പല കാരങ്ങളാല്‍ കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ കര്‍ക്കടകത്തില്‍ പ്രകൃതി അതിന്റെ എല്ലാ മുതല്‍ക്കൂട്ടുകളും സൗന്ദര്യവും അണിയിച്ചൊരുക്കിയിരിക്കുന്നു.
വേനലില്‍ മണ്ണില്‍ മയങ്ങിക്കിടന്ന വേരുകള്‍ പൊട്ടിമുളച്ച് പുതുനാമ്പുകള്‍ പടര്‍ന്ന് വേലിയിലും തൊടിയിലും ഹരിതാഭയുടെ മേലങ്കി അണിഞ്ഞിടുന്നു.
മഴകൊണ്ടു മാത്രം മുളച്ച് നമ്മുടെ മണ്ണിലെ വിരുന്നുകാരായെത്തിയവര്‍. പുതുമണ്ണിന്റെ നാണം മറക്കാനെത്തുന്ന പച്ചപ്പുകള്‍.
പച്ചിലകളുടെ ഒരു മഹാപ്രളയത്തില്‍ പ്രകൃതി മുങ്ങിത്തുടിക്കുന്നു. ഔഷധക്കൂട്ടുകളുടെ കലവറ ഒതുക്കുന്നവയാണ് ഒട്ടുമിക്കതും.
കര്‍ക്കടകത്തില്‍ മാത്രം ആരോഗ്യസംരക്ഷണത്തിനായി തയ്യാറായെത്തുന്ന പച്ചിലകള്‍. താള്, തകര, ചീര, മത്തന്‍, ചേമ്പ്, ചേന, കുമ്പളം, വെള്ളരി, ആനക്കൊടിത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകള്‍.
”ഒരു ചാല്‍ ഉഴുതില്ല…
ഒരു വിത്തും വിതച്ചില്ല
താനെ മുളച്ചൊരു പൊന്‍തകര…”
എന്ന് പണ്ട് കുട്ടികള്‍ക്ക് ചൊല്ലി കൊടുത്തത് ഓര്‍ക്കുന്നു.
പത്തിലകളില്‍ ദേവന്മാര്‍ അമൃത് തളിക്കുന്ന കാലമാണ് കര്‍ക്കടകം എന്ന് പറയപ്പെടുന്നു. പൊതുവെ പ്രതിരോധശേഷി കുറയ്ക്കുന്ന ഈ കാലത്ത് ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെ കാത്തു സംരക്ഷിക്കുന്നു. നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു.
പിന്നൊന്ന് ദശപുഷ്പങ്ങള്‍. നമ്മുടെ നാട്ടു ചെടികളാണ് ഇവയെല്ലാം. കര്‍ക്കടകം പുലര്‍ന്നാല്‍ പത്തുനാള്‍ സ്ത്രീകള്‍ നെടുമാംഗല്യത്തിനായി ദശപുഷ്പങ്ങള്‍ ചൂടുന്നു. കറുക, ചെറൂള, വിഷ്ണുക്രാന്തി, പൂവാകുരുന്നില, തിരുതാളി, കയ്യൂന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, മുയല്‍ ചെവിയന്‍ ഇവയാണ് ദശപുഷ്പങ്ങള്‍. ഇവയെല്ലാം ചേര്‍ത്തുകെട്ടി മുടിയില്‍ ചൂടുക പതിവാണ്. നെറ്റിയില്‍ തൊടാനായി മുക്കുറ്റിച്ചാന്തും. പ്രകൃതിയുടെ മറ്റൊരു ഔഷധക്കൂട്ടുകൂടിയായ ഇവയൊക്കെ കര്‍ക്കടക്കഞ്ഞിയുണ്ടാക്കുവാനും ഉപയോഗിക്കുന്നു.
മഴകൊണ്ട് മുളക്കുന്ന മറ്റൊന്നുണ്ട്. മതിലിനുമുകളിലെ കാവല്‍ പടയാളികള്‍. മതിലും, പായലും ഇഴുകിച്ചേര്‍ന്നിരിക്കുന്നിടത്ത് ഒരു നൂലിന്റെ അത്രയും നേര്‍ത്ത ഉടലും അതിന്റെ തുഞ്ചത്ത് പച്ച നിറത്തില്‍ കടുകിന്റെ വലിപ്പം മാത്രമുള്ള ഒരു മൊട്ടത്തലയന്‍. അത് പറിച്ച് കൈയ്യില്‍ വച്ച് കുട്ടിക്കാലത്ത് കൂട്ടുകാര്‍ തമ്മില്‍ എത്രയോ കളിച്ചിരിക്കുന്നു. ഇപ്പോഴും പായല്‍ മൂടിയ മതില്‍ കണ്ടാല്‍ അവയുണ്ടോയെന്ന് വെറുതെ എത്തിനോക്കാറുണ്ട്.
പഴയകാലത്തിന്റെ ഓര്‍മ്മത്തുണ്ടുകള്‍ ഇനിയുമെത്രയെത്ര….?