എഴുത്ത് ശീലമാക്കിയ ഒരു കവി നിശ്ശബ്ദനായി വിടവാങ്ങിയിരിക്കുന്നു. എഴുതിയതൊന്നും പ്രസിദ്ധീകരിക്കണമെന്ന് ഒട്ടും നിര്‍ബന്ധമില്ലാത്ത ഒരാള്‍. പ്രൊഫസര്‍ സി.ജി. രാജഗോപാല്‍. സ്വാര്‍ത്ഥ ലേശമില്ലാത്ത, പരാതികളില്ലാത്ത ഒരു ജീവിതം. അറിയുന്നവര്‍ക്ക് ആദരം ഹിമാലയത്തോളം. ആരെങ്കിലും അറിയണമെന്ന് താല്പര്യമേ ഇല്ലാത്തതിനാല്‍ കവി സംന്യാസിയായി. ജീവിതം സാര്‍ത്ഥകമാക്കാന്‍ തുളസീദാസനായി. മലയാളത്തിന് രാമചരിതമാനസം പകര്‍ന്ന തപസ്വിയായി. തപസ്യയുടെ നായകനായി. ദൃശ്യവേദിയുടെ അമരക്കാരനായി. കഥകളിയുടെ ആസ്വാദകനായി, ഉപാസകനായി.
പഠിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റായി തുടങ്ങിയതാണ് സിജിയുടെ പൊതുജീവിതം. കൊല്ലം എസ്എന്‍ കോളേജില്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍. സംഘര്‍ഷവും കേസും ജയിലുമൊക്കെയായി. എങ്കിലും പഠിപ്പിലുഴപ്പിയില്ല. ഹിന്ദിയില്‍ ഫസ്റ്റ് റാങ്കോടെ ബിരുദം നേടി കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുമായി ലഖ്‌നൗവിലേക്ക് വണ്ടി കയറിയത് സിജിയെ കവിയാക്കി വളര്‍ത്തി. ലഖ്‌നൗ നരേന്ദ്രദേവ് ഹാളിലെ ലൈബ്രറി ജേണലിന്റെ എഡിറ്ററായി. ലിറ്റററി ക്ലബിന്റെ സെക്രട്ടറിയായി. സിപിയെ വെട്ടിയ നാടാണേ എന്ന് ഊറ്റംകൊണ്ട് മുദ്രാവാക്യം വിളിച്ചുനടന്ന വിദ്യാര്‍ത്ഥികാലത്തുനിന്ന് നടന്നുകയറി സാക്ഷാല്‍ സി.പി. രാമസ്വാമി അയ്യര്‍ പങ്കെടുത്ത സമ്മേളനത്തിലെ അദ്ധ്യക്ഷനായി. സിപിയെ അടുത്തുകണ്ട സിജി ആളാകെ മാറി. പിന്നീട് ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ എംഎ പാസ്സായി. സിജി പ്രൊഫസറായി. ആചാര്യനായി. എത്ര കലാലയങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സഹപ്രവര്‍ത്തകര്‍. പാലാ സെന്റ് തോമസ് കോളേജിലായിരുന്നു തുടക്കം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ ഗവ. ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. വിരമിച്ചതിന് ശേഷം കാലടി ശങ്കരാചാര്യ സര്‍വകലാശാലയിലെ സംസ്‌കൃതേതര ഭാരതീയ ഭാഷകളുടെ ഡീനായും പ്രവര്‍ത്തിച്ചു.
വിദ്യാര്‍ത്ഥി ജീവിതത്തിലെ കമ്മ്യൂണിസം സിജി വഴിയിലുപേക്ഷിച്ചു. കൊലക്കളങ്ങളാണ് അതിന്റെ ഉത്പന്നങ്ങളെന്ന തിരിച്ചറിവായിരുന്നു കാരണം. ഈശ്വരനിഷേധം ശീലമാക്കുന്നവന്റെ മനസ്സ് വളരില്ലെന്ന കുട്ടിക്കാലത്തെ പാഠം അതില്‍ നിന്ന് അകന്നുനടക്കാന്‍ പ്രേരിപ്പിച്ചു. കലയും സാഹിത്യവും ഭാരതീയമൂല്യങ്ങളുമൊക്കെയാണ് സിജിക്ക് പ്രേരണയായത്. ‘വേദങ്ങള്‍ ശിരസ്സും ഉപനിഷത്തുക്കള്‍ ഹൃദയവും പുരാണങ്ങള്‍ കരങ്ങളും ഇതിഹാസങ്ങള്‍ ചരണങ്ങളുമായതാണ് ഭാരതീയ സംസ്‌കാര ശരീരം’ എന്നായിരുന്നു സിജിയുടെ മതം.
തപസ്യയിലേക്കും സംസ്‌കാര്‍ഭാരതിയിലേക്കും അമൃതഭാരതിയിലേക്കുമൊക്കെയുള്ള വരവിന് കാരണമായതും ഈ ആദര്‍ശമാണ്. തപസ്യ പ്രവര്‍ത്തകനായ കെ.പി. മണിലാലിലൂടെയാണ് പ്രൊഫ:സി.ജി. രാജഗോപാല്‍ തപസ്യയിലെത്തുന്നത്. സംഘടനയും ഒരു സര്‍ഗപ്രക്രിയയാണെന്ന് മനസ്സിലായ നാളുകളാണ് തപസ്യയിലൂടെ ലഭിച്ചത്. കുറച്ചുകൂടി നേരത്തെ തപസ്യയിലെത്തിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്. മഹാകവി അക്കിത്തം നയിച്ച ഐതിഹാസികമായ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് ശേഷമാണ് സിജി തപസ്യയുടെ ഭാഗമായത്. പിന്നീട് തപസ്യയായിരുന്നു ജീവിതം. തപസ്യ രക്ഷാധികാരി, സംസ്‌കാര്‍ ഭാരതി ദേശീയ ഉപാദ്ധ്യക്ഷന്‍, അമൃത ഭാരതി കുലപതി, വിചാരവേദി അദ്ധ്യക്ഷന്‍, സമസ്തകേരള സാഹിത്യപരിഷത്ത് സമിതിയംഗം, ഭാരതീയവിചാരകേന്ദ്രത്തിന്റെ വേദികള്‍, ആര്‍എസ്എസ് പരിപാടികള്‍, ശ്രീഗുരുജി സാഹിത്യസര്‍വസ്വത്തില്‍ എഴുത്തുപുരയില്‍ വഴികാട്ടിയായി. അങ്ങനെ സിജി നിറഞ്ഞ സാംസ്‌കാരിക സംഘടനാ കേരളം.
പതിനഞ്ചാം വയസ്സില്‍ കവിതാസമാഹാരമെഴുതി പ്രസിദ്ധീകരിക്കാനൊരുമ്പെട്ട തന്നെ വിലക്കിയ അദ്ധ്യാപകനെക്കുറിച്ച് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. വലിയ കവിയാകുമ്പോള്‍ ഇത് നാണക്കേടുമാകുമെന്നായിരുന്നു മുന്നറിയിപ്പ്. മുപ്പത്തൊന്നാമത്തെ വയസ്സിലാണ് നാദത്രയം ഇറങ്ങിയത്. അത് കഴിഞ്ഞാല്‍ പിന്നെ സിജിയുടെ കാവ്യതപസ്സിന്റെ അടയാളങ്ങള്‍ വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍ പിറന്ന ശ്രീരാമചരിതമാനസത്തിന്റെ ആഴങ്ങളിലാണ്. അതിനിടയില്‍ എഴുതിയതൊക്കെ അദ്ദേഹം നിവേദ്യങ്ങളാക്കിയിരിക്കണം. ദീര്‍ഘമായ തപസ്സുണ്ടായിരുന്നു രാമചരിതമാനസത്തിലേക്കുള്ള ആ യാത്രയ്ക്ക് പിന്നില്‍. ആ തപസ്സിന്റെ വഴി അദ്ദേഹംതന്നെ ഒരിക്കല്‍ പറഞ്ഞുതന്നതിങ്ങനെയാണ്.
‘മലയാളത്തിന്റെ തുളസീദാസനാകാനുള്ള നിയോഗം തേടിയെത്തുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. അന്‍പതാണ്ട് കഴിഞ്ഞ് പ്രായം എഴുപത്തെട്ട് പിന്നിടുമ്പോഴാണ് അത് പ്രാവര്‍ത്തികമാകുന്നതെങ്കിലും നിമിത്തമാകുന്നത് 1960ല്‍ തിരുവനന്തപുരത്തെ ഇന്റര്‍മീഡിയേറ്റ് കോളേജില്‍ ഹിന്ദി അദ്ധ്യാപകനായിരിക്കെ കൈവന്ന ഒരു അവസരമാണ്. സന്ത് തുളസീദാസിന്റെ ശ്രീരാമചരിതമാനസത്തെ അധികരിച്ച് ഹിന്ദി കവി ഗിരിജാകുമാര്‍ മാഥുര്‍ എഴുതിയ ഒരു ലേഖനം ആകാശവാണിക്ക് വേണ്ടി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമായിരുന്നു. ഗദ്യവും പദ്യവും അടങ്ങിയതായിരുന്നു ആ ലേഖനം. പദ്യഭാഗം കേക, കാകളി വൃത്തങ്ങളിലാണ് പരിഭാഷപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഒരു ക്ഷണം വന്നു. ആകാശവാണി നിലയത്തിലൊന്ന് എത്തിയാല്‍ കൊള്ളാം. ക്ഷണിച്ചത് കൈനിക്കര കുമാരപിള്ള. ഗവ. ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പാളായി വിരമിച്ചതിനുശേഷം അദ്ദേഹം ആകാശവാണിയില്‍ ഉപദേഷ്ടാവോ പ്രോഗ്രാം എക്‌സിക്യൂട്ടീവോ ആയി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ എത്തി.
”നിങ്ങളുടെ വിവര്‍ത്തനം ഇഷ്ടമായി. തുളസീദാസ രാമായണം മുഴുവനും നിങ്ങള്‍ വിവര്‍ത്തനം ചെയ്യണം.
”സര്‍… അത് ഒരു മഹാകവി തന്നെ വിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞല്ലോ, അപ്പോള്‍പ്പിന്നെ….” കവി വിനയാന്വിതനായി.
”നിങ്ങളാണിത് ചെയ്യേണ്ടത്” കൈനിക്കരയുടെ ശബ്ദം കര്‍ക്കശമായിരുന്നു.
ആ ഒഴുക്കില്‍ ഇരുനൂറ് വരിയോളം തര്‍ജമ ചെയ്തു. വായിച്ച സുഹൃത്തുക്കള്‍ വിവര്‍ത്തനമാണെന്ന് തോന്നുകയേ ഇല്ല എന്ന് പുകഴ്ത്തി. എന്നാല്‍ തുളസീദാസരാമായണത്തിന്റെ വലിപ്പവും സ്വതസിദ്ധമായുണ്ടായിരുന്ന അലസതയും തടസ്സമായി. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തേക്കാള്‍ ഒന്നരമടങ്ങ് വലിപ്പമുള്ള ഈ ബൃഹത്ഗ്രന്ഥം വിവര്‍ത്തനം ചെയ്‌തെടുക്കാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന ചിന്ത ഉള്ളില്‍ പടര്‍ന്നതോടെ പേന മടക്കി. മറ്റൊരു വിവര്‍ത്തനം തയ്യാറായിക്കൊണ്ടിരിക്കെ ഇതിനായി ചെലവഴിക്കുന്ന സമയം വ്യര്‍ത്ഥമാകുമെന്ന ശങ്ക വേറെയും.
പിന്നെ എത്ര കാലം കഴിഞ്ഞു! അമ്പത് വര്‍ഷം പെയ്‌തൊഴിഞ്ഞു. കൈനിക്കര കുമാരപിള്ള കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 22 വര്‍ഷം പിന്നിട്ടു. എന്നിട്ടുമൊരുനാള്‍ പ്രൊഫ. സി.ജി. രാജഗോപാലിന് വീണ്ടും കൈനിക്കരയെ മുഖാമുഖം കാണേണ്ടിവന്നു. 2010ലാണത്. ഒരു രാത്രിയുടെ ത്രിയാമത്തില്‍ വീടിന്റെ വാതിലില്‍ മുട്ടുകേട്ടു. മുമ്പില്‍ കൈനിക്കര സാര്‍… സഗൗരവം ഒരു ചോദ്യം മാത്രം.
”അത് ചെയ്‌തോ?”
ഭയന്നുപോയി…
”ഇല്ല”
പിന്നെ ആജ്ഞയായിരുന്നു.
”എന്നാല്‍ അത് ചെയ്യണം”
ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടു. സമയം 2.30. ആ രാത്രി ശരീരമാകെ ഉണര്‍ന്നു. പഴയ ഇരുപത്തെട്ടുകാരനിലേക്കുള്ള മടക്കയാത്ര അതിവേഗമായിരുന്നു. സിരകളില്‍ നവോന്മേഷപ്രവാഹം. ഇത് സരസ്വതീയാമം. ശ്രീരാമനും സരസ്വതീദേവിയും ഹനുമാന്‍സ്വാമിയും അനുഗ്രഹം ചൊരിയുന്നതായി ഒരു തോന്നല്‍.
എഴുതാന്‍ തുടങ്ങി.
പുലരുമ്പോള്‍ ജാതകമൊന്നു മറിച്ചുനോക്കി. ആയുസ്സിന് പ്രായം എഴുപത്തൊമ്പതുവരെ മാത്രം. ശേഷം ചിന്ത്യം. മുന്നില്‍ മഹാസാഗരവും അതിനപ്പുറം ലങ്കയും. എത്രനാള്‍.
സ്വന്തം സീതയെയും കൂട്ടി അടുത്ത പുലര്‍ച്ചെ മൂകാംബികയിലേക്ക്. അമ്മയ്ക്ക് മുന്നില്‍ സര്‍വം സമര്‍പ്പിച്ചു. ചെയ്യേണ്ടുന്ന ദൗത്യം അവിടേക്ക് കൈമാറി. ഈശ്വരിയുടെ കൈയിലെ എഴുത്തുകോലാണ് താനെന്ന് സ്വയം ആശ്വസിച്ചു.
അതൊരു വ്രതമായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കും. കുളിച്ച് വിളക്ക് കൊളുത്തി തൊഴുത് എഴുത്തിനിരിക്കും. തുടര്‍ച്ചയായി നാല് മണിക്കൂര്‍. പിന്നെ ദിവസത്തിന്റെ ഇടവേളകളില്‍. ഒരുദിവസം പോലും മുടങ്ങാതെ. കേകയിലും കാകളിയിലും തുളസീദാസന്‍ പെയ്തുകൊണ്ടേയിരുന്നു. 26152 വരികള്‍, 46 സംസ്‌കൃത ശ്ലോകങ്ങള്‍. രണ്ടുവര്‍ഷവും ഏഴ് മാസവും എടുത്താണ് സാക്ഷാല്‍ തുളസീദാസന്‍ ശ്രീരാമചരിതമാനസം പൂര്‍ത്തിയാക്കിയത്. അഞ്ചരവര്‍ഷത്തെ തപസ്സിനൊടുവില്‍ സി.ജി. രാജഗോപാല്‍ വിവര്‍ത്തനവും പൂര്‍ത്തിയാക്കി. എഴുത്തിന്റെ ഒഴുക്കില്‍ ചിട്ടകള്‍ തെറ്റിയില്ല. വൃത്തബദ്ധമായി, ദ്വിതീയാക്ഷരപ്രാസഭംഗിയില്‍ അത് സ്വാഭാവികമായി ഒഴുകിക്കൊണ്ടേയിരുന്നു.
സമ്പൂര്‍ണമായിരുന്നു രാജഗോപാല്‍ സാറിന്റെ കാവ്യജീവിതം. ഇതിഹാസം എന്ന് പറയാവുന്നത്. തുളസീദാസന്റെ മനസ്സ് തേടിയ ആ മഹാ തപസ്സിലുണ്ട് എല്ലാം. കാലം രാമായണം ചൊല്ലുന്ന കര്‍ക്കടകപ്പെയ്ത്തിനിടയില്‍ കവി രാമപാദം ചേരുന്നു. ഇതിനപ്പുറം സാര്‍ത്ഥകമായ മറ്റൊരു ജീവിതം വേറെയുണ്ടാകുമോ?
ടി. വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: പരേതയായ വി.ആര്‍.ശാലീന, ഡോ.വി.ആര്‍. ശാരിക (റിട്ട. പ്രൊഫ. ദേവസ്വം ബോര്‍ഡ് കോളേജ്, തലയോലപ്പറമ്പ്).