അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെയുള്ള വധശ്രമത്തിനു പിന്നാലെ തോക്കിന്റെ ദുരുപയോഗത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കയാണ്. ട്രംപിനെ വെടിവയ്ക്കാന്‍ ഇരുപതുകാരനായ പ്രതിയെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ അന്വേഷക സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. എങ്കില്‍ പോലും ചെറുപ്പക്കാര്‍ക്കിടയില്‍ തോക്കിന്റെ ദുരുപയോഗം കൂടുകതന്നെയാണ്. സ്ഥാനാര്‍ഥിത്വവും തിരഞ്ഞെടുപ്പ് വിജയവും ഉറപ്പിക്കാന്‍ ട്രംപിന്റെ തന്നെ തിരക്കഥയില്‍ അരങ്ങേറിയ ആക്രമണമാണെന്ന വാദവുമുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെയുള്ള നേതാക്കളും രാഷ്ട്രത്തലവന്മാരും സംഭവത്തെ അപലപിച്ചു.
എബ്രഹാം ലിങ്കണ്‍ അടക്കം നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വെടിയേറ്റു മരിച്ചിട്ടുണ്ട്. 1981ല്‍ റൊണാള്‍ഡ് റീഗനുനേരെയുണ്ടായ വെടിവയ്പിനുശേഷം ആദ്യമായാണ് അമേരിക്കയില്‍ പ്രസിഡന്റിനോ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കോ നേരെ വധശ്രമം ഉണ്ടാകുന്നത്. വ്യക്തികള്‍ തോക്ക് ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളിലെ വെടിവെപ്പും യു.എസില്‍ അപൂര്‍വ സംഭവമല്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായല്ല, ജനനേതാവിനെതിരെ നിറയൊഴിക്കുന്നത്. ഇതുവരെ നിരവധി പ്രസിഡന്റുമാരും പ്രസിഡന്റ് സ്ഥാനാര്‍ഥികളും വധശ്രമങ്ങള്‍ നേരിട്ടുണ്ട്. ചിലര്‍ മരണത്തിന് കീഴടങ്ങി. യു.എസിന്റെ 16-ാമത്തെ പ്രസിഡന്റായിരുന്നു അബ്രഹാം ലിങ്കണ്‍. രാജ്യത്ത് ആദ്യമായി വെടിയേറ്റു മരിച്ച പ്രസിഡന്റും അദ്ദേഹമാണ്. വാഷിങ്ടണ്‍ ഡി.സിയിലെ തിയറ്ററില്‍ ഭാര്യയോടൊപ്പം നാടകം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ജോണ്‍ വിക്‌സ് ബൂത്ത് എന്ന ഇരുപത്തിയാറുകാരനാണ് വെടിവെച്ചത്. ഇയാള്‍ 12 ദിവസത്തിനുശേഷം വെടിയേറ്റുമരിച്ചു. 1881ല്‍ ജെയിംസ് ഗാര്‍ഫീല്‍ഡ് കൊല്ലപ്പെട്ടു. 20-മത്തെ പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസത്തിനുശേഷമാണ് വെടിവെപ്പിനിരയാകുന്നത്. വാഷിങ്ടണ്‍ ഡി.സിയിലെ റെയില്‍വേ സ്റ്റേഷനില്‍ നടക്കവെയായിരുന്നു വധശ്രമം. ആഴ്ചകളോളം ചികിത്സയിലിരുന്നശേഷം മരിച്ചു. മുപ്പത്തി ഒന്‍പതുകാരനായ ചാള്‍സ് ഗിറ്റുവായിരുന്നു കൊലപാതകി. ഇയാളെ തൂക്കിക്കൊന്നു. 1901ല്‍ വില്യം മകിന്‍ലി കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ വേദിയില്‍ പ്രസംഗിക്കവെയാണ് മകിന്‍ലിക്ക് വെടിയേല്‍ക്കുന്നത്. 25-മത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. എട്ടു ദിവസത്തിനുശേഷം മരിച്ചു. കുറ്റസമ്മതം നടത്തിയ ദിത്രോയിറ്റ് സ്വദേശിയായ ലിയോണ്‍ എഫ്. സോല്‍ഗോസിനെ (26) ആഴ്ചകള്‍ക്കുശേഷം വധശിക്ഷക്ക് വിധേയനാക്കി. ഡാളസിലെ തെരുവില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പത്തി അഞ്ചാമത്തെ പ്രസിഡന്റായ കെന്നഡിക്ക് വെടിയേല്‍ക്കുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. സംഭവത്തില്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥനായ ലീ ഹാര്‍വേ ഓസ്‌വാള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനുശേഷം ഇയാള്‍ വെടിയേറ്റ് മരിച്ചു.
ലോക ജനസംഖ്യയുടെ കേവലം നാല് ശതമാനം മാത്രമുള്ള അമേരിക്കയിലാണ് തോക്കിന്റെ അമ്പതു ശതമാനവും ഉള്ളത്. തോക്കു നിയന്ത്രണ ബില്ലിനെതിരെ എന്നും നിലയുറപ്പിച്ച ട്രംപ് തന്നെ തോക്കിന്റെ ദുരുപയോഗത്തിന് വിധേയമായി എന്നതാണ് വസ്തുത. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപോലെയായി അമേരിക്കന്‍ കൗമാരക്കാരുടെ കയ്യില്‍ തോക്കു കിട്ടുന്നതും എന്ന് വേണമെങ്കില്‍ പറയാം. വെടിവെപ്പ് സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാവുകയാണ്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കുപ്രകാരം ഈ വര്‍ഷം ഇതുവരെ യു.എസില്‍ 163 വെടിവെപ്പ് നടന്നിട്ടുണ്ട്. ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത് എത്തിയപ്പോള്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള രാജ്യമായി അമേരിക്ക മാറിയിരിക്കയാണ്. കോവിഡ് ജീവിതം അരക്ഷിതമാക്കിയ 2020-22ല്‍ ഒന്നരക്കോടി അമേരിക്കക്കാര്‍ ആറുകോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന്‌സന്നദ്ധസംഘടനയായ ട്രേസിന്റെ പഠനം പറയുന്നു. രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങളും തോക്കുകള്‍ വാങ്ങി. 15 വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ വാര്‍ഷിക തോക്ക് വില്‍പ്പന. കൈയില്‍ സദാ കൊണ്ടുനടക്കാവുന്ന സെമി ഓട്ടോമാറ്റിക് തോക്കുകളാണ് ആളുകള്‍ വാങ്ങിക്കൂട്ടുന്നതെന്നും- റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിക്കാലത്ത് ആദ്യമായി തോക്കുവാങ്ങിയവര്‍ അഞ്ചുശതമാനമാണ്, കൂടുതലും യുവാക്കള്‍. കൂടുതല്‍ അരക്ഷിതത്വം നേരിട്ട സ്ത്രീകളും, കറുത്ത വംശജരുമാണ് ഇതില്‍ അധികവും. കോവിഡ് കാലത്ത് തോക്ക് കടകളുടെ മുന്നില്‍ നീണ്ട വരിയായി നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019- 2021 കാലയളവില്‍ 75 ലക്ഷം അമേരിക്കക്കാര്‍ പുതുതായി തോക്ക് വാങ്ങിയെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു. മുമ്പേതന്നെ തോക്ക് കൈവശമുണ്ടായിരുന്ന രണ്ടുകോടി അമേരിക്ക ക്കാര്‍ ഇക്കാലയളവില്‍ കൂടുതല്‍ തോക്ക് വാങ്ങി. 2010ല്‍ 32 ശതമാനം വീടുകളിലാണ് ആയുധങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ നിലവിലത് 46 ശതമാനമാണ്.
വെടിവയ്പ്പിനെ അതിജീവിച്ച യുഎസ് പ്രസിഡന്റുമാര്‍
$ ആന്‍ഡ്രൂ ജാക്‌സണ്‍ – 1835ല്‍ ക്യാപിറ്റല്‍ മന്ദിരത്തില്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കവെ ആന്‍ഡ്രൂവിന് നേരെ അക്രമി രണ്ട് തവണ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
$ തിയഡോര്‍ റൂസ്വെല്‍റ്റ് – 1912ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ റൂസ്വെല്‍റ്റിന് വെടിയേറ്റു. മില്‍വോക്കിയില്‍ പ്രസംഗത്തിനൊരുങ്ങവെ റൂസ്വെല്‍റ്റിന് നേരെ അക്രമി വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു.
$ ഫ്രാങ്ക്ലിന്‍ ഡി.റൂസ്വെല്‍റ്റ് – 1933ല്‍ നിയുക്ത പ്രസിഡന്റായിരുന്ന റൂസ്വെല്‍റ്റിന് നേരെ മയാമിയില്‍ വച്ച് വെടിവയ്പുണ്ടായി. റൂസ്വെല്‍റ്റിന് പകരം വെടികൊണ്ട ഷിക്കാഗോ മേയര്‍ ആന്റണ്‍ സെര്‍മാക്ക് കൊല്ലപ്പെട്ടു.
$ ഹാരി ട്രൂമാന്‍ – 1950ല്‍ വൈറ്റ്ഹൗസില്‍ വച്ച് പോര്‍ട്ട റിക്കന്‍ ദേശീയവാദികളുടെ വെടിയേറ്റു.
$ ജെറാള്‍ഡ് ഫോര്‍ഡ് – 1975ല്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ട് വധശ്രമത്തെ അതിജീവിച്ചു. രണ്ട് തവണയും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
$ റൊണാള്‍ഡ് റീഗന്‍ – 1981ല്‍ വാഷിംഗ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് മുന്നില്‍ വച്ച് വെടിയേറ്റു. ഗുരുതര പരിക്കേറ്റ റീഗനെ സങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
$ ജോര്‍ജ് ബുഷ് – 2001ല്‍ റോബര്‍ട്ട് പിക്കറ്റ് എന്നയാള്‍ വൈറ്റ്ഹൗസിന് നേരെ വെടിവയ്പ് നടത്തി. ആര്‍ക്കും പരിക്കേറ്റില്ല.
$ ബറാക് ഒബാമ – 2011ല്‍ ഓസ്‌കാര്‍ റാമിറോ എന്ന യുവാവ് വൈറ്റ്ഹൗസിന് നേരെ വെടിവയ്പ് നടത്തി. ആര്‍ക്കും പരിക്കേറ്റില്ല. ഓസ്‌കാറിന് 25 വര്‍ഷം തടവുശിക്ഷ ലഭിച്ചു.