കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തോടെ പുറത്തുവന്നത് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ യഥാര്‍ത്ഥ സ്വഭാവം കൂടിയാണ്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അടക്കം മമതയുടെ പോലീസ് വരുത്തിയ വീഴ്ചകളും വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളും ബലാല്‍സംഗം നടന്ന മുറിയിലേക്ക് പോലീസ് അനുമതിയോടെ തൃണമൂലുകാരായ ജനക്കൂട്ടം കയറി അക്രമം നടത്തി തെളിവു നശിപ്പിച്ചതുമെല്ലാം മമതാ ബാനര്‍ജി സര്‍ക്കാരിനെ നാണംകെടുത്തി. സന്ദേശ്ഖാലിയിലും ബംഗാളിലെ മറ്റ് പ്രദേശങ്ങളിലും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകരുടെ വീടുകളിലെ സ്ത്രീകളെ മര്‍ദ്ദിച്ചുകൊലപ്പെടുത്തുന്നതും ബലാല്‍സംഗം ചെയ്യുന്നതും പതിവാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന് തലസ്ഥാന നഗരിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പക്ഷേ അടിപതറി. കൊല്‍ക്കത്ത ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ മമതാ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മമതാ ഭരണത്തിന് കീഴില്‍ ബംഗാളില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. മമതാ രാജിന് കീഴില്‍ ബംഗാളില്‍ നടക്കുന്നതെന്തെന്ന് പുറംലോകമറിഞ്ഞതിന്റെ അസ്വസ്ഥതയിലാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും.
ആഗസ്റ്റ് 9നാണ് സംഭവം. വടക്കന്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി റെസിഡന്റായ 31കാരി വനിതാ ഡോക്ടര്‍ ആണ് കൊല്ലപ്പെട്ടത്. 36 മണിക്കൂര്‍ നീണ്ട ഡ്യൂട്ടി പൂര്‍ത്തിയാക്കി വിശ്രമിക്കാനായി ഡോക്ടര്‍മാരുടെ മുറിയിലെത്തി കിടന്ന ഡോക്ടറെ പിറ്റേ ദിവസം സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വിവരമാണ് ആശുപത്രി അധികൃതര്‍ യുവതിയുടെ മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ കോളേജിലെത്തിയെങ്കിലും മൂന്നൂ മണിക്കൂറിന് ശേഷമാണ് മൃതദേഹം കാണാന്‍ അനുമതി ലഭിച്ചത്. മാതാപിതാക്കള്‍ നടത്തിയ പരിശോധയില്‍ യുവതിയുടെ കാലുകള്‍ 90 ഡിഗ്രിയിലേക്ക് അകന്നുകിടക്കുന്നതായി കണ്ടെത്തുകയും ആത്മഹത്യയല്ല കൊലപാതകമാണെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ കൊല്‍ക്കത്ത പോലീസ് തയ്യാറായില്ല. രാത്രി ഏറെ വൈകി വലിയ തോതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് എഫ്ഐആര്‍ ഇടാന്‍ തയ്യാറായത്. വനിതാ ഡോക്ടറുടെ പെല്‍വിക് അസ്ഥികള്‍ ഒടിച്ചുകളയുകയും കൂട്ടബലാല്‍സംഗം നടത്തുകയും ചെയ്തുവെന്ന ആരോപണങ്ങളടക്കം പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ ഉയര്‍ത്തി. ആശുപത്രി ജീവനക്കാരന്‍ തന്നെയായ സഞ്ജയ് റോയ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും കൂടുതല്‍ പേര്‍ പ്രതികളാണെന്ന ആരോപണമാണ് ഉയരുന്നത്. മുമ്പും സമാന കേസുകളില്‍ പ്രതിയായ ക്രിമിനല്‍ പശ്ചാത്തലമുള്ള സഞ്ജയ് റോയിയെ ആശുപത്രിയില്‍ നിയമിച്ചതടക്കമുള്ള വിവാദങ്ങള്‍ മമതാ സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യയിലെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളേജായി 1886ല്‍ സ്ഥാപിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് 1916ല്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിക്ക് കീഴിലേക്കും 2003ല്‍ ബംഗാള്‍ ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴിലേക്കും മാറ്റി. ബംഗാള്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കോളേജാണിത്. അതുകൊണ്ടുതന്നെയാണ് സംഭവം വിവാദമായപ്പോള്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ സ്ഥലംമാറ്റി സംരക്ഷിക്കാനുള്ള നീക്കം മമതാ ബാനര്‍ജി സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ മുഴുവന്‍ തെരുവിലിറങ്ങിയതോടെ മമതാ സര്‍ക്കാരിന്റെ കൈ പൊള്ളി. പോലീസ് നടപടികളിലെ ദുരൂഹത ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെ കൊല്‍ക്കത്ത ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു. കേസന്വേഷണം മമതയുടെ പോലീസില്‍ നിന്ന് സിബിഐയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. ആഗസ്ത് 18ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കൊല്‍ക്കത്ത വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ആദ്യ ദിവസങ്ങളില്‍ നടത്തിയ പരിശോധനയും ഇടപെടലുമാണ് സംഭവം ദേശീയ ശ്രദ്ധയിലെത്തിക്കാനും മമത സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കാനും വഴിതുറന്നത്. ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ വാക്കുകള്‍
”കുറ്റവാളിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു, എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല, ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണ്. കൊല്‍ക്കത്ത പോലീസ് അവരുടെ ജോലി ശരിയായി ചെയ്തിട്ടില്ല. അവര്‍ ഞങ്ങളോട് ഒട്ടും സഹകരിച്ചില്ല, കേസ് ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എത്രയും വേഗം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം കൈമാറാനായിരുന്നു ശ്രമം. ശ്മശാനത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നീതി ലഭ്യമാക്കുന്നതിനെകുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ അവര്‍ ജയിലിലടയ്ക്കുകയാണ്. മമതയുടെ നടപടികളില്‍ തൃപ്തരല്ല. മകളുടെ ജീവന് പകരമായി നല്‍കുന്ന നഷ്ടപരിഹാരവും വാങ്ങില്ല. എന്താണോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതൊന്നുമല്ല സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ വിശ്വാസമുണ്ട്.”
സുപ്രീംകോടതി ഇടപെടല്‍
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ നിശിതമായാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. രാജ്യത്തെ ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന കര്‍മ്മസേനയെയും സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. നേവിയുടെ മെഡിക്കല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറലും ശസ്ത്രക്രിയാ വിദഗ്ദ്ധയുമായ വൈസ് അഡ്മിറല്‍ ആര്‍തി സരിന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘത്തെയാണ് കോടതി പ്രഖ്യാപിച്ചത്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേല്‍ ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം അഴിച്ചുവിടുന്നത് ശരിയല്ലെന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷണം. വനിതാ ഡോക്ടറുടെ കൊലപാതക വിവരം പുറത്തറിഞ്ഞപ്പോള്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ ശ്രമിച്ചതായും രക്ഷിതാക്കളെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സംരക്ഷണവും ക്രമസമാധാന പാലനവും സംസ്ഥാന സര്‍ക്കാരിന്റെ കടമയായിരുന്നുവെന്നും അതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2024 മെയ് മാസത്തിലും ബംഗാളില്‍ ഡ്യൂട്ടി ഡോക്ടര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുടേയും വനിതാ ഡോക്ടര്‍മാരുടേയും സുരക്ഷ ഉറപ്പാക്കുകയെന്നത് രാജ്യതാല്‍പ്പര്യമാണ്. സമാന അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വരെ കാത്തിരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്. എന്നാല്‍ ആശുപത്രികളിലെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. വിശ്രമ മുറികള്‍ പോലുമില്ലാതെ 36 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സാഹചര്യം അനുവദിക്കാനാവില്ല, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സര്‍ജന്‍ വൈസ് അഡ്മിറല്‍ ആര്‍. സരിന്‍, ഡോ. ഡി. നാഗേശ്വര്‍ റെഡ്ഡി, ഡോ. എം ശ്രീനിവാസ്, ഡോ. പ്രതിമ മൂര്‍ത്തി, ഡോ. ഗോവര്‍ദ്ധന്‍ ദത്ത് പുരി, ഡോ. സൗമിത്ര റാവത്ത്, ദല്‍ഹി എയിംസ് കാര്‍ഡിയോളജി മേധാവിയായ പ്രൊഫ. അനിത സക്തേന, ഡോ. പല്ലവി സാപ്രേ, ഡോ. പദ്മ ശ്രീവാസ്ത എന്നിവരും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ് പ്രസിഡന്റ് എന്നിവരും സുപ്രീംകോടതി പ്രഖ്യാപിച്ച കര്‍മ്മസേനാ സമിതിയില്‍ അംഗങ്ങളാണ്. സമിതിയുടെ ശുപാര്‍ശകള്‍ രണ്ട് മാസത്തിനകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ ആശുപത്രികളിലെയും സുരക്ഷാ ജീവനക്കാരുടെ എണ്ണം, സുരക്ഷാ പരിശോധനാ സംവിധാനങ്ങള്‍, വിശ്രമ മുറികളുടെ എണ്ണം, വിശ്രമമുറികളിലെ സൗകര്യങ്ങള്‍, ആശുപത്രിയിലെ സിസിടിവികളുടെ എണ്ണം, ആശുപത്രികളിലെ പോലീസ് ഔട്ട് പോസ്റ്റ് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സംസ്ഥാന ആരോഗ്യ സെക്രട്ടറി വഴി കര്‍മ്മസേനയ്ക്ക് കൈമാറണം.
ന്യായീകരിക്കാന്‍ മമതയും പ്രതിപക്ഷവും
രാജ്യത്ത് ദിവസം 90 ബലാല്‍സംഗം നടക്കുന്നുണ്ടെന്നാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. ഇതു തടയാന്‍ നിയമം കര്‍ശനമാക്കി നിയമനിര്‍മ്മാണം വേണമെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞ് മമത കൊല്‍ക്കത്ത സംഭവത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ വിഷയത്തില്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ബംഗാള്‍ സംഭവത്തെപ്പറ്റി അറിഞ്ഞിട്ടു കൂടിയില്ല. സ്ത്രീ വിഷയങ്ങളില്‍ നിലപാട് പറയുന്ന പ്രിയങ്കാ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കളും മൗനത്തിലാണ്. ആദ്യസംഭവമല്ല ബംഗാളില്‍ ഉണ്ടായതെന്ന നിസ്സാരവല്‍ക്കരണമായിരുന്നു ആര്‍ജെഡി നേതൃത്വം നടത്തിയത്. വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയില്‍ ദല്‍ഹിയില്‍ വലിയ സമരം നടത്തിയ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറയുന്നത് ബംഗാളിലേത് ചെറിയ സംഭവം മാത്രമാണെന്നാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിഷയത്തില്‍ നിലപാടു സ്വീകരിക്കുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ കൂടി കാണിച്ചു തന്നു ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം.