വിഭവങ്ങള്‍ തേടിയുള്ള രാജ്യങ്ങളുടെ സഞ്ചാര ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുന്‍കാലങ്ങളില്‍ ഇത് ലോകത്തെ പല രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും കീഴടക്കലുകളിലേക്കും അടിമത്തത്തിലേക്കും നയിച്ചു. എന്നാല്‍ മറ്റ് രാഷ്ട്രങ്ങളെ സംഘര്‍ഷത്തിലൂടെ കീഴ്പ്പെടുത്തി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനേക്കാള്‍ പരസ്പര സഹകരണത്തിലൂടെ വിഭവങ്ങള്‍ പങ്ക് വെയ്ക്കുന്നതിനാണ് ഇന്ന് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ വിഭവങ്ങള്‍, പ്രത്യേകിച്ച് തന്ത്രപ്രധാന ചരക്കായ എണ്ണയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനൊപ്പം അവയുടെ സുഗമമായ നീക്കവും സുരക്ഷിതമാക്കേണ്ടത് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യമായി മാറി.
എന്നാല്‍ സുഗമമായ ചരക്ക് നീക്കത്തിന് ഇന്നും ധാരാളം ഭീക്ഷണികള്‍ നേരിടുന്നു. ഇവ മറികടക്കുന്നതിനും ചരക്ക് നീക്കത്തിനുമായും വിവിധ ഗതാഗത സൗകര്യങ്ങളുടെ രൂപത്തിലും അവയുടെ സുരക്ഷയ്ക്കായി സൈനിക താവളങ്ങളുടെ രൂപത്തിലും രാജ്യങ്ങള്‍ തന്ത്രങ്ങള്‍ മെനയുന്നു.
ഗതാഗത സൗകര്യത്തിനായി വിവിധ രാജ്യങ്ങള്‍ പരസ്പരം ചേര്‍ന്ന് വികസിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങളില്‍ പ്രധാനമാണ് തുറമുഖങ്ങള്‍. കുറഞ്ഞ ചെലവില്‍ തടസ്സങ്ങളില്ലാതെ ചരക്ക് നീക്കത്തിനും യാത്രയ്ക്കും ഇവ സഹായിക്കുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വരുന്ന ഭാരതത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ വിഭവങ്ങളുടെ സമാഹരണം അത്യന്താപേക്ഷിതമാണ്. അതില്‍ പ്രധാനം ഇന്ധനം തന്നെയാണ്. ആഫ്രിക്കയിലെയും, ഏഷ്യയിലെയും, ലാറ്റിന്‍ അമേരിക്കയിലെയും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എണ്ണയും, ധാതുക്കളും, സൗരോജ്ജം തുടങ്ങിയ വിഭവങ്ങളിലേക്ക് ഭാരതത്തിന്റെ സാന്നിധ്യമെത്തുവാന്‍ തുറമുഖങ്ങളുടെയും സമുദ്രങ്ങളുടെയും നിയന്ത്രണം വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടു തന്നെ ഹിന്ദു മഹാസമുദ്രത്തിലെ വിവിധ മേഖലകളില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കേണ്ടതുണ്ട്. ഭാരത വിദേശനയത്തിന്റെ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഏറ്റവും ഒടുവിലത്തെ വിജയമാണ് ബംഗ്ലാദേശിലെ മോഗ്ല തുറമുഖത്തിന്റെ നിയന്ത്രണം നേടിയെടുക്കുവാന്‍ സാധിച്ചത്.
ബംഗ്ലാദേശിലെ ബഗര്‍ഹട്ട് ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശത്ത് നിന്ന് 62 കിലോമീറ്റര്‍ വടക്കായി പസൂര്‍ നദിയുടെയും മോംഗ്ലാ നദിയുടെയും സംഗമസ്ഥാനത്താണ് മോഗ്ല തുറമുഖം സ്ഥിതിചെയ്യുന്നത്. ചിറ്റഗോങ്ങിന് ശേഷം ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമാണിത്. പുതിയ സാഹചര്യം ഭാരതത്തിനും ബംഗ്ലാദേശിനുമിടയിലെ സാമ്പത്തിക രാഷ്ട്രീയ ബന്ധം ശക്തമാക്കുമെന്നതില്‍ സംശയമില്ല. റോഡ് മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്ക് നീക്കത്തിന് പകരമായി തുറമുഖത്തിലൂടെ ചരക്ക് നീക്കം സാധ്യമാകുമെന്നത് ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമാണ്. അസം, ത്രിപുര, മേഘാലയ തുടങ്ങിയ ഭാരതത്തിന്റെ അഷ്ടലക്ഷ്മി സംസ്ഥാനങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗമല്ലാതെയുള്ള തന്ത്രപരമായ പ്രവേശനം നല്‍കുന്നുവെന്നുള്ളതുകൊണ്ടും ഇത് ഭാരതത്തിന് ഗുണം ചെയ്യുന്നു. നിലവില്‍ സിലിഗുരി ഇടനാഴി വഴി ചുറ്റി ഈ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നതിന്റെ ദൂരവും ഗതാഗത ചെലവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഇത് കൂടാതെ ആസിയാന്‍ രാജ്യങ്ങളിലേക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഭാരതത്തിന്റെ പ്രവേശനത്തിനും പുതിയ തുറമുഖ സഹകരണം സഹായകരമാവും.
ഇറാനിലെ ചബഹാറിനും മ്യാന്‍മറിലെ സിറ്റ്‌വെ തുറമുഖത്തിന് ശേഷം ഭാരതം നിയന്ത്രിക്കുന്ന മൂന്നാമത്തെ തുറമുഖമെന്ന നിലയില്‍ മോഗ്ലയ്ക്ക് തന്ത്രപ്രധാനമായ പ്രാധാന്യം കൂടിയുണ്ട്. ലോകത്തിനും ഭാരതത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചൈനയുടെ ഇടപെടലുകള്‍ പ്രത്യേകിച്ച് ഹിന്ദു മഹാസമുദ്രത്തില്‍ അരങ്ങേറുന്നത്. നിലവില്‍ ഹിന്ദു മഹാസമുദ്രത്തിലെ 17 തുറമുഖങ്ങളില്‍ ചൈനയ്ക്ക് പങ്കാളിത്തമുണ്ട്. ഇവയില്‍ 13 എണ്ണം ചൈന നേരിട്ട് നിര്‍മ്മിക്കുകയും എട്ട് പദ്ധതികളില്‍ ഓഹരി നിക്ഷേപം നടത്തുകയും ചെയ്തു. ഇവയില്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖവും പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖവും ഉള്‍പ്പെടുന്നു. ജിബൂട്ടിയില്‍ 78 മില്യണ്‍ ഡോളറും ഗ്വാദറില്‍ 1.6 ബില്യണ്‍ ഡോളറുമാണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ ഭാരതത്തിന്റെ സമീപത്ത് കരയിലും ചൈനീസ് സൈനിക സാന്നിധ്യമുണ്ട്. ഇവയുടെ പ്രധാനകാരണം ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെ 80 ശതമാനവും ഭാരതത്തിന് അപ്രമാദിത്വമുള്ള ഹിന്ദു മഹാസമുദ്രത്തിലൂടെ കടന്നുപോകുന്നുവെന്നുള്ളതാണ്. ഇവയ്ക്ക് സുരക്ഷ ഒരുക്കുന്നതിനും ഭാരതത്തെ ഭയപ്പെടുത്തുന്നതിനുമാണ് ഈ തന്ത്രം ചൈന പയറ്റുന്നത്. അതുകൊണ്ടു തന്നെ അതേ നാണയത്തില്‍ തന്നെയുള്ള ന്യൂദല്‍ഹിയുടെ മറു തന്ത്രം കൂടിയാണ് മോംഗ്ല തുറമുഖ ഇടപാട്. വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഇവയ്ക്ക് പുറമെ ഭാരതം രൂപം നല്കുന്നുണ്ട്.
ഹിന്ദു മഹാസമുദ്രത്തോട് ചേര്‍ന്നാണ് ഭാരതം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ചൈനയ്ക്ക് മേഖലയിലെ വിവിധ രാജ്യങ്ങളുമായുള്ള തുറമുഖ സഹകരണം ഭാരതത്തേക്കാള്‍ വളരെ ശക്തമാണ്. ചൈനീസ് ഭരണകൂടത്തിന്റെ കുതന്ത്രങ്ങളെ ശക്തമായി നേരിടുന്നതില്‍ വന്‍ വീഴ്ചയാണ് ഭാരതം ഭരിച്ച മുന്‍കാല സര്‍ക്കാരുകള്‍ക്കുണ്ടായത്. പ്രത്യേകിച്ചു 2005 മുതലുള്ള യു.പി.എ ഭരണകാലത്താണ് ചൈനയുടെ വിപുലീകരണ ശ്രമങ്ങള്‍ മേഖലയിലേക്ക് പടര്‍ന്നതും ശക്തമായതും. സമുദ്ര മേഖലയില്‍ മാത്രമല്ല കരയിലും ചൈനയ്ക്ക് വലിയ സ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. പാക് അധീന കാശ്മീരിലൂടെയുള്ള ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും മ്യാന്മറിലും നേപ്പാളിലും ചൈന നടത്തിയ മുന്നേറ്റങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. മാത്രമല്ല ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെടെയുള്ള പല സൗഹൃദ രാജ്യങ്ങളും ചൈനീസ് വലയില്‍ വീഴുകയും ചെയ്തു. തിബറ്റ്, കാശ്മീര്‍ തുടങ്ങിയ വിഷയത്തില്‍ നെഹ്റുവിന്റെ കാലത്തുണ്ടായ വീഴ്ചകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇക്കാലയളവിലെ കോണ്‍ഗ്രസിന്റെ വിദേശനയം ഭാരതത്തെ നയിച്ചത്. എന്നാല്‍ ഇവയില്‍ നിന്നൊക്കെയുള്ള തിരിച്ചു പോക്കാണ് ഭാരത വിദേശനയത്തില്‍ ഇന്ന് കാണുവാന്‍ സാധിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരികെ ലഭിക്കുന്നതിന്റെ സൂചനകൂടിയാണ് കൂടുതല്‍ രാജ്യങ്ങള്‍ തന്ത്രപ്രധാനമായ സഹകരണത്തിന് മുന്‍കൈ എടുക്കുന്നതും പുതിയ നേട്ടങ്ങള്‍ ഭാരത്തിന് ലഭിക്കുന്നതും. അതുകൊണ്ട് തന്നെ മോഗ്ല തുറമുഖത്തിന്റെ നടത്തിപ്പിലേക്ക് ഭാരതം കടന്നു വരുന്നത് മേഖലയിലെ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നുറപ്പാണ്.