കേരളം ആരോഗ്യപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചത് ഡോക്ടറും ശ്രദ്ധേയനായ ആരോഗ്യപ്രവര്‍ത്തകനും പ്രഭാഷകനും ഒക്കെയായ ഡോ.ബി.ഇക്ബാലാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍ അംഗവും, വൈസ് ചാന്‍സലറും ഒക്കെയായ അദ്ദേഹം ഇടതുപക്ഷ-സിപിഎം നേതാവ് കൂടിയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴാണ് സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി യെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ച് ഡോ. ഇക്ബാല്‍ രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നോ പ്രതിപക്ഷം രാഷ്ട്രീയ വിരോധംവച്ച് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഗൂഡാലോചനയാണെന്നോ പറയാനാവില്ല.
ആരോഗ്യപരിപാലനരംഗത്ത് കേരളം ഒന്നാംസ്ഥാനത്താണെന്നും യൂറോപ്യന്‍ രാജ്യങ്ങളെയും മറ്റു വിദേശരാജ്യങ്ങളെയും കടത്തിവെട്ടുന്നതാണ് ഈ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ എന്നുമൊക്കെയുള്ള പ്രചാരണവും പി ആര്‍ വര്‍ക്കും അതിശക്തമായി മുന്നേറുമ്പോഴാണ് ഇടതുപക്ഷക്കാരന്‍ തന്നെയായ ഡോ. ഇക്ബാല്‍ സത്യം തുറന്നുപറഞ്ഞ് രംഗത്തെത്തുന്നത്. ആരോഗ്യമന്ത്രി വീണാജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും സഹിക്കാവുന്നതിന്റെ അപ്പുറത്താണ് ഡോക്ടറുടെ തുറന്നുപറച്ചില്‍. ഡോ. ഇക്ബാലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും രാഷ്ട്രീയമായി നേരിടാനും പോകുന്നതിനുപകരം അദ്ദേഹം പറഞ്ഞ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് അവ പരിഗണിക്കാനും പരിഹരിക്കാനുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇനിയെങ്കിലും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കാട്ടുമോ?
ശിശു മരണനിരക്കിലെ കുറവ്, ജന സംഖ്യാനുപാതികമായ ആശുപത്രി കിടക്കകളുടെ എണ്ണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആയുര്‍ദൈര്‍ഘ്യം തുടങ്ങി പല മേഖലകളിലും കേരളം ലോകോത്തരമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ഈ നേട്ടങ്ങള്‍ മുഴുവന്‍ കാറ്റില്‍പറത്തുന്ന രീതിയില്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ ത്തതിന്റെ ഉത്തരവാദി ആരാണ്? കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളും കഴിഞ്ഞ എട്ടുവര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ഇടതുമുന്നണിയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമോ? എവിടെയാണ് പിഴച്ചതെന്നും എന്താണ് പരിഹാരമെന്നും രാഷ്ട്രീയത്തിനതീതമായി വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്താനും കണ്ടെത്താനും പരിഹാരം സൃഷ്ടിക്കാനും കഴിഞ്ഞില്ലെങ്കില്‍ കേരളം അതീവഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കുതന്നെ പോകും.
‘കേരളത്തില്‍ സമീപകാലത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടു വരികയാണ്. ചിക്കന്‍ഗുനിയ, എച്ച്1 എന്‍1, വയറിളക്കരോഗങ്ങള്‍, എലിപ്പനി, വെസ്റ്റ് നൈല്‍, മസ്തിഷ്‌കജ്വരം, സ്‌ക്രൈബ് ടൈഫസ്, കരിമ്പനി, കുരങ്ങുപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശികരോഗമായി ഏറിയും കുറഞ്ഞും നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ചു വരികയുമാണ്. നിപ്പ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കോളറയും അതുമൂലമുള്ള മരണവും സംഭവിക്കുന്നു. അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്നത്തെ തലമുറയിലെ ഡോക്ടര്‍മാര്‍ വൈദ്യഗ്രന്ഥങ്ങളില്‍ മാത്രം പഠിച്ചിട്ടുള്ള അമീബിക് ജ്വരം തലച്ചോറിനെ ബാധിച്ച് ഏതാനും പേരും മരണമടഞ്ഞിരുന്നു.’
ഡോ. ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളം നേരിടുന്ന പ്രതിസന്ധിയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം തുടരുന്നു, ‘പകര്‍ച്ചേതര-പകര്‍ച്ചവ്യാധികളുടെ ഇരട്ടരോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തില്‍ പകര്‍ച്ചേതരരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാറുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘസ്ഥായീ രോഗങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ട്. പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തംപോലെ പരസ്പരം രോഗരൂക്ഷതയ്ക്കും കാരണമാകുന്നു. പകര്‍ച്ചവ്യാധികള്‍ പ്രമേഹംപോലുള്ള രോഗങ്ങളെ മൂര്‍ച്ഛിപ്പിക്കുന്നു. പകര്‍ച്ചേതര അനുബന്ധരോഗമുള്ളവരിലാണ് കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ മരണത്തിനും ഗുരുതരാവസ്ഥകള്‍ക്കും കാരണമാകുന്നത്.’
ഇനിയാണ് ഡോ. ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ‘രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷ കൂടാതെ ജനങ്ങള്‍ നടപ്പാക്കുന്നതിനോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പകര്‍ച്ച- പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബൃഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.’ ഈ പ്രസ്താവനയില്‍നിന്ന് രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്, ഒന്ന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എന്നുപറഞ്ഞാല്‍ ഇപ്പോള്‍ അവ ഉറക്കത്തിലാണ് എന്ന കാര്യം വളരെ വ്യക്തമായി ഡോക്ടര്‍ ഇക്ബാല്‍ ചൂണ്ടിക്കാട്ടിരിക്കുന്നു. ഒപ്പം പകര്‍ച്ച-പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നുപറയുമ്പോള്‍ ഇതുവരെ ഇതുസംബന്ധിച്ച വിലയിരുത്തലോ പദ്ധതി ആവിഷ്‌കരണമോ നടന്നിട്ടില്ലെന്ന് വ്യക്തം.
കേരളത്തിലെ ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായിട്ട് കാലമേറെയായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ റഫറല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സംവിധാനം ഇവിടെയുണ്ടെങ്കിലും ഇത് പൂര്‍ണമായും ചലനാത്മകമല്ല. മാത്രമല്ല, ഇവയെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മഴക്കാലശുചീകരണങ്ങള്‍ പോലുള്ളവ ഇക്കുറി കാര്യമായി നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട ആരോഗ്യ, തദ്ദേശസ്വയംഭരണവകുപ്പുകള്‍ ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞമാതിരി ഉറക്കത്തിലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഡോ. ഇക്ബാല്‍ പൊതുജനാരോഗ്യ ഇടപെടലിനെക്കുറിച്ച് പറയുന്ന ഭാഗവും ശ്രദ്ധേയമാണ്, ‘ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പൊതുജനാരോഗ്യ ഇടപെടലുകളും കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമാണ്. മെഡിക്കല്‍ കോളജുകളിലെ സാമൂഹ്യ ആരോഗ്യ വിഭാഗം, അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ സാമൂഹ്യാരോഗ്യ വിഭാഗം എന്നിവിടങ്ങളിലെല്ലാം ലഭ്യമായ പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപഠനങ്ങള്‍ നടത്തുന്നതിനും ആരോഗ്യ ഇടപെടലിനുമായി ഇവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.’ സംസ്ഥാനത്തെ പ്രതിസന്ധി എന്താണെന്ന് മാത്രമല്ല, അതിന്റെ വ്യക്തമായ പരിഹാരംകൂടി ഡോ. ഇക്ബാല്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ആരോഗ്യപ്രവര്‍ത്തകന്റെ രാഷ്ട്രീയത്തിനതീതമായി പൊതുതാല്‍പര്യാര്‍ത്ഥമുള്ള ആത്മാര്‍ത്ഥമായ അഭിപ്രായമാണ് ഡോ. ഇക്ബാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
എന്താണ് കേരളത്തിലെ ആരോഗ്യരംഗത്തെ പ്രധാന പ്രശ്‌നവും പ്രതിസന്ധിയും. നേരത്തെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചിരുന്ന ത്രിതല പൊതുജനാരോഗ്യസമ്പ്രദായം പാടെ തകര്‍ന്നിരിക്കുന്നു, അഥവാ തകര്‍ത്തിരിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം. ഗുരുതരമല്ലാത്ത പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിവരെയുള്ള ചികിത്സാകേന്ദ്രങ്ങളിലും വേണ്ടത്ര മരുന്നും സൗകര്യവും ഒരുക്കി ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും ഗുരുതരമായ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും റഫറന്‍സ് സംവിധാനമായി മാറ്റുകയും ചെയ്താല്‍ ഇപ്പോഴത്തെ പ്രതിസന്ധി വന്‍തോതില്‍ പരിഹരിക്കാന്‍ കഴിയും. ആരോഗ്യ മന്ത്രി പരിവാരസമേതം നേരത്തെ അറിയിച്ചു നടത്തുന്ന മിന്നല്‍ സന്ദര്‍ശനങ്ങള്‍ ഒഴിച്ചാല്‍ ഭരണസംവിധാനം അടിമുടി താറുമാറായിരിക്കുകയാണ്. മന്ത്രിക്ക് എന്തെങ്കിലും കാര്യമായി ചെയ്യാന്‍ കഴിയാത്തവിധം പാര്‍ട്ടി സംവിധാനം മന്ത്രിയുടെ ഓഫീസില്‍ പിടിമുറുക്കിയിരിക്കുന്നു. ഒരു മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ മന്ത്രിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടതു കൊണ്ടാണ് ഈ തരത്തില്‍ ഒരു ദുരന്തചിത്രമായി മാറാനുള്ള കാരണമെന്നാണ് അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് പുറത്തുവരുന്ന സംസാരം. എന്തായാലും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും ചലനശേഷിയും പ്രതികരണശേഷിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ആര്‍ക്കും പ്രയോജനമില്ലാത്ത നോക്കുകുത്തികള്‍ മാത്രമായി അവ മാറിയിരിക്കുന്നു. അതിന്റെ ഫലമാണ് ഇന്നുകാണുന്ന ഗുരുതരമായ പ്രതിസന്ധിയും അതേക്കുറിച്ച് ഇടതുപക്ഷ നേതാവ് തന്നെയായ ഡോ. ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിനും കാരണം.
മരുന്നു വാങ്ങിയ വകയില്‍ ഏതാണ്ട് 850 കോടിയിലേറെ രൂപ കൊടുക്കാനുള്ളതുകൊണ്ട് മരുന്ന് കമ്പനികള്‍ മരുന്നു നല്‍കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങളും സ്‌കാനിംഗ്‌കേന്ദ്രങ്ങളും എക്‌സ്‌റേ യന്ത്രങ്ങളും അടക്കം പൊതുജനോപകാരപ്രദമായ യന്ത്രങ്ങള്‍ കേടാക്കാനും സ്വകാര്യ ഡയഗണോസ്റ്റിക് കേന്ദ്രങ്ങളിലേക്ക് രോഗികളെ അയക്കാനും ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ട ഗൂഢസംവിധാനം മിക്ക മെഡിക്കല്‍ കോളേജുകളിലും ശക്തമാണ്. ആശുപത്രി വികസന സമിതികളുടെ നിയമനങ്ങളാവട്ടെ, സിപിഎമ്മിനും പോഷകസംഘടനകള്‍ക്കുമായി മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മെറിറ്റോ യോഗ്യതയോ അവിടെ പരിഗണനാ വിഷയമല്ല. പാര്‍ട്ടി തീരുമാനിക്കും പാര്‍ട്ടി ശമ്പളം നല്‍കും പാര്‍ട്ടി ഭരിക്കും എന്ന പുതുപുത്തന്‍ മുദ്രാവാക്യത്തോടെ ആരോഗ്യമേഖലയില്‍ നിന്ന് മെറിറ്റിനെ പടികടത്തിയിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാനുണ്ടെന്ന പഴയ പല്ലവി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കൈപ്പറ്റിയ പണം ചെലവാക്കിയതിന്റെ കണക്ക് നല്‍കിയാല്‍ മാത്രമേ വീണ്ടും പണം നല്‍കൂ എന്നനിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് പണംവരവ് കുറഞ്ഞത്. സ്വകാര്യ ആശുപത്രികള്‍ വളരെ മെച്ചപ്പെട്ട നിലയില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം പാടെ തകരുകയും കുത്തഴിയുകയും ചെയ്തിരിക്കുന്നു എന്നതാണ് കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചു എന്ന് മേനിനടിച്ചിരുന്ന കേരളം ആരോഗ്യമേഖലയില്‍ പിന്നാക്കം പോകുന്ന ദയനീയചിത്രം ഭരണാധികാരികളുടെ സമക്ഷത്തില്‍ ഇനിയും എത്തിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെ ആരോഗ്യകേരളത്തെ വീണ്ടെടുക്കാന്‍ ഒരു പുതിയ പോരാട്ടം കേരളം തുടങ്ങിയേ കഴിയൂ. രാഷ്ട്രീയത്തിനതീതമായി എല്ലാ മേഖലകളിലെയും വിദഗ്ധരെ ഒരുവേദിയില്‍ കൊണ്ടുവന്ന് പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാനും പരിഹാരം കാണാനുമാണ് ശ്രമിക്കേണ്ടത്. ആരോഗ്യകാര്യങ്ങളിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അവിടുത്തെ നീക്കങ്ങളും അറിയാവുന്ന ധാരാളം വിദഗ്ധ ഡോക്ടര്‍മാര്‍ കേരളത്തില്‍ തന്നെയുണ്ട്. പ്രഗല്ഭ ഡോക്ടര്‍ കൂടിയായ ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, പ്രമേഹരോഗത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ഡോ. ജ്യോതിദേവ്, പൊതുജനാരോഗ്യപരിപാലനത്തില്‍ ലോകാരോഗ്യസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എസ്.എസ്. ലാല്‍ തുടങ്ങി ധാരാളം വിദഗ്ധ ഡോക്ടര്‍മാര്‍ വിദേശത്തും സ്വദേശത്തുമായുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം തേടി പകര്‍ച്ച- പകര്‍ച്ചേതര രോഗങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമമാണ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അത്യാവശ്യ മരുന്നുകള്‍ എത്തിക്കുകയും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്താല്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ വീണ്ടും തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയുമെന്നത് സത്യമാണ്. പക്ഷേ, ഇതിനനുസൃതമായ നയം രൂപീകരിക്കാനും അത് നടപ്പിലാക്കാനുമുള്ള ഇച്ഛാശക്തി ഭരണരംഗത്തെ മേലാളന്മാര്‍ പ്രകടിപ്പിച്ചാലേ ഇക്കാര്യത്തിന് പരിഹാരം കാണാന്‍ കഴിയു. ആരോഗ്യവകുപ്പില്‍ സമ്പൂര്‍ണ്ണ പരാജയമായ മന്ത്രി വീണാ ജോര്‍ജിനെ ഉചിതമായ മറ്റേതെങ്കിലും വകുപ്പു നല്‍കി ആരോഗ്യമേഖലയെ രക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.