ബംഗ്ലാദേശിലെ മുന്‍ പ്രസിഡന്റ് ഷേക്ക് ഹസീനയ്‌ക്കെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അവരുടെ രാജിയിലേക്കും ഭാരതത്തില്‍ രാഷ്ട്രീയ അഭയം തേടുന്നതിലേക്കും എത്തി. ഹസീനയുടെ രാജിയെ തുടര്‍ന്ന് അവിടെ അരങ്ങേറിയ വന്‍ കലാപം അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ അവാമീ ലീഗില്‍ ഒതുങ്ങി നിന്നില്ല. അതിനുപകരം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുവിഭാഗങ്ങളുടെ കൂട്ടക്കൊലയിലും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിലും ഹിന്ദു സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നതിലും തകര്‍ക്കുന്നതിലും വരെ അത് എത്തിച്ചേര്‍ന്നു. ബംഗ്ലാദേശിലെ 27 ജില്ലകളിലും ഹിന്ദുവിഭാഗങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായി. നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ചിറ്റഗോങ്ങിലെ നവഗ്രഹബാരി ക്ഷേത്രം അടക്കം 54 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
ബംഗ്ലാദേശില്‍ നൂറുകണക്കിന് ഹിന്ദുക്കള്‍ അഥവാ മതന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും വാണിജ്യസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത ഈ സംഭവത്തെ മാതൃഭൂമി ദിനപത്രം അതിന്റെ മുഖപ്രസംഗത്തില്‍ വിവരിച്ചത് ‘ബംഗ്ലാദേശിലെ വസന്തസമരം’ എന്നാണ്. അറബ് വസന്തത്തെയും മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ നടന്ന വര്‍ണ്ണവിപ്ലവങ്ങളെയും അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞവാരങ്ങളില്‍ ബംഗ്ലാദേശില്‍ കണ്ടുകൊണ്ടിരുന്നത്. ഏകാധിപതികള്‍ക്കോ സര്‍വാധിപത്യ പ്രവണതയുള്ള ഭരണാധികാരികള്‍ക്കോ നേരെ ഈ നൂറ്റാണ്ടില്‍ നടന്ന ജനാധിപത്യസമരങ്ങള്‍ ആയിരുന്നു അതൊക്കെ. അധികാരം ദുഷിപ്പിക്കും എന്ന സൂക്തത്തെ ശരിവെക്കുന്നതാണ് ഷേക്ക് ഹസീനയുടെ രാഷ്ട്രീയ ജീവിതം. അറബ് വസന്ത സമരങ്ങളെയും വര്‍ണ്ണ വിപ്ലവങ്ങളെയും പോലെ ബംഗ്ലാദേശ് പ്രക്ഷോഭവും നേതൃരഹിതമായിരുന്നു.
മാതൃഭൂമിയില്‍ ഏതെങ്കിലും ഒരു വിദേശകാര്യ വിദഗ്ധന്‍ എഴുതിയ ലേഖനമല്ല ഇത്. മാതൃഭൂമി ദിനപത്രത്തിന്റെ അഭിപ്രായം എന്ന നിലയില്‍ പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാനും കാര്യങ്ങള്‍ ധരിപ്പിക്കാനും അഭിപ്രായസമന്വയം ഉണ്ടാക്കാനും എഴുതിയിട്ടുള്ള മുഖപ്രസംഗമാണിത്. ഈ മുഖപ്രസംഗത്തിലോ പത്രത്തില്‍ നല്‍കിയ നിരവധി വാര്‍ത്തകളില്‍ എവിടെയെങ്കിലുമോ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളോ ക്ഷേത്രധ്വംസനമോ കൊള്ളയോ പരാമര്‍ശിക്കപ്പെട്ടില്ല. ഹിന്ദുക്കള്‍ എന്നുള്ളത് പോകട്ടെ ഏതെങ്കിലും ഒരു രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നടന്ന സമരങ്ങളെ തുടര്‍ന്ന് ഈ രീതിയില്‍ കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? ഈജിപ്ത് മുതല്‍ സോവിയറ്റ് റഷ്യ വരെ നടന്ന മുല്ലപ്പൂ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട സമരങ്ങളില്‍ ഏതിലെങ്കിലും ന്യൂനപക്ഷ വിഭാഗം ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ? പത്രാധിപരുടെ അഭിപ്രായമാണ് മുഖപ്രസംഗമായി ഏതു പത്രത്തിലും വരിക. ബംഗ്ലാദേശില്‍ നടന്ന ന്യൂനപക്ഷ ധ്വംസനവും കൊള്ളയും കൊലപാതകവും മുല്ലപ്പൂസമരം അല്ലെങ്കില്‍ വസന്തസമരം ആയതിന്റെ പശ്ചാത്തലം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മാതൃഭൂമിക്കുണ്ട്.
ബംഗ്ലാദേശിലെ സമരം നേതൃരഹിതമായിരുന്നു എന്ന മാതൃഭൂമി പത്രത്തിന്റെ നിലപാട് അസംബന്ധവും വിവരക്കേടും മാത്രമാണ്. വിദേശകാര്യവും അന്താരാഷ്ട്ര ബന്ധങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയവും പഠിക്കുന്ന ആര്‍ക്കും ബംഗ്ലാദേശില്‍ നടന്ന സമരത്തിന്റെ പിന്നിലെ നേതൃത്വത്തെ കുറിച്ച് വ്യക്തമായി അറിയാം. പാക് ചാരസംഘടനയായ ഐഎസ്‌ഐയും അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ബംഗ്ലാദേശിലെ പ്രക്ഷോഭവും അവിടെ നടക്കുന്ന ഹിന്ദുവംശഹത്യയും. അതിന്റെ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് വിദേശകാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ആര്‍ക്കും അറിയാവുന്നതാണ്. നരേന്ദ്രമോദി എന്ന ശക്തനായ നേതാവ് ഭാരതത്തെ നയിക്കുമ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ചെറുതല്ല. ലോക പോലീസ് കളിക്കാനും ലോകത്തെ മുഴുവന്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുമുള്ള അമേരിക്കയുടെ ശ്രമങ്ങളെ മുളയിലേ നുള്ളുകയും തോല്‍പ്പിക്കുകയും ചെയ്തത് നരേന്ദ്രമോദിയുടെ നേതൃത്വപാടവമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധമടക്കം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്ക് പകരം ഭാരതത്തിന്റെ പ്രധാനമന്ത്രിയെ മധ്യസ്ഥത്തിനും ഇടപെടലിനും ലോകരാഷ്ട്രങ്ങള്‍ ക്ഷണിക്കുന്ന സാഹചര്യം ഉണ്ടായത് അമേരിക്കയുടെ ലോക പോലീസ് സംവിധാനത്തിന് അലോസരമുണ്ടാക്കി എന്നത് എല്ലാവര്‍ക്കുമറിയാം. ഒപ്പം അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളില്‍ മേല്‍ക്കൈ നേടിയിരുന്ന അമേരിക്കന്‍ ഡോളറിനെ മൂലയില്‍ ഇരുത്തി ഭാരതത്തിന്റെ വാണിജ്യ ഇടപാടുകള്‍ ഉറുപ്പികയില്‍ നടത്താന്‍ ആരംഭിച്ചത് അന്താരാഷ്ട്രതലത്തില്‍ വാണിജ്യ ഇടപാടുകളില്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങളെ തകര്‍ത്തെറിഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി ചൈനയും അമേരിക്കയും ഒരുമിച്ചല്ലെങ്കില്‍ പോലും ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഇടപെടുകയും സ്വാധീനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുകയായിരുന്നു. ശ്രീലങ്കയിലും മാലിദ്വീപിലും നേപ്പാളിലും മ്യാന്‍മറിലും ഒക്കെ ഇതിന്റെ അനുരണനങ്ങള്‍ നമ്മള്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ സമരം നേതൃരഹിതമായിരുന്നു എന്ന മാതൃഭൂമിയുടെ കണ്ടെത്തല്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാത്തതുകൊണ്ടും ഗൃഹപാഠം ചെയ്യാത്തതുകൊണ്ടും സംഭവിച്ചതാണ്. കെ.പി.കേശവമേനോനും കേളപ്പജിയും കെ.എ.ദാമോദരമേനോനും വി.എം.നായരും മുതല്‍ സി.ഉത്തമക്കുറുപ്പും കെ.പി.വിജയനും എസ്.കൃഷ്ണന്‍കുട്ടിയും ഒക്കെ എഴുതിയിരുന്ന മുഖപ്രസംഗങ്ങളുടെ ഗാംഭീര്യവും ആര്‍ജ്ജവവും ആഴവും ഒരുപക്ഷേ, കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ, സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് സ്വന്തം പേരിന് താഴെ വഴിപാടുപോലെ അടിച്ചു വെക്കുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും നിലപാട് എടുക്കാനുള്ള അന്തസ്സ് കാണിക്കേണ്ടിയിരിക്കുന്നു. ബംഗ്ലാദേശി പത്രമായ ഡെയിലി സ്റ്റാര്‍ മുതല്‍ ഭാരതത്തിലെ ദിനപത്രങ്ങള്‍ വരെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതൊന്നും കാണാതെ, സമരത്തിന് നേതൃത്വം വഹിച്ച ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് എന്താണെന്ന് തിരിച്ചറിയാതെ സമരം നേതൃരഹിതമാണെന്ന് വ്യാഖ്യാനിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുടെ അജണ്ടയാണ് ഉള്ളത്.
ഭാരതത്തെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ രൂപംകൊണ്ടതിനുശേഷം 1951 ല്‍ നടന്ന സെന്‍സസില്‍ ബംഗ്ലാദേശില്‍ 13.1 ദശലക്ഷം ഹിന്ദുക്കള്‍ ആണ് ഉണ്ടായിരുന്നത്. ജനസംഖ്യയുടെ 22 ശതമാനം. ഇപ്പോഴത്തെ കണക്കനുസരിച്ച് ജനസംഖ്യയുടെ 7.5 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് ബംഗ്ലാദേശില്‍ ഉള്ളത്. 1951 നും 2013 നും ഇടയില്‍ 11 ദശലക്ഷം ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ ഇല്ലാതായത് എങ്ങനെയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ബംഗ്ലാദേശിലെ ഇസ്ലാമിക സമൂഹത്തിനുണ്ട്. അതേസമയം 1951 ല്‍ 76 ശതമാനം ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ അവിടെ 91.6 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
ഷേക്ക് ഹസീനയുടെ അവാമി ലീഗും ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടത്തില്‍ ന്യൂനപക്ഷ ഹിന്ദു വിഭാഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ നാലാംതവണയും ഷേക്ക് ഹസീന അധികാരത്തില്‍ എത്തിയതാണ്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് 1970 ലെ വിമോചനസമരത്തില്‍ പങ്കെടുത്തവരുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് നല്‍കിയിരുന്ന 30 ശതമാനം സംവരണം പുനഃസ്ഥാപിച്ചതിനെതിരെയാണ് അവിടെ സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥി സമരത്തെ അതിശക്തമായി നേരിട്ടെങ്കിലും സമരം വ്യാപകമാവുകയായിരുന്നു. ജൂണ്‍ 23ന് സൈനികമേധാവിയായി നിയമിതനായ ജനറല്‍ വഖാര്‍ ഉസ് സമാന്‍ ഷേക്ക് ഹസീനയുടെ ബന്ധുവും വിശ്വസ്തനുമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെ ഉയര്‍ന്ന പദവി വഹിച്ചിരുന്ന ജനറല്‍ ഉസ് സമാന്‍ നിര്‍ണായകസമയത്ത് ഷേക്ക് ഹസീനയെ വഞ്ചിച്ച് സൈനിക നീക്കം നിര്‍ത്തിവെക്കുകയായിരുന്നു. സൈനികരെ ബാരക്കില്‍ ഇരുത്തി അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുത്തത് ജനറല്‍ ഉസ് സമാനായിരുന്നു. നേരത്തെ തന്നെ ഉസ് സമാനുമായി പാക് ഐഎസ്‌ഐയും സിഐയെയും ബന്ധപ്പെട്ടിരുന്നു എന്ന സൂചന അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
അക്രമത്തിന്റെ നേതൃത്വം ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തതോടെയാണ് ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണമുണ്ടായത്. 27 ജില്ലകളില്‍ ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുകയും ഹിന്ദു വംശഹത്യ അരങ്ങേറുകയും ചെയ്തു. രംഗപൂര്‍ സിറ്റി കൗണ്‍സിലറായ ഹരധന്‍ റോയ്, കാജല്‍ റോയ് എന്നിവര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ നാടോടി ഗായകനും വിശ്വപ്രസിദ്ധമായ ജോലേര്‍ ഗാന്‍ എന്ന മ്യൂസിക് ട്രൂപ്പിന്റെ തലവനുമായ രാഹുല്‍ ആനന്ദിന്റെ 140 വര്‍ഷം പഴക്കമുള്ള വീട് തകര്‍ത്തു തീയിട്ടു. ലോകം മുഴുവന്‍ ആരാധകരുള്ള രാഹുല്‍ ആനന്ദയുടെ വസതി കഴിഞ്ഞവര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശിച്ചതാണ്. സ്വന്തമായി നിര്‍മ്മിച്ചതടക്കം ഏതാണ്ട് 3000 ത്തിലേറെ സംഗീത ഉപകരണങ്ങള്‍ ഈ വസതിയില്‍ ഉണ്ടായിരുന്നു. 140 വര്‍ഷം പഴക്കമുള്ള വീടാകട്ടെ ഭാരതീയ വാസ്തുവിദ്യയുടെ ചൈതന്യം പൂര്‍ണമായും ആവാഹിക്കപ്പെട്ടതായിരുന്നു. സംഗീതം ഹറാമാണെന്ന് കരുതുന്ന ജമാഅത്തെ ഇസ്ലാമി ഭീകരരാണ് രാഹുല്‍ ആനന്ദയുടെ വസതി കത്തിച്ചതെന്ന് വ്യക്തമാണ്.
ബംഗ്ലാദേശിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നകാര്യം ജമാഅത്തെ ഇസ്ലാമി തന്നെ സമ്മതിച്ചു കഴിഞ്ഞു. ന്യൂനപക്ഷ ഹിന്ദുവിഭാഗങ്ങള്‍ക്ക് നേരെ ഉണ്ടായ ഭീകരമായ ആക്രമണവും വംശഹത്യയും ക്ഷേത്രധ്വംസനവും ഹിന്ദുസമൂഹത്തെ പൂര്‍ണ്ണമായും ഞെട്ടിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്തുവെന്ന് ഹിന്ദു ഐക്യപരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി മോനീന്ദ്രനാഥ് പറഞ്ഞു.
1941 ല്‍ ആരംഭിച്ച ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഭാരതഖണ്ഡത്തെ ഇസ്ലാമികരാജ്യമാക്കി മാറ്റുക എന്നതാണ്. ബംഗ്ലാദേശില്‍ നടക്കുന്ന ന്യൂനപക്ഷ ധ്വംസനം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയോ മരിക്കുകയോ എന്നിവയില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് ഹിന്ദുസമൂഹത്തെ നിര്‍ബന്ധിതമാക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ഭീകരവാദികളുടെ പ്രവര്‍ത്തനം ഭാരതത്തില്‍ നിരോധിക്കേണ്ടതാണ്. അവിടെ ഹിന്ദുക്കളെ വധിച്ചിട്ട് ഇവിടെ ന്യൂനപക്ഷം എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി സ്വതന്ത്രവിഹാരം നടത്തുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്‍ ഒരു ഹിന്ദുവിനെ ആക്രമിച്ചാല്‍, ക്ഷേത്രം തകര്‍ത്താല്‍, ഹിന്ദുവിന്റെ വ്യാപാരസ്ഥാപനം നശിപ്പിച്ചാല്‍ ഭാരതത്തിലെ ജമാഅത്തെ ഇസ്ലാമി അതിനു മറുപടി പറയേണ്ട സാഹചര്യം ഉണ്ടാകുന്ന ദിവസമേ ഇസ്ലാമിക ഭീകരതയ്ക്ക് അറുതി വരൂ. ന്യൂനപക്ഷത്തിന്റെ പേരില്‍ സംഘടിത വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാനും കൂടെ നിര്‍ത്താനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ബംഗ്ലാദേശിലെ ഹിന്ദു പീഡനത്തെയും നിഷ്ഠൂരമായ വംശഹത്യയെയും വസന്ത സമരമായി വിശേഷിപ്പിക്കാന്‍ കാരണം. ഇന്ത്യാ ടുഡേയും ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും അടക്കമുള്ള ദേശീയ ദിനപത്രങ്ങളും ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയും പീഡനവും തുറന്നു കാണിക്കുമ്പോള്‍ കേരളത്തില്‍ ചിലര്‍ക്ക് അത് വസന്തസമരവും മുല്ലപ്പൂവിപ്ലവവും ഒക്കെയായി തോന്നുന്നത് പ്രീണനമനോഭാവം കൊണ്ടുതന്നെയാണ്. ഇതിനെ നേരിടാന്‍ ഹൈന്ദവ സമൂഹം സംഘടിച്ചാല്‍ മറ്റു ചികിത്സകള്‍ ഇല്ലാതെ തന്നെ ഇത് ഭേദപ്പെടുത്താനാകും എന്ന സത്യം കൂടി തിരിച്ചറിയണം.
പുഴയും കരയുമായി ഏതാണ്ട് 4000 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ബംഗ്ലാദേശ് ഭാരതവുമായി പങ്കിടുന്നത്. അതിര്‍ത്തിയിലുടനീളം അതിര്‍ത്തി രക്ഷാസേനയേയും സൈന്യത്തേയും ഭാരതം വിന്യസിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവിടുത്തെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം അവരെ ഏല്‍പ്പിക്കും എന്നാണ് ജനറല്‍ ഉസ് സമാന്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ബിഎന്‍പി നേതാവ് ഖാലിദ സിയയെ കരുതല്‍ തടങ്കലില്‍നിന്ന് മോചിപ്പിച്ചുകഴിഞ്ഞു. അവരുടെ മകനും ബിഎന്‍പിയുടെ ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ ഐഎസ്‌ഐ തലവന്‍ അടക്കമുള്ള പാകിസ്ഥാന്റെ ഉന്നത തലത്തിലുള്ളവരുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിലവിലുണ്ട്. ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയും എല്ലാ കാലത്തും ഭാരതവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരും കിട്ടാവുന്ന ഏത് സാഹചര്യത്തിലും ഭാരതത്തിനെതിരെ എന്ത് അനീതിയും അക്രമവും കാട്ടാനും മടിയില്ലാത്തവരുമാണ്. ഭാരതത്തെ മെരുക്കാനും ചട്ടം പഠിപ്പിക്കാനും തങ്ങളുടെ നിലപാടിനനുസരിച്ച് മാറാന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് സിഐഎ, ഐഎസ്‌ഐ വഴി ബംഗ്ലാദേശ് ഓപ്പറേഷന്‍ നടപ്പാക്കിയതെന്ന വാദവും അന്താരാഷ്ട്ര വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നടക്കുന്ന ന്യൂനപക്ഷ ധ്വംസനത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പോലും ശബ്ദമുയര്‍ന്നിട്ടും കേരളത്തില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. അതേസമയം മലബാറിലെ ചില കേന്ദ്രങ്ങളിലെങ്കിലും ബംഗ്ലാദേശിലെ ഹിന്ദുവിധ്വംസക ഭീകരര്‍ക്ക് അനുകൂലമായി പ്രകടനം നടന്നു. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള ഹിന്ദുസമൂഹത്തിനുവേണ്ടി മെഴുകുതിരി കത്തിക്കാനോ പ്രാര്‍ത്ഥനാ യോഗം നടത്താനോ ധര്‍ണ്ണയിരിക്കാനോ സാമൂഹിക സാംസ്‌കാരിക നേതാക്കളെ ആരെയും ഇതുവരെ കണ്ടില്ല. ഹിന്ദു ന്യൂനപക്ഷമായാല്‍ അനുഭവിക്കാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ് ബംഗ്ലാദേശ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ?
സ്‌നേഹം, സമാധാനം, ഐക്യം എന്ന പാട്ടാണ് രാഹുല്‍ ആനന്ദ് അവസാനം റിലീസ് ചെയ്തത്. ഇവയൊക്കെ എന്നെങ്കിലും ബംഗ്ലാദേശില്‍ തിരിച്ചുവരുമോ അതോ ഐക്യപരിഷത്ത് മുന്നറിയിപ്പ് നല്‍കും പോലെ ഒരുകോടി ഹിന്ദുക്കളെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ ഭാരതം തയ്യാറെടുക്കണമോ എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.