കര്‍ക്കടക മാസത്തിലെ അമാവാസി ദിനത്തിലാണ് കര്‍ക്കടക വാവ് ബലി ആചരിക്കുന്നത്. പലവിധത്തിലുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തുചേര്‍ന്നാണ് ബലിതര്‍പ്പണം നടത്തുന്നത്. ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്താന്‍ ഇല്ലം, വല്ലം, നെല്ലി എന്നിടങ്ങള്‍ ഉത്തമമാണെന്ന് വിശ്വസിച്ചുപോരുന്നു. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന പരശുരാമക്ഷേത്രം, നെല്ലി എന്നു പറയുന്നത് വയനാട് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട മഹാവിഷ്ണു മുഖ്യപ്രതിഷ്ഠയായ തിരുനെല്ലി ക്ഷേത്രമാണ്. ബലിതര്‍പ്പണം നമ്മുടെ വീടുകളിനടുത്തുള്ള ക്ഷേത്രങ്ങളിലോ നദിക്കരയിലോ നമുക്ക് സ്വസ്ഥമായി ഇടുവാനും സാധിക്കും. അതിനും വിധിയുണ്ട്.
ബലിതര്‍പ്പണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ കാര്യം സങ്കല്‍പ്പമാണ്. ബലി ആരംഭിക്കുന്നതിനുമുമ്പ് നമ്മള്‍ പൂര്‍വ്വികരെ മനസ്സില്‍ സ്മരിച്ച് കൊണ്ട് സങ്കല്‍പ്പം എടുക്കുന്നതിന് അതീവ പ്രാധാന്യമുണ്ട്. ഈ സങ്കല്‍പ്പത്തിന്റെ ദൃഢതയുടെ അടിസ്ഥാനത്തിലാണ് പിതൃക്കള്‍ ബലി സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ചൊല്ലുന്ന മന്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നമ്മള്‍ നിര്‍ബന്ധമായും തയ്യാറാകണം. എന്തിനുവേണ്ടിയാണ് ബലി ഇടുന്നത്, എന്താണ് പ്രാര്‍ത്ഥനാ സങ്കല്‍പം എന്നിവയെകുറിച്ച് പൂര്‍ണ്ണമായ ധാരണ നമുക്കുണ്ടാവണം എന്നതാണ് മുഖ്യം. ഭാരതത്തില്‍ മാത്രമല്ല പിതൃതര്‍പ്പണം നടത്തുന്നത്. ബുദ്ധമത രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും പിന്‍തുടരുന്നത് കാണാം. ജപ്പാനില്‍ പിതൃബലിയെ ‘ഛയീ’ എന്നാണ് വിളിക്കുന്നത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നര്‍ത്ഥത്തിലാണ് പിതൃതര്‍പ്പണം അറിയപ്പെടുന്നത്. എള്ളും ജലവും ചേര്‍ന്ന അര്‍പ്പണത്തെയാണ് തര്‍പ്പണം എന്നു പറയപ്പെടുന്നത്.
ഐതിഹ്യം
മരിച്ചവര്‍ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു എന്നാണ് സങ്കല്പം. പിതൃലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ മൂന്നുതരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണം സ്വീകരിച്ച് അതാത് പിതൃക്കള്‍ക്കെത്തിയ്ക്കുകയും അത് മോക്ഷ പ്രാപ്തിക്ക് പാഥേയമായി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് ലഭിക്കാത്ത സാഹചര്യത്തില്‍ പിതൃക്കള്‍ മറ്റ് ജന്മമെടുക്കുമെന്നും അവരുടെ ശാപം വരുംതലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു. രാമായണത്തില്‍ പിതാവായ ദശരഥനും പക്ഷിശ്രേഷ്ഠനായ ജടായുവിനും ശ്രീരാമന്‍ ബലിതര്‍പ്പണം ചെയ്തതായി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ തന്നെ രാവണന് സഹോദരന്‍ വിഭീഷണനും ബലിതര്‍പ്പണം ചെയ്തിട്ടുണ്ട്. ഓടപ്പിണ്ണാക്കില്‍ തേന്‍ചേര്‍ത്തുണ്ടാക്കിയ അന്നംകൊണ്ടാണ് രാമന്‍ ദശരഥനുവേണ്ടി ബലിതര്‍പ്പണം ചെയ്തത്. ശ്രീരാമന്‍ വനവാസ കാലത്ത് ദശരഥന് കേരളത്തില്‍ പമ്പാനദിയില്‍ പിതൃതര്‍പ്പണം നടത്തിയെന്നും ഐതിഹ്യമുണ്ട്. മരിച്ചുപോയവര്‍ക്കുവേണ്ടി ബലിതര്‍പ്പണം തുടങ്ങിയ ആചാരങ്ങള്‍ ചെയ്യേണ്ടത് ഉറ്റവരുടെ കടമ തന്നെയാണ് എന്ന് രാമായണം സൂചിപ്പിക്കുന്നു. ആദിശങ്കരാചാര്യ സ്വാമികള്‍ തന്റെ മാതാവിന്റെ ശ്രാദ്ധം അര്‍പ്പിക്കാനായി തിരുവല്ലത്ത് എത്തിയെന്നും പിതൃകര്‍മ്മത്തിനായി ശ്രീ ബ്രഹ്മാവിനെയും ശ്രാദ്ധം ഊട്ടുന്നതിനായി മഹാവിഷ്ണുവിനെയും ഏകോദിഷ്ഠസ്ഥാനം പറ്റുന്നതിനായി അശ്വിനി ദേവകള്‍ക്ക് വേണ്ടി പരമശിവനേയും ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയതായും വിശ്വസിക്കുന്നു. ശ്രാദ്ധം കഴിഞ്ഞ് സമീപത്തുള്ള ആറിന്റെ വക്കത്ത് പിണ്ഡം ഒഴുക്കുന്നതിനായി എത്തിയപ്പോള്‍ ചതുര്‍ബാഹുവായ മത്സ്യമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടുവെന്നും, തൃക്കൈകളാല്‍ പിണ്ഡം സ്വീകരിച്ചുവെന്നും, ആ മൂര്‍ത്തിയെ ക്ഷേത്രത്തില്‍ ജഗദ്ഗുരു തന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്. ദാനക്രിയകള്‍ക്കുശേഷം ശ്രീപരശുരാമസ്വാമിയെ വടക്ക് ദര്‍ശനമാക്കി പ്രതിഷ്ഠിക്കുകയും ബ്രഹ്മദേവനെ ആചാര്യനായി മധ്യഭാഗത്തും പ്രതിഷ്ഠിച്ച ശേഷം സ്വാമികള്‍ ഇവിടെ നിന്നും യാത്രയായി എന്നാണ് ഐതിഹ്യം.
പ്രപഞ്ചത്തില്‍ പാതാളം മുതല്‍ സത്യലോകം വരെ പതിനാല് ലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും ഭൂമിക്ക് നേര്‍മുകളില്‍ ഭുവര്‍ലോകം, സ്വര്‍ഗ്ഗലോകം എന്നിങ്ങനെയുമാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥൂലമായതുകൊണ്ട് ഇവിടെ സ്ഥൂല രൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഈ സ്ഥൂല ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. സ്ഥൂല ശരീരം ഉപേക്ഷിക്കുന്ന ജീവന്‍ പ്രാണന്‍ മാത്രമായി സ്ഥൂല ദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിക്ക് മുകളില്‍ സങ്കല്‍പ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോള്‍ പിതൃക്കള്‍ക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാവൂ എന്നു വ്യക്തം. ആ സങ്കല്‍പ്പത്തിലാണ് കര്‍ക്കടകനാളില്‍ കറുത്തവാവിന് ജലത്തില്‍ തര്‍പ്പണം നടത്താറുള്ളത്.
പിതൃബലി പ്രാര്‍ത്ഥന
ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ
മാതൃതഥാ വംശ ദവാ മദീയാ
വംശ ദ്വയെസ്മിന്‍ മമ ദാസ ഭൂത ദൃത്യ
തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ
ദൃഷ്ടാശ്ച ദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ
സ്വയം പിണ്ഡ ബലിം ദദാമി
മാതൃവംശേ മൃതായെശ്ച
പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്രദാരാ വിവര്‍ജിത
ക്രിയാ ലോപാഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്‍ഭാശ്ചാജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്താ യാന്തു
പരാം ഗതിം അതീത കുല കുടീനാം
സപ്ത ദ്വീപ നിവാസീനാം പ്രാണീനാം ഉദകം
ദത്തം അക്ഷയം ഉപ്തിഷ്ടതു:
അര്‍ത്ഥം
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്‍ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്നു.
എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്‍ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്‍ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്‍ക്കും വേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ത്ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഞാന്‍ ഈ ലോകത്തുള്ളതെല്ലാം, സമര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ ലോകത്തില്‍ നിങ്ങളെ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു.
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. പിതൃലോകത്ത് ഇരുന്ന് നമ്മളെ അനുഗ്രഹിക്കുന്നതിനായി ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും ജലവും അന്നവും സമര്‍പ്പിക്കുന്നു.
വ്യത്യസ്തമായ തര്‍പ്പണങ്ങള്‍
ബ്രഹ്മയജ്ഞ തര്‍പ്പണം
ബ്രഹ്മയജ്ഞതര്‍പ്പണം എന്നത് ദൈനംദിന വൈദിക ആചാരങ്ങളുടെ ഭാഗമാണ്. എല്ലാദിവസവും ഋഷിമാര്‍ക്കും ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും ജലം സമര്‍പ്പിക്കുന്ന ആചാരമാണ് ബ്രഹ്മയജ്ഞതര്‍പ്പണം.
കുണ്ഡ തര്‍പ്പണം
ആരാണോ മരണാനന്തരക്രിയ ചെയ്യുന്നത് അയാള്‍ മരണത്തിന്റെ ആദ്യ പത്ത് ദിവസം വീട്ടുമുറ്റത്ത് തയ്യാറാക്കിയ കുഴിയില്‍ (കുണ്ഡത്തില്‍) ചെയ്യേണ്ടതായ തര്‍പ്പണം.
പര്‍ഹേനി തര്‍പ്പണം
വാര്‍ഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്തനാള്‍ ചെയ്യേണ്ട തര്‍പ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നല്‍കപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളില്‍ തന്നെയാണ് ചെയ്യുക.
അമാവാസി തര്‍പ്പണം
അമാവാസികളില്‍ ചെയ്യുന്ന തര്‍പ്പണമാണിത്. മേടം, കര്‍ക്കടകം, തുലാം, മകര വാവു നാളുകളിലും ഗ്രഹണനാളുകളില്‍ ഇത് ആചരിക്കാറുണ്ട്.
ശ്രാദ്ധ നിര്‍ണ്ണയം
ശ്രാദ്ധത്തെ നിര്‍ണ്ണിയക്കേണ്ടത് ഉദയത്തെ കൊണ്ടല്ല സൂര്യസ്തമയത്തെ ആശ്രയിച്ച് മാത്രമാണ്. സൂര്യസ്തമനത്തിന് മുമ്പായി നാഴിക മുതല്‍ക്കേ അമാവാസി ഉണ്ടെങ്കില്‍ അതുതന്നെയാണ് വാവ് ബലി ആചരിക്കേണ്ടത്.
”യദ്യഹ്ന്യസ്തമയാത് പൂര്‍വ്വം
ഘടികാഷള്‍ക്കമസ്തി ചേത്
അമാവാസി തദ്ദിനേ സ്യാത്
പിതൃകര്‍മ്മസു തര്‍പ്പണെ”
എന്നതാണ് പ്രമാണം.
ആറ് നാഴിക അസ്തമനത്തിനു മുമ്പ് തിഥിയുണ്ടായാല്‍ ശ്രാദ്ധകര്‍മ്മത്തിന് ആ ദിവസം തന്നെയെടുക്കണം. എന്നാല്‍ അസ്തമനത്തിനു മുമ്പ് ആറ് നാഴികയില്ലെങ്കില്‍ അടുത്ത ദിവസം ശ്രാദ്ധം ആചരിക്കണം. രണ്ട് ദിവസങ്ങളിലായി വന്നാല്‍ ആദ്യ ദിവസവും, മാസത്തില്‍ ആദ്യവും അവസാനവും വന്നാല്‍ ആദ്യദിവസവും സ്വീകരിക്കണം. പിറന്നാളിന് എടുക്കുന്ന നിയമമല്ല ശ്രാദ്ധാദികള്‍ക്ക് തിഥികണക്കാക്കുമ്പോള്‍ സ്വീകരിക്കുക. ”അസ്തമയാത് പൂര്‍വ്വം” അതായത് അസ്തമയത്തിന് മുമ്പ് വേണം.
ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ബലി ആഗസ്റ്റ് 3-ാം തീയതിയാണ് ആചരിക്കേണ്ടത്.