ഒറ്റ നിറം മാത്രം ഉപയോഗിച്ചു ചിത്രരചന നടത്തി പ്രസിദ്ധനായിത്തീര്‍ന്ന ചിത്രകാരനാണ് ദിനേശ് ഷേണായി. മട്ടാഞ്ചേരിയിലെ പള്ളിയറക്കാവ് ദേവിക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ അതുല്യമായ ചിത്രശേഖരങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. കൊച്ചിയിലേയും കേരളത്തിലെയും പൗരാണികമായ കെട്ടിടങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ച അദ്ദേഹം പൗരാണികത നിഴലിക്കുന്ന നിറമാണ് രചനയ്ക്കായി ഉപയോഗിക്കുന്നത്. വളരെ കൃത്യമായ വീക്ഷണമാനവും, പശ്ചാത്തല പ്രകൃതിയുമെല്ലാം ഒറ്റ നിറത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ അത്ഭുതകരമായി വിജയം വരിച്ച പ്രതിഭയായ ദിനേശ് ഷേണായിയുമായി കേസരിക്കുവേണ്ടി ചിത്രകാരനും ശില്‍പ്പിയുമായ രമേശ് ലക്ഷ്മണ്‍ നടത്തിയ അഭിമുഖം.
?ഒരു ബാന്‍ഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെട്ടിരുന്ന താങ്കള്‍ ചിത്രകലയിലേയ്ക്കു കടന്നു വന്നത് എങ്ങനെയാണ്?
♠ചെറുപ്പം തൊട്ടേ ചിത്രകല എന്റെ ഉള്ളിലുണ്ട്. കുടുംബത്തില്‍ ചിത്രകലയുമായി ബന്ധപ്പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പിതാവ് രംഗനാഥ ഷേണായ് എറണാകുളത്തെ ജ്യൂസ് സ്ട്രീറ്റില്‍ വെടിമരുന്നും മറ്റും വില്‍ക്കുന്ന ഒരു കടയിലെ ജോലിക്കാരനായിരുന്നു. അമ്മയുടെ പേര് രാധാമണി എന്നാണ്. എനിക്ക് പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ മുതല്‍ എന്റെ അച്ഛന്‍ അസുഖബാധിതനായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല.
വിദ്യാലയകാലം മുതല്‍ തന്നെ ഞാന്‍ വരയ്ക്കാന്‍ തുടങ്ങി. പക്ഷെ, മത്സരങ്ങളില്‍ പങ്കെടുക്കുകയോ, വരച്ച ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുകയോ ചെയ്തിരുന്നില്ല. 1982-ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ബ്രഷ് എടുത്തുതുടങ്ങിയത്. പിന്നെയും പത്തുകൊല്ലത്തിനു ശേഷമാണ് ചിത്രകല പഠിക്കാന്‍ പോയത്. ജീവിക്കാന്‍ വേണ്ടി ഡ്രംസ് കൈകാര്യം ചെയ്തിരുന്നു. കൂടാതെ വീടുകളില്‍ പോയി ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. അങ്ങനെ പോകുന്ന ചില വീടുകളിലെ അമ്മമാരില്‍ പലരും ചിത്രം വരയ്ക്കുന്നതു കാണാറുണ്ട്. എറണാകുളത്തെ അബാദ് ഹോട്ടലിനടുത്തൊരു വീട്ടില്‍ നന്നായി വരയ്ക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ജയന്തി എന്നായിരുന്നു അവരുടെ പേര്. അവരുടെ മകനെ പഠപ്പിക്കാനായി ഞാന്‍ അവിടെ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ വരച്ച ഒരു ചിത്രത്തില്‍ എനിക്ക് ചില അപാകതകള്‍ തോന്നി. അതു ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത്രയുമൊക്കെ അറിയാമെങ്കില്‍ പിന്നെ ചിത്രകല പഠിക്കാന്‍ പോകരുതോ എന്ന് അവര്‍ എന്നോടു ചോദിച്ചു. അങ്ങനെ അവര്‍ പറഞ്ഞതനുസരിച്ച് ദിവാന്‍സ് റോഡിലെ വിമന്‍സ് അസോസിയേഷന്‍ ഹാളിനടുത്തുണ്ടായിരുന്ന ആദര്‍ശ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു.
അതൊരു സാധാരണ സ്‌കൂളായിരുന്നില്ല. വീട്ടമ്മമാരായിരുന്നു അവിടുത്തെ വിദ്യാര്‍ത്ഥികള്‍. അവര്‍ക്ക് അതൊരു ഹോബി മാത്രമായിരുന്നു. മീനാ മാഡവും വിജയന്‍ സാറുമായിരുന്നു അവിടുത്തെ അദ്ധ്യാപകര്‍. പ്രൊഫഷണല്‍ ആര്‍ടിസ്റ്റുകളെ സൃഷ്ടിക്കുന്ന ചിത്രകലാ പഠനമായിരുന്നില്ല അവിടെ നടന്നിരുന്നത്. ഒരു ചിത്രം കൊണ്ടുപോയാല്‍ നമ്മളെക്കൊണ്ട് അവര്‍ അതു വരപ്പിക്കും. ആ രീതിയിലുള്ള പഠനമാണ് അവിടെ നടന്നിരുന്നത്. ആദ്യം ചില ചെറിയ വര്‍ക്കുകളൊക്കെ തന്നു. വ്യവസ്ഥാപിതമായ രീതിയിലായിരുന്നില്ല അവിടുത്തെ പഠനം. ആറുമാസത്തോളം ഞാന്‍ അവിടെ തുടര്‍ന്നു. പിന്നീട് പഠനം മുടങ്ങി.
?തുടക്കത്തില്‍ തന്നെ ചിത്രകലാ പഠനം മുടങ്ങിയത് തിരിച്ചടിയായി തോന്നിയോ?
♠ചിത്രകലാപഠനം മുടങ്ങിയതിനുശേഷം വീട്ടില്‍ തന്നെയിരുന്ന് അറിയാവുന്ന കളറൊക്കെ വെച്ച് ഞാന്‍ സ്വന്തമായി വരച്ചു തുടങ്ങി. എനിക്കാണെങ്കില്‍ കളര്‍ കോമ്പിനേഷനൊന്നുമറിയില്ല. അന്ന് ഇന്റര്‍നെറ്റോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ലാത്തതിനാല്‍ സാങ്കേതികവിദ്യകളുടെ സഹായവും ലഭിച്ചില്ല. ഓയില്‍ പെയിന്റിന്റെ ഒരു സെറ്റിന് നൂറോ നൂറ്റിരുപതോ രൂപയായിരുന്നു അന്നു വില. ഇപ്പോള്‍ ഒരു ട്യൂബിനു മുന്നൂറു രൂപയാണു വില. അന്ന് അതു വാങ്ങിക്കുവാനുള്ള കാശുപോലും ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് എന്നില്‍ വലിയ മാറ്റമുണ്ടാക്കിയ ജോസഫ് ന്യൂട്ടണ്‍ എന്ന അദ്ധ്യാപകനെ ഞാന്‍ കണ്ടുമുട്ടിയത്. വളരെ രസകരമായ ഒരു സംഭവമാണത്. അന്ന് ബ്രോഡ്‌വേയുടെ തെക്കേ അറ്റത്ത് ഒരു ഫോട്ടോഫ്രെയിം കടയുണ്ടായിരുന്നു. ഒരു ഷെഡുപോലെയുള്ള കട. ഇപ്പോള്‍ അതില്ല. ഞാന്‍ വരച്ച ഒരു ചിത്രം അവിടെ ഫ്രെയിം ചെയ്യുവാന്‍ കൊണ്ടുപോയി. ആ ചിത്രം കണ്ടവരെല്ലാം അതിലൊന്നും ചെയ്യാനില്ലെന്നും അത്രയ്ക്ക് ഗംഭീരമാണതെന്നും അഭിപ്രായപ്പെട്ടു. അങ്ങനെ വളരെ അഭിമാനത്തോടുകൂടി ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ താടി വെച്ച് വെള്ള ജുബ്ബ ധരിച്ച പൊക്കം കുറഞ്ഞ ഒരാള്‍ അവിടേക്ക് വന്നു. അദ്ദേഹം എന്റെ പെയിന്റിംഗിലേക്കു നോക്കി. അദ്ദേഹം എന്നോട്, ഇതു താന്‍ വരച്ചതാണോ എന്നു ചോദിച്ചു. ഞാന്‍ അതെ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ഫിനിഷായോ? അതു കേട്ടപ്പോള്‍ എനിക്കു ഷോക്കടിച്ചതുപോലെയായി. ഞാന്‍ പണിതീര്‍ത്ത് അഭിമാനത്തോടെ ഫ്രെയിം ചെയ്യാന്‍ കൊണ്ടുവന്ന ചിത്രമായിരുന്നല്ലോ അത്. ഇത്രയൊക്കൊ മതി എന്ന് ഞാന്‍ കുറച്ച് അഹങ്കാരത്തോടെ പറഞ്ഞു. താന്‍ പെയിന്റിംഗ്‌സൊക്കെ കാണാറുണ്ടാ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അക്കാദമിയില്‍ പോയി പെയിന്റിംഗ്‌സ് കാണാറുണ്ടെന്നു ഞാന്‍ പറഞ്ഞു. നല്ല പെയിന്റിംഗ്‌സൊക്കെ കാണണമെങ്കില്‍ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞ് അദ്ദേഹം വിലാസം തന്നു. ആ അഡ്രസ് ഞാന്‍ കയ്യില്‍ കരുതി. വീട്ടില്‍ വന്നപ്പോള്‍ ഈ സംഭവം ഞാന്‍ അച്ഛനോടു പറഞ്ഞു. അയാളുടെ വീട്ടില്‍ പോകാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. പിറ്റേന്ന് ഞാന്‍ സൈക്കിളില്‍ അവിടേക്ക് പോയി. അന്നു ഞങ്ങള്‍ ടി.ഡി. റോഡിലുള്ള നരസിംഹസ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു താമസം. എളമക്കരയിലെ ഒരു ഇടവഴിയിലെ ഒരു വലിയപറമ്പിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം വീടിനുമുന്നില്‍ ഒരു ചാരുകസേരയില്‍ കിടക്കുകയായിരുന്നു. കൈകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു. ഉള്ളിലേക്ക് കടന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഒരു ചെറിയ നാലുകെട്ട് വീട്, നടുത്തളമൊക്കെയുണ്ട്. ആ നാലുകെട്ടിന്റെ ചുമരില്‍ മുഴുവനും ചിത്രങ്ങളായിരുന്നു. പിക്കാസോ, റൂബിന്‍സ് മുതലായ മാസ്റ്റേഴ്‌സിന്റെ പെയിന്റിംഗുകളായിരുന്നു എല്ലാം. എനിക്കു ലജ്ജതോന്നിയ നിമിഷമായിരുന്നു അത്. അവിടെ ബെഡ്‌റൂമില്‍ വരെ ചിത്രങ്ങളുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വരച്ചതാണ്. അതിപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല.
?അന്നു തന്നെ അദ്ദേഹത്തിന്റെ കീഴില്‍ പഠനം തുടങ്ങിയോ?
♠ചിത്രങ്ങളൊക്കെ കണ്ട് ഇറങ്ങിയപ്പോള്‍ എന്നെ വരയ്ക്കാന്‍ പഠിപ്പിക്കാമോ എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. പഠിപ്പിക്കാന്‍ വേണ്ടിയല്ല ഇവിടെ വരാന്‍ പറഞ്ഞതെന്നും ഇതെല്ലാം ഒന്നു വന്നു കണ്ടുപൊയ്‌ക്കോട്ടെ എന്നു മാത്രമേ കരുതിയുള്ളൂ എന്നും പറഞ്ഞ് അദ്ദേഹം എന്റെ ആവശ്യം നിരസിച്ചു.
നിരാശയോടെ ഞാന്‍ തിരികെ വീട്ടിലെത്തി. വിവരങ്ങള്‍ അച്ഛനോടു പറഞ്ഞു. നാളെയും പോകണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. തലേന്നത്തേക്കാള്‍ സമയമെടുത്ത് ഞാന്‍ ആ ചിത്രങ്ങളൊക്കെ വീണ്ടും കണ്ടു. ദിവസങ്ങളോളം ആ സന്ദര്‍ശനം തുടര്‍ന്നു. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം എന്നെ ചിത്രരചന പഠിപ്പിക്കാമെന്ന് സമ്മതിച്ചു. രാവിലെ എനിക്ക് തേവരയില്‍ ട്യൂഷന്‍ എടുക്കാനുണ്ടായിരുന്നു. അതു കഴിഞ്ഞു പത്തുമണിക്ക് വരാന്‍ അദ്ദേഹം പറഞ്ഞു. പത്തുമണി മുതല്‍ ഒരുമണി വരെ മൂന്നുമണിക്കൂര്‍ പഠനം. അതുകഴിഞ്ഞ് അടുത്ത ട്യൂഷന്‍. ഉച്ചയൂണ്‍ അവിടുന്നാകാമെന്നും അദ്ദേഹം പറഞ്ഞു. ഫീസൊന്നും വേണ്ടെന്നും അങ്ങനെ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ചില നിബന്ധനകളും അദ്ദേഹം മുന്നോട്ടുവച്ചു. അത്തരം നിബന്ധനകളൊന്നും ഇന്നെവിടെയുമില്ല. ഒന്നാമത്തെ നിബന്ധന പഠനത്തിനിടെ ഒരക്ഷരം മിണ്ടരുത് എന്നതാണ്. സംശയം ചോദിക്കരുതെന്നര്‍ത്ഥം. രണ്ടാമത്തെ നിബന്ധന താന്‍ ഇവിടുന്നൊന്നും വരയ്ക്കരുത്. ബ്രഷും പെയിന്റും കൊണ്ടുവരരുത്. തന്റെ വര്‍ക്കൊന്നും ഇവിടെ കൊണ്ടുവരണ്ട. താന്‍ ഇവിടെ വന്നിരുന്നു ഞാന്‍ വരക്കുന്നത് നോക്കിയിരിക്കണം, എനിക്കു മതിയാകുമ്പോള്‍ ഞാന്‍ നിര്‍ത്തും. എങ്കിലും ശരിയായ പഠനരീതിയായിരുന്നു അത്. ഇപ്പോഴത്തെ തലമുറ ഒരു പടം കിട്ടിയാല്‍ ഉടനെ അതു വരയ്ക്കാനാണ് ശ്രമിക്കുക. അവര്‍ മഞ്ഞ കാര്‍ബണോ മറ്റോ ഉപയോഗിച്ചു ട്രയിസ് ചെയ്യും. ശേഷം അതില്‍ കളര്‍ നിറച്ച് അഭ്യാസം ചെയ്യും. വാസ്തവത്തില്‍ അപ്പോള്‍ നാം ഒന്നും പഠിക്കുന്നില്ല. വെറുതെ കളര്‍ നിറയ്ക്കുന്നതല്ലല്ലോ പെയിന്റിംഗ്. ഇന്ന് മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ധാരാളമുണ്ട്. എങ്കിലും ഏതു വലിയ സ്ഥാപനങ്ങളിലായാലും ശരി, ഓരോ പടവും നോക്കി വരച്ചു വരച്ചുപോകുന്നതല്ലാതെ പഠിത്തമൊന്നും നടക്കുന്നില്ല. എങ്കിലും പാരമ്പര്യമായി നടത്തുന്നവര്‍ കൃത്യമായി ക്ലാസുകളെടുക്കാറുണ്ട്.
?തികച്ചും വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് താങ്കളെ ചിത്രകല ആഭ്യസിപ്പിച്ചത്. അല്ലേ?
♠തീര്‍ച്ചയായും. ഞാന്‍ പോകുമ്പോള്‍തന്നെ സാറ് ഫ്രിഡ്ജ് തുറക്കും. ഫ്രിഡ്ജിലാണ് കളറുകള്‍ സൂക്ഷിക്കുന്നത്. ഇന്നു ഞാന്‍ എടുക്കുന്ന പെയിന്റ് ബാക്കിയുണ്ടെങ്കില്‍ കളയില്ല. നാളെ ഞാനത് ചാലിച്ചെടുക്കും. പക്ഷെ, സാറതു ചെയ്യില്ല. ചാലിച്ച പെയിന്റ് ബാക്കിയുണ്ടെങ്കില്‍ അതു തുറന്നുവെക്കാതെ നേരെ ഫ്രിഡ്ജില്‍ സൂക്ഷിക്കും. അതിനുവേണ്ടി മാത്രം ഒരു ഫ്രിഡ്ജ് അവിടെയുണ്ടായിരുന്നു. അതില്‍ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. ബാക്കി പെയിന്റ് ഇല്ലെങ്കില്‍ അതു തുടച്ചുവൃത്തിയാക്കി വെക്കും. അതുപോലെ ബ്രഷ്, സോപ്പിട്ടു കഴുകിവെക്കുമായിരുന്നു. ഈ പറഞ്ഞപോലെ പന്ത്രണ്ടു കളറല്ല ഇരുപത്തിനാലു കളറും എടുത്തു വെയ്ക്കും. എന്നിട്ട് അവിടുന്നും ഇവിടുന്നും തോണ്ടിയെടുത്താണ് കളര്‍ കൂട്ടുന്നത്. ഏതൊക്കെയെടുത്തുവെന്ന് ഒരു പിടിയും കിട്ടില്ല. അത് ഏതാണ് എടുത്തതെന്ന് ചോദിക്കാന്‍ പാടില്ല. ഏതൊക്കെയാണെന്നു നോക്കി മനസ്സിലാക്കണം. അങ്ങനെ ഒരു നാലഞ്ചുമാസം ഞാന്‍ ഇത്തരത്തില്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം സ്ഥിരം ചെയ്യുന്ന കുറെ കളറുകളുണ്ട്. അധികമാരും ഉപയോഗിക്കാത്ത കളറുകളാണത്. അതു ഞാന്‍ ശ്രദ്ധിച്ചു. എന്തു കളാറാണു ചെയ്യുന്നത്, എങ്ങനെയാണു ചെയ്യുന്നത് എന്നൊക്കെ നോക്കി നിന്നു പഠിച്ചു.
?ആ സമയത്ത് വീട്ടിലിരുന്നു വരയ്ക്കുമായിരുന്നോ?
♠ഏതാണ്ട് ആറുമാസത്തോളം അതു തുടര്‍ന്നപ്പോള്‍ വരയെക്കുറിച്ച് ഏതാണ്ട് ഒരുവിധം ധാരണ ലഭിച്ചു എന്ന് എനിക്ക് തോന്നി. ഒരു ദിവസം ഞാന്‍ ചെയ്ത ഒരു വര്‍ക്ക് നോക്കി അഭിപ്രായം പറയണമെന്ന് സാറിനോട് പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചു. എനിക്കു വളരെ സന്തോഷം തോന്നി. ഞാന്‍ ഒരു സ്വപ്‌നലോകത്തായി. അടുത്തദിവസം എന്റെ വര്‍ക്ക് അവിടെ കൊണ്ടുപോയി വച്ചു. സാറ് അത് ശ്രദ്ധിച്ചതേയില്ല. താനത് അവിടെ വച്ചേയ്ക്കൂ എന്ന് അദ്ദേഹം അലസമായി പറഞ്ഞു. സാര്‍ എപ്പോള്‍ നോക്കിയാലും കാണുന്ന വിധത്തില്‍ ഞാന്‍ അതു തുറന്ന് അവിടെ ചരിച്ചുവച്ചു. സാര്‍ വന്ന് അതു ശരിയാക്കിത്തരുമെന്നു വിചാരിച്ച് ഞാന്‍ ഇരുന്നു. അതു കണ്ടവരെല്ലാം പറഞ്ഞത് അതില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നാണ്. സാറിന് ഇതിലൊരു തെറ്റും കണ്ടുപിടിക്കാനില്ലെന്ന അഹങ്കാരം എന്റെ മനസ്സില്‍ മുളപൊട്ടി. ഞാന്‍ ഇവിടെ ആറുമാസമായി നോക്കി പഠിക്കുന്നതല്ലേ. ഒരുമിച്ചിരുന്ന് ഊണുകഴിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, എടോ അതില്‍ ചെറിയൊരു കുഴപ്പമുണ്ട്. ഞാന്‍ നാളെ ശരിയാക്കി വെക്കാം. എങ്ങനെയായിരിക്കും അദ്ദേഹം അതു മാറ്റാന്‍ പോകുന്നതെന്നു ചിന്തിച്ച് രാത്രി എനിക്ക് ഉറക്കം പോലും വന്നില്ല. 1992ലായിരുന്നു ഈ സംഭവം. രാവിലെ ഞാന്‍ ഒരു കുട്ടിയെപ്പോലെ ചാടിയെണീറ്റ് സൈക്കിള്‍ എടുത്ത് യാത്ര തിരിച്ചു. പതിവുപോലെ സാര്‍ അവിടെ വര്‍ക്കുചെയ്തുകൊണ്ട് നില്‍ക്കുന്നു. എന്റെ ചിത്രം അവിടെയെങ്ങും കണ്ടില്ല. സാര്‍ അതു ചെയ്തിട്ട് ഉണങ്ങാന്‍ വെച്ചിരിക്കുകയാകും എന്നു ഞാന്‍ വിചാരിച്ചു. അദ്ദേഹമാണെങ്കില്‍ അതേക്കുറിച്ച് ഒന്നും പറയുന്നുമില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, സാറേ എന്റെ വര്‍ക്ക്? അപ്പോള്‍ അദ്ദേഹം പറഞ്ഞു, എടോ അതില്‍ മുഴുവന്‍ പ്രശ്‌നങ്ങളാണ്. ഞാന്‍ അതില്‍ വെള്ളയടിച്ചു. അദ്ദേഹം അതില്‍ ടെക്‌സ്ച്ചര്‍വൈറ്റ് അടിച്ചു വെള്ള ക്യാന്‍വാസാക്കി വച്ചിരിക്കുന്നു. ഞാന്‍ ഷോക്കേറ്റതുപോലെയായി.
ഞാന്‍ ചോദിച്ചു, സാറെ എന്താണു പ്രശ്‌നം? എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേ. ഇത്രയും നല്ല വര്‍ക്ക് ചീത്തയാക്കണമായിരുന്നോ? സാര്‍ ആ വെള്ള ക്യാന്‍വാസ് നോക്കിയിട്ടു പറഞ്ഞു. താന്‍ വരച്ച ചിത്രത്തില്‍, ആ ഭാഗത്ത് ഉപയോഗിച്ച കളര്‍ കോമ്പിനേഷന്‍ ശരിയല്ല. എനിക്ക് ആ കളര്‍ നന്നായിട്ട് ഒര്‍മ്മയുണ്ടായിരുന്നു. യെല്ലോ ഓക്കര്‍ ഉപയോഗിച്ചിട്ടുള്ള കോമ്പിനേഷനായിരുന്നു. അദ്ദേഹം പറഞ്ഞു അത് കുഴപ്പമാണ്. ആറുമാസം കഴിഞ്ഞാല്‍ അതിനു നിറവ്യത്യാസം വരും. അവിടെ താന്‍ വെയ്‌ക്കേണ്ടത് യെല്ലോ ഓക്കര്‍ അല്ല റോ സിയന്നയാണ്. ബേണ്‍ന്റ് സിയന്നയ്ക്കു പകരം ലൈറ്റ് റെഡ് വെക്കണമായിരുന്നു. അങ്ങനെ ഞാന്‍ സാറിനെ കാണിക്കാതെ വീട്ടിലിരുന്നു ചെയ്ത വര്‍ക്ക് ആ വെള്ള ക്യാന്‍വാസ് നോക്കി സാറു കൃത്യമായി പറഞ്ഞു. താന്‍ കണ്ടിട്ടില്ലേ ചില ചിത്രങ്ങള്‍ കുറേക്കാലം കഴിയുമ്പോള്‍ നിറം മങ്ങിപ്പോകുന്നത്, അതുപോലെയാകും തന്റെ ചിത്രവും എന്ന് അദ്ദേഹം സൂചിപ്പിച്ചു. അത് അങ്ങനെയാകരുതെങ്കില്‍ ഉപയോഗിക്കേണ്ട കളറുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു തന്നു. നമ്മള്‍ സ്ഥിരമായിട്ടു കാണുന്ന പന്ത്രണ്ട് കളറുകളുടെ കുഴപ്പമാണ്. അതല്ലാതെ പന്ത്രണ്ടു കളറുകളുണ്ട്. ആ പന്ത്രണ്ടു കളറുകള്‍ നമ്മുടെ കയ്യിലില്ല. എന്റെ കയ്യില്‍ റോ സിയന്നയില്ല. ഉള്ളത് യെല്ലോ ഓക്കറാണ്. ഞാന്‍ അതാണു വെക്കുന്നത്. എന്റെ കയ്യില്‍ ബേണ്‍ന്റ് അംബറില്ല, ലൈറ്റ് റെഡില്ല. അപ്പോള്‍ സാര്‍ എന്നോടു പറഞ്ഞു, അതു തനിക്കിപ്പോള്‍ നല്ലതായിട്ടു തോന്നും. താന്‍ ഇവിടെ പഠിക്കാനായിട്ടല്ലേ വന്നത്. അപ്പോള്‍ താനിവിടെ നിന്നു പോകുമ്പോള്‍ പെര്‍ഫെക്ടായിട്ടു പോകണം.
താന്‍ വര്‍ക്കുചെയ്യുന്നില്ല എന്നുള്ളതു വേറെ കാര്യം. അതാണ് അതിന്റെ പ്രശ്‌നം. അതെല്ലാം ശരിയാക്കണമെങ്കില്‍ അതിന്റെ മുകളില്‍ ചെയ്യണം. അതിനെക്കാള്‍ നല്ലത് ഫ്രഷായിട്ടു ചെയ്യുകയാണ്. സാര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കുതോന്നി. അദ്ദേഹം എന്നെ കുറ്റപ്പെടുത്തിയതല്ല.
ഞാനതു വീട്ടില്‍ വന്ന് അച്ഛനോടു പറഞ്ഞു. സാറിന്റെ തീരുമാനം അച്ഛനും ശരിവെച്ചു. സാര്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു, താന്‍ ചെയ്ത വര്‍ക്ക് ശരിയായില്ലയെന്നു തോന്നിയാല്‍ അതു മായ്ക്കാനുള്ള ആത്മധൈര്യം തനിക്കു വേണം. വര്‍ക്കിനേക്കാള്‍ ഉയര്‍ന്നവനാവണം താന്‍. ശില്‍പ്പിയാണ് ഉയര്‍ന്നത്; ശില്‍പമല്ല. തന്റെ വര്‍ക്ക് തനിക്കു താഴെ നില്‍ക്കണം.
പക്ഷെ, പൊതുവേ പറ്റുന്നത്, നമ്മള്‍ പെന്‍സില്‍ ഷെയ്ഡിംഗില്‍ ലൈറ്റ് ആന്‍ഡ് ഷെയ്ഡ് ചെയ്യുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഡെപ്ത്ത് വെയ്ക്കുന്നതു സംബന്ധിച്ച് ഒരു പേടിയുണ്ടാകാറുണ്ട്. ആ സംശയം കാരണം നാം ഒന്നും ചെയ്യാതെ അവിടെ നില്‍ക്കും. മുന്നോട്ടു നീങ്ങില്ല. നേരെ മറിച്ചു സംശയമില്ലാതെ കൃത്യമായി അത് അവിടെ വച്ചാല്‍ അതു ശരിയായിത്തീരും. സത്യം പറഞ്ഞാല്‍ അന്ന് സാര്‍ വെള്ളയടിച്ചതില്‍ എനിക്കു വിഷമം തോന്നിയെങ്കിലും പിന്നീട് അതു നിഷേധാത്മകമാണെന്ന് തോന്നിയില്ല.
എന്നാല്‍, ഇത്തരത്തിലുള്ള ഒരു പഠനരീതി ഇന്ന് സാധ്യമല്ല. ഇപ്പോള്‍ എന്റടുത്തു കുറെ കുട്ടികള്‍ ചിത്രരചന പഠിക്കാന്‍ വരുന്നുണ്ട്. അവരോടു ഞാന്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചാല്‍ അടുത്ത ദിവസം അവരുടെ രക്ഷാകര്‍ത്താക്കള്‍ എന്നെ ചോദ്യം ചെയ്യാന്‍ വരും. അവര്‍ക്ക് ശാസ്ത്രീയമായ പഠനമൊന്നും വേണ്ട. മത്സരത്തിനു സമ്മാനം വാങ്ങിച്ചാല്‍ മതി.
?സ്വന്തമായി ഒരു രചനാശൈലി രൂപപ്പെടുത്താന്‍ താങ്കള്‍ക്ക് പ്രേരണ ലഭിച്ചത് എങ്ങനെയാണ്?
♠എന്റെ പഠനം ഏതാണ്ട് ഒരു കൊല്ലത്തോളമായപ്പോള്‍ ഒരു ദിവസം സാര്‍ പറഞ്ഞു, എടോ എനിക്ക് ധാരാളം പണിയുണ്ട്. എല്ലാം ഈ കോപ്പിചെയ്യുന്ന പണിയാണ്. അതിനു ധാരാളം ഓര്‍ഡറുണ്ട്. ഞാന്‍ അതില്‍പ്പെട്ടുപോയി. താന്‍ ഇതില്‍ പെടരുത്. തന്റേതായിട്ട് ഒരു സാധനം വേണം. എന്നാലേ താന്‍ രക്ഷപ്പെടൂ. തന്റേതായിട്ടൊരു സംഭാവന ഈ രംഗത്തു ചെയ്യണം. അത് എന്തുമായിക്കോട്ടെ. ഉദാഹരണത്തിന് പോയിന്റിലിസം, അത് ഒരാളുടെ സംഭാവനയാണ്. അയാള്‍ അതു വച്ച് അയാളുടെ ഒരു ശൈലിയുണ്ടാക്കിയിരിക്കുന്നു. അതുപോലെ തനിക്കു തന്റേതായൊരു ശൈലിയുണ്ടാക്കിയെടുക്കണം. റൂബെന്‍സിന്റെ ചിത്രങ്ങളെടുത്തു നോക്കൂ. അതിനൊരു ശൈലിയുണ്ട്. മൈക്കലാഞ്ചലോയുടെ സൃഷ്ടികളെടുത്തു നോക്കൂ. നമുക്കതു തിരിച്ചറിയാന്‍ സാധിക്കും. കലാധരന്റെ ചിത്രങ്ങളെടുത്താലും ഇങ്ങനെ തന്നെയാണ്. ഒരു ഇരുപത്തഞ്ച് ചിത്രങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചിത്രം വച്ചാല്‍ അതു തിരിച്ചറിയാന്‍ സാധിക്കും. അതാണ് അതിന്റെ പ്രത്യേകത. അതുപോലെ തന്റെ ചിത്രങ്ങളും മറ്റുള്ളവര്‍ തിരിച്ചറിയുന്നതരത്തില്‍ ഒരു ശൈലിയുണ്ടാക്കണം. ഒരു ബ്രാന്റുണ്ടാക്കണം. അതിലാണു ചിത്രകാരന്റെ വിജയം. അത് ആദ്യവസാനം നിലനിര്‍ത്താന്‍ സാധിക്കണം. അതായിരിക്കണം ലക്ഷ്യം. അദ്ദേഹം അങ്ങനെയൊരു നിര്‍ദ്ദേശം തന്നു. ഞാന്‍ അതിനെക്കുറിച്ചു ചിന്തിച്ചു. അപ്പോഴും എന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു ഭാഗത്തുണ്ട്. അപ്പോള്‍ ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിച്ചാലോ എന്നു ചിന്തിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അപകടകാരിയാണെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ കളര്‍ കെമിസ്ട്രിയെന്നൊരു കാര്യം കൂടിയുണ്ട്. അത് പുതിയ തലമുറ നേരിടുന്നൊരു പ്രശ്‌നമാണ്. ചില കളറുകള്‍ തമ്മില്‍ മിക്‌സ് ചെയ്യരുത്; ചിലത് മിക്‌സ് ചെയ്യാം. ചിലത് നേരിട്ടു വെയ്ക്കരുത്, ചിലതു നേരിട്ടു വെയ്ക്കാവുന്നതുമാണ്. ഇതില്‍ ബ്ലാക്ക് നേരിട്ടുവെയ്ക്കരുത്. നേരിട്ടു വച്ചാല്‍ ആ സ്ഥലം ഡ്രൈയായിപോകും. ഒരു ചിത്രത്തിന്റെ കുറെ ഭാഗം ഡ്രൈയായും കുറെ ഭാഗം ഗ്ലോസ്സിയായും ഇരുന്നാല്‍ എങ്ങനെയുണ്ടാകും. ഇനി ബ്ലാക്ക് വെയ്ക്കണമെങ്കില്‍തന്നെ അത് എങ്ങനെ വെയ്ക്കണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. എനിക്ക് അതെല്ലാം പറഞ്ഞുതരേണ്ട സമയമായെന്നു സാറിനു തോന്നിയപ്പോഴാണ് അദ്ദേഹം പറഞ്ഞുതന്നത്. ബ്ലാക്ക് വെയ്ക്കാനുള്ള പ്രതലം ആദ്യമുണ്ടാക്കണം. അവസാനമാണ് ബ്ലാക്ക് വെയ്‌ക്കേണ്ടത്. ബ്ലാക്ക് വെയ്ക്കണോ വേണ്ടയോയെന്നു ആദ്യം തീരുമാനിക്കണം. അങ്ങനെയുള്ള കുറെ കാര്യങ്ങള്‍ സാര്‍ എനിക്കു പറഞ്ഞുതന്നു. പിന്നെ, ചില ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടുവാനായ് ചേര്‍ക്കേണ്ട കളറുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്നിരുന്നു. ഇങ്ങനെ ഒരു അദ്ധ്യാപകനും ഒരു വിദ്യാര്‍ത്ഥിയ്ക്കും പറഞ്ഞുകൊടുക്കാറില്ല; മാത്രമല്ല, അതു കേള്‍ക്കുന്നതു വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവുമല്ല.
?ഒറ്റ കളര്‍ ചിത്രരചനയിലേക്ക് കടന്നത് എങ്ങനെയാണ്?
♠വീട്ടിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല എന്നു പറഞ്ഞല്ലോ. ചിത്രം വരയ്ക്കാന്‍ ചിലവാക്കാന്‍ പൈസ തികയില്ലായിരുന്നു. ക്യാന്‍വാസ് വാങ്ങിക്കാനുള്ള പൈസയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.
അക്കാലത്ത് എറണാകുളത്ത് ഷാ ആന്‍ഡ് കമ്പനിയെന്നൊരു തുണിക്കടയുണ്ടായിരുന്നു. അവിടെ പോയി സാധാരണ ക്യാന്‍വാസ്, ബാനര്‍ അടിക്കാനുള്ളത് വാങ്ങിക്കും. നല്ല പരുക്കനായിട്ടുള്ള, ബാഗൊക്കെ അടിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണത്. അതു പെയിന്റ് ചെയ്യാനുള്ളതല്ല. പിന്നെ, അതില്‍ അടിക്കാനുള്ള ടെക്‌സ്ച്ചര്‍ വൈറ്റ് വാങ്ങിക്കാനും പൈസയില്ല. അതിനു പകരം ചോക്കുപൊടി ഗൂന്തുപശ എന്നിവ വാങ്ങിച്ച് എണ്ണയൊക്കെയിട്ടു കലക്കും. ലിന്‍സീഡ് ഓയിലല്ല, സാധാരണ എണ്ണയിട്ടിട്ടാണു കലക്കുന്നത്. അതിന് ഒരു രൂക്ഷഗന്ധമുണ്ടായിരുന്നു. വീട്ടുകാരൊക്കെ ഉറങ്ങിക്കഴിഞ്ഞാണ് അതു ചെയ്യാറുള്ളത്. അതിന്റെ പേരില്‍ അയല്‍വാസികളുണ്ടാക്കിയ ബഹളം എന്തായിരുന്നെന്ന് അമ്മ പറയും. വീട്ടുകാരും ബഹളമുണ്ടാക്കുമായിരുന്നു. അത് ക്യാന്‍വാസില്‍ മൂന്നുനാലു കോട്ടടിക്കും. അതിന് ഒരു പ്രശ്‌നവുമില്ല. ഇതുവരെയും അതില്‍ ഫംഗസൊന്നും വന്നിട്ടില്ല. അന്നു ഞാന്‍ തയ്യാറാക്കിയ ക്യാന്‍വാസ് ഇപ്പോഴും എന്റടുത്തുണ്ട്. അങ്ങനത്തെ ഒരുപാടു ക്യാന്‍വാസ് ഞാന്‍ ഉണ്ടാക്കി. അധികം ചിലവില്ല, തുണിക്ക് മീറ്ററിന് ഇരുപത്തിയാറ് ഇരുപത്തിയേഴു രൂപയേയുള്ളൂ. അഞ്ചു രൂപ കൊടുത്താല്‍ ചോക്ക്പൗഡറും കിട്ടും.
പിന്നെ, പെയിന്റ്. അതിനു വില കൂടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു ട്യൂബിലാക്കാമെന്ന്. ആദ്യം ബ്ലാക്ക് പ്ലാന്‍ ചെയ്തു. പക്ഷെ, അതു വേണ്ടാന്നാണ് സാറു പറഞ്ഞത്. അതു എന്തുകൊണ്ട് ശരിയാവില്ല. ഒന്നു പരീക്ഷിക്കാമെന്നു വച്ചു. എല്ലാം ഒന്നു പരീക്ഷിക്കണമല്ലോ? അങ്ങനെ അതു ചെയ്തു. അഞ്ചാറു മാസമായി ആ പണിതുടര്‍ന്നു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ബ്ലാക്ക് നേര്‍പ്പിക്കാന്‍ വേണ്ടി ഒരു ലായനി ഉപയോഗിക്കാറുണ്ട്. അതിന്റെ നിറം മഞ്ഞയാണ്. അതു ഈ കറുപ്പിനു ഒരു മഞ്ഞ ടിന്റുണ്ടാക്കും. കറുപ്പിന്റെ അരികുകളില്‍ ഒരു മഞ്ഞ വരകൂടി വരും. അങ്ങനെ വരുമ്പോള്‍ പിന്നീട് ആ ചിത്രത്തിന്റെ ഭംഗി കുറയും. പിന്നെ ഞാന്‍ ആദ്യമൊക്കെ പെന്‍സില്‍ കൊണ്ടു വരച്ചിട്ടാണു പെയിന്റുചെയ്യുന്നത്. അപ്പോള്‍ അതിന്റെ കാര്‍ബണ്‍ വേറൊരു കളറായിമാറും. അപ്പോള്‍ പെന്‍സില്‍ സ്‌കെച്ച് വേണ്ടാന്നു വച്ചു. പിന്നെ, സാറു പറഞ്ഞത് ബേണ്‍ന്റ് അംബര്‍ എന്ന കളറാണ്. റെംബ്രാണ്ട് അധികം ഉപയോഗിച്ചിട്ടുള്ള കളറാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എനിക്കു വളരെ ഇഷ്ടമാണ്. അതില്‍ പലതും ഞാന്‍ കോപ്പിചെയ്തിട്ടുമുണ്ട്.
അങ്ങനെ ആ കളര്‍ എനിക്കു വളരെയധികം ഇഷ്ടമായി. അന്നു മുതല്‍ ഇന്നു വരെ ആ കളര്‍ ഉപയോഗിച്ചാണു ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ബേണ്‍ന്റ് അംബര്‍ അസാധ്യമായ സാധനമാണ്. ഈ കളറിന് ഒരു സവിശേഷതയുണ്ട്. ഇത് ലൈറ്റായാലും അത് സ്വാഭാവികമായിട്ട് കളറിനോട് ലയിച്ചുചേരും. അതു വേറിട്ടു നില്‍ക്കില്ല. എത്ര പഴയതായാലും അതില്‍ മഞ്ഞകളര്‍ കാണില്ല. അത് തമ്മില്‍ ലയിച്ചുചേരും. ബ്ലാക്ക് ആന്റ് വൈറ്റ് ആണെങ്കില്‍ മഞ്ഞ വേറിട്ടുനില്‍ക്കും. സത്യം പറഞ്ഞാല്‍ പൈസയുടെ കുറവുകാരണമാണ് ഞാന്‍ ഇങ്ങനെ ചെയ്തത്. പിന്നെ കാണുന്നവര്‍ കാണുന്നവര്‍ ഇതു നല്ലതാണെന്നു പറഞ്ഞുതുടങ്ങിയപ്പോള്‍ അതു തുടരാമെന്നു തീരുമാനിച്ചു. ഔട്ട്‌ഡോറില്‍ ചിത്രരചനയ്ക്കായി പോകുമ്പോള്‍ കൊണ്ടുനടക്കാനും സൗകര്യമായി. ഒരു ട്യൂബും രണ്ടോമൂന്നോ ബ്രഷും ഒരു ചെറിയ പാലറ്റും മതി. അങ്ങനെ ഒറ്റ കളറില്‍ ചിത്രരചന ശീലമായി.
?പൗരാണിക ചിത്രരചനയിലേക്ക് കടന്നത് എങ്ങനെയാണ് ?
♠1994-ല്‍ ഞാന്‍ കൊച്ചിയിലോട്ടു താമസം മാറി. പൗരാണികത കൂടുതലുള്ള സ്ഥലമാണല്ലോ അത്. അവിടുത്തെ ഹെറിറ്റേജ് ബില്‍ഡിംഗുകളൊക്കെ ഞാന്‍ വെറുതെ നടന്നു കാണാറുണ്ടായിരുന്നു. അങ്ങനെ ഒരു കെട്ടിടം പൊളിക്കുന്നതു കണ്ടു. പൊളിക്കുന്നയാളോടു ഞാന്‍ എന്തിനാ ഇതു പൊളിക്കുന്നത് എന്ന് ചോദിച്ചു. അത് അങ്ങനെ നിലനിര്‍ത്തിക്കൂടേ എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു, എത്ര അവകാശികളിതിനുണ്ടെന്നറിയുമോ? അവര്‍ക്കൊക്കെ പങ്ക് കൊടുക്കാനുള്ളതാണ്. അങ്ങനെ നാം പങ്കുവെച്ച് പങ്കുവെച്ച് അണുകുടുംബമായി മാറിയപ്പോള്‍ നമ്മുടെ സംസ്‌കാരങ്ങളും പോയി. പങ്കുവെയ്ക്കുവാനായി കെട്ടിടങ്ങള്‍ പൊളിക്കും. ഭൂമിയും മുറിക്കും. തനിക്കു വേണമെങ്കില്‍ ഫോട്ടോയെടുത്തു വച്ചോയെന്ന് അയാള്‍ എന്നോടു പറഞ്ഞു, ഫോട്ടോയെടുത്തുവച്ചാല്‍ എത്ര നാള്‍ നില്‍ക്കും. അതിലും നല്ലതു വരച്ചു വെയ്ക്കുന്നതല്ലേ എന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെ അതു ചെയ്യാന്‍ തുടങ്ങി. ആ സ്ഥലത്തുപോയി വരച്ചു. ഇവിടെയുള്ള എല്ലാ പുരാതനകെട്ടിടങ്ങളും അതിന്റെ സ്ഥലത്തുപോയിരുന്നു വരച്ചു. ആ സ്ഥലത്തു ഞാന്‍ പോയിരുന്നു വരയ്ക്കുന്നതിന്റെ നൂറുകണക്കിനു ഫോട്ടോ എന്റെ കയ്യിലുണ്ട്. ഞാനെടുത്തതു മാത്രമല്ല, മറ്റു പലരും എടുത്തവയുമുണ്ട്. അവരത് എനിക്കയച്ചു തന്നിട്ടുണ്ട്. എന്റെ ശേഖരത്തില്‍ ഒരായിരം ഫോട്ടോയെങ്കിലും അങ്ങനെയുള്ളതാണ്. എല്ലാം എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതൊരു തെളിവാണ്.
?അപ്പോഴേക്കും താങ്കളുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയോ?
♠അതെ. എന്റെ ചിത്രങ്ങള്‍ കണ്ട പലരും അവ ആവശ്യപ്പെടാന്‍ തുടങ്ങി. പല ചിത്രങ്ങളും ഞാന്‍ വിറ്റു. അങ്ങനെ പൈസയും വരാന്‍ തുടങ്ങി. കൊച്ചിന്‍ ക്ലബ്ബില്‍ എന്റെ ചിത്രങ്ങളുണ്ട്. അവിടെ പണക്കാരൊക്കെ വരുന്ന സ്ഥലമാണത്. അവിടത്തെ ചിത്രം ആസ്പിന്‍വാളിലെ ഡയറക്ടര്‍ ഉണ്ണി സാറിന് ഇഷ്ടമായി. അവിടെ എന്റെ ഒരു ചിത്രം വേണമെന്ന് അദ്ദേഹത്തിനുതോന്നി. അങ്ങനെ അദ്ദേഹം എന്നെ അന്വേഷിച്ചു വന്നു. അവിടെ ഞാന്‍ വലിയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ കെട്ടിടത്തിന്റെയും കുടുംബത്തിന്റെയുമൊക്കെ ചിത്രങ്ങള്‍. പിന്നീട് ആ ശൈലിയില്‍ ഞാന്‍ ഏതാണ്ട് അഞ്ഞൂറോളം ചിത്രങ്ങള്‍ ചെയ്തു. കണ്ണൂര്‍ അറയ്ക്കല്‍ മ്യൂസിയത്തില്‍ എന്റെ ചിത്രങ്ങളുണ്ട്. അതിന്റെ പ്രിന്റ് പല പോലീസ് സ്റ്റേഷനിലുമുണ്ട്. പോലീസ് സ്റ്റേഷനില്‍ എടുക്കുന്ന ചില കള്ളന്മാരുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എന്റെ ചിത്രങ്ങള്‍ കാണാം. പൗരാണികത വേണ്ട സ്ഥലത്തൊക്കെ എന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പിന്നെ ധാരാളം സിനിമകളിലും കാണാവുന്നതാണ്. കൊച്ചിന്‍ ക്ലബ്ബില്‍ ഷൂട്ടുചെയ്തിട്ടുള്ള മിക്ക സിനിമകളിലും എന്റെ ചിത്രങ്ങളുടെ സാന്നിധ്യമുണ്ട്. അവിടെ നിന്ന് മറ്റെന്തൊക്കെ മാറ്റിയാലും ഈ ചിത്രങ്ങള്‍ മാറ്റാറില്ല. കാരണം, ആ ചിത്രങ്ങള്‍ അതിന്റെ പാശ്ചാത്തലവുമായി ഇഴുകിച്ചേര്‍ന്നതാണ്.
ഇപ്പോള്‍ എന്റെ ഗാലറിയിലുള്ള ചിത്രങ്ങളൊന്നും വില്‍പനയ്ക്കല്ല. അത് എന്റെ സ്വന്തം ശേഖരമാണ്. ആരെങ്കിലും വന്നാല്‍ കാണാന്‍ അനുവദിക്കും. അവര്‍ ആവശ്യപ്പെട്ടാല്‍ വേറെ വരച്ചുകൊടുക്കാമെന്നു പറയും.
ഇതു ഞാന്‍ പ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കും. ഒരിക്കല്‍ കോഴിക്കോട് ഒരു പ്രദര്‍ശനം നടത്തിയപ്പോള്‍ ചരിത്രഗവേഷകനും ആര്‍ക്കിയോളജിസ്റ്റുമായ കെ.കെ. മുഹമ്മദ് സാര്‍ കാണാന്‍ വന്നിരുന്നു. ഞാന്‍ എന്റെ ചിത്രങ്ങളുടെ കോപ്പി അദ്ദേഹത്തിനു നല്‍കി. അദ്ദേഹം എന്നെ കാത്തു നിന്ന് എന്റെ കയ്യില്‍ നിന്ന് അതു വാങ്ങിച്ചിട്ടാണ് പോയത്. അങ്ങനെയുള്ള മഹത്തുക്കളുമായി പരിചയപ്പെടാന്‍ എന്റെ ചിത്രങ്ങളിലൂടെ സാധിച്ചു.
?ആദ്ധ്യാത്മിക ചിത്രങ്ങള്‍ ചെയ്യാറുണ്ടോ?
♠തീര്‍ച്ചയായും. നരസിംഹസ്വാമിയുടെ ചിത്രം ചെയ്തിരുന്നു. അതിനുശേഷം ബാലാജിയുടേത് ചെയ്തു. ആ ചിത്രം ഇരുന്നൂറ്റി എഴുപത്തിനാലു ദിവസം കൊണ്ടാണു തീര്‍ത്തത്. പിന്നീട് ആ തരത്തിലുള്ള ചിത്രങ്ങള്‍ പലതും വരച്ചു. ഇപ്പോള്‍, ധനലക്ഷ്മിയുടെ ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. ഇന്ദ്രന്‍, ഗണപതി, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഇതെല്ലാം ഭാരതീയമായ രചനാസമ്പ്രദായങ്ങളാണെങ്കിലും അവ പരമാവധി മൗലികമാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതില്‍ പ്രധാന രൂപമായിരിക്കും പ്രതലത്തില്‍ വലുതായിട്ടു നില്‍ക്കുന്നത്. ബാക്കി രൂപങ്ങളെല്ലാം അതിനെ അപേക്ഷിച്ചു വളരെ ചെറുതായിരിക്കും. അതു പ്രധാനരൂപത്തിനു ചുറ്റും താളാത്മകമായി വിന്യസിക്കുന്നു. അതു കാഴ്ചയ്ക്കു മനോഹരമാണ്. ഞാന്‍ ധാരാളം ഛായാചിത്രങ്ങളും വരച്ചിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ഗൗഢസാരസ്വത ബ്രാഹ്മണരുടെ ഗുരുക്കന്മാരുടേതാണ്. ശ്രീമദ് ഭുവനേന്ദ്രതീര്‍ത്ഥ സ്വാമികള്‍ തുടങ്ങി ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ വരെ ഛായാചിത്രങ്ങള്‍ അതില്‍ പെടും. ചട്ടമ്പി സ്വാമിയുടെ ചിത്രവും വരച്ചിരുന്നു. അതെല്ലാം യഥാതഥമായ ശൈലിയില്‍ ചിത്രീകരിച്ചതാണ്. ഒരു കളര്‍കൊണ്ടു വരച്ച ചിത്രങ്ങള്‍ കാരണം ധാരാളം ചിത്രങ്ങള്‍ വരയ്ക്കാനുള്ള പണികള്‍ വന്നുകൊണ്ടിരിക്കുന്നു. അതില്‍ പ്രധാനമായും അയോദ്ധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ യോഗേന്ദ്ര പ്രതാപ് സിംഗിന്റെ സന്ദര്‍ശനമാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ വരവുണ്ടായത്. അയോദ്ധ്യയിലെ ശ്രീരാം മ്യൂസിയത്തിലേയ്ക്ക് വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ ശേഖരിക്കാനായിരുന്നു അദ്ദേഹം കൊച്ചിയില്‍ വന്നത്. അദ്ദേഹം എന്നെ ഡച്ചുപാലസിലേയ്ക്കു വിളിപ്പിച്ചു. എന്നിട്ട് ഗാലറിയിലേയ്ക്കു വന്ന് എന്റെ ചിത്രങ്ങള്‍ എല്ലാം കണ്ടു. ഇതുപോലെ ശ്രീരാം മ്യൂസിയത്തിലേയ്ക്ക് ശ്രീരാമചരിതത്തിന്റെ ചിത്രങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതും ആറടി നീളത്തില്‍. അതിന് ഒരു പാനലിന് നാലു ലക്ഷത്തില്‍ കൂടുതല്‍ തരില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഏറെ അത്ഭുതപരതന്ത്രനായ നിമിഷങ്ങളായിരുന്നു അത്. അതിന്റെ വിശദവിവരങ്ങള്‍ അറിയിക്കാനായി ഏര്‍പ്പാടു ചെയ്ത് യോഗേന്ദ്രപ്രതാപ് സിംഗ് തിരിച്ചുപോയി. എന്റെ തിരക്കുമൂലം കാര്യങ്ങള്‍ നീണ്ടുപോയി. വര്‍ഷങ്ങള്‍ കടന്നുപോയി. ആ പണിയിലേയ്ക്കു കടക്കാമെന്നു കരുതി ഒരു ദിവസം ഫേസ്ബുക്കു വഴി അദ്ദേഹത്തെ ബന്ധപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ, യോഗേന്ദ്രപ്രതാപ് സിംഗിന്റെ ഫേസ്ബുക്കില്‍ അദ്ദേഹം ദിവംഗതനായ വിവരമായിരുന്നു കണ്ടത്. അത് എനിക്ക് കനത്ത ആഘാതമായിരുന്നു. എങ്കിലും എന്റെ ഒരു ചിത്രം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിനു സമര്‍പ്പിക്കണമെന്ന ചിന്തയിലാണ് ഞാന്‍.
?മക്കള്‍ ആരെങ്കിലും താങ്കളുടെ ചിത്രരചനാപാരമ്പര്യം പിന്തുടരുന്നുണ്ടോ?
♠എന്റെ മകന്‍ അച്യുത് ഷേണായി ചിത്രകാരനാണ്. ചിത്രം വരയ്ക്കുന്നതില്‍ എന്നെ സഹായിക്കുന്നതു കൂടാതെ അവന്‍ സ്വന്തമായി ധാരാളം ചിത്രം വരച്ചിട്ടുണ്ട്. നിയമവിദ്യാര്‍ത്ഥി കൂടിയായ അച്യുത് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് അയാള്‍ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. മകള്‍ യശോദ ഒരു വായനാശാല നടത്തുന്നു. ഏറ്റവും പ്രായം കുറഞ്ഞ ലൈബ്രേറിയന്‍ എന്ന ഖ്യാതി അവള്‍ക്ക് സ്വന്തമാണ്.
?സാംസ്‌കാരിക രംഗത്തെ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
♠രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബാല്യകാലം മുതല്‍ ബന്ധമുണ്ട്. പത്താമത്തെ വയസ്സില്‍ എറണാകുളത്തെ രാധാകൃഷ്ണ ഭട്ജിയാണ് എന്നെ സംഘശാഖയില്‍ കൊണ്ടുപോയത്. എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തായിരുന്നു എന്റെ വീട്. അവിടത്തെ നരേന്ദ്രശാഖ കേരളത്തിലെ തന്നെ ആദ്യകാല ശാഖകളില്‍ ഒന്നാണ്. അതായിരുന്നു എന്റെ ശാഖ. എന്റെ സ്വഭാവരൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് സംഘമാണ്. ലഹരിക്കും ദുശ്ശീലങ്ങള്‍ക്കുമൊന്നും ഞാന്‍ അടിമയാകാത്തതിന്റെ യഥാര്‍ത്ഥ കാരണം സംഘത്തിലൂടെയുള്ള എന്റെ വളര്‍ച്ചയായിരുന്നു. സംഘത്തിന്റെ ഘോഷ് വിഭാഗത്തിലും എന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏതു പരിതസ്ഥിതിയിലും സമചിത്തതയോടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുവാന്‍ എന്നെ സജ്ജമാക്കിയതും സംഘമാണ്. ഇതു പറയുമ്പോള്‍ ഒരുപക്ഷേ സംഘത്തെ പുറത്ത് നിന്ന് കാണുന്നവര്‍ക്ക് അതൊരു അത്ഭുതമായിരിക്കാം.