ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെക്കാള്‍ ഉന്നതപദവി ക്രിസ്ത്യാനികള്‍ക്ക് വേണമെന്ന ചിന്താഗതി മിഷണറിമാര്‍ക്ക് കലശലായി ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തിനു ചെവി കൊടുത്തില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ പിണക്കേണ്ടതില്ല എന്നതായിരിക്കാം, ഒരുപക്ഷേ അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്. മിഷനറി പ്രവര്‍ത്തനങ്ങളിലൂടെയാണ് ഭാരതത്തിലെ പിന്നാക്കക്കാരെയും പട്ടികവിഭാഗങ്ങളെയും ക്രിസ്തുമതാനുയായികളാക്കി മാറ്റിയത്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പട്ടിക വിഭാഗങ്ങള്‍ ത്യാഗോജ്ജ്വല സമരങ്ങളിലൂടെ നേടിയെടുത്ത രാഷ്ട്രീയ അധികാരം തങ്ങള്‍ക്കു കൂടിവേണമെന്ന ആവശ്യവുമായി വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ആദ്യമായി രംഗത്തെത്തിയത്. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് അന്ന് അതു നടന്നില്ല. പിന്നീട് പ്രധാനമന്ത്രിയായി വന്ന ഡോ. മന്‍മോഹന്‍ സിങ്ങും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുമാണ് ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കുക എന്ന ഗൂഢലക്ഷ്യത്തോടെ ഒരു കമ്മീഷന് രൂപം നല്‍കിയത്. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന മതഭാഷാന്യൂനപക്ഷങ്ങളുടെ പുരോഗതിയ്ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും സമര്‍പ്പിക്കുന്നതിന് 2005 മാര്‍ച്ച് 15ന് ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷനെ നിയമിച്ചു.
ഇത്തരത്തില്‍ ഒരു കമ്മീഷനെ നിയമിക്കുന്നതിനു മുമ്പ് ഏതാനും ക്രിസ്തീയ സംഘടനകള്‍ മൂന്നു റിട്ട് പെറ്റീഷനുകള്‍ (wp (c) 180/2004, 94/2005, 625/2005) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇവ കൂടാതെ ഭരണഘടന (പട്ടികജാതി) ഉത്തരവ് 1950ലെ മൂന്നാം ഖണ്ഡികയുമായി ബന്ധപ്പെട്ട് ഏഴ് റിട്ട് പെറ്റീഷനുകളും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും കൂടി വിവിധ സംസ്ഥാന ഹൈക്കോടതികളിലും ഫയല്‍ ചെയ്തിരുന്നു. ഈ റിട്ട് പെറ്റീഷനുകള്‍ എല്ലാം തന്നെ ഭരണഘടനയുടെ 14, 15, 16, 25 എന്നീ വകുപ്പുകളില്‍ പറയുന്ന മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ താഴെ പറയും പ്രകാരം ക്രമപ്പെടുത്തി.
- ഭരണഘടന (പട്ടികജാതി) 1950ലെ ഉത്തരവിന്റെ മൂന്നാം ഖണ്ഡികയില്‍ പറയുന്ന ”മതം” എന്ന വാക്കിനു കൊടുത്തിട്ടുള്ള വ്യാഖ്യാനങ്ങള്‍ റദ്ദാക്കണമോ, വേണ്ടയോ? അഥവാ അതിലേയ്ക്കു ക്രിസ്തുമതത്തേയും ഇസ്ലാം മതത്തേയും കൂടി ഉള്‍പ്പെടുത്തണമോ?
- പരിവര്‍ത്തിത ക്രൈസ്തവരെയും മുസ്ലീങ്ങളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ നീതീകരണം ആരായുക.
- ഭരണഘടന(പട്ടികജാതി) 1950-ലെ ഉത്തരവിലെ മൂന്നാം ഖണ്ഡികയുടെ ഭരണഘടനാ സാധുത പരിശോധിക്കുക. കൂടാതെ ഇതില്‍ പറയുന്ന ശുപാര്‍ശകള്‍ ബാധിക്കുന്നത് സംവരണം 50 ശതമാനത്തില്‍ നിന്നും മാറ്റുന്നതും അതില്‍ ഉള്‍പ്പെടുത്തുന്നതുമാണ്.
കമ്മീഷന്റെ അദ്ധ്യക്ഷനായി സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രംഗനാഥമിശ്രയേയും അംഗങ്ങളായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ചെയര്‍മാന്‍ പ്രൊഫ.താഹിര്‍ മുഹമ്മദ്, ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ വില്‍സന്‍, ന്യൂദല്‍ഹി പഞ്ചാബ് സ്റ്റഡീസിന്റെ ഡയറക്ടര്‍ മഹേന്ദ്രസിംഗ്, മെമ്പര്‍ സെക്രട്ടറിയായി ഇന്ത്യാഗവണ്‍മെന്റ് മുന്‍ സെക്രട്ടറി ആശാദാസ് ഐ.എ.എസ്. എന്നിവരെയും നിയമിച്ചു.
കമ്മീഷന്റെ അന്വേഷണ പരിധിയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു.
- മതഭാഷാ ന്യൂനപക്ഷങ്ങളില്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുക.
- മേല്‍പ്പറയപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിയും അതോടൊപ്പം സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ശുപാര്‍ശ ചെയ്യുക.
- ചര്‍ച്ചകളുടെയും ശുപാര്‍ശകളുടെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അവ നടപ്പിലാക്കേണ്ടതിന് ആവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
ഇതിനെതുടര്‍ന്ന് 2005 മെയ് 29ന് കൂടുതല്‍ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മറ്റൊരു വിജ്ഞാപനം കൂടി സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
”1950ലെ (പട്ടികജാതി) ഉത്തരവിന്റെ മൂന്നാം ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുള്ള സംവരണത്തിന്റെ 50 ശതമാനം എന്നുള്ള അതിര്‍വരമ്പ് ഭേദിക്കാതെ അതിലേക്ക് മതഭാഷാന്യൂനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനുള്ള ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുക.”
ഈ വിജ്ഞാപനം കൂടി പുറത്തുവന്നതോടെ ‘കാള എന്തിനാണ് വാലുപൊക്കുന്നത്’ എന്നു ബോദ്ധ്യമായി. അത് ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കുക എന്നുള്ളതായിരുന്നു.
2007 മെയ് 10ന് അന്വേഷണറിപ്പോര്‍ട്ട് ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. 2009 നവംബര്‍ 18ന് അത് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും മേശപ്പുറത്തുവെച്ചു.
റിപ്പോര്‍ട്ട് ഐകകണ്‌ഠേനയുള്ളതല്ലെന്ന് തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. കമ്മീഷന്‍ അംഗമായിരുന്ന ആശാദാസിന്റെ വിയോജനക്കുറിപ്പാണ് അതിനുകാരണമായത്. കമ്മീഷന്‍ റിപ്പോര്‍ട്ട് 10 അദ്ധ്യായങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. അദ്ധ്യായം (1) അവതാരിക (2) ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകള്‍ (3) മതന്യൂനപക്ഷങ്ങളും അവരുടെ അവസ്ഥയും (4) ഭാഷാ ന്യൂനപക്ഷങ്ങളും അവരുടെ അവസ്ഥയും (5) ന്യൂനപക്ഷവിഭാഗങ്ങളിലെ വനിതകളും അവരുടെ അവസ്ഥയും (6) മതന്യൂനപക്ഷവിഭാഗങ്ങളിലെ പിന്നാക്കക്കാരെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍ (7)മതന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും വികസനത്തിനുമായി സ്വീകരിക്കേണ്ട നടപടികള്‍ (8)സംവരണം പുരോഗതിക്കുള്ള അളവുകോല്‍ (9)1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് ഭേദഗതി ചെയ്യാനുള്ള ആവശ്യപ്പെടല്‍ (10) ശുപാര്‍ശകളും അവ നടപ്പിലാക്കാനുമുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും.
ഈ പത്ത് അദ്ധ്യായങ്ങള്‍ കൂടാതെ ആശാദാസിന്റെ വിയോജനക്കുറിപ്പുകളും അവയ്ക്ക് മറ്റ് രണ്ട് അംഗങ്ങള്‍ നല്‍കിയ മറുപടികളും അടങ്ങുന്നതാണ് ”രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്.”
റിപ്പോര്‍ട്ടിലെ ഒന്‍പതും പത്തും അദ്ധ്യായങ്ങളാണ് വിവാദമായിട്ടുള്ളത്. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കണമെന്ന കാര്യത്തില്‍ കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന വാദഗതികള്‍ താഴെ പറയുന്നവയാണ്.
- ക്രിസ്തുമതവും ഇസ്ലാംമതവും ജാതി സമ്പ്രദായത്തെ അനുകൂലിക്കുന്നില്ലെങ്കിലും ഭാരതത്തിലെ സാഹചര്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമായതുകൊണ്ട് പട്ടികജാതിയില്‍ ജനിച്ചെങ്കിലും അവര്‍ ക്രിസ്തുമതത്തിലേക്കോ, ഇസ്ലാംമതത്തിലോക്കോ മാറിയാലും അവരുടെ ജാതീയമായ ദുരവസ്ഥ അവസാനിക്കുന്നില്ല.
- പൊതു സമൂഹം അവരോട് വിവേചനം കാണിക്കുന്നു. അവരുടെ തന്നെ ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം മോസ്‌ക്കുകളും അവര്‍ക്കുവേണ്ടി പ്രത്യേക ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചുകൊടുത്തും അവര്‍ക്കുവേണ്ടി മാത്രം പ്രത്യേകം പ്രാര്‍ത്ഥനാ സമയങ്ങള്‍ നിശ്ചയിച്ചും ശവസംസ്‌കാരത്തിന് പ്രത്യേകം സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയും അവരെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തുന്നു.
- 1989-ലെ ”പട്ടികജാതി അതിക്രമനിരോധന” നിയമത്തിന്റെ പ്രയോജനം ഈ വിഭാഗങ്ങള്‍ക്കു ലഭിക്കുന്നില്ല.
- മത പരിവര്‍ത്തനം നടത്തിയതുകൊണ്ട് ദളിതരായ ഇവര്‍ക്ക് സാമൂഹ്യ സാമ്പത്തിക പദവി ലഭിക്കുന്നില്ല. എന്നാല്‍ ഹിന്ദുമതത്തില്‍ ഇപ്പോഴും തുടരുന്ന തങ്ങളുടെ സഹോദരര്‍ക്ക് അതു കിട്ടുന്നുണ്ട്. ഇതു വിവേചനമാണ്.
- ഭരണഘടനയിലെ 14,15,16,25ല്‍ പറയുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് 1950ലെ പട്ടികജാതി ഉത്തരവ്. മതംമാറ്റം വ്യക്തിപരമായ കാരണമാണെന്നിരിക്കെ മതം മാറാത്ത ഒരാള്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും മതംമാറിയ ഒരാള്‍ക്ക് നിഷേധിക്കുന്നത് നീതിയല്ല.
- സിക്കുമതവും ബുദ്ധമതവും ജാതി സമ്പ്രദായത്തെ അംഗീകരിക്കുന്നില്ലെങ്കിലും ആ മതങ്ങള്‍ സ്വീകരിച്ചവര്‍ക്ക് 1950-ലെ പട്ടികജാതി ഉത്തരവ് ഭേദഗതി ചെയ്ത് പട്ടികജാതി പദവി അനുവദിച്ചുകൊടുത്തു. അങ്ങനെയെങ്കില്‍ ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും എന്തുകൊണ്ടാണ് ഇനിയെങ്കിലും പട്ടികജാതിപദവി അനുവദിച്ചു നല്‍കാത്തത്?
കമ്മീഷന്റെ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളെക്കുറിച്ച് മെമ്പര്‍ സെക്രട്ടറിയായിരുന്ന ആശാദാസിന്റെ വിയോജനക്കുറിപ്പ് എന്തായിരുന്നു എന്ന് അറിയുന്നത് നന്നായിരിക്കും.
- ഹിന്ദുമതത്തില്‍ പുരാതനകാലം മുതല്‍ നിലനിന്നു വന്നിരുന്ന ജാതി സമ്പ്രദായത്തിലെ തൊട്ടുകൂടായ്മയില്‍ നിന്നും ഉടലെടുത്ത സാമൂഹ്യവും, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് ഒരു വിഭാഗം ജനങ്ങളെ പട്ടികജാതി എന്ന പേര് നല്‍കി വേര്‍തിരിച്ചു നിര്‍ത്താന്‍ ഇടയാക്കിയത്.
- സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാരോ, സ്വാതന്ത്ര്യാനന്തരം ഭാരതസര്‍ക്കാരോ ക്രിസ്തുമതവിശ്വസികളെയോ ഇസ്ലാം മതവിശ്വാസികളെയോ അധ:സ്ഥിതജനവിഭാഗമായോ, പട്ടികജാതി വിഭാഗമായോ പരിഗണിച്ചിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയിലും, സ്വതന്ത്രഭാരതത്തിലും പട്ടികജാതി പദവി ഹിന്ദുമതത്തിന്റെ ഭാഗമായിട്ടായിരുന്നു കണക്കായിരുന്നത്. സിക്ക്-ബുദ്ധ മതാനുയായികള്‍ക്ക് പട്ടികജാതി പദവി നല്‍കിയത് ഈ രണ്ടു മതങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാണ്. ക്രിസ്തുമതം പോലെയോ ഇസ്ലാം മതംപോലെയോ സിക്ക്, ബുദ്ധമതങ്ങള്‍ സ്വതന്ത്രമല്ല.
- പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത മുസ്ലീങ്ങള്‍ക്കും ഒ.ബി.സി.ക്കാര്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട് അവര്‍ക്ക് ഉദ്യോഗസംവരണവും വിദ്യാഭ്യാസആനുകൂല്യങ്ങളും ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള മറ്റെല്ലാ പദ്ധതി ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്.
- ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ട് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം ന്യൂനപക്ഷങ്ങള്‍ എന്നുള്ള നിലയിലും ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷകളും ആനുകൂല്യങ്ങളും ഇവര്‍ കൈപ്പറ്റുന്നുണ്ട്.
- പട്ടികജാതിക്കാര്‍ക്ക് 10 ശതമാനവും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 8 ശതമാനവും സംവരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 2001-ലെ സെന്‍സസ് അനുസരിച്ച് ഈ വിഭാഗങ്ങളുടെ ജനസംഖ്യ കൂടിയിട്ടുണ്ട്. അതുകൊണ്ട് ഈ കണക്ക് അപര്യാപ്തമാണെന്ന് കാണാം. പട്ടികജാതി-വര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും കൂടി പങ്കുവച്ചാല്‍ അത് പട്ടികവിഭാഗങ്ങളുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല.
- പട്ടികവിഭാഗങ്ങളുടെ വ്യത്യസ്ത ചിത്രം മനസിലാക്കണമെങ്കില്‍ അവരുടെ ചരിത്ര പശ്ചാത്തലവും നിയമപരമായ അവസ്ഥകളും കൂടി മനസ്സിലാക്കണം. ആശാദാസ് പറഞ്ഞു നിര്‍ത്തി.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ തങ്ങളെ ആരും വെല്ലുവിളിക്കാന്‍ ഇടയില്ലെന്ന കണക്കുകൂട്ടല്‍ അസ്ഥാനത്തായി. കേരളത്തില്‍ നിന്നും 10 പട്ടികജാതി സംഘടനകള്‍ WP(C) 180/2004നെ എതിര്‍ത്ത് രംഗത്തു വന്നതോടെ കോടതിയ്ക്കുള്ളിലെ വെല്ലുവിളിയ്ക്ക് ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ കഴിഞ്ഞു. ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തു നിന്നും പട്ടികജാതി സംഘടനകള്‍ ആരും തന്നെ ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തിട്ടില്ല എന്നുള്ളത് വസ്തുതയാണ്. പട്ടികജാതിക്കാര്‍ അസംഘടിതരും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ആണെന്നുള്ള ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും ധാരണകളാണ് ഇതോടെ തിരുത്തിക്കുറിച്ചത്.
1936- ഏപ്രില്‍ 30ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് പട്ടികവിഭാഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അതില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. 1880-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിലെ സെന്‍സസ് കമ്മീഷണറായിരുന്ന സര്‍ ഡെന്‍സില്‍ ഇബ്സ്റ്റണ്‍ 18 അധഃസ്ഥിതവിഭാഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഒരു പട്ടിക തയ്യാറാക്കിയതോടെയാണ് ഹിന്ദുമതത്തിലെ ജാതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതിനുമുമ്പ് മുതല്‍ തന്നെ ഹിന്ദുമതത്തില്‍ ഒരു അധ:സ്ഥിതവിഭാഗം ഉണ്ടെന്നുള്ള കാര്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1931-ല്‍ സെന്‍സസ് കമ്മീഷണറായിരുന്ന ജെ.എസ്. ഹാട്ടണ്‍ അയിത്ത ജാതിക്കാരെ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. 1931 ലാണ് ഇന്ത്യയില്‍ ആദ്യമായി ജാതിതിരിച്ചുള്ള സെന്‍സസ് നടന്നത്. പിന്നീട് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടന്നത് 2011ലാണ്. 2011-ലെ സെന്‍സെസ് രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പട്ടികവിഭാഗങ്ങളുടെ കണക്കുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. മറ്റുള്ളവരുടെ കണക്കുകള്‍ ലഭ്യമല്ല.
തൊട്ടുകൂടായ്മയും അയിത്തവുമാണ് പട്ടികജാതിവിഭാഗങ്ങളെ നിര്‍ണ്ണയിക്കാന്‍ മാനദണ്ഡമാക്കിയത്. കൂട്ടത്തില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും കണക്കിലെടുത്തു. അയിത്തം മൗലികമായി മതപരവും രാഷ്ട്രീയവുമാണ്. അതുകൊണ്ട് മതം തന്നെയാണ് സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ 1936ലും, 1950ലും ഉള്‍പ്പെടുത്താന്‍ കാരണമായത്.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഉണ്ടാകുന്ന ഒഴിവുകള്‍ 15 ശതമാനം ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും നല്‍കണമെന്നും ഇപ്രകാരം വരുന്ന ഒഴിവുകളിലേയ്ക്ക് മറ്റു ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും ആരും അപേക്ഷകരായിട്ടില്ലെങ്കില്‍ കൂടി ആ അവസരങ്ങള്‍ ഭൂരിപക്ഷ ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കരുതെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചത്. ഇത് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തി. ഹിന്ദുക്കളെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക-വിദ്യാഭ്യാസനിലവാരം മുസ്ലീങ്ങള്‍ കൈവരിച്ചെന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തപ്പെട്ടിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ തീറെഴുതിക്കൊടുക്കാനാണ് കമ്മീഷന്‍ തയ്യാറായത്. ജനസംഖ്യാനുപാതികമായി ഇപ്പോള്‍ തന്നെ കൂടുതല്‍ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസില്‍ ഈ വിഭാഗങ്ങള്‍ക്ക് ഉണ്ടെന്നുള്ള കാര്യവും നിഷേധിക്കാനാവാത്തതാണ്.
ന്യൂനപക്ഷങ്ങളെക്കുറിച്ച് ഭരണഘടനയില്‍ വ്യക്തമായ നിര്‍വ്വചനങ്ങളില്ല. 1992-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ആക്ടിലും ന്യൂനപക്ഷം എന്താണെന്ന് നിര്‍വ്വചിച്ചിട്ടില്ല. ആക്ടിന്റെ സെക്ഷന്‍ ‘സി’യില്‍ പറയുന്നത് ന്യൂനപക്ഷങ്ങള്‍ ആരൊക്കെയാണെന്ന് പിന്നീട് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും എന്നാണ്. ഏതാനും മതവിഭാഗങ്ങളുടെ ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധീകരിച്ചതല്ലാതെ ന്യൂനപക്ഷ പരിഗണനയുടെ മാനദണ്ഡങ്ങള്‍ എന്താണെന്ന് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയില്ല. കഴിഞ്ഞ 70 വര്‍ഷമായി നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആരൊക്കെയാണെന്ന് ഇനിയും നിര്‍വ്വചിക്കാതെ, ന്യൂനപക്ഷങ്ങളെക്കുറിച്ച് എല്ലാവരും വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തമായ മാനദണ്ഡങ്ങളില്ലാത്ത ഒരു ജനവിഭാഗത്തെ എങ്ങനെയാണ് നിര്‍വ്വചിക്കാന്‍ കഴിയുക?
കാശ്മീരില്‍ പീഡിപ്പിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകള്‍ അവിടുത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭൂരിപക്ഷമാണോ, അതോ ന്യൂനപക്ഷമാണോ? തമിഴ്‌നാട്ടിലെ ചെട്ടിയാര്‍മാരും അയ്യര്‍മാരും ന്യൂനപക്ഷമാകുമോ? ഭാരതത്തിലെ ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടെയും വാദം കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കയിലെ എണ്ണത്തില്‍ കുറഞ്ഞ വെള്ളക്കാര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങളും ഉദ്യോഗസംവരണങ്ങളും കൊടുക്കേണ്ടിവരും. ദീര്‍ഘനാളുകള്‍ ഭാരതം ഭരിച്ച ക്രിസ്ത്യനികളുടെയും, മുസ്ലീങ്ങളുടെയും പിന്‍മുറക്കാര്‍ക്ക് വീണ്ടും അവകാശ സംരക്ഷണമോ? ഇവിടെ ഹിന്ദുക്കള്‍ വീണ്ടും കാഴ്ചക്കാരായി മാറുകയാണ്.
2011-ലെ സെന്‍സസ് അനുസരിച്ച് 2.78 കോടി ക്രിസ്ത്യാനികളാണ് ഭാരതത്തിലുള്ളത്. അവരില്‍ മൂന്നില്‍ ഒരുഭാഗം ഗിരിവര്‍ഗ്ഗക്കാരുമാണ്. ഒറീസ്സയില്‍ 8 ലക്ഷവും, ബീഹാറിലും ഝാര്‍ഖണ്ഡിലുമായി അനേക ലക്ഷം പേരും ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനികളായിട്ടുണ്ട്. ഇവരെ കൂടാതെ മിസ്സോറാം, അരുണാചല്‍പ്രദേശ്, നാഗാലാന്റ് തുടങ്ങിയ ഒട്ടുമിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനസംഖ്യയില്‍ ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതലാണ്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ മുന്നാക്ക ക്രിസ്ത്യാനികള്‍ ഗിരിവര്‍ഗ്ഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുണ്ട്. ഗിരിവര്‍ഗ്ഗ ജനസംഖ്യയിലെ കേവലം പത്തു ശതമാനം പേരുമാത്രമേ ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ളു. എന്നാല്‍ ഗിരിവര്‍ഗ്ഗക്കാരുടെ തൊണ്ണൂറുശതമാനം ആനുകൂല്യങ്ങളും കൈക്കലാക്കുന്നത് മുന്നാക്കക്കാരായ മലയ, അരയ, ദളിത് ക്രിസ്ത്യാനികളാണ്.
നിലവിലെ സംവരണവ്യവസ്ഥ അനുസരിച്ച് ലോകസഭയില്‍ 85 പട്ടികജാതി എം.പി മാരും 45 പട്ടിക-ഗോത്ര വര്‍ഗ്ഗ എം.പി മാരുമാണുള്ളത്. 543 എം.പിമാരില്‍ 130 പേര്‍ പട്ടികജാതി/ഗോത്രവര്‍ഗ്ഗ എം.പി മാരാണ്. ഇവരില്‍ ക്രിസ്ത്യന്‍ മുസ്ലീം മതവിശ്വാസികളുമുണ്ട്. ലക്ഷദ്വീപിലെ മുഴുവന്‍ മുസ്ലീങ്ങളും പട്ടികവര്‍ഗ്ഗക്കാരായതുകൊണ്ട് അവിടെനിന്നുള്ള എം.പി പട്ടികവര്‍ഗ്ഗ മുസ്ലീം എം.പിയായിരിക്കും. ഇവരെ കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപൂര്‍, നാഗാലാന്റ്, മിസ്സോറാം അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പട്ടിക- ഗോത്രവര്‍ഗ്ഗക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ളതുകൊണ്ട് അവിടെ നിന്നുള്ള പട്ടികഗോത്രവര്‍ഗ്ഗ എം.പിമാരില്‍ ചിലരും ക്രിസ്ത്യാനികളായിരിക്കും. ഇവരോടൊപ്പം പട്ടികജാതിക്കാരുടെ 85 എം.പിമാരെക്കൂടി കൂടെകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് യു.പിഎ. ഗവണ്‍മെന്റിനെക്കൊണ്ട് രംഗനാഥമിശ്രകമ്മീഷനെ നിയമിപ്പിച്ചത്. സംസ്ഥാന നിയമസഭകളിലെ 4037 എം. എല്‍. എമാരില്‍ പട്ടികജാതിക്കാര്‍ 562ഉം പട്ടികഗോത്രവര്‍ഗ്ഗക്കാര്‍ 530-മാണ്. ഇവരില്‍ പട്ടികജാതി എം.എല്‍.എമാര്‍ മുഴുവന്‍ പേരും ഹിന്ദുക്കളാണ്. കേരള നിയമസഭയില്‍ 140എം.എല്‍.എമാരില്‍ 14പേര്‍ പട്ടികജാതിക്കാരും രണ്ടുപേര്‍ പട്ടിക -ഗോത്രവര്‍ഗ്ഗക്കാരുമാണ്. ഇവരെല്ലാം ഹിന്ദുക്കളാണ്.
രംഗനാഥമിശ്രകമ്മീഷനെ നിയമിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്രിസ്തുമത മേലധ്യക്ഷന്മാര്‍ രണ്ടുനൂറ്റാണ്ടിലേറെക്കാലമായി പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളില്‍ നേടിയ പുരോഗതി മന:പൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ട് ഭരണസിരാകേന്ദ്രങ്ങളില്‍ കയറിപ്പറ്റാനുള്ള കുറുക്കു വഴികളാണ് ആലോചിച്ചത്.
മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുവെന്ന് വന്നാല്‍ മത പരിവര്‍ത്തനം സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നു എന്നാണര്‍ത്ഥം. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലേയ്ക്ക് കാര്യമായ ഒഴുക്കൊന്നും നടക്കുന്നില്ല. പോയവര്‍ തന്നെ തെറ്റു മനസ്സിലാക്കി തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ഈ തിരിച്ചുവരവിനെ തടയിടുക എന്ന ലക്ഷ്യം കൂടി രംഗനാഥമിശ്ര കമ്മീഷനെ നിയമിച്ചതിന് പിന്നിലെ രഹസ്യമാണ്.
രംഗനാഥമിശ്ര കമ്മീഷനെ നിയമിക്കുന്നതിനും അതിലൂടെ പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതിക്കാരാക്കിമാറ്റി പാര്‍ലമെന്റിലും, നിയമസഭയിലും തിരുകിക്കയറ്റി ഏഷ്യയിലെ സുവിശേഷീകരണം പൂര്‍ത്തിയാക്കുന്നതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ആഗോള ലത്തീന്‍ സമുദായ നേതാവ് പോപ്പ് തന്നെയായിരുന്നു. ആ ചരിത്ര വസ്തുതകളിലേയ്ക്ക് കൂടി കണ്ണോടിക്കേണ്ടതുണ്ട്.
എ.ഡി. 450-ല്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്ന കോണ്‍സ്റ്റന്‍ടൈയിന്‍ (Constantine) ചക്രവര്‍ത്തിയാണ് ലത്തീന്‍ സഭയ്ക്ക് രൂപം നല്‍കിയത്. ഭാരിച്ച ഭൂസ്വത്തുക്കളും തന്റെ തന്നെ കൊട്ടാരവും അദ്ദേഹം സഭാനേതൃത്വത്തിന് വിട്ടുനല്‍കി. ഇപ്രകാരം ലഭിച്ച ഭൂസ്വത്തിന്റെയും മറ്റും ബലത്തിലാണ് പേപ്പല്‍ സാമ്രാജ്യത്തിന്റെ തുടക്കം. കുറെ നാളുകള്‍ വത്തിക്കാന്‍ പോര്‍ച്ചുഗല്‍ രാജാവിന്റെ നിയന്ത്രണത്തിലായിരുന്നതുകൊണ്ടാണ് കേരളത്തില്‍ കച്ചവടത്തിനെത്തിയ പോര്‍ച്ചുഗീസുകാര്‍ മതപരിവര്‍ത്തനം അവരുടെ മുഖ്യ അജണ്ടയാക്കിമാറ്റിയത്. ഇറ്റലിയുടെ തലസ്ഥാനമായ റോമാ പട്ടണത്തിന് നടുക്ക് കേവലം 108.7 ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രപരമാധികാര രാഷ്ട്രമാണ് വത്തിക്കാന്‍. പോപ്പാണ് ആ രാജ്യത്തിന്റെ പരമാധികാരിയും രാഷ്ട്ര തലവനും. 1927 ജൂണ്‍ 7ന് പരിശുദ്ധ സിംഹാസന തലവനും ഇറ്റാലിയന്‍ രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ഒപ്പു വച്ച ”ലാറ്ററല്‍ ഉടമ്പടി” പ്രകാരമാണ് വത്തിക്കാന്‍ എന്ന ചെറിയരാജ്യം നിലവില്‍വന്നത്. പീയൂസ് 11-ാമന്‍ പോപ്പിനുവേണ്ടി (1922-1939) കര്‍ദ്ദിനാള്‍ പിയാത്രോ ഗാസ്പിരിയും ഇറ്റലിയിലെ രാജാവ് വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമനുവേണ്ടി പ്രധാനമന്ത്രി ബനിറ്റോ മുസ്സോളിനിയുമാണ് ലാറ്ററല്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത്. അതോടെ വത്തിക്കാന്‍ എന്ന സ്വതന്ത്ര രാഷ്ട്രം നിലവില്‍വന്നു.
അതുവരെ ഉണ്ടായിരുന്ന വിവിധ നാട്ടുരാജ്യങ്ങളും പോപ്പിന്റെ അധീനതയില്‍ ഒരുമിച്ചുകിടന്നിരുന്ന പ്രദേശങ്ങളും 1870-ല്‍ ഐക്യപ്പെടുകയും ഇറ്റലി രൂപപ്പെടുകയുമായിരുന്നു. ഇന്ന് കാണുന്ന ഇറ്റലിരൂപംകൊണ്ടത് 1919-ല്‍ ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ്. പോപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ ഇറ്റലിയുടെ രൂപീകരണത്തിനുവേണ്ടി വിട്ടുനല്‍കിയതിന്റെ പ്രതിഫലമായി വന്‍തുക ഇറ്റാലിയന്‍ ഭരണകൂടം പോപ്പിനു നല്‍കി. ഇറ്റലിയില്‍ മുസ്സോളിനി അധികാരത്തില്‍വന്നതു മുതല്‍ പോപ്പും ഫാസിസത്തിന്റെ അനുഭാവിയും പ്രചാരകനുമായിമാറി. ഇറ്റലിയില്‍ മുസ്സോളിനിയുമായും ജര്‍മ്മന്‍ ചാന്‍സലര്‍ അഡോള്‍ഫ് ഹിറ്റലറുമായും പോപ്പ് തികഞ്ഞ സൗഹൃദത്തിലായിരുന്നു. ജൂതവംശത്തെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുന്നതിനുവേണ്ടി ഹിറ്റ്‌ലര്‍ രൂപംകൊടുത്ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരെ പോപ്പ് ഒരക്ഷരം എതിര്‍ത്തു പറഞ്ഞില്ല. പോപ്പിനെ കൂടെ നിര്‍ത്തേണ്ടത് ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടെയും ആവശ്യമായിരുന്നു.
തങ്ങളുടെ കൈവശം വന്നുചേര്‍ന്ന ഭാരിച്ച പണം ഉപയോഗിച്ച് വത്തിക്കാന്‍ ഭരണകൂടം യൂറോപ്പില്‍ പലയിടത്തും ഫാക്ടറികള്‍ സ്ഥാപിച്ചു. ഇവിടെ നിന്നുളള വരുമാനം കൂടിയായപ്പോള്‍ ആത്മീയാചാര്യന്‍ എന്നതിലുപരി പോപ്പ് ഒരു കോര്‍പ്പറേറ്റ് ചീഫിന്റെ പദവിയിലെത്തി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ വന്‍തുകകള്‍ വത്തിക്കാനിലേക്ക് സംഭാവനയായി നല്‍കുന്നുണ്ട്. വത്തിക്കാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാങ്കാണ് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. 1999 ജനുവരി ഒന്നുമുതല്‍ യൂറോപ്പിന്റെ നാണയം യുറോയായി മാറിയതു മുതല്‍ വത്തിക്കാന്റെ നാണയവും യൂറോയായി.
പോപ്പിനെ അനുകരിച്ചാണ് ഭാരതത്തിലെ ക്രിസ്തീയ സഭകള്‍ സേവനത്തിന്റെ പേരുപറഞ്ഞ് സ്‌കൂളുകളും കോളേജുകളും വന്‍കിട ആശുപത്രികളും മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളും നടത്തിവരുന്നത്. ഇവിടെ നിന്നുള്ള വരുമാനം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ചെലവഴിക്കപ്പെടുന്നു. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കലും, ഭൂമി കയ്യേറ്റവും മറ്റൊരു പ്രവര്‍ത്തനശൈലിയാണ്. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനപ്രശ്‌നത്തില്‍ 50:50 എന്ന തത്ത്വം ആദ്യം അട്ടിമറിച്ചത് ക്രിസ്തീയ സഭകളാണ്. നൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശം ഉണ്ടെന്നുമുള്ള ന്യായം കോടതിയില്‍ ഉന്നയിച്ച് അനുകൂലമായ വിധി സമ്പാദിച്ചെടുക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹായത്തോടെ യു.പി.എ സര്‍ക്കാര്‍. 93-ാം ഭരണഘടനാ ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും ജോലിക്കും സംവരണതത്ത്വം പാലിക്കേണ്ടതില്ലെന്നായിരുന്നു ആ ഭരണഘടനാ ഭേദഗതി. അതും സ്വാശ്രയ വിദ്യാഭ്യാസ കാര്യത്തില്‍ ക്രിസ്തീയ സഭകള്‍ക്ക് ഗുണകരമായി. അതുമൂലം ഫലത്തില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനമാണ് അവതാളത്തിലാക്കിയത്.
വത്തിക്കാന്‍ രാഷ്ട്രത്തിലെ ഔദ്യോഗിക ജനസംഖ്യ 821 ആണ്. ഔദ്യോഗികമായി 558 പേര്‍ മാത്രമേ പൗരന്മാരായിട്ടുള്ളൂ. ഇവരില്‍ 246 പേര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. ഔദ്യോഗിക ഭാഷ ലത്തീനും ഭരണഭാഷ ഇറ്റാലിയനുമാണ്.
ഭാരതത്തെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് പോപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ലോകത്ത് ആകമാനം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനില്‍ ഒരു കര്‍ദ്ദിനാളിന്റെ മേല്‍നോട്ടത്തില്‍ ‘World Council of Churches’െ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ലോകത്ത് നാല് വികസ്വര രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഇതിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ‘National council of churches in india, christian council Campus, Civil Lines Nagapur’ ആണ് ഇന്ത്യയിലെ ശാഖ. ഭാരതത്തിലെ മതപരിവര്‍ത്തന കുതന്ത്രങ്ങളുടെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇതാണ്. ഭാരതത്തില്‍ ഏതൊരു പ്രദേശത്ത് ആരെങ്കിലും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിക്കഴിഞ്ഞാല്‍ ആവശ്യമായ രേഖകളോടും വിശദവിവരങ്ങളോടും കൂടി ആ വിവരം ആദ്യം നാഗപൂരിലെത്തും. അവിടെ നിന്നും അത് വത്തിക്കാനിലെ കേന്ദ്ര ഓഫീസിലേയ്ക്ക് പോകും. അവരാണ് പിന്നീട് ഇതിന് സ്ഥിരീകരണവും അംഗീകാരവും നല്‍കുന്നത്.
കേരളത്തിലെ പട്ടികജാതിക്കാരെ 26198 കോളനികളിലും പട്ടികവര്‍ഗ്ഗക്കാരെ 4645 എണ്ണത്തിലും ആടുമാടുകളെപ്പോലെ ജീവിക്കാന്‍ തള്ളിവിട്ടത് കമ്മ്യൂണിസ്റ്റുകളാണ്. കേരളത്തില്‍ മറ്റൊരു സമുദായങ്ങള്‍ക്കും കോളനി ജീവിതം ഇല്ലെന്നുകൂടി തിരിച്ചറിയണം. തങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ‘കേരള ഭൂപരിഷ്‌കരണതട്ടിപ്പ് ബില്ലിന്റെ’ പാപപരിഹാരം എന്നുള്ള നിലയ്ക്കാണ് പട്ടികജാതിക്കാരന് കോളനിജീവിതം വിധിച്ചത്. അതുകൂടാതെ ഇപ്പോള്‍ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) എന്ന ആട്ടിന്‍കൂടുണ്ടാക്കി അതിനകത്ത് കുത്തി നിറച്ച് ഇടാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
പട്ടികജാതി പദവിയും സംവരണവും ക്രിസ്ത്യാനികളുടെ ഒരാവശ്യം എന്നുള്ളതിനുപരി അത് സോണിയായുടെയും ഡോ: മന്‍മോഹന്‍സിങ്ങിന്റെയും ആവശ്യവും അഭിമാനപ്രശ്‌നവുമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ആഞ്ഞടിക്കുന്നത് പാവപ്പെട്ട പട്ടികജാതിക്കാരെയാണെങ്കിലും അതിന്റെ നശീകരണശക്തി ലക്ഷ്യമിടുന്നത് ഹിന്ദു സംസ്‌കാരത്തെയും ജീവിതരീതിയെയും ഒരു വേള ഭാരതത്തിന്റെ പരമാധികാരത്തെയുമാണ്. അതുകൊണ്ട് തന്നെ ഇത് നാളിതുവരെ ക്രിസ്തുമതവും, ഇസ്ലാംമതവും സ്വീകരിച്ച ഏതാനും പട്ടികജാതിക്കാരുടെ കാര്യം മാത്രമായി ഒതുങ്ങുന്നില്ല. സംവരണവ്യവസ്ഥപ്രകാരം പാര്‍ലമെന്റില്‍ 130 പട്ടികജാതി-പട്ടികവര്‍ഗ്ഗ എം.പി. മാരുണ്ടെന്ന് പറഞ്ഞുവല്ലോ. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വന്നാല്‍ ഈ 130 പേരുടെ സ്ഥാനത്തും ക്രിസ്ത്യന്‍ മുസ്ലീം എം.പിമാര്‍ സ്ഥാനം പിടിക്കും. അത് ഒരുപക്ഷേ നിലവിലെ ഭീകരവാദ ഭീഷണിയെക്കാള്‍ ഭയാനകമായിരിക്കും.
ഭാരതത്തിലെ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. അവര്‍ വസ്തുതകള്‍ മനസ്സിലാക്കി ഇനിയെങ്കിലും ഒരു രാഷ്ട്രീയ ശക്തിയായി മാറേണ്ടിയിരിക്കുന്നു. ദളിത് ക്രൈസ്തവരും ദളിത് മുസ്ലീങ്ങളും അവരെ പിന്തുണയ്ക്കുന്ന പള്ളികളുടെയും സഭകളുടേയും പിന്‍ബലത്തോടെ എന്നേ രാഷ്ട്രീയശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. വോട്ടും അതിലൂടെയുള്ള അധികാരവുമാണ് പ്രധാനം.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തി നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായതിനുശേഷം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C) 180/2004 ല്‍ കേന്ദ്രഗവണ്‍മെന്റ് ഇതെവരെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലാത്തതുകൊണ്ട് 21-01-2011 മുതല്‍ കേസ്സ് പരിഗണനയ്‌ക്കെടുത്തിട്ടില്ല. റിപ്പോര്‍ട്ട് ഒന്നടങ്കം തള്ളിക്കളയാനുള്ള ഗവണ്‍മെന്റ് ഇടപെടല്‍ ഉണ്ടായെ മതിയാകൂ. അതൊടൊപ്പം ഭാരതത്തിലെ പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ ഐക്യപ്പെടുകയും അവരെ ബാധിച്ചിട്ടുള്ള ഗുരുതര പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും വേണം.
ഈയിടെ ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ സെക്രട്ടറി (604 A 6th floor dempo trade centre complex patto plaza GOA) യും ഡോ: ജോണ്‍ ദയാല്‍ ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ മുന്‍ പ്രസിഡന്റ്( 505link Apartment 18. ip Extension New Delhi 92) കേന്ദ്രഗവണ്‍മെന്റിന്റെ സാമൂഹികശാക്തീകരണ മന്ത്രാലയം ന്യൂദല്‍ഹിയെ എതിര്‍കക്ഷിയാക്കിക്കൊണ്ടും വീണ്ടും ഒരു റിട്ട്‌പെറ്റിഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ആ റിട്ട് പെറ്റീഷനും 1950ലെ പട്ടികജാതി ഉത്തരവ് 3-ാം ഖണ്ഡികയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. നിരവധി വാദമുഖങ്ങള്‍ റിട്ട് പെറ്റീഷനില്‍ നിരത്തിയിട്ടുണ്ട്. എങ്കിലും അതിലൊന്ന് ഘര്‍വാപസിയിലൂടെ നിരവധിപേര്‍ ഹിന്ദുമതത്തിലേയ്ക്ക് തിരികെ പോരുന്നുണ്ടെന്നും ഇവരും ദളിത് ക്രൈസ്തവരും തമ്മില്‍ ചിലേടങ്ങളില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുണ്ടെന്നും ഇതൊഴിവാക്കാന്‍ ഇരുകൂട്ടര്‍ക്കും പട്ടികജാതി പദവി നല്‍കുക എന്നുള്ളതാണ് വേണ്ടതെന്നും വാദിക്കുന്നു. ക്രിസ്തീയ നേതൃത്വം ഇതെവരെ ഇക്കാര്യത്തിലുള്ള ബലം പിടുത്തം അവസാനിപ്പിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്.
ദക്ഷിണാഫ്രിക്കയിലെ ബിഷപ്പ് ടുട്ടുവിന്റെ വാക്കുകള്‍ കടമെടുത്ത് ഉദ്ധരിക്കുകയാണ് ”അവര്‍ (ഇംഗ്ലീഷുകാര്‍) ഞങ്ങളുടെ രാജ്യത്ത് കുടിയേറ്റക്കാരായി വന്നപ്പോള്‍ ബൈബിള്‍ അവരുടെ കയ്യിലും ഭൂമി ഞങ്ങളുടെ കൈവശവുമായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ ബൈബിള്‍ ഞങ്ങളുടെ കൈയ്യിലും ഭൂമി അവരുടെ കൈവശവുമായി.”
സഹായകഗ്രന്ഥങ്ങള്‍
- രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്
- civil writ petition 2017
- writ petition(c) No. 180 of 2004
- Affidavit filed by sri. K.A Balan,Advocate Ernakulam.
- പട്ടികജാതി പദവിയും, സംവരണവും പങ്കുവയ്ക്കുവാനുള്ള കൊള്ളമുതലല്ല(sc/st ഫെഡറേഷന്‍, എറണാകുളം)
- രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ദേശീയ ദുരന്തം(ഹിന്ദു ഐക്യവേദി)
- വത്തിക്കാന്‍ അറിയേണ്ടതും അറിയാത്തതും ഡോ: സ്റ്റീഫന്‍ ആലത്തറ.