ബഹുഭാഷാപണ്ഡിതനും കവിയും വിവര്‍ത്തകനുമായ പ്രൊഫ. സി.ജി.രാജഗോപാല്‍ (93)അന്തരിച്ചു.കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്.ഗോപാലകൈമളിന്റെയും കെ.പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ഇടവത്തിലെ മകം നാളിലാണ് രാജഗോപാല്‍ ജനിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്നു ഒന്നാം റാങ്കോടെ ഹിന്ദിയില്‍ ബിരുദം നേടിയ അദ്ദേഹം ലഖ്നൗവില്‍ ഉപരിപഠനത്തിനുപോയി. ലഖ്നൗവില്‍ നിന്നു മടങ്ങിയെത്തി പാലാ സെന്റ് തോമസ് കോളേജില്‍ ലക്ചററായി. തുടര്‍ന്ന് ഒട്ടേറെ ഗവ. കോളേജുകളില്‍ അധ്യാപകജീവിതം. തൃശ്ശൂര്‍ ഗവ. ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. പിന്നീട് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാവിഭാഗം ഡീനായി. തപസ്യയുടെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും അധ്യക്ഷനായും പ്രവര്‍ത്തിച്ചു.തലസ്ഥാനത്തെ ദൃശ്യവേദിയെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്. അമൃത ഭാരതി വിദ്യാപീഠം മുന്‍ കുലപതിയാണ്.
തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.26152 വരികളും 46 സംസ്കൃതശ്ലോകങ്ങളുമുള്ള വിശ്രുതമായ തുളസീദാസ രാമായണത്തിന്റെ തര്‍ജമ അഞ്ചരക്കൊല്ലം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവര്‍ത്തനം),ഹിന്ദി ഇംഗ്ലീഷ് മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികള്‍.ഭാരതീയ സംസ്കാരത്തില്‍ ജൈന മതത്തിന്റെ സംഭാവനയെക്കുറിച്ച് പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
തൈക്കാട് പി.ആര്.എസ്. റോഡിലെ ‘ശാലീനം’ എന്ന വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍