മഹാഭാരതം ഏവര്‍ക്കുമറിയുന്നതുപോലെ കഥകളുടേയും കഥാപാത്രങ്ങളുടേയും ഒരു സാഗരമാണ്. അതിലെ ഉപാഖ്യാനങ്ങള്‍ എത്രയോ കൃതികള്‍ക്ക് ജന്മം കൊടുത്തിരിക്കുന്നു. ഇനിയുമിനിയും ഈ മഹത്തായ ഇതിഹാസത്തെ ഉപജീവിച്ച് പുതിയ പുതിയ രചനകള്‍ ഉണ്ടായേക്കാം. ഉണ്ടാവേണ്ടതുമാണ്. നാലുലക്ഷത്തില്‍പരം വരികളുള്ള സംസ്‌കൃതത്തിലുള്ള മഹാഭാരതകൃതി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില ഗദ്യവിവര്‍ത്തനങ്ങളും എഴുത്തച്ഛന്റെ കിളിപ്പാട്ടും വായിച്ചുള്ള പരിചയമേ ഭാരതകഥയുമായി എനിക്കുള്ളൂ. എഴുത്തച്ഛന്റെ ഭാരതം കിളിപ്പാട്ടിലൊരിടത്തും കര്‍ണ്ണന് ഒരു ഭാര്യയുള്ളതായി പരാമര്‍ശിച്ചു കണ്ടതായി ഓര്‍ക്കുന്നില്ല. എന്നാല്‍ കര്‍ണപത്‌നിയായ പത്മാവതിയെക്കുറിച്ച് മറ്റു പലയിടങ്ങളിലും പരാമര്‍ശിച്ചുകണ്ടിട്ടുമുണ്ട്. ദുര്യോധനന്റെ തേരാളിയായിരുന്ന സത്യസേനന്റെ സഹോദരിയായിരുന്ന പത്മാവതിയെ കര്‍ണ്ണന്‍ വിവാഹം ചെയ്തതായൊക്കെ പലയിടങ്ങളിലും കാണുന്നു. മഹാഭാരത മൂലത്തില്‍ കര്‍ണ പത്‌നിയെക്കുറിച്ചു വിശദമായ വിവരണങ്ങളുണ്ടാവാം. കര്‍ണ്ണന് വൃഷാവ് എന്നൊരു പേരുകൂടിയുള്ളതിനാല്‍ വൃഷാലി എന്നാണ് പത്മാവതിയെ പലയിടത്തും എഴുതിക്കണ്ടിട്ടുള്ളത്.
കലാകൗമുദി ജൂലായ് 21-28 ലക്കത്തില്‍ ഡോ. ശ്രീരേഖാപണിക്കര്‍ ‘വൃഷാലി പര്‍വ്വം’ എന്നൊരു കഥയെഴുതിയിരിക്കുന്നു. ഒരു ചെറുകഥയുടെ രൂപമൊന്നുമില്ലാത്തതിനാല്‍ വെറും കഥയായി കണക്കാക്കാനേ കഴിയൂ. ഇതിഹാസ സന്ദര്‍ഭത്തെ കഥയാക്കാനുള്ള എഴുത്തുകാരിയുടെ പരിശ്രമം പ്രശംസനീയമാണ്. കാര്യമായ പരാമര്‍ശമൊന്നും യഥാര്‍ത്ഥ ഇതിഹാസത്തില്‍ ഇല്ലാത്ത കഥാപാത്രങ്ങളെ വികസിപ്പിക്കുന്നതിനു വലിയ ഭാവനാശേഷിതന്നെ വേണം. കലാ എസ്. നായര്‍ എന്ന ഒരു എഴുത്തുകാരി ‘വൃഷാലി’ എന്ന പേരില്‍ ഒരു നോവല്‍ തന്നെ എഴുതിയിട്ടുണ്ടത്രേ. ദിലി പ്രസാദ് സുരേന്ദ്രന്‍ എന്നൊരാളും വൃഷാലിയുടെ കഥ എഴുതിയതായി കാണുന്നു. അതൊക്കെ ഭാവനാ കുബേരന്മാര്‍ക്കു മാത്രം സാധ്യമാകുന്ന കാര്യമാണ്. രാമായണത്തില്‍ കാര്യമായ പരാമര്‍ശമൊന്നുമില്ലാത്ത ‘ഊര്‍മിള’യെ പില്‍ക്കാലത്ത് പലരും എഴുതിയെഴുതി സീതയ്ക്കും മുകളില്‍ പ്രതിഷ്ഠിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.
കലാകൗമുദിയിലെ കഥാകാരി ഡോ. ശ്രീരേഖാ പണിക്കര്‍ വൃഷാലിയെക്കുറിച്ചെഴുതുന്നത് ”എല്ലാ ദുഃഖങ്ങളും പരാതിപ്പെടാതെ പകുത്തെടുത്തവള്‍, കുന്തിയെ, ഗാന്ധാരിയെ, ദ്രൗപദിയെ ലോകം വാഴ്ത്തുന്നു. പക്ഷേ വൃഷാലീ, നീ അവരെക്കാള്‍ എത്രയോ ഉയരത്തിലാണ്. വിധി തോല്പിച്ച ഒരു മനുഷ്യജന്മത്തെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തു പിടിച്ചവള്‍. പകരം നിനക്ക് എന്തുകിട്ടി?” ഇങ്ങനെയൊക്കെയാണ്. കഥയില്‍ ചോദ്യമില്ലല്ലോ. എന്തായാലും കര്‍ണ്ണ പത്‌നിയെ സമൂഹം ശ്രദ്ധിക്കാന്‍ കഥ കാരണമാകുന്നു എന്നത് ഒരു നല്ല കാര്യം തന്നെ.
കലാകൗമുദിയില്‍ എ.കെ.രഞ്ജിത്ത് ‘അമിത ജനസംഖ്യ ദാരിദ്ര്യം കൂട്ടുന്നു’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ 2.4% മാത്രമുള്ള ഭാരതത്തില്‍ ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 17.5% ഞെങ്ങി ഞെരുങ്ങി താമസിക്കുന്നു. രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ചൈനയ്ക്ക് പക്ഷേ ഭൂമിയുടെ 6.3% വിസ്തീര്‍ണ്ണമുണ്ടെന്ന കാര്യം പലരും ഓര്‍ക്കുന്നില്ല. മാത്രവുമല്ല ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നിലയില്‍ അവര്‍ ജനസംഖ്യയെ പിടിച്ചുകെട്ടിയാണ് ലോകത്തിലെ രണ്ടാമത്തെ ശക്തിയായി ഉയര്‍ന്നത്.
നമുക്കു മാത്രം ഇതുവരേയും നേരം വെളുത്തിട്ടില്ല. 1930കളില്‍ അവിഭക്ത ഭാരതത്തില്‍ 33 കോടി ജനസംഖ്യ മാത്രമുണ്ടായിരുന്ന കാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാതന്ത്ര്യം ലഭിച്ചാലുടന്‍ തന്നെ ജനസംഖ്യാ നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചാരായണമെന്ന് ഒരു പ്രഭാഷണത്തില്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വികസനം എങ്ങനെയായിരിക്കണം എന്നതിനെ മുന്‍നിര്‍ത്തി ജെആര്‍ഡി ടാറ്റ, ഘനശ്യാമദാസ് ബിര്‍ല തുടങ്ങിയ വ്യവസായികള്‍ അവതരിപ്പിച്ച ബോംബെ പ്ലാനിലും (1944) ജനസംഖ്യ നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു.
വിഡ്ഢ്യാസുരന്മാരായ ചില ഇക്‌ണോമിസ്റ്റുകള്‍ മത തീവ്രവാദശക്തികളുടെ വാക്കുകള്‍ കടമെടുത്ത് മനുഷ്യവിഭവശേഷിയാണ് ഭാരതത്തിന്റെ കരുത്തെന്ന വിചിത്ര വാദം ഉന്നയിച്ച് ഭാരതത്തെ ഇന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ത്തന്നെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു. ദാരിദ്ര്യരേഖയ്ക്കടിയില്‍ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ദാരിദ്ര്യം തുടച്ചു നീക്കാന്‍ നമുക്ക് കഴിയാത്തത് ചിലര്‍ ബോധപൂര്‍വ്വം അമിതമായി കുട്ടികളെ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്. ഇതിനെ ശക്തമായ നിയമം വഴി നിയന്ത്രിക്കേണ്ടത് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ അനിവാര്യം തന്നെയാണ്.
മറ്റുരാജ്യങ്ങളിലേയ്ക്ക് മനുഷ്യവിഭവം കയറ്റിയയച്ചു കൊണ്ടാണ് ഭാരതംഇന്ന് നിലനില്‍ക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളുടെ ധനസ്ഥിതി തകരാറിലായാല്‍ അവര്‍ നമ്മുടെ തൊഴിലാളികളെ സ്വീകരിക്കാനിടയില്ല. അതു കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് രാജ്യത്തെ നയിച്ചു കൂടായ്കയില്ല. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം വരുന്നതോടെ പട്ടാളക്കാരുടെ സ്ഥാനം ക്രമേണ റോബോട്ടുകളും ഡ്രോണുകളും ഏറ്റെടുക്കും. അതോടുകൂടി ആ മേഖലയിലും ആളുകളുടെ ആവശ്യം തീരെ കുറഞ്ഞേക്കും. ഇതൊക്കെ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും വഴിവെക്കും. അമിത ജനസംഖ്യയെ നിയന്ത്രിക്കാന്‍ പ്രകൃതി കടുത്ത ക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും യുദ്ധങ്ങളും ഇളക്കിവിടും. അതിനൊക്കെ മനുഷ്യരെ എറിഞ്ഞുകൊടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് നിയമം വഴി ജനസംഖ്യ നിയന്ത്രിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാള്‍ക്കുനാള്‍ ശോഷിച്ചു വരുന്നതിനു കാരണമന്വേഷിച്ചു പാര്‍ട്ടി സമ്മേളനങ്ങള്‍ നിരന്തരം നടത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യം എന്തെന്ന് നേതൃത്വത്തിന് ഇതുവരെ മനസ്സിലായിട്ടില്ല. ഓരോ സമ്മേളനവും കഴിയുന്തോറും അണികള്‍ കൂടുതല്‍ കൂടുതല്‍ കൊഴിഞ്ഞുപോകുന്നതേയുള്ളൂ. രോഗം അറിയാതെയുള്ള ചികിത്സ എങ്ങനെ ഫലം ചെയ്യാനാണ്. ദേശാഭിമാനി വാരികയില്‍ കെ.വിശ്വനാഥ് എന്ന ഒരാള്‍ എഴുതിയിരിക്കുന്ന കഥ ‘പ്രതിഷ്ഠ’ (ജൂലായ് 28) വായിച്ചു നോക്കിയാല്‍ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും എന്തുകൊണ്ടാണ് ഈ പാര്‍ട്ടി ശോഷിക്കുന്നതെന്ന്. ബംഗാളില്‍നിന്നും അവര്‍ പാഠമൊന്നും പഠിച്ചില്ല. അതേ വഴി തന്നെ കേരളത്തിലും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ബംഗാളില്‍ എങ്ങനെയും ഭരിക്കുക എന്ന അത്യാഗ്രഹം മൂലം മതതീവ്രവാദികളെ അഴിഞ്ഞാടാന്‍ വിട്ടു. ആദ്യമൊക്കെ അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി വോട്ടുപിടിച്ചു. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്കു പോലും പിന്നെ അവര്‍ വില പേശാന്‍ തുടങ്ങി. ഒടുവില്‍ സിംഗൂര്‍ വെടിവെപ്പില്‍ വെടിയുണ്ടയ്ക്ക് മതം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അത് തീവ്രവാദി പക്ഷക്കാരില്‍ ചിലരുടെ ശരീരത്തില്‍ തറഞ്ഞുകയറി. സംഗതി പൊല്ലാപ്പായി, വര്‍ഷങ്ങളായുള്ള ബാന്ധവം അവര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. കോളടിച്ചതു മമതയ്ക്കായിരുന്നു. തീവ്രവാദിപക്ഷം ഒരാളൊഴിയാതെ ഇടതുപക്ഷത്തെ ഉപേക്ഷിച്ചു. പിന്നെ ഒരു ‘ആള്‍ട്ടര്‍നേറ്റീവ്’ ആയി മമതയെ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് അപ്പോഴേയ്ക്കും പൂര്‍ണ്ണമായും അപ്രസക്തമായിക്കഴിഞ്ഞിരുന്നു. ആ തീക്കൊള്ളി എടുത്തു മമത തല ചൊറിയാന്‍ തുടങ്ങി. ഇപ്പോള്‍ മമതയെ വിഴുങ്ങുന്ന രീതിയില്‍ അതു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
‘പ്രതിഷ്ഠ’ എന്ന കഥയില്‍ നോക്കൂ. മനുഷ്യനെ എങ്ങനെയൊക്കെ മതപരമായി തമ്മിലടിപ്പിക്കാമോ അതെല്ലാം ഈ കഥയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലും ബംഗാളിലുമെങ്കിലും (മറ്റിടങ്ങളില്‍ സിപിഎം ഇല്ലല്ലോ) ബിജെപിയെ വളര്‍ത്തുന്നത് സിപിഎം ആണെന്നു പറയാം. അതിശക്തമായ ഹിന്ദു-മുസ്ലീം ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ എല്ലാ പ്രചരണങ്ങളും. പൊതുവെ ഹിന്ദുബോധമില്ലാത്ത മലയാളിയുടെ മനസ്സിലും അതു സൃഷ്ടിക്കാന്‍ സിപിഎമ്മിന്റെ പ്രചരണങ്ങള്‍ സഹായിക്കുന്നു. ഹിന്ദുക്കളെല്ലാം ഭീകരന്മാരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ ദുര്‍ബ്ബലന്മാരായ ഹിന്ദുക്കളുടെ മനസ്സില്‍ സിപിഎം പ്രതീക്ഷിക്കുന്നതുപോലെ ഹിന്ദുത്വത്തോട് എതിര്‍പ്പല്ല ഉണ്ടാവുക. ദുര്‍ബ്ബലന്മാര്‍ ശക്തന്മാരുടെ തണലില്‍ കഴിയാനാണ് ആഗ്രഹിക്കുക. മനുഷ്യര്‍ക്ക് സഹജമായ നീതിബോധം ഒരിക്കലുമില്ല. അവര്‍ എന്നും ശക്തന്മാരുടെ പക്ഷത്തു നില്‍ക്കുകയേ ഉള്ളൂ. ഇതറിഞ്ഞു കൂടാത്ത കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം ഹിന്ദുത്വത്തെ ശകാരിക്കുമ്പോള്‍ ക്രമേണ താല്പര്യമില്ലാത്ത ഹിന്ദുവിന്റെ മനസ്സിലും അവനറിയാതെ ഒരു ഹിന്ദുബോധം ഉടലെടുക്കുന്നു. കഥയില്‍ നോക്കുക: ”ഇസ്ലാമിന്റെ വഴിയിലേയ്ക്ക് ലോകത്തെ ക്ഷണിക്കുന്ന ബാങ്ക് വിളി ആദ്യമായി പുറപ്പെട്ടത് അവന്റെ കണ്ഠത്തില്‍ നിന്നായിരുന്നു.” മറ്റൊരിടത്ത് ”തെറിച്ചു വീണ വെള്ളത്തൊപ്പി ചവിട്ടിയരച്ചുകൊണ്ട് ആള്‍ക്കൂട്ടം കടന്നുപോയി. പിന്നെയവന്‍ തൊപ്പി വച്ചിട്ടില്ല.” വീണ്ടും ഹിന്ദിയില്‍ പറയുന്നതു നോക്കൂ ”ലഗ്താ ഹേ വോ സുവര്‍ കാ ബേട്ടാ മന്ദിര്‍ ഗന്ദാ കരേഗാ” (ആ പന്നിയുടെ മോന്‍ അമ്പലം വൃത്തികേടാക്കുമെന്നു തോന്നുന്നു). കഥ എഴുതിയ വിശ്വനാഥിന് എങ്ങനെയെങ്കിലും തന്റെ കഥ പ്രസിദ്ധീകരിച്ചു കാണണമെന്നേ ആഗ്രഹം ഉണ്ടായിട്ടുണ്ടാവൂ. എന്നാല്‍ കഥ പ്രസിദ്ധീകരിച്ചവരുടെ മനസ്സില്‍ കഥ വായിക്കുന്ന എല്ലാവരും ഹിന്ദുക്കളെ വെറുത്ത് നാളെ മുതല്‍ മതതീവ്രവാദികളോടൊപ്പം ചേര്‍ന്ന് സി.പി.എമ്മിന് വോട്ടു ചെയ്യും എന്നായിരുന്നിരിക്കണം. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം അറിയാത്തതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇന്നു കേരളത്തില്‍ വളര്‍ന്നുവരുന്ന ഹിന്ദുബോധം പലരും കരുതുന്നതുപോലെ ഹിന്ദുത്വ ശക്തികളുടെ പ്രചരണങ്ങള്‍ കൊണ്ടുണ്ടായതല്ല. അത് സിപിഎം നടത്തുന്ന നിരന്തരമായ ഹിന്ദുവിരുദ്ധ പ്രചരണങ്ങളില്‍ നിന്നും വികസിച്ചു വന്നതാണ്. അകാരണമായി ഒരാളെ നിരന്തരം കുറ്റം പറഞ്ഞാല്‍ അയാളോടു സഹതാപമുണ്ടാവുക മനുഷ്യരുടെ ഒരു പൊതുവികാരമാണ്. ആ പൊതുവികാരമാണ് സിപിഎമ്മിനെ തളര്‍ത്തുന്നതും ബിജെപിയെ വളര്‍ത്തുന്നതും.
ഭാരതം ഒരു രാജ്യമാണെന്നിരിക്കെ അതില്‍ എവിടെയും പണിയെടുക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പ്രാദേശിക ഭാഷാവിഭാഗങ്ങള്‍ക്ക് അവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനും അവകാശമുണ്ട്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ കന്നട നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കണം എന്നൊരു വ്യവസ്ഥയുണ്ടാക്കിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ സ്വകാര്യജോലികളില്‍ തദ്ദേശീയര്‍ക്ക് സംവരണം എന്ന വ്യവസ്ഥ ഭാരതത്തിന്റെ ദേശീയ സംവിധാനത്തെത്തന്നെ തകിടം മറിക്കുന്നതാണ്. കര്‍ണാടകത്തിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ ആ സംസ്ഥാനത്തിലെ തൊഴിലവസരങ്ങളില്‍ ഭൂരിപക്ഷവും അവിടത്തെ കുട്ടികള്‍ തന്നെ നേടിയെടുക്കും. കേരളത്തിലെ ഐടി മേഖലയില്‍ അന്യസംസ്ഥാനക്കാര്‍ താരതമ്യേന കുറവാണ്. നിയമം വഴി അവരെ വിലക്കിയിട്ടല്ല. ഇവിടെ ഐടി വിദ്യാഭ്യാസം നേടിയവര്‍ ധാരാളമുള്ളതുകൊണ്ടാണ്. ആ വഴി കര്‍ണ്ണാടകത്തിനും തിരഞ്ഞെടുക്കാം. അല്ലാതെ ഒരു നിയമം കൊണ്ടുവന്ന് മറ്റു സംസ്ഥാനക്കാരെ വിലക്കുന്നത് രാഷ്ട്ര ശരീരത്തെ വെട്ടിമുറിക്കലായിത്തീരും. അത് അനുവദനീയമല്ല. അവിടെ ഭരണത്തിലുണ്ടായിരുന്ന ബിജെപിക്കാരെ താഴെയിറക്കി കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കൊണ്ടുവന്നതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്ന് വോട്ടര്‍മാര്‍ക്കും ഇപ്പോള്‍ കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തില്‍ ദേശാഭിമാനിയിലെ പത്രാധിപരുടെ കുറിപ്പ് അഭിനന്ദനാര്‍ഹം. ‘ഭാഷാ സ്വത്വബോധത്തിന്റെ പുതിയ മാനങ്ങള്‍’ എന്നാണ് കെ.പി. മോഹനന്‍ കുറിപ്പിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഭാഷാസ്വത്വബോധമൊന്നുമല്ല വോട്ടു തെണ്ടല്‍ രാഷ്ട്രീയം മാത്രമാണ് നിയമത്തിനു പിന്നില്‍ ഉള്ളത്.