കുഴിയിലേക്ക് കാലുനീട്ടിയിരിക്കുമ്പോഴാണ്, പഴയ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം സി.കെ.പി പത്മനാഭന് മനസ്സ് തുറക്കാന്‍ തോന്നിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും അഴിമതിയും പണം വെട്ടിക്കലുമൊക്കെ അദ്ദേഹത്തിന്റെ വിമര്‍ശനത്തിനു വിധേയമായി. കര്‍ഷക സംഘത്തിന്റെ 25 ലക്ഷം ഇ.പി.ജയരാജനും കെ.വി.രാമകൃഷ്ണനും എടുത്തുകൊണ്ടുപോയതും ഓഫീസ് സെക്രട്ടറി നാലുലക്ഷം തട്ടിയെടുത്തതുമൊക്കെ അദ്ദേഹം തുറന്നു പറഞ്ഞു. കൈതോലപ്പായയില്‍ വിജയന്‍ സഖാവ് പൊതിഞ്ഞു കൊണ്ടുപോയ നോട്ടിന്റെ കണക്ക് എത്രയെന്ന് കൂടെയുണ്ടായിരുന്ന ശക്തിധരനു പോലും എണ്ണി തിട്ടപ്പെടുത്താനായിട്ടില്ല. പാവപ്പെട്ടവന്റെയും ദരിദ്ര കര്‍ഷകന്റെയും പാര്‍ട്ടിയല്ലേ. ബക്കറ്റ് പിരിവുപോലെ വരവിനും പോക്കിനും അവിടെ കണക്ക് ബോധിപ്പിക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് കണക്ക്. തന്നെ ദ്രോഹിച്ചവരോട് പ്രകൃതി കണക്ക് പറയും എന്നും അതു ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും തനിക്കതില്‍ സന്തോഷമുണ്ടെന്നുമാണ് പത്മനാഭന്‍ പറഞ്ഞത്. മാര്‍ക്‌സിസ്റ്റായതുകൊണ്ട് ദൈവം എന്നു പറയാന്‍ വയ്യാത്തതിനാല്‍ പ്രകൃതി എന്നു പറഞ്ഞതാണ്.
ഇത്രയും കാലം പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് പുറത്തുപോകാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് എന്നായിരുന്നു ഉത്തരം. അപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നയത്തിന്റെ തകരാറാണോ എന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാന്‍ പത്മനാഭന്‍ തയ്യാറില്ല. പകരം പാര്‍ട്ടിക്കു പുറത്തായ എം.വി. രാഘവന്റെ കാര്യം പറയുന്നു. രാഘവന്റേതു ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന നിലപാടായിരുന്നു എന്നു തനിക്കും അഭിപ്രായമുണ്ടായിരുന്നു എന്നുപറഞ്ഞ പത്മനാഭന്‍ രാഘവന്‍ പുറത്തുപോയ ശേഷമാണ് പാര്‍ട്ടിയില്‍ ഇതു ചര്‍ച്ചയായത് എന്നു തുടര്‍ന്നു പറയുന്നു. സ്റ്റാലിനുശേഷം അധികാരത്തില്‍ വന്ന ക്രൂഷ്‌ചേവ് സ്റ്റാലിന്റെ നടപടികളെ വിമര്‍ശിച്ചു പ്രസംഗിച്ചു. ഇതുകേട്ട ഒരാള്‍ എന്തുകൊണ്ട് സ്റ്റാലിന്റെ കാലത്ത് ഇങ്ങനെ പറഞ്ഞില്ല എന്ന് ചോദിച്ചു. ആരാണതു ചോദിച്ചത് എന്നു ക്രൂഷ്‌ചേവ് തിരിച്ചു ചോദിച്ചപ്പോള്‍ ഒരാളും മറുപടി പറഞ്ഞില്ല. ഇതായിരുന്നു അന്നത്തെയും അവസ്ഥ എന്നു ക്രൂഷ്‌ചേവ് പ്രതികരിക്കുകയും ചെയ്തു. ജോര്‍ജ് ഓവലിന്റെ എനിമല്‍ ഫാം എന്ന നോവല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിലെ അടിമ ജീവിതത്തിന്റെ കഥയാണ്. ഇതിന്റെ ആവര്‍ത്തനമാണ് സി.പി.എമ്മില്‍ സംഭവിക്കുന്നത്. വിജയന്‍ സഖാവിന് എം.വി. രാഘവന്റെ ഗതി വന്നാലേ കൈതോലപ്പായ മുതല്‍ മാസപ്പടി വരെയുള്ള സകലമാന കണക്കുകളും പുറത്തുവരൂ. അതുവരെ അതു ചിത്രഗുപ്തന്റെ പുസ്തകം പോലെ സഖാക്കളുടെ ചുകപ്പന്‍ഹൃദയത്തിന്റെ ഇരുമ്പുമറയില്‍ കഴിയും.