കുന്നുപൊക്കിപ്പിടിച്ചന്നു കണ്ണന്‍
കുന്നിളക്കിപ്പൊടിക്കുന്നു നമ്മള്‍
കുന്നിയോളം തിരിഞ്ഞില്ലയെന്നോ
കുഞ്ഞുകാട്ടിയ മാതൃകയൊന്നും
ആലിലയില്‍ പ്രളയജലത്തില്‍
കാല്‍വിരലുണ്ടുപുഞ്ചിരിതൂകി
കാര്‍മുകില്‍ വര്‍ണ്ണനോതിയതൊന്നും
കാലമായി തിരിച്ചറിഞ്ഞില്ല
ആലുവേണ്ടതിനാല്‍ത്തറയാകും
ആല്‍ത്തറയ്ക്കലൊരമ്പലമാകും
അമ്പലങ്ങളിലാളുകള്‍കൂടും
ആളുകൂടിയാല്‍ ശക്തരുമാകും
ആരുചൊല്ലിയുറപ്പിച്ചു, ചെയ്തു,
നേരെതിര്‍പോകുമീ തത്ത്വരോഗം
ചിന്തയില്ലാത്ത തത്ത്വങ്ങളെല്ലാം
കൊയ്തുകൂട്ടും ദുരന്തമോരോന്നും
കാളിയരായി സര്‍വരും നിത്യം
നീരൊഴുക്കില്‍ വിഷം കലര്‍ത്തുന്നു
നിരുറവകള്‍ നഞ്ചായിമാറി,
നീര്‍കുടിപ്പോര്‍ക്കുനീറ്റലാണെന്നും
കംസചിത്തത്തിനൊത്തന്നുനിന്നു,
നെഞ്ചിടിപ്പില്‍ കുവലയാപീഠം
കാട്ടുമക്കളെ കാക്കുന്നുകൊമ്പന്‍-
മാരു സൂക്ഷ്മം ദുരന്തകാലത്തില്‍
നമ്മള്‍പക്ഷേ വെടിമരുന്നിട്ട്
സഹ്യപുത്രരെ കൊന്നൊടുക്കുന്നു
ഗോക്കളേയും ഹനിക്കുന്നു കഷ്ടം,
കംസജീവിതക്കൂട്ടമാകുന്നു.
തത്ത്വചിന്തകള്‍ ബോധിച്ചിടാത്തോര്‍,
ദര്‍ശനങ്ങള്‍ മനസ്സിലാകാത്തോര്‍,
തല്‍ക്ഷണം കണ്ടവര്‍ക്കുബോധിക്കാന്‍
സ്വത്വമിങ്ങനെ കാട്ടുന്നു ചിത്രം.
ശാന്തമാകാരമിങ്ങുകിടപ്പൂ,
പാമ്പുമെത്തയില്‍, താമരനാഭന്‍
ചുറ്റുമുള്ളത് പാലാഴി, സൗമ്യം,
സ്വച്ഛമാകാശവര്‍ണ്ണന്‍, ശുഭാംഗന്‍
സൃഷ്ടമായത് പാലിക്കയല്ലോ
നിത്യകര്‍ത്തവ്യമിങ്ങനെ പാഠം
പക്ഷെയാരുണ്ടുകണ്ടറിയുന്നോര്‍
വിശ്വരൂപന്റെ വിജ്ഞാനലീല!!