കൃഷ്ണനെ ബാല്യത്തില്‍ തന്നെ വധിച്ചു കളയുവാനായി പല രൂപത്തില്‍ വേഷപ്രച്ഛന്നരായി പല അസുരന്മാരും വന്നിരുന്നു. കാളയുടെ രൂപത്തില്‍ വന്ന അസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ പാപം പരിഹരിക്കാനായി പുണ്യനദികളില്‍ സ്‌നാനം ചെയ്യണമെന്ന് രാധ ശഠിച്ചു പോലും. കൃഷ്ണന്‍ തന്റെ കാല്‍പ്പാദം തറയില്‍ നന്നായൊന്നമര്‍ത്തിയപ്പോള്‍ അവിടം ഒരു തടാകമായി മാറിയെന്നും സര്‍വ്വ തീര്‍ത്ഥങ്ങളും അതിലേക്ക് ഒഴുകിയെത്തിയെന്നുമാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഇതാണത്രെ ഇന്ന് ശ്യാംകുണ്ഡ് എന്നറിയപ്പെടുന്നത്. എന്തായാലും രാധയും സഖിമാരും ചേര്‍ന്ന് ശ്യാംകുണ്ഡിന്റെ എതിര്‍ ഭാഗത്ത് മറ്റൊരു തടാകവും നിര്‍മ്മിച്ചു. ഇത് ഇന്ന് രാധാ കുണ്ഡ് എന്നറിയപ്പെടുന്നു. ഇവിടേയ്ക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ കാല്‍നടയായി വേണം എത്തിച്ചേരാന്‍. പാതയുടെ ഇരുവശങ്ങളിലും ഭക്തിസംവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ നിരന്നിരിക്കുന്നു. രുദ്രാക്ഷം, സ്ഫടിക മാല, ചെറു വിഗ്രഹങ്ങള്‍, ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍, വിവിധ വര്‍ണ്ണത്തിലുള്ള ചരടുകള്‍, മയില്‍പ്പീലി, ഗോപീചന്ദനം എന്നു വേണ്ട സകല സാധനങ്ങളും ഇവിടെ ലഭിക്കും.ട
ഗോകുല വീഥിയില്‍
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ അരങ്ങേറിയ ഗോകുലം അങ്ങേയറ്റം ഭക്തിനിര്‍ഭര ഭാവത്തോടെയെ ആര്‍ക്കും കാണാന്‍ കഴിയു. ഇതിഹാസപുരുഷന്‍ തന്റെ പിഞ്ചുകാല്‍ കൊണ്ട് നടന്നു തീര്‍ത്ത ആ ഗ്രാമ ചത്വരത്തിലെ ധൂളികള്‍ പോലും എത്ര പുണ്യം ചെയ്തിട്ടുണ്ടാവും. ശ്രീകൃഷ്ണന്‍ ജനിച്ച മഥുരയില്‍ നിന്ന് ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗോകുലം ഇന്നും ഗ്രാമീണ സ്വഭാവം സൂക്ഷിക്കുന്ന ഭൂപ്രദേശമാണ്. കംസന്റെ കാരാഗൃഹത്തില്‍ ജനിച്ച കൃഷ്ണനെ പിതാവ് വസുദേവരാണ് യമുനയുടെ മറുകരയില്‍ സ്ഥിതി ചെയ്യുന്ന ഗോകുലത്തില്‍ എത്തിക്കുന്നത്. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ പരമാചാര്യന്മാരില്‍ ഒരാളായ വല്ലഭാചാര്യനാണ് ആധുനിക കാലത്ത് പുരാണ പ്രസിദ്ധമായ ഗോകുലം ഇതുതന്നെ എന്ന് നിര്‍ണ്ണയിച്ചത്. ഭഗവാന്റെ ബാലലീലകള്‍ നടന്നു എന്നു കരുതപ്പെടുന്ന ഓരോ സ്ഥലങ്ങളും ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. മൂന്നു വയസു വരെ ഗോകുലത്തിലും പിന്നീട് ഏഴു വയസു വരെ വൃന്ദാവനത്തിലും പത്ത് വയസ് വരെ നന്ദ ഗ്രാമത്തിലുമാണ് ശ്രീകൃഷ്ണന്‍ ജീവിച്ചത്. ഈ പ്രദേശങ്ങള്‍ എല്ലാം കൂടി ചേര്‍ന്നതിനെയാണ് വ്രജ ഭൂമി എന്ന് വിളിക്കുന്നത്. ഇന്നും ഇവിടെ നിവസിക്കുന്നവര്‍ക്ക് കൃഷ്ണനും രാധയും സചേതന സാന്നിദ്ധ്യമാണ്. രാധേശ്യാം എന്ന് പരസ്പരം അഭിസംബോധന ചെയ്യുന്ന ഒരു ജനതയ്ക്ക് കൃഷ്ണന്‍ ദ്വാപരയുഗത്തിലെങ്ങോ ജീവിച്ചു മറഞ്ഞ കേവല കഥാപാത്രമല്ല. ഓരോ കാലിക്കുടമണിയിലും കാറ്റിന്റെ സീല്‍ക്കാരത്തിലും യമുനയുടെ നീലിമയിലും മഞ്ഞയുടുത്ത സന്ധ്യയിലും എല്ലാം കൃഷ്ണനെന്ന കാലാതീത കല്‍പ്പനയെ അവര്‍ അനുഭവിക്കുകയാണ്. ആ വൈകാരിക തരംഗദൈര്‍ഘൃം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഏതൊരു സഞ്ചാരിക്കും ഗോകുല വീഥിയിലെവിടെയും കൃഷ്ണാനുഭൂതി അനുഭവിക്കാന്‍ കഴിയും.
കാലത്തിന്റെ മഹാ സാക്ഷിയായി ഒഴുകുന്ന യമുനയുടെ കരയില്‍ നില്‍ക്കുന്ന നീലക്കടമ്പ് ദ്വാപര ലീലയുടെ തിരുശേഷിപ്പാണ്. ഈ കടമ്പിന്റെ കൊമ്പുകളിലായിരുന്നു ഗോപികമാരുടെ ചേല കവര്‍ന്ന് കണ്ണന്‍ തോരണം പോലെ തൂക്കിയിട്ടത്. ദ്വാപരയുഗ തീരത്തു നിന്നും കലിയുഗത്തോളം വേരോട്ടമുള്ള ഈ കടമ്പ് എത്രാം തലമുറയിലെ ശേഷിപ്പായിരിക്കുമെന്ന് അറിയാതെ ചിന്തിച്ചു പോയി. ഗോകുലം പുരാവൃത്തങ്ങളുടെ കഥാസ്ഥലിയാണെങ്കിലും ആധുനിക കാലത്തോട് സമര്‍ത്ഥമായി സംവദിക്കും വിധം അവയെ നവീകരിക്കേണ്ടതാണെന്ന് തോന്നി. വൃത്തിയുടെ അഭാവം അവിടെയെല്ലാം അനുഭവപ്പെട്ടു. ഹരേ കൃഷ്ണപ്രസ്ഥാനത്തെപ്പോലൊരു സംഘടനയെ ഗോകുലത്തിന്റെ പരിരക്ഷയും പുനര്‍രചനയുമേല്‍പ്പിച്ചാല്‍ ഇതൊരു ലോകോത്തര നിലവാരമുള്ള തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. യമുനയുടെ തീരത്തുള്ള വിശ്രാം ഘാട്ട് ഭഗവാന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ്. കംസനിഗ്രഹത്തിനു ശേഷം കൃഷ്ണന്‍ വിശ്രമിച്ചു എന്നു കരുതുന്ന സ്ഥലമാണ് വിശ്രാം ഘാട്ട്.
മഹാ കുസൃതിയായിരുന്ന ഉണ്ണിക്കണ്ണനെ യശോദ ഉരലില്‍ പിടിച്ചുകെട്ടിയ സ്ഥലം ഗോകുലത്തില്‍ ഒരിടത്ത് ദര്‍ശിക്കാന്‍ കഴിയും. കൃഷ്ണന്‍ ഉരല്‍ വലിച്ചുകൊണ്ട് നടന്നു നീങ്ങിയപ്പോള്‍ രണ്ട് മരുത് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും ആ മരങ്ങളെ കടപുഴക്കി കൊണ്ട് ഭഗവാന്‍ മുന്നോട്ട് പോയപ്പോള്‍ ശാപഗ്രസ്ഥരായി മരങ്ങളായി നിന്നിരുന്ന നള കൂബരന്മാര്‍ക്ക് മോക്ഷം ലഭിച്ചുവെന്നുമുള്ള ഭാഗവത കഥ ഈ സ്ഥലത്തെത്തുമ്പോള്‍ സഞ്ചാരികളുടെ മനസ്സിലേക്കെത്തും. ശൈശവത്തില്‍ തന്നെ കൃഷ്ണനെ വധിക്കാന്‍ കംസന്‍ പലരേയും അയയ്ക്കുന്നതായി ഭാഗവത കഥകളില്‍ നിന്ന് മനസ്സിലാക്കാം. അതില്‍ പൂതനാമോക്ഷം ഏറെ പ്രസിദ്ധമാണ്. തൊട്ടിലില്‍ കൈകാലിട്ടടിച്ച് കിടന്നിരുന്ന കണ്ണനെ യശോദാമ്മ കാണാതെ എടുത്തു കൊണ്ടുപോയ പൂതന എന്ന രാക്ഷസി തന്റെ മുലഞെടുപ്പില്‍ മാരക വിഷം പുരട്ടി കണ്ണനെ ഊട്ടിയത്രെ. ആസ്വദിച്ച് മുലകുടിച്ച കണ്ണന്‍ പൂതനയുടെ പ്രാണന്‍കൂടി വലിച്ചെടുത്താണ് തന്റെ ലീല അവസാനിപ്പിച്ചത്. അമ്പാടിയിലെ ഒന്നുരണ്ടു വീട്ടകങ്ങളില്‍ പൂതനാമോക്ഷം നടന്നതിവിടെയാണ് എന്നവകാശപ്പെടുന്ന ബോര്‍ഡും ശില്‍പ്പവും കാണാന്‍ കഴിഞ്ഞു. ചത്തുമലച്ചു കിടക്കുന്ന രാക്ഷസിയുടെ ഭാവത്തിലുള്ള പൂതനയും മാറില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെയും കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പ്പം അംശപ്പൊരുത്തമില്ലാത്തതു കൊണ്ടു തന്നെ അരോചകമായി തോന്നി.
ഇതൊക്കെ ഭക്തജനങ്ങളുടെ വിശ്വാസത്തെ വിറ്റു കാശാക്കാനുള്ള ചില തന്ത്രങ്ങള്‍ മാത്രമായി കണ്ടാല്‍ മതി. യമുനയിലെ നിരവധി കടവുകളില്‍ പലതിനും കൃഷ്ണനുമായി ബന്ധപ്പെടുത്തിയ കഥകള്‍ പറയാനുണ്ട്. ബ്രഹ്മാണ്ഡ ഘാട്ട് ഇതില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഈ കടവില്‍ കണ്ണന്‍ മണ്ണുവാരിക്കളിക്കുമ്പോഴാണത്രെ കൃഷ്ണന്‍ മണ്ണു തിന്നെന്ന പരാതി യശോദയുടെ മുന്നിലെത്തുന്നത്. താന്‍ മണ്ണുതിന്നില്ലെന്ന് അമ്മയോട് കണ്ണന്‍ ആണയിട്ട് പറഞ്ഞെങ്കിലും അമ്മ വിശ്വസിച്ചില്ല. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണന്‍വായ തുറന്നു കാട്ടുകയും ആ കുഞ്ഞുവായില്‍ താനടക്കമുള്ള ബ്രഹ്മാണ്ഡത്തെ മുഴുവന്‍ കണ്ട യശോദ സംഭ്രമിച്ച് മോഹാലസ്യപ്പെട്ട് പോകുകയുമുണ്ടായി. മായാബാലകന്‍ അമ്മയ്ക്ക് ബ്രഹ്മാണ്ഡ ദര്‍ശനം നല്‍കിയ കടവാണ് ബ്രഹ്മാണ്ഡ ഘാട്ട്. നല്ല രീതിയില്‍ പടവുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഇവിടെ ചെറുതെങ്കിലും മനോഹരമായ ഒരു ക്ഷേത്രവും ഉണ്ട്. കൃഷ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്. ഈ മണ്ണിന് രോഗ ശമന ശേഷിയുണ്ട് എന്നാണ് വിശ്വാസം. എന്തായാലും സംസാരവ്യാധികള്‍ തീര്‍ക്കാന്‍ ആ മണ്ണിന് ശേഷി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
ഇവിടെ തീരത്ത് രാമാനന്ദ വൈഷ്ണവ ആശ്രമം സ്ഥിതി ചെയ്യുന്നു. യമുനയിലേക്കുള്ള പടവുകള്‍ ഇറങ്ങിയെത്തിയപ്പോള്‍ കരയില്‍ ആരോ മണല്‍ കോരി ഇട്ടിരിക്കുന്നത് ദൃഷ്ടിയില്‍ പെട്ടു. ഞാന്‍ രണ്ടു പിടി മണല്‍ അതില്‍ നിന്നും വാരി ഒരു കുപ്പിയില്‍ നിറച്ചു. കോഴിക്കോട് കേസരി ഭവനിലുള്ള സരസ്വതി മണ്ഡപത്തില്‍ എല്ലാ പുണ്യനദികളിലേയും മണല്‍ ശേഖരിച്ചു നിറച്ച അക്ഷരപത്മം ഉണ്ട്. ഇവിടെ കുട്ടികള്‍ ഈ മണലിലാണ് വിദ്യാരംഭം കുറിക്കാറ്. യമുനയില്‍ കൃഷ്ണന്‍ മണ്ണുവാരിത്തിന്ന കടവില്‍ നിന്നു ശേഖരിച്ച മണല്‍ അക്ഷര പത്മത്തില്‍ നിറയ്ക്കാമെന്ന് കരുതി. ഇവിടെ അടുത്തു തന്നെയാണ് കാളിയഘട്ട്. കാളിയ സര്‍പ്പത്തിന്റെ അഹങ്കാരം തീര്‍ക്കാന്‍ ബാലഗോപാലന്‍ ഫണങ്ങള്‍ തോറും നൃത്തമാടിയസ്ഥലം. കാളിയന്റെ ഫണത്തിലേക്ക് കൃഷ്ണന്‍ എടുത്തു ചാടിയത് യമുനയുടെ തീരത്തുള്ള ഒരു കടമ്പു വൃക്ഷത്തില്‍ നിന്നായിരുന്നു. കാളിയ വിഷമേറ്റിട്ടും ആ കടമ്പു വൃക്ഷം ഇന്നും ഉണങ്ങാതെ കാലത്തെ അതിജീവിച്ച് തളിരിട്ടു നില്‍ക്കുന്നു. ദേവലോകത്തു നിന്നും അമൃതകുംഭവുമായി വന്ന ഗരുഡന്‍ ഈ കടമ്പു വൃക്ഷത്തില്‍ ഇളവേറ്റിരുന്നു പോലും. അമൃതിന്റെ സാന്നിദ്ധ്യം കൊണ്ട് ചിരംജീവിയായി മാറിയ കടമ്പു വൃക്ഷം യുഗങ്ങളുടെ സാക്ഷിയായി യമുനയുടെ തീരത്ത് നില്‍ക്കുന്നു.
(തുടരും)