ചെങ്ങന്നൂർ: ഉദാത്തമായ സന്ദേശമാണ് സ്വ. വിശാലിൻ്റെ ജീവിതം പകര്‍ന്നു നല്‍കിയതെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ഗണേശന്. വിശാൽ ബലിദാനത്തിന്റെ പന്ത്രണ്ടാം വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശത്തെ ജീവിതവും പഠനവും അവൻ ഉപേക്ഷിച്ചത് ഈ നാടിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകുന്ന മനസുമായാണ് അവൻ നാട്ടിലേക്ക് വന്നത്. ദേശീയ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചു. തന്റെ നാടിന്റെ സംസ്കാരം പ്രവർത്തി പഥത്തിൽ കൊണ്ടുവന്നു. വീരബലിദാനികളുടെ ജീവിതം നമുക്ക് മാതൃകയാണെന്നും എം.ഗണേശന് പറഞ്ഞു.
വിശാലിൻ്റെ ജന്മനാടായ മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാലിൻ്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷപാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും വിശാലിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരും സംഘപരിവാർ സംഘടനാ പ്രവർത്തകരും നാട്ടുകാരും വിശാലിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചന നടത്തി. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികള്‍ വിശാലിനെ കൊലപ്പെടുത്തിയത്.
ആർഎസ്എസ് വിഭാഗ് വിഭാഗ് പ്രചാരക് സി. വി രാജേഷ്, ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ്, വിഭാഗ് വ്യവസ്ഥ പ്രമുഖ് സി. മുരളി, ജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ്, ജില്ലാ പ്രചാരക് എം. എൽ അഖിൽരാജ്, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് ആർ.രാജീവ്, ജില്ലാ വിദ്യാർത്ഥി പ്രമുഖ് എം.മിഥുൻ, ജില്ലാ സമ്പർക്ക പ്രമുഖ് കെ.എം ഗിരീഷ്, ഖണ്ഡ് കാര്യവാഹ് യു.പ്രവീൺ, ഖണ്ഡ് സഹകാര്യവാഹ് വി. എം മഹേഷ്, ബിജെപി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ, ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.