെ കൈ കൊണ്ട് കൊല്ലപ്പെട്ടപ്പോള്‍ ആരും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ‘ഐ ആം ഫാറൂഖി’ എന്ന് പ്രസ്താവിച്ചില്ല…’ (കലാകൗമുദി 2022 ഏപ്രില്‍ 19). ഇനി മറ്റൊരു നിരീക്ഷണം കൂടി കണ്ടുനോക്കാം. പി.കെ. രാജശേഖരന്റേതാണ് അത്. – ‘മലയാള സാഹിത്യത്തില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ചില പ്രത്യയ ശാസ്ത്രങ്ങളാണ് സവര്‍ണ്ണത, ഹിന്ദു ആത്മീയത, ബ്രാഹ്മണ്യം, ഹൈന്ദവ മതാത്മകത, സവര്‍ണഹൈന്ദവ കര്‍ത്തൃത്വം തുടങ്ങിയവ. ഒ.വി.വിജയന്‍ ഒരു സവര്‍ണ ഹിന്ദു ഫാസിസ്റ്റും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ പ്രാന്ത പ്രചാരകനുമാണെന്ന് അതിവായനകള്‍ കൊണ്ട് തെളിയിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. ഗുരുസാഗരത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഇന്ത്യ ടുഡെയില്‍ റിവ്യൂ ചെയ്തപ്പോള്‍ ‘ഒരു വിഎച്ച്പി ഫോര്‍മുല’ എന്ന് സക്കറിയ ആരോപിച്ചു… പി.പി. രവീന്ദ്രന്‍ ഗുരുസാഗരത്തെ ആര്യാവര്‍ത്തത്തിന്റെ പ്രത്യയ ശാസ്ത്രം എന്ന് വിളിക്കുന്നു.. വിജയന്റെ തന്നെ ‘കടല്‍തീരത്ത്’ എന്ന കഥയെപ്പറ്റി മാതൃഭൂമി വാരികയില്‍ എഴുതിയ ബി. ഉണ്ണികൃഷ്ണന്‍ ‘കരിമ്പനപ്പട്ടകളിലെ കാറ്റ് ദൈവസാന്ദ്രമായി…’ എന്ന വിജയന്റെ പ്രയോഗത്തെപ്പറ്റി സംസ്‌കൃതവും വ്യാകരണബദ്ധവുമായ, ഭാഷയുടെ പുറംപോക്കുകളില്‍ കഴിയുന്ന വെള്ളായിയപ്പന്റെ മേല്‍ ദൈവാനുഭവം ആരോപിക്കുമ്പോള്‍ കീഴാളകര്‍ത്തൃത്വത്തിന് മേലുള്ള സവര്‍ണ അധിനിവേശമാണ്. ഒരു സവര്‍ണ ഹൈന്ദവ കര്‍ത്തൃത്വം സ്ഥാപിച്ചെടുക്കുകയാണ്’ എന്നാണ് എഴുതുന്നത്. – രാജശേഖരന്‍ തുടര്‍ന്ന് എഴുതുന്നു… ‘ഇത്തരം ദുര്‍വായനക്കാരുടെ കൂട്ടുമന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവരേണ്ടത് വായനക്കാരന്റെ ജനാധിപത്യ അവകാശമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കുന്നു എന്ന വ്യാജേന ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് പട്ടും വളയും ചാര്‍ത്തിക്കൊടുക്കുന്നത് കാണാതെ പോകരുത്. വോട്ടുബാങ്കുകളും അധികാര കസേരകളും ലക്ഷ്യം വെക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭൂരിപക്ഷ – ന്യൂനപക്ഷ വിഭജന തന്ത്രം സാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ബുദ്ധിജീവികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തങ്ങള്‍ക്കുള്ളിലെ വര്‍ഗീയ നിലപാടുകള്‍ പ്രഖ്യാപിക്കുകയാണ്………’ (ഏകാന്ത നഗരങ്ങള്‍- ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം- പി.കെ. രാജശേഖരന്‍ ,പേജ് 50-55). ഇങ്ങനെ വര്‍ഗീയ നിലപാടുകളുള്ളവരെങ്കിലും ഇവരൊക്കെ ഇടതുപക്ഷം എന്ന ലേബലിലാണ് ഇവിടെ അറിയപ്പെടുന്നത്.
ഇത്തരത്തില്‍ നൂറുകണക്കിന് സംഭവങ്ങള്‍ കേരളത്തിന്റെ ബൗദ്ധികമേഖലയില്‍ നമുക്ക് കാണാന്‍ സാധിക്കും. ഭക്ഷണം പാകം ചെയ്ത് കുടുംബം പോറ്റുന്ന ഒരു പാവം നമ്പൂതിരിയെ അത്യുച്ചത്തില്‍ മാത്രം സംസാരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ബ്രാഹ്മണിക്കല്‍ ഹെജിമണി കാട്ടി നിരന്തരം വേട്ടയാടിയത് നാം കണ്ടതാണ്. ഗണപതി മിത്താണെന്ന് പറഞ്ഞ് ഒരു സമൂഹത്തെ അപ്പാടെ അവഹേളിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം മതത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഭക്ത്യാതിരേകത്താല്‍ പുളകം കൊള്ളുന്നതും, വെള്ളിയാഴ്ചകളില്‍ അടിയന്തര പ്രമേയം കൊണ്ടുവരരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നതും, തന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു നിയമസഭാ സമാജിക ഭൂരിപക്ഷ വര്‍ഗ്ഗീയതയെപ്പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് പ്രസംഗിക്കുമ്പോള്‍ തന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് അസഹിഷ്ണുതയാല്‍ അസ്വസ്ഥനാകുന്നതും നാം ലൈവായി കണ്ടതാണ്. തലസ്ഥാന നഗരിയിലെ വിളിപ്പാടകലത്ത്, ഏതാണ്ട് കുറച്ച് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിദാരുണമായ അപകടമരണം സംഭവിച്ചപ്പോള്‍ ഒരു വ്യക്തിയുടെ മരണം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും മറ്റേയാള്‍ അഗാധ വിസ്മൃതിയില്‍ ആഴ്ത്തപ്പെടുകയും ചെയ്യുന്നതിലെ മതവിവേചനവും ശ്രദ്ധിക്കപ്പെടേണ്ടതാണ് (മരണം രണ്ടും ഏറെ ദുഖകരം തന്നെയാണ്). മഹാരാജാസില്‍ ജന്റര്‍ ഇക്വാലിറ്റി ടോയിലറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ട് ‘പുരോഗമനം’ പറയുന്നവര്‍ നിര്‍മ്മലാ കോളേജില്‍ പ്രത്യേക നിസ്‌കാര മുറിക്കായി സമരം ചെയ്ത് മലയാളമണ്ണില്‍ മതേതരത്വം ഊട്ടിയുറപ്പിക്കുന്ന കാഴ്ച നാം കാണുകയാണ്. ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനായ എ.പി.അഹമ്മദ് മാഷിന് അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ മേലാളന്മാരില്‍ നിന്ന് നിരന്തരം ഊരുവിലക്ക് നേരിടുന്നതും നാം കാണാതിരുന്നുകൂടാ. അഷ്ടദിക്കുകളിലേക്കും നിരീക്ഷണം നടത്തി അഭിപ്രായം പറയാന്‍ ധൈര്യം കാണിച്ചിരുന്ന കാരശ്ശേരി മാഷ് കഴിഞ്ഞ കുറച്ചുകാലമായി ഒരു ഭാഗത്തേക്ക് മാത്രം നോക്കാന്‍ തുടങ്ങിയത്, മൃതദേഹം പോലും കിട്ടാതെപോയ ചേകന്നൂരിന്റേയും കൈകാലുകള്‍ നഷ്ടമായ ജോസഫ് മാഷിന്റെയും ഓര്‍മ്മകളുടെ ഭീതിയില്‍ നിന്നായിരിക്കാമെന്ന് നമുക്ക് സ്വാഭാവികമായും സംശയിക്കാമല്ലോ. പ്രകൃതിക്ഷോഭത്താല്‍ കൊടും ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാടിന്റെ കണ്ണീരൊപ്പേണ്ട സമയത്തും ഏതോ രാജ്യത്ത്, സ്വയം കൃതാനര്‍ത്ഥം കൊണ്ട് മരണം സംഭവിച്ച ഒരു മതഭീകരവാദിക്ക് വേണ്ടി പ്രകടനം നടത്താന്‍ ഈ കേരളഭൂമിയില്‍, സ്ത്രീകളടക്കം, തയ്യാറാകുന്നുണ്ടെങ്കില്‍ അതിനെ മതേതരത്വം എന്നോ പ്രബുദ്ധതയെന്നോ വിളിക്കാന്‍ നമുക്ക് സാധിക്കില്ല. വരാനിരിക്കുന്ന വലിയ ഒരു അപകടത്തിന്റെ ഭീതിതമായ ഒരു സൂചന തന്നെയാണത്.
പലതരം ഗിമ്മിക്കുകള്‍ കാട്ടി കേരള മനസ്സില്‍ ഇടം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ മൂല്യങ്ങളെ തകര്‍ക്കുന്നതിനായി വിഘടനവാദ ചിന്തകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആശയ വ്യക്തതയോ ആദര്‍ശവ്യക്തിത്വങ്ങളോ കൈവശമില്ലാത്ത ആ പ്രസ്ഥാനത്തിന് അധികാരത്തിലെത്താന്‍ കുറേ ചെപ്പടി വിദ്യകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ദേശീയ മൂല്യങ്ങളില്‍ നിന്ന് അകന്നുനിന്നിരുന്ന തീവ്രമതശക്തികളെ ഏത് വിധേനയും കൂട്ടുപിടിക്കാന്‍ കൈ മെയ് മറന്ന് അവര്‍ കഠിനാധ്വാനം ചെയ്തു. അതിഭീകര വംശഹത്യയ്ക്ക് ഒരുങ്ങി പടയോട്ടം നടത്തിയ ടിപ്പുവിനെയും 1921ലെ കിരാതമായ മാപ്പിള ലഹളയെയും വെള്ളപൂശിക്കൊണ്ട് അവര്‍ ആരംഭിച്ച പ്രീണന രാഷ്ട്രീയം, പിടിച്ചുനിര്‍ത്താന്‍ പറ്റാത്തത്രയ്ക്കും ദുരിതപൂര്‍ണമായ ഒരു അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എഴുത്തുകാരെയും ബുദ്ധിജീവികളെയും മാധ്യമപ്രവര്‍ത്തകരെയും ഒക്കെ പ്രലോഭനത്തിന്റെ സുഖശീതളിമയാലും ഭീഷണിയാല്‍ ഭയചകിതരാക്കിയും ഇവരുടെ സംഘടിത നീക്കത്തിന് ഓശാന പാടിക്കുന്ന അതിദയനീയമായ കാഴ്ചയാണ് നാം മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നവോത്ഥാനത്തിന്റേയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റേയും ഉന്നത മൂല്യങ്ങളില്‍ നിന്നും നാം എത്തിച്ചേര്‍ന്നത് ഇക്കാണുന്ന അത്യന്തം ബീഭത്സമായ സംഭവവികാസങ്ങളിലേക്കാണെന്നതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറി. ചിതലരിച്ചു തകര്‍ന്നുപോയ ഒരു പ്രത്യയ ശാസ്ത്രത്തെ എന്നോ കുഴിവെട്ടിമൂടാതെ പൂജാമുറിയില്‍ കയറ്റിവെച്ചതിന്റെ ദുരന്തമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രബുദ്ധനെന്ന ഓമനപ്പേരുകൊണ്ട് അതിനെ മറച്ചുപിടിക്കാമെന്ന് കരുതാന്‍ കേവലം സത്യാനന്തര കാലത്തെ മന്ദബുദ്ധികള്‍ക്ക് മാത്രമേ സാധിക്കൂ. വര്‍ഷങ്ങളോളം മാറി മാറി ഭരിച്ചിട്ടും ക്രിയാത്മകമായ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നവോത്ഥാനകാലത്തിന്റെവളര്‍ച്ച മുരടിച്ചുപോയെങ്കില്‍, അതൊരു പരാജയമായിരുന്നെന്ന് സമ്മതിക്കാനെങ്കിലും നമ്മള്‍ മലയാളികള്‍ ആത്മരോഷത്തോടെ തയ്യാറാകേണ്ടതുണ്ട്.
കേരളത്തിന്റെ വിവിധ മേഖലകളില്‍ വ്യത്യസ്ത സമുദായങ്ങളില്‍ ജനിച്ച് സാമൂഹിക പുരോഗതിക്കായി ഭാരത സംസ്‌കൃതിയുടെ ദര്‍ശനങ്ങളാല്‍ സ്ഫുടം ചെയ്‌തെടുത്ത അതിസമ്പന്നമായ നവോത്ഥാനമൂല്യങ്ങളെ എവിടെയോ കൈമോശം വന്നതും, തേനൂറും വാക്കുകളില്‍ പൊതിഞ്ഞ കൊടും വിഷത്തെ പാനം ചെയ്യേണ്ടി വന്നതുമാണ്, നമ്മുടെ ഈ ഭൂമി വിഷം ധരയായതിന്റെ പ്രധാന കാരണം. അതില്‍ നിന്നും രക്ഷനേടാന്‍ നാം ബോധപൂര്‍വ്വം വിസ്മൃതിയിലാഴ്ത്തിയ നവോത്ഥാന മൂല്യങ്ങളെ സ്മൃതിപഥത്തിലേക്ക് തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഏക പരിഹാരമായിട്ടുള്ളത്.
നവോത്ഥാന നായകര്‍ എല്ലാവരും കൂടി ഉഴുതുമറിച്ചിട്ട ഈ ഭൂമിയില്‍ (കക്ഷി) രാഷ്ട്രീയ രംഗത്തും ശോഭിച്ചിരുന്ന വ്യക്തിയായിരുന്നു കേരള ഗാന്ധി കേളപ്പജി. അത്യന്തം മലീമസമായ നമ്മുടെ സമകാലിക (കക്ഷി)രാഷ്ട്രീയ അന്തരീക്ഷത്തെ തെളിമയാര്‍ന്നതാക്കാന്‍, മലയാളികള്‍ പാടേ മറന്നുപോയ കേളപ്പജിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും പുതുതലമുറയുടെ മുന്നില്‍ വെച്ചുകൊണ്ടാവുന്നതാണ് നല്ലത് എന്ന് തോന്നുന്നു. അങ്ങനെ നമുക്ക് നഷ്ടപ്പെട്ടുപോയ നമ്മുടെ (കക്ഷി)രാഷ്ട്രീയ കേരളത്തെ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കണം. അതായിരിക്കും ആ മഹാമനീഷിക്ക് തന്റെ നൂറ്റിമുപ്പത്തിയാറാം ജന്മദിനത്തില്‍ നമുക്ക് നല്‍കാവുന്ന ഹൃദയംകൊണ്ടുള്ള ശ്രദ്ധാഞ്ജലി…..