ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
മഹര്‍ഷി അരവിന്ദന്‍ ജന്മദിനം
ചിരപുരാതനമായ ഭാരതരാഷ്ട്രത്തിന്റെ, ആധുനികകാലത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിച്ച ദിവസമാണ് 1947 ആഗസ്റ്റ് 15. സ്വതന്ത്രഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകാന്‍ പോകുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, സ്വാതന്ത്ര്യത്തലേന്ന് ഈ സന്ദര്‍ഭത്തെ കവിതാമയമായി ഇങ്ങനെ രേഖപ്പെടുത്തി: ”നീണ്ട വര്‍ഷങ്ങള്‍ക്കുമുമ്പ് നാം നിയതിയുമായി ഒരു സന്ധിയില്‍ എത്തി. പാതിരാമണി മുഴങ്ങുമ്പോള്‍, ലോകം ഉറക്കത്തിലായിരിക്കേ, ഭാരതം ഉണരും. ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് കാല്‍വെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘനാള്‍ അടിമയായിക്കഴിഞ്ഞ ഒരു രാഷ്ട്രത്തിന്റെ ആത്മാവ് മോചനം കണ്ടെത്തുമ്പോള്‍ ചരിത്രത്തില്‍ അത്യസുലഭമായ ആ നിമിഷം വന്നുചേരുന്നു.”
കേള്‍ക്കാന്‍ രസമുള്ള ഒരു പ്രസംഗമായിരുന്നു അതെന്നതില്‍ സംശയമില്ല. ആ നിലയില്‍ അത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. പക്ഷെ, അന്നത്തെ ദേശീയ സാഹചര്യത്തില്‍ എത്ര പേര്‍ക്ക് അത് ആസ്വദിക്കാനായിട്ടുണ്ടാവും? നെഹ്‌റു പറഞ്ഞത് ഏതു ഭാരതത്തെക്കുറിച്ചാണ്? ചരിത്രാതീതകാലം മുതല്‍ ഏതു ഭാരതത്തെയാണ് ലോകം ആദരവോടെ വീക്ഷിച്ചിരുന്നത്? ലക്ഷക്കണക്കിനു ഭാരതീയര്‍ ഏതൊരു ഭാരതത്തിനുവേണ്ടിയാണ് വിദേശശക്തികളോട് പോരാടിയത്? കൈയില്‍ കിട്ടിയ ഖണ്ഡിത ഭാരതത്തിന്റെ അതിര്‍ത്തികളെ പോലും സംരക്ഷിക്കാന്‍ നെഹ്‌റു സര്‍ക്കാരിന് കഴിയാതിരുന്നത് എന്തുകൊണ്ട്? ചരിത്രവിദ്യാര്‍ത്ഥികള്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ട ചോദ്യങ്ങളാണിവ.
ദുരന്തപൂര്‍ണ്ണമായ വിഭജനത്തിലൂടെയാണ് ഭാരതം സ്വതന്ത്രമായതെന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കുന്നവരാണ് നെഹ്‌റുവിന്റെ പ്രസംഗത്തെയോര്‍ത്ത് അഭിമാനിക്കുന്നത്. അവരുടെ ചരിത്രബോധം 1947 ആഗസ്റ്റ് 15ല്‍ തുടങ്ങുന്നു. അതിനുമുമ്പുണ്ടായിരുന്ന വിശാലമായ ഭാരതം അവരുടെ മനസ്സില്‍ പോലുമില്ല. ഇതേ നെഹ്‌റുവിന്റെ അദ്ധ്യക്ഷതയിലാണ് 1929-ല്‍ ലാഹോറില്‍ ഐതിഹാസികമായ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ചേര്‍ന്ന് ഭാരതീയരെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുപ്പിച്ചത്. ആ ലാഹോറിനെ പോലും ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു ഭാരതത്തെയാണ് 1947ല്‍ നമുക്കു ലഭിച്ചത്.
സ്വാതന്ത്ര്യ സമയത്തെ ജനങ്ങളുടെ അവസ്ഥ ‘വിഭജനത്തിന്റെ ദുഃഖകഥ’യില്‍ ഹോ.വേ. ശേഷാദ്രിജി ഇങ്ങനെ വരച്ചുകാട്ടുന്നു: ”ഭാരതവര്‍ഷത്തിന്റെ ലക്ഷക്കണക്കിനു പ്രിയപുത്രര്‍ ഒറ്റരാത്രികൊണ്ട് കടുത്ത ഹിന്ദുവിരുദ്ധരാജ്യത്തിലെ പ്രജകളായിത്തീര്‍ന്നു. സിന്ധുനദി അവളുടെ കോടിക്കണക്കിന് സന്തതികള്‍ക്ക് അന്യയായി. വേദങ്ങള്‍ ജനിച്ച ഭൂമി, അവയുടെ ജന്മശത്രുക്കള്‍ക്കധീനമായി. വിഭജന രേഖയുടെ ഇരുപുറത്തും താമസിച്ച കോടാനുകോടി സഹോദരീസഹോദരന്മാര്‍ പരസ്പരം വിദേശികളായിത്തീര്‍ന്നു. തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ ആയിരങ്ങള്‍ ജീവന്‍ വെടിഞ്ഞു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മേല്‍ പറയാനാവാത്ത അത്യാചാരങ്ങള്‍ ചെയ്യപ്പെട്ടു. ക്ഷേത്രങ്ങള്‍, തീര്‍ത്ഥസ്ഥാനങ്ങള്‍, പവിത്രസ്ഥലങ്ങള്‍ എന്നിവ നിലംപരിശാക്കപ്പെട്ടു. ഒരു മനുഷ്യസമുദ്രം തന്നെ കടപുഴകി, അവശരായ മനുഷ്യരുടെ നദികള്‍ തന്നെ എങ്ങോട്ടെന്നില്ലാതെ ഒഴുകി. മാനവചരിത്രത്തിന്റെ അദ്ധ്യായങ്ങളില്‍ വലിപ്പം കൊണ്ട് കിടയറ്റ മഹാദുരിതത്തിന് ജന്മം നല്‍കിയ ദിവസമായിത്തീര്‍ന്നു 1947 ആഗസ്റ്റ് 15.”
സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍ സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ക്കുണ്ടായ ഗുരുതരവീഴ്ചയാണ് ഭാരതത്തിന്റെ വിഭജനത്തിലേക്കു നയിച്ചത്. വിശാലമായ അഖണ്ഡഭാരത സങ്കല്പത്തിനുപകരം അവരെ നയിച്ചത് അധികാരമോഹമായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഇനിയും ജയിലില്‍ കിടക്കാന്‍ വയ്യ എന്ന മാനസികാവസ്ഥ. ചരിത്രത്തിലെ ക്രൂരമായ നടപടികള്‍ക്കു കൂട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ വൃദ്ധനേതൃത്വത്തെ പ്രേരിപ്പിച്ചു. വിഭജനം മൂലമുണ്ടാകാന്‍ പോകുന്നയാതനകളെ മുന്‍കൂട്ടിക്കാണാന്‍ നേതാക്കള്‍ക്കു കഴിഞ്ഞില്ല. ‘ഭാരതത്തെ വിഭജിക്കുന്നതിനു മുമ്പ് എന്നെ വിഭജിക്കൂ’ എന്നു പറഞ്ഞ ഗാന്ധിജിക്ക്, പിന്നീട് ‘എന്റെ ജീവിതദൗത്യം ഓവുചാലിലൂടെ ഒഴുകിപ്പോയി’ എന്നു സമ്മതിക്കേണ്ടിവന്നു. ‘ഇത്ര ഭീകരമായ പരിണാമമുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിഭജനത്തിന് സമ്മതിക്കുമായിരുന്നില്ല’ എന്ന് വിഭജനത്തിനു സാക്ഷിയായ പണ്ഡിറ്റ് നെഹ്‌റുവിനു തന്നെ പറയേണ്ടിവന്നു. വിഭജനം സൃഷ്ടിച്ച വലിയ ദുരന്തത്തിന്റെ പ്രത്യാഘാതം ഭാരത ഉപഭൂഖണ്ഡം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
നിര്‍ണ്ണായകമായ ഒരു സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കുകയും പിന്നീട് മഹര്‍ഷിയായി മാറുകയും ചെയ്ത ശ്രീഅരവിന്ദന്റെ 75-ാം ജന്മദിനത്തിലാണ് ഭാരതം സ്വതന്ത്രയായത്. പുതുച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ നിന്ന്, ആകാശവാണിയിലൂടെ അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശം സ്വതന്ത്രഭാരതത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഒന്നായിരുന്നു. ‘ഭാരതം സ്വതന്ത്രയാണെങ്കിലും ഐക്യം നേടിയിട്ടില്ല. ഖണ്ഡിതവും തകര്‍ന്നതുമാണത്.’ എന്ന് അരവിന്ദ മഹര്‍ഷി പറഞ്ഞു: ”… ഹിന്ദു-മുസ്ലീം എന്ന പഴയ വര്‍ഗ്ഗീയ വിഭജനം കൂടുതല്‍ ദൃഢീകരിച്ച് രാജ്യത്തിന്റെ സ്ഥിരമായ വിഭജനത്തിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനം തത്കാലത്തേക്കുള്ള ഒരു പോംവഴി എന്നതിലുപരിയായി എന്നന്നേക്കുമായി തീരുമാനിക്കപ്പെട്ട ഒന്നായി കോണ്‍ഗ്രസ്സും രാഷ്ട്രവും സ്വീകരിക്കുകയില്ലെന്നു പ്രതീക്ഷിക്കപ്പെടുന്നു. കാരണം ഇതു നിലനില്‍ക്കുകയാണെങ്കില്‍ ഭാരതം ഗുരുതരമാംവിധം ദുര്‍ബ്ബലമാകുകയും മുരടിക്കുക കൂടിയും ചെയ്യും; ആഭ്യന്തര കലഹത്തിന് എപ്പോഴും സാധ്യതയുണ്ടായിരിക്കും; പുതിയ ആക്രമണങ്ങളും വിദേശാക്രമങ്ങളും ഉണ്ടായേക്കും. രാജ്യത്തിന്റെ വിഭജനം ഇല്ലാതാക്കണം.”
മഹര്‍ഷി അരവിന്ദന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ സന്ദേശത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാന്‍ സ്വതന്ത്രഭാരതത്തിന്റെ ഭരണകൂടം തയ്യാറായില്ല. പുതിയതായി രൂപംകൊണ്ട പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ച് വലിയൊരു ഭാഗം കൈയടക്കിയപ്പോള്‍, പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിക്കുകയും വെടിനിര്‍ത്തലിനു സമ്മതിക്കുകയും ചെയ്തുകൊണ്ട് കാശ്മീര്‍ പ്രശ്‌നത്തെ എക്കാലത്തേയ്ക്കുമുള്ള ഒരു പ്രശ്‌നമാക്കി നിലനിര്‍ത്തുകയാണ് നെഹ്‌റു സര്‍ക്കാര്‍ ചെയ്തത്. ജമ്മു കാശ്മീരിന് ഭരണഘടനയുടെ 370-ാം വകുപ്പ് ഉപയോഗിച്ച് സവിശേഷാധികാരം നല്‍കിക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ദശാബ്ദങ്ങളോളം പ്രശ്‌നം സൃഷ്ടിച്ചതും നെഹ്‌റു സര്‍ക്കാരിന്റെ വികലമായ നയമായിരുന്നു. ആയിരക്കണക്കിനു ഭാരത സൈനികരുടെയും സാധാരണ ജനങ്ങളുടെയും ജീവന്‍ നഷ്ടപ്പെടുത്തിയ കാശ്മീര്‍ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആ സര്‍ക്കാരിനു കഴിയില്ല. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രമാണ്, ജമ്മു കാശ്മീരിന് 370-ാം വകുപ്പനുസരിച്ച് ഉണ്ടായിരുന്ന സവിശേഷാധികാരം നീക്കം ചെയ്ത്, ആ സംസ്ഥാനത്തെ പൂര്‍ണമായും ഭാരതത്തോടു ചേര്‍ക്കാനും ഒരു പരിധിവരെ ജമ്മുകാശ്മീര്‍ കേന്ദ്രീകരിച്ചു നടന്നുവരുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങളെ നിലയ്ക്കു നിര്‍ത്താനും ഭാരതത്തിനു കഴിഞ്ഞത്.
കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണ ഭീഷണിയെ കുറിച്ചും മഹര്‍ഷി അരവിന്ദന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 1950ല്‍ കൊറിയയിലാണ് അവര്‍ ആദ്യം ഇടപെട്ടത്. അന്ന് അദ്ദേഹം എഴുതി: ”അധീശത്വ ശക്തിയായി ആദ്യം ഈ വടക്കന്‍ പ്രദേശങ്ങള്‍ കയ്യടക്കാനും പിന്നീട് തെക്കുകിഴക്കന്‍ ഏഷ്യ കയ്യടക്കാനും കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നത് ഭൂഖണ്ഡത്തിന്റെ മറ്റെല്ലാ ഭാഗത്തുമായി അവര്‍ മേല്‍ക്കോയ്മ ചെലുത്താന്‍ ചെയ്യുന്ന തന്ത്രങ്ങളുടെ ഒരു പ്രാഥമിക ഘട്ടം എന്ന നിലയ്ക്കാണ്.” അദ്ദേഹം പ്രവചിച്ചതുപോലെ 1950ല്‍ ചൈന ടിബറ്റിനെ ആക്രമിച്ചു സ്വന്തമാക്കി. എന്നിട്ടും നെഹ്‌റു സര്‍ക്കാര്‍ ‘ഹിന്ദി ചീനി ഭായി ഭായി’ പാടി നടന്ന് കമ്മ്യൂണിസ്റ്റ് ചൈന ഭാരതത്തെ ആക്രമിക്കുകയില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു. 1962ല്‍ ചൈന ഭാരതത്തെ ആക്രമിക്കുകയും നമ്മുടെ അനേകം ഹെക്ടര്‍ പ്രദേശം കയ്യടക്കുകയും ചെയ്തപ്പോഴാണ് നെഹ്‌റു സര്‍ക്കാരിന്റെ വിദേശനയത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു മനസ്സിലായത്.
ഭാരതത്തില്‍ കാലുകുത്തിയ ആദ്യത്തെ വിദേശ അക്രമിയായ അലക്‌സാണ്ടറിന് ബി.സി. 327ല്‍, മൂന്നു വര്‍ഷത്തെ പോരാട്ടത്തിനുശേഷം തകര്‍ന്നു വീര്യം നഷ്ടപ്പെട്ട സേനയുമായി പിന്തിരിഞ്ഞോടേണ്ടി വന്നു. സത്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രവും അന്ന് ആരംഭിച്ചതാണ്. ഇതനുസരിച്ച് 2274 വര്‍ഷത്തെ സുദീര്‍ഘമയ സ്വാതന്ത്ര്യസമരചരിത്രമാണ് ഭാരതത്തിനുള്ളത്. ഈ കാലയളവില്‍ നിരവധി വ്യത്യസ്ത ഭരണകൂടങ്ങള്‍ ഭാരത ഉപഭൂഖണ്ഡത്തെ ഭരിച്ചു. എങ്കിലും സാംസ്‌കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു. ഈ ഏകതയെ സ്വാംശീകരിച്ചവരായിരുന്നു വിശാലമായ ഈ ഭാരതവര്‍ഷത്തിലെ ജനങ്ങള്‍. ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനിലും ഇറാനിലും നേപ്പാളിലും ബര്‍മ്മയിലും ഭൂട്ടാനിലും ടിബറ്റിലും ശ്രീലങ്കയിലും എല്ലാം ഹിന്ദു സംസ്‌കാരമാണ് സഹസ്രാബ്ദങ്ങളായി നിലനിന്നുവന്നിട്ടുള്ളത്. സംസ്‌കാരത്തില്‍ നിന്നാണ് രാഷ്ട്രമുണ്ടാകുന്നത് എന്ന ഭാരതീയ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതരാഷ്ട്രത്തിന്റെ ഭാഗമായി നിലനിന്നവയാണ് ഈ രാജ്യങ്ങള്‍. ഈ അയല്‍രാജ്യങ്ങള്‍ക്കൊപ്പം 1947ല്‍ രൂപം കൊണ്ട പാകിസ്ഥാനും 1971ല്‍ രൂപംകൊണ്ട ബംഗ്ലാദേശും ഇന്നത്തെ ഭാരതവും എല്ലാം ചേര്‍ന്ന ഒരു അഖണ്ഡഭാരതമാണ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും യാഥാര്‍ത്ഥ്യമായി നിലനിന്നിട്ടുള്ളത്. വേറിട്ടുനിന്നുകൊണ്ട് ഈ രാജ്യങ്ങള്‍ക്ക് ജീവിക്കാന്‍ സാദ്ധ്യമല്ല. മറിച്ച് യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ ഒരു കോണ്‍ഫെഡറേഷനായിത്തീരുകയാണെങ്കില്‍ അത് ഭാരത ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും. അഖണ്ഡഭാരതമെന്ന മുമ്പുണ്ടായിരുന്ന വിശാലമായ രാഷ്ട്രസങ്കല്പം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനുള്ള ഇച്ഛാശക്തി ഇന്നത്തെ അതിരുകള്‍ക്കതീതമായി ജനമനസ്സില്‍ വളര്‍ന്നുവരുമെന്നു കരുതാം.