വര്‍ഗ്ഗീയതയെ നേരിടുന്നതിലെ മാര്‍ക്‌സിസ്റ്റ് മാതൃക ഗവേഷണം ചെയ്യേണ്ട വിഷയമാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ പേരില്‍ അവര്‍ നടത്തുന്ന വര്‍ഗ്ഗീയ വിരുദ്ധ നീക്കങ്ങളാണ്. എസ്.ഡി.പി.ഐ ക്കാരാണ് അഭിമന്യുവിനെ വധിച്ചത്. അതു സംബന്ധിച്ച കേസ് ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. പ്രതികള്‍ പലരും പിടിക്കപ്പെട്ടിട്ടില്ല. ഒരു പ്രതി പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തുകാരനാണ്. ആ പഞ്ചായത്ത് സി.പിഎം ഭരിക്കുന്നത് എസ്.ഡി.പി.ഐ പിന്തുണയോടെയാണ്. പത്തനംതിട്ട നഗരസഭയിലും ഇടത് ഭരണം എസ്.ഡി.പി.ഐ യുടെ ഊരയില്‍ ഇരുന്നാണ്. വെറുതെയല്ല കേസ് ഇഴഞ്ഞു നീങ്ങുന്നത്.
വര്‍ഗ്ഗീയ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി അഭിമന്യുവിന്റെ രക്തസാക്ഷിത്വം ആവേശമാക്കാന്‍ സി.പി.എം രംഗത്തിറക്കിയത് ചില്ലറക്കാരെയല്ല. പുരോഗമന കലാസാഹിത്യ സംഘത്തേയും മാനവീയം തെരുവിടം കള്‍ച്ചറല്‍ കളക്ടീവിനെയും ഒക്കെയാണ്. അവര്‍ അഭിമന്യു എന്‍ഡോവ്‌മെന്റും സ്‌കോളര്‍ഷിപ്പുമൊക്കെ പ്രഖ്യാപിച്ചു. പണം പിരിക്കലും തകൃതിയായി നടന്നു. എന്നാല്‍ ആറര വര്‍ഷം കഴിഞ്ഞിട്ടും ചങ്കരന്‍ തെങ്ങില്‍ തന്നെ. ഫണ്ട് ആവിയായി പോയി എന്ന് ചില സഖാക്കള്‍ക്ക് സംശയം. അവര്‍ ഒച്ചപ്പാടാക്കിയപ്പോഴാണ് സംഗതി വാര്‍ത്തയായത്. അഭിമന്യുവിന്റെ വധം കൊണ്ട് സി.പി.എം ഉണ്ടാക്കിയ നേട്ടം രണ്ട് പാര്‍ട്ടിക്ക് ഒരു രക്തസാക്ഷിയെ കിട്ടി. ലക്ഷങ്ങളുടെ ഫണ്ടും കിട്ടി.