ബ്രിട്ടീഷുകാരില്‍ നിന്നും പ്രതിഫലം പറ്റി തൊണ്ടമാന്‍ തന്നെ ചതിക്കുമെന്ന് പാണ്ഡ്യന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സഹോദരന്റെ മുന്നറിയിപ്പുണ്ടായിട്ടും വീരപാണ്ഡ്യന്‍ തൊണ്ടമാനില്‍ വിശ്വാസമര്‍പ്പിച്ചു. തൊണ്ടമാന്‍ തന്നെ വിശ്വസിച്ച പാണ്ഡ്യനെ നിഷ്ഠൂരമായി ചതിച്ചു. 7-ാം നാള്‍ രാത്രി വീരപാണ്ഡ്യന് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കി. ഭക്ഷണം കഴിച്ചു ഗാഢനിദ്രയിലായ വീരപാണ്ഡ്യനെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു. ശബ്ദം കേട്ട് കണ്ണു തുറന്ന വീരപാണ്ഡ്യന്‍ കാണുന്നത് കട്ടിലിനു ചുറ്റും നിരന്നുനില്‍ക്കുന്ന ആയുധധാരികളായ ബ്രിട്ടീഷ് സൈനികരേയാണ്. ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പാണ്ഡ്യനറിയുന്നത് തന്റെ ഇരുകൈകളും ഇരുകാലുകളും പരസ്പരം ബ ന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന്. വൈ കാതെ വീരപാണ്ഡ്യ കട്ടബൊമ്മന്‍ ഇരുമ്പഴികളില്‍ അടക്കപ്പെട്ടു.
1799 ഒക്ടോബര്‍ 24-ാം തീയതി ‘കായത്താരു’ എന്ന സ്ഥലത്തുള്ള ഒരു പുളിമരത്തില്‍ ഒരു കൊലക്കയര്‍ അറ്റത്തൊരു കുരുക്കും താഴെ ഒരു പീഠവുമുണ്ട്. വീരപാണ്ഡ്യനെ തൂക്കിലിടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ചുമതലപ്പെട്ടവന്‍ യഥാസമയം എത്തി. തങ്ങളുടെ പ്രിയപ്പെട്ട വീരപാണ്ഡ്യനെ ഒരു നോക്കുകാണാനെത്തിയവര്‍ നിരവധി ഉണ്ടായിരുന്നു.
പട്ടാളക്കാരുടെ ഇടയിലൂടെ വീരപാണ്ഡ്യന്‍ ആനയിക്കപ്പെട്ടു. കിരീടമില്ലെങ്കിലും ആ ശിരസ്സ് ഉയര്‍ന്ന് തന്നെ നിന്നിരുന്നു. വീരപാണ്ഡ്യനെ കണ്ടതോടെ ജനങ്ങള്‍ ആര്‍ത്തലച്ചു നിലവിളിച്ചു. ഭടന്മാര്‍ വീരപാണ്ഡ്യനെ പീഠത്തില്‍ കയറ്റി നിര്‍ത്തി കൈവിലങ്ങുകള്‍ നീക്കി.
വീരപാണ്ഡ്യന്‍ മുന്നോട്ട് കുനിഞ്ഞ് ഒരുപിടി മണ്ണുവാരിയെടുത്തു നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. പ്രിയനാടേ, എനിക്കു ജന്മം തന്ന എന്റെ മാതൃനാടേ നിന്നില്‍ അടിമച്ചങ്ങല വീഴാതിരിക്കാന്‍ എന്നാലാവുന്നതെല്ലാം ഞാന്‍ ചെയ്തു! ചില രാജ്യദ്രോഹികള്‍ എന്നെ ഒറ്റുകൊടുത്തു. എന്റെ പ്രയത്‌നം വിഫലമായി. എനിക്ക് നിരാശയില്ല. ഞാന്‍ വീണ്ടും ജനിക്കും. അടിമത്തത്തില്‍ നിന്നും എന്റെ ജന്മഭൂമിയെ ഞാന്‍ മോചിപ്പിക്കും.
തൂക്കു നടത്തേണ്ട സമയമായി. വീരപാണ്ഡ്യന്റെ കഴുത്തില്‍ കുരുക്കിടാന്‍ ആരാച്ചാര്‍ മുന്നോട്ടാഞ്ഞു. വീരപാണ്ഡ്യന്‍ ആംഗ്യംകൊണ്ടതു തടഞ്ഞു; കയറിന്റെ കുരുക്കെടുത്തു തലക്കു മുകളിലൂടെ കഴുത്തിലണിഞ്ഞു. കുരുക്ക് സ്വയം മുറുക്കി. ആ മുഖത്ത് ഭയലേശം ഉണ്ടായിരുന്നില്ല. അഭിമാനത്താല്‍ ശിരസ്സുയര്‍ന്നു തന്നെ നിന്നിരുന്നു.
വീരപാണ്ഡ്യന്‍ നിന്നിരുന്ന പീഠം തട്ടിമാറ്റപ്പെട്ടു! എല്ലാം നിമിഷാര്‍ത്ഥത്തില്‍ കഴിഞ്ഞു. ജനം ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് പിരിഞ്ഞുപോയി. അങ്ങനെ സ്വരാജ്യത്തിനുവേണ്ടി സ്വയം ജീവത്യാഗം ചെയ്ത വീരപാണ്ഡ്യ കട്ടബൊമ്മന്‍ ചരിത്രത്തിന്റെ ഭാഗമായി.
(അവസാനിച്ചു)