ഹിന്ദുമതം ആരുടെ മതമാണ്? ആര്യന്മാരുടേതോ ദ്രാവിഡരുടേതോ? ആര്യന്മാരുടേതാണെന്നു വരുത്താനാണ് കുറെക്കാലമായി രാജ്യവിരുദ്ധ ചരിത്രകാരന്മാരും രഹസ്യ അജണ്ടയുമായി ചരിത്രത്തെ സമീപിക്കുന്ന, മറ്റാരുടേയോ താല്പര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഹാക്ഷേത്രങ്ങളുള്ളത് ദ്രാവിഡ ഭൂമിയെന്ന് ഇക്കൂട്ടര്‍ പറയുന്ന തമിഴ്‌നാട്ടിലാണ്. ഒരുപക്ഷേ മറ്റെല്ലായിടത്തും കൂടിയുള്ള വലിയ ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ വരും തമിഴ്‌നാട്ടില്‍ മാത്രമുള്ള ക്ഷേത്രങ്ങള്‍. അവയില്‍ പലതും ഇപ്പോള്‍ നാശോന്മുഖമായ അവസ്ഥയിലാണ്. ഒരിക്കല്‍ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചപ്പോള്‍ തിരുക്കഴുകുണ്‍റം എന്ന ചെറിയ പട്ടണത്തില്‍ മാത്രമുള്ള മഹാക്ഷേത്രങ്ങള്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. അവയില്‍ പലതും അതിപുരാതനങ്ങളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഹിന്ദുമതത്തിന്റെ വ്യാപനത്തിനായി തമിഴ്‌നാട്ടുകാര്‍ പരിശ്രമിച്ചത് പോലെ ഇന്ത്യയില്‍ മറ്റാരും ശ്രമിച്ചിട്ടില്ല. ശ്രീലങ്കയിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമൊക്കെ ഹിന്ദുമതമെത്തിയത് തമിഴരുടെ പരിശ്രമഫലമായാണ്. ദക്ഷിണാഫ്രിക്കയിലും സിംഗപ്പൂരിലും കരീബിയന്‍ ദ്വീപുകളിലും മൗറീഷ്യസിലും ഫിജിയിലുമെല്ലാം തമിഴ് വംശജരുടെ മുത്തുമാരിയമ്മന്‍ ക്ഷേത്രങ്ങളും വൈഷ്ണവ ശൈവക്ഷേത്രങ്ങളുമുണ്ട്.
തമിഴ്‌നാട് ഭരിച്ചിരുന്ന വിശ്വവിജയി എന്നുതന്നെ വിളിക്കാന്‍ കഴിയുന്ന രാജേന്ദ്ര ചോളന്‍ വടക്കേന്ത്യയിലെ വലിയ പ്രദേശങ്ങള്‍ കീഴടക്കി അവിടെയെല്ലാം ഹിന്ദുമതത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്. ശ്രീലങ്കയും വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കീഴടക്കി അവയെല്ലാം ബൗദ്ധ സ്വാധീനത്തില്‍ നിന്നും മോചിപ്പിച്ച് ഹിന്ദു മതത്തിന്റെ കീഴിലാക്കി. ഇന്തോനേഷ്യയിലേക്ക് രാജേന്ദ്രന്‍ പോകുന്നതുതന്നെ കംപൂച്ചിയയിലെ ഹിന്ദു രാജാവ് സൂര്യവര്‍മ്മന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നു ചരിത്രത്തില്‍ പറയുന്നു. ബുദ്ധരാജാക്കന്മാരുമായി യുദ്ധത്തിലായിരുന്ന അവിടത്തെ ഹൈന്ദവ രാജാക്കന്മാരെ സഹായിക്കാനായിരുന്നു രാജേന്ദ്ര ചോളന്‍ അവിടങ്ങളിലെത്തിയത്.
ദ്രാവിഡ സംസ്‌കാരത്തിന്റെ കുലപതിയെന്ന് ഇന്നു വാഴ്ത്തുന്ന രാവണന്‍ കടുത്ത ശിവഭക്തനായിരുന്നുവെന്നതും പുരാണ പ്രസിദ്ധമാണല്ലോ. പിന്നെ എങ്ങനെയാണ് ഹിന്ദുമതം ആര്യന്മാരുടേതാകുന്നത്? ഹാരപ്പന്‍ നാഗരികത ദ്രാവിഡരുടേതായിരുന്നെന്നും ആര്യ കുടിയേറ്റം അതു തകര്‍ത്തുവെന്നും അങ്ങനെ ദ്രാവിഡര്‍ തെക്കോട്ട് നീങ്ങിയെന്നുമൊക്കെയാണ് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ പറഞ്ഞുവയ്ക്കുന്നത്. അതു സ്ഥാപിച്ചെടുക്കാനായി അക്ഷീണം പരിശ്രമിക്കുകയാണ് ചില ചരിത്രകാരന്മാര്‍. ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലേക്കും ചില വിദേശികള്‍ വന്നിട്ടുണ്ടാവും. അവര്‍ പക്ഷേ നിസ്സാരമായ ഒരു സംഘമായിരുന്നിരിക്കണം. അവര്‍ ഇവിടെ വന്ന് ആരെയെങ്കിലും യുദ്ധം ചെയ്തു തോല്പിച്ചതായി തെളിവൊന്നുമില്ല. ഇവിടെ വന്നവര്‍ ഇവിടെ നിലവിലിരുന്ന സനാതന സംസ്‌കാരവുമായി ഇഴുകിച്ചേരുകയാണുണ്ടായത്. ഹാരപ്പന്‍ നാഗരികത സനാതനഹിന്ദു സംസ്‌കാരത്തെ കൂടുതല്‍ ദൃഢീകരിക്കുന്നതേയുള്ളൂ. ‘പശുപതി ശിവന്റെ’ വിഗ്രഹം മോഹന്‍ഞ്ചദാരോവില്‍ നിന്നുകണ്ടെടുത്തതായി എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ടല്ലോ? അതില്‍ നിന്നുതന്നെ മനസ്സിലാക്കാമല്ലോ അവിടത്തെ മതം ഹിന്ദുമതമായിരുന്നെന്ന്. വേദങ്ങളിലും ശിവനെ പരാമര്‍ശിക്കുന്നുണ്ട്. ‘മഹാദേവന്‍’ എന്നാണ് വേദങ്ങളിലെ പരാമര്‍ശം. സനാതന ധര്‍മ്മം ആരും ഇറക്കുമതി ചെയ്തതല്ല. അതിവിടെ നിലനിന്നതുതന്നെയാണ്. അതിലേയ്ക്ക് പലരും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടാവാം.
പച്ചക്കുതിര ആഗസ്റ്റ് ലക്കത്തില്‍ ‘ഹാരപ്പയും കീഴടിയും’ എന്നൊരു ലേഖനം ചേര്‍ത്തിരിക്കുന്നു. അതില്‍ തത്കര്‍ത്താവ് വളരെ പണിപ്പെട്ട് ഹാരപ്പ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് തമിഴ്‌നാട്ടിലെ ഉദ്ഖനനങ്ങളില്‍ നിന്നു കിട്ടുന്നതെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അത്ര പണിപ്പെടുന്നതെന്തിന്? രണ്ടും ഒന്നുതന്നെ. അഫ്ഗാന്‍ മുതല്‍ ഇന്തോനേഷ്യ വരേയും ശ്രീലങ്ക മുതല്‍ ഏകദേശം അര്‍മീനിയവരേയും പരന്നുകിടന്നിരുന്ന പ്രദേശത്ത് പൗരാണിക കാലത്ത് ഒരു സംസ്‌കാരം തന്നെയാണ് നിലനിന്നിരുന്നത്. വൈദേശിക ഇടപെടലുകള്‍ അതില്‍ പല വിച്ഛേദങ്ങളുമുണ്ടാക്കിയെങ്കിലും പെരുമ്പാമ്പ് ‘മുറികൂടുന്നതു’ പോലെ അത് വീണ്ടും വീണ്ടും ഒന്നായിത്തീരുന്നു. ഇപ്പോള്‍ അതിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു കാലമാണ്. എന്നാല്‍ ചില ശക്തികള്‍ അത് ഇഷ്ടപ്പെടുന്നില്ല. അവര്‍ പല തരത്തില്‍ വിഘ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതൊക്കെ അതിജീവിച്ച് ധര്‍മ്മത്തിലധിഷ്ഠിതമായ ‘സനതാന ധര്‍മ്മം’ കൂടുതല്‍ ശോഭയോടെ പ്രസരിക്കുക തന്നെ ചെയ്യും. പച്ചക്കുതിര ചരിത്രകാരന്മാര്‍ക്ക് ആനന്ദിക്കാന്‍ വകയുണ്ടാവാനിടയില്ല.
വി.ഷിനിലാല്‍ പച്ചക്കുതിരയില്‍ എഴുതിയിരിക്കുന്ന കഥ ‘കാമായനം’ ഭ്രാമാത്മകമായ ഒരു രചനയാണ്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഫാന്റസി. എങ്കിലും വായനയെ അതു ത്വരിപ്പിക്കുന്നു. കഥാകൃത്തിന്റെ സങ്കല്പങ്ങളും അദ്ദേഹം ഉപയോഗിക്കുന്ന പേരുകളും ഒക്കെ പ്രതീകഭംഗിയുള്ളവയാണ്. ശ്രദ്ധ എന്ന നായികയും മനു എന്ന നായകനും പൗരാണിക പ്രസക്തിയുള്ള പേരുകളാണ്. ആദിപൂര്‍വ്വികനായ വൈവസ്വത മനുവിന്റെ പേരില്‍ നിന്നാണ് കഥാകൃത്ത് മനുവെന്ന പേര് കടം കൊണ്ടിരിക്കുന്നത്. മനുവിന് ശ്രദ്ധദേവന്‍ എന്നും പേരുണ്ടല്ലോ. അതില്‍ നിന്നാണ് ശ്രദ്ധ എന്ന നായികയെ സൃഷ്ടിച്ചിരിക്കുന്നത്. മനുവിന്റെ കഥയുമായി ബന്ധപ്പെട്ട് ഒരു പ്രളയകഥയുണ്ടല്ലോ. മോശയുടെ പെട്ടകവുമായി സാദൃശ്യമുള്ള ഒരു നൗകയുടെ കഥയുമുണ്ട്. അതൊക്കെ വായിച്ചാണ് കഥാകൃത്ത് തന്റെ രചനയ്ക്ക് ഊര്‍ജ്ജം സ്വീകരിച്ചിരിക്കുന്നത്. സമുദ്രപ്രളയത്തിനു പകരം കുംഭമേളയും ത്രിവേണി സംഗമവുമൊക്കെ പശ്ചാത്തലമാക്കിയിരിക്കുന്നു. കാമായനം എന്ന പേരും പ്രപഞ്ചോല്‍പ്പത്തിയെകുറിച്ചുള്ള പുരാണ സങ്കല്പങ്ങളുമായി ബന്ധപ്പെട്ടതുതന്നെ. മൊത്തത്തില്‍ ഒരു ഔപനിഷിദാന്തരീക്ഷം. കഥ നമ്മളെ മറ്റൊരിടത്തേയ്ക്കു നയിക്കുന്നു. നല്ല രചന തന്നെ.
ജോര്‍ജ് ജോസഫ് കെ.പച്ചക്കുതിരയില്‍ എഴുതിയിരിക്കുന്ന കവിത ‘നിബന്ധന’ കാമുകിയും കാമുകനും തമ്മിലുള്ള കരാറിനെക്കുറിച്ചാണ്.”Marriage and Morals’ എന്ന Bertrand Russelന്റെ പ്രസിദ്ധമായ കൃതി പുറത്തുവന്നതിനു ശേഷമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ സാമുഹ്യ മാനങ്ങളെക്കുറിച്ച് ലോകം കൂടുതല്‍ പര്യാലോചനകള്‍ നടത്താന്‍ തുടങ്ങിയത്. “Marital Rape” എന്ന സംപ്രത്യയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതും അതിനുശേഷമാണ്. തുടര്‍ന്ന് പല രാജ്യങ്ങളിലും അതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണങ്ങളും നടന്നു. 1950ല്‍ റസ്സലിന് നൊേബല്‍ സമ്മാനം ലഭിച്ചപ്പോള്‍ നൊബേല്‍ കമ്മറ്റി അദ്ദേഹത്തിന്റെ വ്യത്യസ്തമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളൊക്കെ കണക്കിലെടുത്ത് എന്നാണു പറഞ്ഞതെങ്കിലും ‘ങമൃൃശമഴല മിറ ങീൃമഹ’െ എന്ന കൃതി കണക്കിലെടുത്താണ് തനിക്കു നൊബേല്‍ കിട്ടിയത് എന്നായിരുന്നു റസ്സലിന്റെ അഭിപ്രായം.
വിവാഹം സ്ത്രീപുരുഷബന്ധത്തിന്റെ ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വ്യാപകമായതും റസ്സലിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതിനുശേഷമാണ്. അദ്ദേഹത്തിനു മുന്‍പും ചില ചിന്തകര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അക്കാലത്തൊന്നും അതിന് വലിയ സാമൂഹ്യാംഗീകാരം ലഭിച്ചിരുന്നില്ല. റസ്സല്‍ വലിയ ഗണിതജ്ഞനായിരുന്നു. തന്റെ ഗണിത ശാസ്ത്ര സംഭാവനകള്‍ക്കു നൊേബല്‍ ലഭിക്കുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാല്‍ ലഭിച്ചതോ സാഹിത്യകാരന്‍ എന്ന നിലയ്ക്കും. റസലിനെപ്പോലെ ഒരു പുതിയ ലോകസൃഷ്ടിക്കുതകുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കിയ ഒരു ബുദ്ധിജീവി നമുക്കില്ല. ഡോക്ടര്‍ എസ്.രാധാകൃഷ്ണന്‍, ഡി.ഡി.കൊസംമ്പി തുടങ്ങിയ ചില വലിയ പേരുകള്‍ നമുക്കുണ്ടെങ്കിലും അവരൊന്നും ലോകശ്രദ്ധ ആര്‍ജ്ജിച്ചില്ല.
ജോര്‍ജ് ജോസഫിന്റെ കവിതയിലേയ്ക്കു മടങ്ങിവന്നാല്‍ ഇവിടത്തെ നിബന്ധന രസകരമാണ്. ആദ്യം പുരുഷന്‍ മരമായും സ്ത്രീ അതില്‍ പടരുന്ന വള്ളിയായും എന്നായിരുന്നു നിബന്ധന. എന്നാല്‍ ക്രമേണ ഈ ‘വള്ളി മരം നിബന്ധന’ സ്ത്രീക്ക് മടുക്കുന്നു. അവള്‍ അവനെ മരമെന്നതിനുപകരം ‘എടാ’ എന്നു വിളിക്കുന്നു. ഇനി മുതല്‍ ഞാന്‍ മരവും നീ വള്ളിയും എന്നു നിബന്ധന മാറ്റുന്നു. ഈ രൂപകത്തില്‍ പുതിയ കാലത്തിന്റെ സവിശേഷതകള്‍ കവി ഒളിപ്പിച്ചു വയ്ക്കുന്നു.
ലിംഗവിവേചനമില്ലാത്ത, സ്ത്രീയും പുരുഷനും ഒരേ രീതിയില്‍ സമൂഹത്തില്‍ ഇടപെടുന്ന, തുല്യ പങ്കാളികളായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ക്രമവും പാരസ്പര്യവും കവി സ്വപ്‌നം കാണുന്നു. തീര്‍ച്ചയായും അതു നല്ല കാര്യമാണ്. കവിയുടെ കുടുംബത്തിലെങ്കിലും അത്തരത്തിലുള്ള സമത്വബോധം സൃഷ്ടിക്കാനായാല്‍ നല്ലത്.
മാനവികത, സമത്വം, സാഹോദര്യം എല്ലാം നല്ല പദങ്ങളാണ്. ഇതൊക്കെ മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍ ഇതെല്ലാം കടലാസു പുലികളോ ഏട്ടിലെ പശുക്കളോ ആണെന്നതാണു യാഥാര്‍ത്ഥ്യം. ബംഗ്ലാദേശിലും ലോകത്തിന്റെ ഇതര മേഖലകളിലും നടക്കുന്ന കലാപങ്ങള്‍ നമ്മളെ പഠിപ്പിക്കുന്ന കാര്യം മനുഷ്യവംശം യുക്തിയുടെ അടിസ്ഥാനത്തിലോ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലോ ഒന്നും ഒരിക്കലും സഞ്ചരിക്കാന്‍ കൂട്ടാക്കാറില്ല എന്നതാണ്. ആത്യന്തികമായി സത്യവും ധര്‍മ്മവും മാനവികതയും വിജയിക്കും എന്ന നമ്മുടെ പ്രതീക്ഷയ്ക്കും വലിയ അര്‍ത്ഥമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. നീതിയോടോ ധാര്‍മ്മികതയോടോ ഒന്നും ഒരിടത്തും സാധാരണ മനുഷ്യര്‍ നിന്നിട്ടില്ല. അവര്‍ അപ്പോള്‍ തോന്നുന്ന വൈകാരികതയ്ക്ക് അനുസരിച്ച് എന്തു ക്രൂരതയ്ക്കും കൈയടിക്കും. ഏതു നിരപരാധിയേയും ചുട്ടുകൊല്ലാനോ അടിച്ചുകൊല്ലാനോ അവര്‍ മടിക്കില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് പ്രകൃതി നിയമം.
“Survival of The Fittest’ എന്ന ഫ്രെയ്‌സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് നമ്മള്‍ സാധാരണ കേള്‍ക്കാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ഡാര്‍വിന്റെ സംഭാവനല്ല. ഡാര്‍വിന്റെ “Origin of species’ വായിച്ച ഇംഗ്ലീഷ് തത്വചിന്തകനും സോഷ്യോളജിസ്റ്റുമൊക്കെയായിരുന്ന ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ (Herbert spencer) ആണ് ആദ്യമായി ഈ ഫ്രെയ്‌സ് ഉപയോഗിച്ചത്. ലോകം നമുക്കു തരുന്ന പാഠവും അതു തന്നെയാണ്. നീതിയോടൊപ്പമല്ല ജനം നില്‍ക്കാറുള്ളത് ശക്തനോടൊപ്പമാണ്. ഇസ്രായേലിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് അവരുടെ വലിയ ആയുധശേഷികൊണ്ടു മാത്രമാണ്. യേശുക്രിസ്തുവിനെ കുരിശിലേറ്റാന്‍ കൊണ്ടു വന്നപ്പോള്‍ ‘ഒരാളെ വിട്ടുതരാം നീതിമാനായ യേശുവിനേയോ കള്ളനായ ബറബാസിനേയോ രണ്ടിലൊരാളെ’ എന്നു പീലാത്തോസ് പറഞ്ഞു. അപ്പോള്‍ ജനക്കൂട്ടം ബറബാസിനെ വിട്ടുതരിക, യേശുവിനെ കുരിശില്‍ തറയ്ക്കുക എന്ന് ആര്‍ത്തുവിളിച്ചത്രേ! അതാണു സാധാരണ ജനത്തിന്റെ നീതിബോധം. ആ നീതിബോധത്തെ വിശ്വസിച്ചു ഒരിക്കലും ഒരു നന്മയും നടപ്പിലാക്കാനാവില്ല. ശക്തി ആര്‍ജ്ജിച്ചാല്‍ മാത്രമേ നന്മ നടപ്പിലാക്കാനാവൂ. അതില്‍ നിന്നാണു ഭാരതവും പഠിക്കേണ്ടത്.
ഏറ്റവും നല്ല ഭരണാധികാരിയെ ഒരു പ്രത്യേക കാരണവുമില്ലാതെ ജനം തൂത്തെറിയും. വലിയ അഴിമതിക്കാരനെ ജയിപ്പിക്കും. ജനങ്ങളുടെ സമ്പത്തു കൊള്ളയടിച്ചു മഹാകോടീശ്വരന്മാരായ ആന്ധ്രയിലെ ജഗ്‌മോഹന്‍ റെഡ്ഢി, തമിഴ്‌നാട്ടിലെ സ്റ്റാലിന്‍, ബീഹാറിലെ ലല്ലുപ്രസാദ്‌യാദവ്, യുപിയിലെ അഖിലേഷ് യാദവ് തുടങ്ങിയവരൊക്കെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇപ്പോഴും പ്രിയങ്കരരാണെന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. നിസ്വരായി ജീവിച്ച ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ച ഗുല്‍സാരിലാല്‍ നന്ദയെപ്പോലുള്ള വരെ ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നതായിപ്പോലും തോന്നുന്നില്ല. അതാണു ജനം.