ഭാരതത്തില്‍ ജോര്‍ജ് സോറോസുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമല്ല. സാമ്രാജ്യത്വ മൂലധനത്തിന്റെ സൂക്ഷിപ്പുകാരനും ചങ്ങാത്ത മുതലാളിത്വത്തിന്റെ വക്താവും സര്‍വ്വോപരി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹയാത്രികനുമായിരുന്നിട്ടും സോറോസിനെ വിമര്‍ശിക്കാന്‍ ഭാരതത്തിലെ ഇടതു പാര്‍ട്ടികള്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്. ഇങ്ങനെ ഒരാള്‍ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതായി പോലും ഇടതുപക്ഷം ഭാവിക്കുന്നില്ല. കോടികള്‍ മറിയുന്ന സോറോസ്-കോണ്‍ഗ്രസ് ബന്ധത്തില്‍ ഒപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നു. സോറോസ് – കോണ്‍ഗ്രസ് – ഇടതുബന്ധം രാഹുലിന്റെ ജോഡോ യാത്രയിലും ദൃശ്യമാവുകയുണ്ടായി.
ലോകത്തെ സഹസ്രകോടീശ്വരന്മാരില്‍ ഒരാളായ ജോര്‍ജ് സോറോസ് ജന്മനാടായ ഹംഗറി വിട്ട് അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. 6.7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പാദ്യമുള്ള സോറോസ് ജീവകാരുണ്യ പ്രവര്‍ത്തനം മറയായി സ്വീകരിച്ച് ലോകരാജ്യങ്ങളില്‍ വലിയ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നയാളാണ്. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിക്‌ടോക് പ്രചാരണത്തിലൂടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ സഹായിക്കാന്‍ സോറോസ് വലിയതോതില്‍ പണം ഒഴുക്കുകയുണ്ടായി. 2020-21 കാലയളവില്‍ സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ 5.5 മില്യണ്‍ ഡോളര്‍ ‘ആക്സിലറേറ്റ് ആക്ഷന്‍’ എന്ന കമ്പനിയില്‍ നിക്ഷേപിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കമ്പനി 2022ല്‍ 3,00,000 ലക്ഷം ഡോളര്‍ ‘ജെന്‍ ഇസഡ് ഫോര്‍ ചെയ്ഞ്ച്’ എന്ന എന്‍ജിഒക്ക് കൈമാറി. ആക്റ്റിവിസ്റ്റുകളും സംഘാടകരുമൊക്കെയായി 500 പേര്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ജെന്‍ ഇസഡ് ചേയ് ഞ്ചിന് സംഭാവന നല്‍കിയ ഒരേയൊരു കമ്പനിയാണ് ആക്സിലറേറ്റ് ആക്ഷന്‍.
ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘ജെന്‍ ഇസഡ് ചെയ്ഞ്ച്’ സഹായിച്ച കാര്യം ഈ സംഘടനയുടെ സ്ഥാപകനായ എയ്ഡന്‍ കോഹന്‍ മര്‍ഫി സമ്മതിക്കുകയുണ്ടായി. വൈറ്റ് ഹൗസുമായും ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുമായും സഹകരിച്ചിട്ടുള്ളതായി മര്‍ഫിയുടെ സംഘടനാ വക്താക്കളും പറയുകയുണ്ടായി. പാലസ്തീന്‍ വിമോചനത്തെ പിന്തുണയ്ക്കുന്നവരാണ് തങ്ങളെന്ന് മര്‍ഫി വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ ടിക്‌ടോക് വഴി ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ജെന്‍ ഇസഡിന് പണം നല്‍കുന്നതിന് സോറോസിനെ യുഎസ് പ്രതിനിധി സ്റ്റെഫാനി വിമര്‍ശിക്കുകയുണ്ടായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്ലാറ്റ്ഫോമിലൂടെ ഇടതുപക്ഷ പ്രവര്‍ത്തനത്തിന് സോറോസ് പണം നല്‍കുകയാണ് എന്നായിരുന്നു സ്റ്റെഫാനിന്റെ വിമര്‍ശനം. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലോകമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്ക് സോറോസ് പണം നല്‍കുന്നുണ്ട്. പല വഴികളിലൂടെ ഇത് ഭാരതത്തിലും എത്തുന്നു.
കുഴപ്പങ്ങളുടെ സൂത്രധാരന്‍
കുഴപ്പങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന സോറോസ് അമേരിക്കന്‍ യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ പാലസ്തീന്‍ അനുകൂല പ്രചാരണത്തിന് പണമൊഴുക്കുകയുണ്ടായി. വിധ്വംസകമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താവുന്നവരാണല്ലോ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. മാറ്റത്തിനു വേണ്ടി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും സമൂഹത്തില്‍ അരാജകത്വം പടര്‍ത്താനും വിദ്യാര്‍ത്ഥികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. കാലഹരണപ്പെട്ട ആശയമാണ് കമ്മ്യൂണിസമെങ്കിലും വിമോചനത്തിന്റെയും സമത്വത്തിന്റെയും കാല്‍പ്പനികമായ ആശയങ്ങള്‍ ക്യാമ്പസുകളില്‍ വിറ്റഴിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ മുതലാളിത്ത രാജ്യമായ അമേരിക്കയുടെ ക്യാമ്പസുകളില്‍ സജീവമാണ്. സമീപകാലത്ത് ഇതിന്റെ പിതൃത്വം വഹിക്കുന്നവരില്‍ ഒരാളാണ് സോറോസ്.
സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ (എസ്ജെപി), സ്റ്റുഡന്റ്സ് വോയ്സ് ഫോര്‍ പീസ് (എസ്വിപി) എന്നീ ഗ്രൂപ്പുകളിലൂടെ കൊളംബിയ സര്‍വകലാ ശാലയില്‍ തുടക്കമിട്ട പ്രചാരണം അമേരിക്കയിലെ എട്ടിലധികം സ്റ്റേറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ജൂതവിരുദ്ധ പ്രചാരണം ആളിക്കത്തിക്കുന്ന വെച്ചസ്റ്റര്‍ പീപ്പിള്‍സ് ആക്ഷന്‍ കൊയിലേഷന്‍ ഫൗണ്ടേഷന്‍ (ഡബ്ലിയു ഇഎസ്പിഎസി) എന്ന സംഘടനയ്ക്കും സോറോസ് സംഭാവന നല്‍കുന്നു. ഒരു ജൂതനായ സോറോസാണ് ജൂതവിരുദ്ധ പ്രചാരണത്തെ പിന്തുണയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാറല്‍ മാര്‍ക്സിനെപ്പോലെ സോറോസും മതംമാറി കടുത്ത ജൂത വിരോധി ആയതാണോയെന്ന് സംശയിക്കാവുന്നതാണ്.
പാലസ്തീനുവേണ്ടി പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്ക് കൊളംബിയ സര്‍വകലാശാല ക്യാമ്പസില്‍ ടെന്റുകള്‍ കെട്ടാനും അവര്‍ക്ക് ഭക്ഷണം എത്തിക്കാനും ചെലവഴിച്ച പണം നല്‍കിയത് സോറോസാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ സോറോസിനെതിരായ ഈ പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വാദിക്കുന്ന ലേഖനങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനെ പോലുള്ള മാധ്യമങ്ങളില്‍ വരികയുണ്ടായി. സോറോസാണ് ഫണ്ട് നല്‍കുന്നതെന്ന ആക്ഷേപം എസ്ജെപിയും നിരാകരിച്ചു. ഹാര്‍വാര്‍ഡ്, യേല്‍, ബെര്‍ക്കിലി, ഓഹിയോ, എമ്മോറി സര്‍വ്വകലാശാല ക്യാമ്പസുകളിലും ടെന്റുകള്‍ സ്ഥാപിച്ച് സൃഷ്ടിച്ചെടുത്ത ‘വിമോചിത ഇടങ്ങള്‍’ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം ചെയ്തത് സോറോസ് പിന്തുണയ്ക്കുന്ന എസ്ജെപിയാണ്.
2023 ഒക്ടോബര്‍ ഏഴിന് പാലസ്തീനിലെ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ ‘ഒരു ചരിത്രപരമായ വിജയം’ എന്നാണ് എസ്ജെപി വിശേഷിപ്പിച്ചത്. 2017 മുതലുള്ള കണക്കനുസരിച്ച് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ നിന്ന് 3,00,000 ഡോളര്‍ എസ്‌ജെപി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 2019 മുതല്‍ റോക്ഫെല്ലര്‍ ഫൗണ്ടേഷനില്‍ നിന്ന് ഈ വിദ്യാര്‍ത്ഥി സംഘടന 3,35,000 ഡോളറും കൈപ്പറ്റിയത്രേ. അമേരിക്കന്‍ സര്‍വകലാശാല ക്യാമ്പസുകളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനും, ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്താനും സോറോസും റോക്ഫെല്ലര്‍ സഹോദരന്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പണം നല്‍കിയെന്ന് വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ പത്രം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുകയുണ്ടായി. എജുക്കേഷന്‍ ഫോര്‍ ജസ്റ്റ് പീസ് ഇന്‍ മിഡില്‍ ഈസ്റ്റ് എന്ന സംഘടന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ നിന്ന് 2018 മുതല്‍ 7,00,000 ഡോളറിന്റെ ഫെല്ലോഷിപ്പുകള്‍ സ്വീകരിച്ചു എന്നതും ഇതോടൊപ്പം വായിക്കേണ്ടതുണ്ട്.
ബെര്‍ക്കിലി സര്‍വകലാശാലയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തിയ മലാക്ക് അഫാനെ, യേല്‍ സര്‍വകലാശാലയിലെ ക്രായ്ക് മോര്‍ട്ടണ്‍ എന്നീ വിദ്യാര്‍ത്ഥികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രണ്ടുപേരും യുഎസ് ക്യാമ്പയിന്‍ ഫോര്‍ പലസ്തീനിയന്‍ റൈറ്റ് (യുഎസ്സിപിആര്‍) എന്ന സംഘടനയില്‍ അംഗങ്ങളാണ്. മറ്റു പല വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും ഇവര്‍ക്കൊപ്പം ജൂത വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടു. യുഎസ്‌സിപിആര്‍ അംഗങ്ങള്‍ക്ക് 7,800 ഡോളറും, ക്യാമ്പസിലുള്ളവര്‍ക്ക് 2,880 ഡോളറും വിതരണം ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. പ്രതിഷേധം സംഘടിപ്പിക്കുന്നത് എങ്ങനെ വേണമെന്നതിനെക്കുറിച്ച് ആഴ്ച തോറും എട്ട് മണിക്കൂറാണത്രേ ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
ഹമാസ് പ്രേമത്തിന്റെ പശ്ചാത്തലം
അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇപ്രകാരം ഇസ്രായേല്‍ വിരുദ്ധ പ്രചാരണം തുടര്‍ന്നപ്പോള്‍ ഭാരതം അക്കാര്യം ശ്രദ്ധിക്കുകയുണ്ടായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കാപട്യമാണിതെന്ന് ഭാരതം വിമര്‍ശിച്ചു. പ്രത്യക്ഷത്തില്‍ മതവിദ്വേഷം സൃഷ്ടിക്കുകയാണല്ലോ വിദ്യാര്‍ത്ഥികള്‍ ചെയ്തത്. അമേരിക്കയിലും മറ്റും വസിക്കുന്ന ജൂത മതവിശ്വാസികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഈ പ്രചാരണം. സ്വന്തം രാജ്യത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും ഭാരതം അമേരിക്കന്‍ ഭരണകൂടത്തെ പരിഹസിച്ചു.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ജോര്‍ജ് സോറോസ് ഭാരതത്തെ ലക്ഷ്യംവയ്ക്കാന്‍ തുടങ്ങിയതാണ്. ഭാരതത്തിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും തകര്‍ക്കാനുള്ള ഒരു അവസരവും ഇയാള്‍ പാഴാക്കിയിട്ടില്ല. ഇതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറുമാണ്. അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിവാദം ഇതിലൊന്നായിരുന്നു. സോറോസും ഭാരതത്തിലെ കോണ്‍ഗ്രസ് -ഇടത് കൂട്ടാളികളും ചേര്‍ന്ന് ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ജോഡോയാത്രയുമായി ഇടതുപാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതിനു പിന്നില്‍ സോറോസിന്റെ പണവും സ്വാധീനവുമുണ്ട്. ജോഡോയാത്രയുടെ തുടക്കത്തില്‍ ഇടതു പാര്‍ട്ടികള്‍ അകലം പാലിച്ചത് ഒരു അടവുനയത്തിന്റെ ഭാഗമായിരുന്നു. യാത്ര കേരളത്തിലൂടെ രണ്ടാഴ്ചയിലേറെ സഞ്ചരിക്കുന്നതിനാല്‍ പിന്തുണയ്ക്കുന്നത് ഇടതുമുന്നണി ഭരണത്തിന് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതുകൊണ്ട് മാത്രമായിരുന്നു ഇത്. പ്രതീഷിച്ചതുപോലെ യാത്ര കേരളം വിട്ടതോടെ രാഹുലും ഇടതുനേതാക്കളും സ്വരം മാറ്റി. യാത്രയിലുടെ ജനങ്ങളിലേക്കിറങ്ങുന്നത് നല്ല കാര്യമാണെന്ന് പ്രശംസിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുന്നതിനൊപ്പമാണ് ഇടതുപാര്‍ട്ടികളെന്നും പ്രഖ്യാപിച്ചു. ജോഡോ യാത്ര 18 ദിവസം കേരളത്തില്‍ കേന്ദ്രീകരിക്കുന്നതിനെ വിമര്‍ശിച്ചയാളാണ് ഇങ്ങനെ മലക്കം മറിഞ്ഞത്. കേരളത്തില്‍ ഇത്രയേറെ ദിവസം പര്യടനം നടത്തുന്ന യാത്ര ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമായി പരിമിതപ്പെടുത്തി എന്നായിരുന്നു ഇടതുപാര്‍ട്ടികളുടെ ആക്ഷേപം. കോണ്‍ഗ്രസിന്റെ ഒരു പരിപാടിയുടെ കാര്യത്തില്‍ സിപിഎം സ്വന്തമായ തീരുമാനമെടുക്കുകയല്ല, രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കെതിരെ ജോര്‍ജ് സോറോസിനു പിന്നില്‍ ഒരേ മനസ്സോടെ അണിനിരക്കുകയായിരുന്നു. കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇസ്ലാമിക മതമൗലിക വാദികള്‍ക്കൊപ്പം ഹമാസിന് ഐക്യം പ്രഖ്യാപിച്ചതിലും സോറോസിനെപ്പോലുള്ളവര്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാറിയ ആഗോള സാഹചര്യമുണ്ട്.
അമേരിക്കയെയും സോവിയറ്റ് യൂണിയനെയും കേന്ദ്രീകരിച്ച് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി ലോകത്തെ ശാക്തികചേരികളില്‍ ഭാരതത്തിന് അനുകൂലമായി മാറ്റങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങിയത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം പുലരുന്ന ചൈനയെ മാത്രമല്ല, ലിബറല്‍ ജനാധിപത്യത്തിന്റെ വക്താക്കളായ യൂറോപ്യന്‍ നാടുകളെയും ഭാരതത്തിനെതിരാക്കുകയാണ്. സാമ്രാജ്യത്വത്തെ അംഗീകരിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ശക്തികള്‍ ഭാരതത്തിനെതിരെ പരസ്പരം കൈകോര്‍ത്ത് മറനീക്കി പുറത്തുവരികയാണ്. അടല്‍ ബിഹാരി വാജ്പേയി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന ആണവ സ്ഫോടനത്തെ എതിര്‍ത്ത് ചൈനയും അമേരിക്കയും ഒരുപോലെ രംഗത്തുവരികയായിരുന്നല്ലോ. ഇതിന്റെ ചലനങ്ങള്‍ ഭാരതത്തിലുമുണ്ടായി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സമാധാനത്തിന്റെ വക്താക്കള്‍ ചമഞ്ഞ് ഭാരതത്തിന്റെ താല്‍പര്യത്തിനെതിരെ നിലപാടെടുത്തു.
മാറിയ സാഹചര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നയാളാണ് ജോര്‍ജ് സോറോസ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ സംരക്ഷണം ലഭിക്കുമ്പോള്‍തന്നെ ചൈനയുമായി ചങ്ങാത്തം സ്ഥാപിക്കാനും സോറോസിന് കഴിഞ്ഞിരിക്കുന്നു. ഭാരതത്തില്‍ ദേശീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷം ഒന്നിക്കുന്നതിനു പിന്നിലും സോറോസ് കുന്നുകൂട്ടിയിരിക്കുന്ന സാമ്രാജ്യത്വ മൂലധനത്തിന്റെ സ്വാധീനമുണ്ട്. സോറോസിന്റെ വളര്‍ത്തുനായ്ക്കളെപ്പോലെ പ്രതിപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കള്‍ അധഃപതിച്ചിരിക്കുന്നു.
(തുടരും)