ഗവേഷണവും നിരൂപണവും തപസ്യയാക്കി മലയാള ഭാഷാസാഹിത്യത്തിന് അക്ഷരങ്ങള്‍കൊണ്ട് അഭയമുദ്രകള്‍ ചാര്‍ത്തിയ ഡോ.എ.എം. ഉണ്ണിക്കൃഷ്ണന്‍ കലാലയ അദ്ധ്യാപകനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ദേശം, സംസ്‌കാരം, സാഹിത്യം എന്നിവയിലെ നവചോദനകളെ ആഴത്തില്‍ വിചിന്തനം ചെയ്ത നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ.എ.എം.ഉണ്ണിക്കൃഷ്ണനുമായി എ.എം.ബാലചന്ദ്രന്‍ നടത്തിയ അഭിമുഖസംഭാഷണത്തിലൂടെ അദ്ദേഹം തന്റെ ജീവിത നിരൂപണത്തിന്റെ നടവഴികള്‍ കേസരി വായനക്കാരുമായി പങ്കുവെക്കുന്നു.
ബാല്യകാലവും കുടുംബപശ്ചാത്തലവും താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകുമല്ലോ. ആ ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
♠തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തുള്ള പേഴൂര്‍ക്കോണം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കാര്‍ഷിക പശ്ചാത്തലമുള്ള ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ പി. മാധവന്‍നായര്‍, കര്‍ഷകനായിരുന്നു. അമ്മ, ബി. അരുന്ധതിയമ്മ. ഞങ്ങള്‍ അഞ്ചുമക്കളാണ്. ഞാന്‍ നാലാമന്‍. ഞങ്ങള്‍ അഞ്ചുമക്കളും ഒരേസമയം വിദ്യാര്‍ത്ഥികളായിരുന്നു എന്നതാണ് കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ പ്രധാനം. ഏറ്റവും മൂത്തചേട്ടനും ഞാനും തമ്മില്‍ പത്തുവയസ്സിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ മലപ്പുറം ജില്ലയില്‍ പോയി ഉപരിപഠനം നടത്തിയതിനാല്‍, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഓര്‍മ്മകളിലും ആ സാന്നിദ്ധ്യം വേണ്ടത്രയില്ല.
കാര്‍ഷികവൃത്തിയായിരുന്നു കുടുംബത്തിന്റെ ആശ്രയം. അച്ഛന് വേറെ ജോലിയൊന്നുമുണ്ടായിരുന്നില്ല. അമ്മയുടെ ലോകം അടുക്കള മാത്രമായിരുന്നു. അമ്മയ്ക്ക് പകലന്തിയോളം പണിയെടുക്കുക എന്നതില്‍നിന്ന് ഒരുദിവസം പോലും വിട്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. കുറച്ചു ഭൂമിയുണ്ടായിരുന്നു എങ്കിലും സ്ഥിരമായ വരുമാനം ഉണ്ടായിരുന്നില്ല. അച്ഛന്‍ ആ ഭൂമിയില്‍ പറ്റുന്നതുപോലെ സ്വയം അദ്ധ്വാനിക്കും, ബാക്കിയുള്ള ജോലികള്‍ പണിക്കാരെക്കൊണ്ടു ചെയ്യിക്കും. അതായിരുന്നു രീതി. നെല്‍ക്കൃഷി ചെയ്യുന്ന കുറച്ചു നിലവുമുണ്ടായിരുന്നു. വീട്ടിലേക്കാവശ്യമായ നെല്ല്, നാളികേരം എന്നിവയൊക്കെ അതില്‍നിന്നു കിട്ടിയിരുന്നു. പലപ്പോഴും മുടക്കുമുതലിനേക്കാള്‍ കുറവാണ് വരുമാനം എന്നതായിരുന്നു അവസ്ഥ.
♠കുടുംബത്തില്‍ സാഹിത്യവുമായും പൊതുപ്രവര്‍ത്തനവുമായും ബന്ധമുള്ളവരുണ്ടായിരുന്നോ?
എന്റെ മുത്തച്ഛന്മാര്‍, അതായത് അച്ഛന്റെ അച്ഛനും അമ്മയുടെ അച്ഛനും രണ്ടു വ്യത്യസ്തമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു. അവരെക്കുറിച്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അച്ഛന്റെ അച്ഛന്റെ പേര് എ. പരമേശ്വരന്‍നായര്‍ എന്നാണ്. നെയ്യാറ്റിന്‍കര എ.പി. നായര്‍ എന്ന് അറിയപ്പെട്ട അദ്ദേഹം അദ്ധ്യാപകനായിരുന്നു. പിന്നീട് ജോലി രാജിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലസന്ദര്‍ഭമായിരുന്നല്ലോ അത്. ആ രംഗത്താണ് അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചത്. മദ്ധ്യതിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകജോലി രാജിവച്ച് അദ്ദേഹം നെയ്യാറ്റിന്‍കരയില്‍ വന്ന് 1909ല്‍ ജ്ഞാനപ്രദായിനി എന്ന ഗ്രന്ഥശാല സ്ഥാപിച്ചു. അതിനുപുറമേ, സി. കൃഷ്ണപിള്ളയ്‌ക്കൊപ്പം നായര്‍ സമുദായോദ്ധാരണപ്രവര്‍ത്തനവും നടത്തി. നായര്‍ സര്‍വീസ് സൊസൈറ്റി രൂപംകൊള്ളുന്നതിനു മുന്‍പായിരുന്നു ഇതെല്ലാം. പത്രാധിപത്യത്തിലും പ്രഭാഷണത്തിലുമെല്ലാം അദ്ദേഹം പ്രസിദ്ധനായി. നെയ്യാറ്റിന്‍കര നഗരസഭയിലും ശ്രീമൂലംപ്രജാസഭയിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
അമ്മയുടെ അച്ഛന്റെ പേര് വി.എ.നാരായണപിള്ള എന്നാണ്. അദ്ദേഹം പ്രഥമാദ്ധ്യാപകനായിരുന്നു. സത്യാന്വേഷണമാര്‍ഗ്ഗത്തില്‍ അന്തര്‍മുഖമായ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ചട്ടമ്പിസ്വാമികളില്‍നിന്നു നേരിട്ടു മന്ത്രോപദേശം സ്വീകരിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനു സിദ്ധിച്ചിട്ടുണ്ട്. ശ്രീനാരായണതീര്‍ത്ഥപാദര്‍ എന്നതാണ് അദ്ദേഹത്തിന്റെ സന്ന്യാസനാമം. മലയാളത്തിനു പുറമെ, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നല്ല അറിവുണ്ടായിരുന്ന അദ്ദേഹം ഒഴിവിലൊടുക്കം, കൈവല്യനവനീതം തുടങ്ങിയ പുസ്തകങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള വിശിഷ്ടപാരമ്പര്യം എനിക്ക് ഒരു വരദാനമായി തോന്നിയിട്ടുണ്ട്. വിശിഷ്ടവ്യക്തികളുടെ സന്താനങ്ങളാണ് അച്ഛനും അമ്മയും എന്നതുകൊണ്ട്, സാമ്പത്തികക്ലേശവും മറ്റു ഭൗതികപരിമിതികളുമൊക്കെ ഉണ്ടായിരിക്കെത്തന്നെ കുടുംബത്തില്‍ സവിശേഷമായ ഒരു അന്തരീക്ഷം നിലനിന്നിരുന്നു. അതൊരു സുകൃതമായിട്ടാണ് തോന്നുന്നത്.
പിന്നീട് ഞാനും എഴുത്തിന്റെ മേഖലയിലേക്കൊക്കെ വന്നു. ചില പുസ്തകങ്ങള്‍ എഴുതി. എന്നാല്‍, എഴുത്തിലേക്ക് കടന്നിട്ടില്ലാത്ത സഹോദരങ്ങളും വായനയിലും ആസ്വാദനത്തിലും നല്ല നിലവാരമുള്ളവരാണ് എന്നുകൂടി പറഞ്ഞാലേ സാഹിത്യവുമായി കുടുംബത്തിനുള്ള ബന്ധം പൂര്‍ണ്ണമാവുകയുള്ളൂ. അതിന് അച്ഛന്റെ സാഹിത്യാഭിമുഖ്യം സഹായിച്ചിട്ടുണ്ട്; അപ്പൂപ്പന്മാരുടെ സാഹിത്യപാരമ്പര്യം പിന്തുണച്ചിട്ടുണ്ട്. കൂടാതെ അമ്മയുടെ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ അഭിരുചികളും പ്രചോദിപ്പിച്ചിട്ടുണ്ട്.
വായനയുടെ ലോകത്തേക്ക് കടന്നത് എങ്ങനെയാണ്?
♠പുസ്തകങ്ങളോടൊപ്പം, ആനുകാലികങ്ങളും വീട്ടില്‍ എത്തിയിരുന്നു. മലയാളനാട്, കുങ്കുമം എന്നിവയായിരുന്നു അന്നു വീട്ടില്‍ വരുത്തിയിരുന്നത്. എനിക്കു തോന്നുന്നത്, മൂത്ത ചേട്ടന്‍ ഇരുപതാമത്തെ വയസ്സില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌സില്‍ ഉദ്യോഗസ്ഥനായതിനുശേഷമാണ് അങ്ങനെയുള്ള സൗകര്യങ്ങള്‍ വീട്ടിലുണ്ടായത് എന്നാണ്. പ്രൊഫ. എം.കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം ആദ്യം മലയാളനാടില്‍ ആയിരുന്നല്ലോ വന്നുകൊണ്ടിരുന്നത്. അക്കാലംതൊട്ടേ അതു വായിക്കാന്‍ സാധിച്ചിരുന്നു. പമ്മന്‍, പത്മരാജന്‍ തുടങ്ങിയവരുടെ നോവലുകളും അതില്‍ വായിച്ചിട്ടുണ്ട്. ഡിജിപി ആയിരുന്ന എന്‍. കൃഷ്ണന്‍നായരുടെ ‘വിലങ്ങുകളേ വിട’യാണ് മലയാളനാടില്‍ വായിച്ച മറ്റൊരു നോവല്‍. പില്‍ക്കാലത്ത് മാതൃഭൂമി, കലാകൗമുദി തുടങ്ങിയ വാരികകളും വീട്ടില്‍ വരുത്തിയതായി ഓര്‍മ്മയുണ്ട്. സാഹിത്യത്തിലെ പുതുചലനങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രധാനപ്പെട്ട രചനകള്‍ പരിചയപ്പെടുന്നതിനുമൊക്കെ അവ സഹായകമായി. ക്ലാസിക് കൃതികള്‍ പലതും വായിക്കുന്നതിനും ഈ ഗൃഹാന്തരീക്ഷം അവസരം നല്കിയിട്ടുണ്ട്.
കലാലയജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠പ്രീഡിഗ്രിക്കു ഞാന്‍ കാട്ടക്കട ക്രിസ്ത്യന്‍ കോളേജില്‍ സെക്കന്‍ഡ് ഗ്രൂപ്പാണ് പഠിച്ചത്. അവിടെ ചേര്‍ന്ന വര്‍ഷമാണ് (1979) കോളേജുകളില്‍ പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. എനിക്കു രാവിലത്തെ ഷിഫ്റ്റില്‍ പ്രവേശം കിട്ടി. കോളേജില്‍ ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ നാട്ടിന്‍പുറത്തുകാരായ പലര്‍ക്കും വീട്ടിലെ തടവുപോലുള്ള അന്തരീക്ഷത്തില്‍നിന്നു സ്വാതന്ത്ര്യം കിട്ടിയത്. ബസില്‍ തള്ളിക്കയറിയും ഫുട്‌ബോഡില്‍ തൂങ്ങിനിന്നും ഒക്കെ യാത്ര ചെയ്യാനുള്ള സാഹസികാവസരം ഒരുങ്ങി. അവിടെ പഠിക്കുമ്പോള്‍ ഒരു വര്‍ഷം എന്‍സിസിയില്‍ ഉണ്ടായിരുന്നു. അവിടെയും മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്, സമ്മാനങ്ങളും നേടിയിട്ടുണ്ട്. അന്നത്തെ പല കൂട്ടുകാരുമായും ഇപ്പോഴും ഉറ്റ ബന്ധം തുടരാന്‍ സാധിക്കുന്നു. രണ്ടുവര്‍ഷമേ അവിടെ പഠിച്ചുള്ളൂവെങ്കിലും ആ കലാലയവുമായുള്ള ബന്ധം വിലപ്പെട്ടതായിട്ടാണ് ഇന്നും കരുതുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് ഡിഗ്രിക്കു പഠിച്ചത്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായിരുന്നു വിഷയം.
ബിരുദകാലത്ത് സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കാതെ എന്തുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യത്തിലേക്കു തിരിഞ്ഞത്?
♠പ്രീഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ സ്വാതന്ത്ര്യവും, ദുഃസ്വാതന്ത്ര്യവും ഒക്കെ കടന്നുവന്നു. സ്‌കൂളിലുണ്ടായിരുന്നതുപോലുള്ള ശ്രദ്ധ അവിടെ അദ്ധ്യാപകര്‍ക്കു തരാന്‍ കഴിയില്ലല്ലോ. പിന്നെ കൂട്ടുകെട്ടിന്റെ സൗകര്യങ്ങളും വര്‍ദ്ധിച്ചു. അതുകൊണ്ട് സ്‌കൂളിലേതുപോലെ പഠനത്തില്‍ നന്നായി ശ്രദ്ധിക്കാനൊന്നും പറ്റിയില്ല. എങ്കിലും സയന്‍സ് സബ്ജക്ടിന് അഡ്മിഷന്‍ കിട്ടാതിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടോ സാഹിത്യം പഠിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. കൂടാതെ ചിലതെല്ലാം എഴുതിയതിന്റെ ഫലമായി സാഹിത്യകാരനെന്ന വിശേഷണം കൂട്ടുകാര്‍ ചാര്‍ത്തിത്തരുകയും ചെയ്തിരുന്നു. ആ പിന്‍ബലവും സാഹിത്യം തിരഞ്ഞെടുക്കാന്‍ കാരണമായി.
ഡിഗ്രിപഠനകാലത്തെ എടുത്തുപറയത്തക്ക അനുഭവങ്ങളെന്തൊക്കെയാണ്?
♠ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വിഖ്യാതരായ സാഹിത്യകാരന്മാര്‍ പലരും അദ്ധ്യാപകരായി ഉണ്ടായിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരി, ജി.എന്‍. പണിക്കര്‍, നരേന്ദ്രപ്രസാദ് എന്നിവര്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അന്ന് തിളങ്ങിനിന്ന അദ്ധ്യാപകരാണ്. എഴുത്തുകാരല്ലെങ്കിലും പാണ്ഡിത്യമുള്ള, സമര്‍പ്പിതചേതസ്സുകളും ഗുരുശ്രേഷ്ഠരുമായ വി.കെ.മൂത്തത്, രാധാകൃഷ്ണന്‍, ഗോപകുമാര്‍, സൂസന്‍ കോശി എന്നിങ്ങനെ പ്രഗത്ഭരുടെ നിരയും അവിടെയുണ്ടായിരുന്നു.
രണ്ടാംഭാഷയായി മലയാളമാണു പഠിച്ചത്. അന്ന് മലയാളവിഭാഗം അദ്ധ്യക്ഷ നബീസ ഉമ്മാള്‍ ടീച്ചറാണ്. കൂടാതെ ഒഎന്‍വി കുറുപ്പ് മുതല്‍പേരുമുണ്ടായിരുന്നു. എംഎ മലയാളത്തിന് ആ കോളേജില്‍ത്തന്നെ പഠിച്ചപ്പോള്‍ പന്മന രാമചന്ദ്രന്‍നായര്‍ ആയിരുന്നു വകുപ്പ് അദ്ധ്യക്ഷന്‍. ഡി. വിനയചന്ദ്രന്‍, വി.പി. ശിവകുമാര്‍, ദേശമംഗലം രാമകൃഷ്ണന്‍, ടി.ജി. മാധവന്‍കുട്ടി, നടുവട്ടം ഗോപാലകൃഷ്ണന്‍ മുതലായവര്‍ അദ്ധ്യാപകരായും ഉണ്ടായിരുന്നു.
കലാലയ കാലത്ത് സാഹിത്യ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നോ?
♠ബിഎ ക്ലാസില്‍ ഞങ്ങള്‍ കൈയെഴുത്തുമാസിക തയ്യാറാക്കിയിട്ടുണ്ട്. കഥകളിയും കവിയരങ്ങും നാടകവും പോലുള്ള കലകള്‍ ആസ്വദിക്കാന്‍വേണ്ടി നഗരത്തിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയതും, പല രാത്രികളില്‍ ഹോസ്റ്റലില്‍ തങ്ങിയതുമൊക്കെ ഓര്‍മ്മയില്‍ മായാതെനില്‍ക്കുന്നു.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിപ്രതിനിധിയായി 1982 സപ്തംബര്‍ 24ന് ഞാന്‍ എബിവിപിയുടെ പാനലില്‍ മത്സരിച്ചു. മൂന്നാംവര്‍ഷമായപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായും അതേ പാനലില്‍ മത്സരിച്ചു. അത് 1983 സപ്തംബര്‍ 16നായിരുന്നു. നൂറിലധികം പാനല്‍ വോട്ടുകള്‍ നേടാനായി എന്നത് വമ്പിച്ച നേട്ടമായിരുന്നു. അന്ന് എതിര്‍പാനലില്‍നിന്നു മത്സരിച്ച പലരും പില്‍ക്കാലത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനങ്ങളിലെത്തി. ഒരാള്‍ ഇപ്പോഴത്തെ സംസ്ഥാന മന്ത്രിസഭയിലുണ്ട്.
എംഎയ്ക്കു ഇംഗ്ലീഷിനുപകരം മലയാളം തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു? അതുകാരണം പഠനത്തില്‍ എന്തെങ്കിലും വൈഷമ്യം ഉണ്ടായോ?
♠ഇംഗ്ലീഷ് ബിഎയ്ക്കു പഠിക്കുമ്പോള്‍ത്തന്നെ എനിക്ക് മലയാളത്തില്‍ കുറച്ചു കഴിവുണ്ടെന്നു മറ്റുള്ളവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ബിഎയ്ക്ക് ഉയര്‍ന്ന മാര്‍ക്കോടുകൂടി ജയിക്കാന്‍ കഴിഞ്ഞില്ല. മലയാളത്തിനു നല്ല മാര്‍ക്കുണ്ടായിരുന്നുതാനും. ഇംഗ്ലീഷ് എംഎയ്ക്കും അഡ്മിഷന്‍ കിട്ടിയിരുന്നു. ഒടുവില്‍ മലയാളം മതി എന്നു തീരുമാനിച്ചു. ആ തീരുമാനത്തിന് സൂസന്‍ കോശി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുവാദമുണ്ടായിരുന്നു. കൂട്ടുകാരും പിന്തുണച്ചു.
എംഎ ക്ലാസില്‍ പ്രാചീനസാഹിത്യം, വ്യാകരണം മുതലായ വിഷയങ്ങളില്‍ ഡിഗ്രിക്ക് മലയാളം ഐച്ഛികമായി പഠിച്ചവര്‍ക്കൊപ്പമെത്താന്‍ നന്നേ ക്ലേശിച്ചു. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഒപ്പമെത്തി. എല്ലാ ക്ലാസ്സിലും കൃത്യമായി പങ്കെടുക്കുകയും അദ്ധ്യാപകര്‍ പറയുന്നത് അനുസരിക്കുകയും ചെയ്യുകയാല്‍ അവരുടെ പ്രത്യേകവാത്സല്യത്തിനു പാത്രമാകാനും സാധിച്ചു.
അന്ന് രാത്രി ഒരുമണിവരെ വായനയും എഴുത്തും പഠനവുമായി വീട്ടില്‍ കഴിയുമായിരുന്നു. രാവിലെ അഞ്ചുമണിക്ക് ഉണര്‍ന്ന് തയ്യാറായി ഏഴുമണിക്കുള്ള ബസില്‍ കോളേജിലേക്കു പോകുന്നതു ശീലമാക്കി. ഒന്‍പതുമണിവരെ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ചെലവഴിച്ചതിനുശേഷം ക്ലാസ്സിലേക്കു പോവുകയായിരുന്നു പതിവ്. ജീവിതത്തിലെ ഏറ്റവും ധന്യമായ ഘട്ടം എന്ന് ആ കാലയളവിനെ ഞാന്‍ വിലയിരുത്തുന്നു. ഇപ്രകാരമൊക്കെ പ്രവര്‍ത്തിച്ചതിന്റെ ഫലവും ഉണ്ടായി, എംഎയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു.
എംഎ പരീക്ഷ കഴിഞ്ഞ് പുസ്തകവായനയും ഒത്തുചേരലുമൊക്കെയായി കഴിയുകയായിരുന്നു. ചില ദിവസങ്ങളില്‍ നഗരത്തില്‍ പോവുകയും സുഹൃത്തുക്കളും സഹപാഠികളുമായ ഡോ. പി.ജെ. ജേക്കബ്, ഡോ. ആനന്ദ് കാവാലം (രണ്ടുപേരും കോളേജ് അദ്ധ്യാപകരായി വിരമിച്ചവര്‍), ഇപ്പോള്‍ രാജ്ഭവനില്‍ പിആര്‍ഒ ആയ എസ്.ഡി. പ്രിന്‍സ്, കേരളസര്‍വകലാശാലയില്‍ ഡപ്യൂട്ടി രജിസ്ട്രാറായിരുന്ന സി. രഘുശങ്കര്‍, ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉപേക്ഷിച്ച് അമേരിക്കയില്‍ ജോലിയും സ്ഥിരതാമസവുമാക്കിയ കെ. പ്രദീപ്കുമാര്‍, ആലപ്പുഴ സനാതനധര്‍മ കോളജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായി വിരമിച്ച ആര്‍. ഇന്ദുലാല്‍, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഉണ്ടായിരുന്ന ടോബി തലയല്‍ തുടങ്ങിയവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെയിരിക്കെ യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസറായ കെ.എസ്. മോഹനനെ ചെന്നുകാണാനുള്ള സന്ദേശം എന്റെ അളിയനായ അഡ്വ. മണ്ണന്തല രാമചന്ദ്രന്‍നായരില്‍നിന്ന്, അന്ന് ആ നാട്ടില്‍ ടെലഫോണുള്ള മുക്കംപാലമൂട്ടിലെ റൈസ് മില്‍ ഉടമ മുഖേന ലഭിച്ചു. അതനുസരിച്ച് പുറപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫീസില്‍നിന്നു പോയത് യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളംവകുപ്പിലേക്കാണ്. അവിടെച്ചെന്ന് പന്മന രാമചന്ദ്രന്‍നായര്‍ സാറിനെ കണ്ടു. മന്ദസ്മിതത്തോടെ അദ്ദേഹം മുന്നിലെ കസേരയില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. മടിച്ചുനിന്നപ്പോള്‍ നിര്‍ബ്ബന്ധിച്ചിരുത്തി. അപ്പോള്‍ അവിടേക്ക് വി.പി. ശിവകുമാര്‍ സാര്‍ കടന്നുവന്നു. എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ വണങ്ങി. ശിവകുമാര്‍ സാറിനെ നോക്കി പന്മന സാര്‍ പറഞ്ഞു, ഉണ്ണിക്കൃഷ്ണനെ ഞാന്‍ ഒപ്പം ഇരുത്തി എന്ന്. ഫസ്റ്റ് റാങ്ക് ലഭിച്ചതിന്റെ അംഗീകാരമായിരുന്നു അത്. പന്മനസാറും ശിവകുമാര്‍സാറും ഒന്നാം റാങ്ക് ജേതാക്കളായിരുന്നു.
എംഎ പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ കോളേജ് അദ്ധ്യാപകനാകുകയായിരുന്നല്ലോ?
♠കോളേജ് പഠനം കഴിഞ്ഞപ്പോള്‍, സമാന ജീവിതസാഹചര്യവും പശ്ചാത്തലവുമുള്ള എല്ലാവരെയുംപോലെ എന്റെയും മുന്നിലുണ്ടായിരുന്ന പ്രധാനലക്ഷ്യം ജോലി നേടുക എന്നതായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡി ക്ലാര്‍ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്കുള്ള പിഎസ്‌സി പരീക്ഷ എഴുതി. എല്‍ഡിസി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയതിനെത്തുടര്‍ന്ന്, ആര്‍ടിഒ ഓഫീസില്‍ നിയമന ഉത്തരവു ലഭിച്ചു. എന്നാല്‍ എംഎയ്ക്ക് ഒന്നാം റാങ്കോടുകൂടി ഉന്നതവിജയം നേടിയതിനാല്‍ ഉപരിപഠനത്തിനുള്ള സാദ്ധ്യതയുണ്ടായിരുന്നു. അതു പ്രകാരമാണ് കേരളസര്‍വകലാശാലയില്‍ എംഫിലിനു ചേര്‍ന്നത്. അതിനിടയില്‍ തന്നെ ഞാന്‍ മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് കോേളജുകളിലെ മലയാളം അദ്ധ്യാപക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. കോളേജില്‍ സതീര്‍ത്ഥ്യനും പിന്നീട് മാര്‍ ഇവാനിയോസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ പി.ജെ. ജേക്കബ്, അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ വരുത്തുന്ന മലയാളമനോരമ പത്രത്തില്‍ കണ്ട ഒരുപരസ്യം എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മേല്പറഞ്ഞ അദ്ധ്യാപകനിയമനം സംബന്ധിച്ചതായിരുന്നു അത്. അതിന്റെയടിസ്ഥാനത്തിലാണു ഞാന്‍ അപേക്ഷ അയച്ചത്. സബ്സ്റ്റാന്റിവ് വേക്കന്‍സിയിലെ നിയമനത്തിനു വേണ്ടിയായിരുന്നു അപേക്ഷ ക്ഷണിച്ചത്, പ്രൊഫ. സി.ജെ. മണ്ണുമ്മൂട് വിരമിച്ച ഒഴിവില്‍. തിരുവനന്തപുരത്തുവച്ചായിരുന്നു ഇന്റര്‍വ്യൂ. നൂറ്റന്‍പതോളം അപേക്ഷകരുണ്ടായിരുന്നു. ഉച്ചകഴിഞ്ഞുള്ള സമയമാണ് എനിക്കു കിട്ടിയത്. എന്റെ മാര്‍ക്‌ലിസ്റ്റ് കണ്ട് ഇന്റര്‍വ്യൂ ബോഡിലുണ്ടായിരുന്ന എല്ലാവരുടെയും മുഖത്ത് സംതൃപ്തി നിറയുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു. ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കി. ആത്മവിശ്വാസത്തോടെയാണ് അവിടെനിന്നു മടങ്ങിയത്. കൂടെവന്ന സുഹൃത്തും സഹപാഠിയുമായ പ്രിന്‍സിനോട്, മെരിറ്റാണു പരിഗണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എനിക്കു ജോലി കിട്ടും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
കെ.രാമചന്ദ്രന്‍നായര്‍ സാര്‍ അദ്ധ്യക്ഷനായ, ഡിപ്പാര്‍ട്ട്‌മെന്റില്‍ എംഎഫില്‍ വിദ്യാര്‍ത്ഥിയായി ചെല്ലുന്ന സമയത്ത്, എനിക്കു ജോലി കിട്ടുമെന്നും, പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നും ചിലര്‍ പറയുകയുണ്ടായി. അതെന്തുകൊണ്ടാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും, പിന്നീട് ആലോചിച്ചപ്പോള്‍, മേല്പറഞ്ഞ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത കാര്യം ഓര്‍മ്മ വന്നു. അടുത്തദിവസം തന്നെ ഇന്റര്‍വ്യൂവിന്റെ ഫലം എന്തായി എന്നാരാഞ്ഞുകൊണ്ട് ഞാന്‍ ഒരു കത്ത് മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കയച്ചു. അതിനൊപ്പം സ്വന്തം മേല്‍വിലാസമെഴുതിയ ഒരു ഇന്‍ലാന്‍ഡും വച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആ ഇന്‍ലാന്‍ഡ് മടങ്ങിവന്നു. തുറന്നുനോക്കിയപ്പോള്‍ ഇന്റര്‍വ്യൂവില്‍ ഞാന്‍ ഒന്നാം സ്ഥാനത്തെത്തിയെന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുമുള്ള അറിയിപ്പായിരുന്നു.
പെട്ടെന്നു തന്നെ ഇക്കാര്യം അച്ഛനെയും അമ്മയെയും അറിയിക്കാന്‍ ചെന്നു. അമ്മയെ അറിയിച്ചു. അപ്പോള്‍, അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. പുറത്തിറങ്ങി നോക്കിയപ്പോള്‍ എവിടെയോ പോയിട്ട് അച്ഛന്‍ റോഡിലൂടെ നടന്നുവരുന്നതാണു കണ്ടത്. ഞാന്‍ അങ്ങോട്ട് ഓടിച്ചെന്നു വിവരം പറഞ്ഞു. അതുകേട്ട് അച്ഛന്‍ ആകാശത്തേക്കു നോക്കി കൈകൂപ്പി നിന്നു. ആ ചിത്രം ഇന്നും മനസ്സിലുണ്ട്.
ആദ്യമായി ജോലിയില്‍ പ്രവേശിച്ചതും തുടര്‍ന്നുള്ള അനുഭവങ്ങളും എങ്ങനെയാണ്?
♠കോട്ടയം ബസേലിയസ് കോളേജിലാണ് ഒഴിവുവന്നതെങ്കിലും പാമ്പാടി കെജി കോളേജിലെ ഒരാളുടെ ആവശ്യപ്രകാരം അദ്ദേഹത്തെ ബസേലിയസ് കോേളജിലേക്കു സ്ഥലംമാറ്റിയിട്ട് ആ ഒഴിവില്‍ കെജി കോളേജിലാണ് എന്നെ നിയമിച്ചത്. അങ്ങനെ 1987 ജൂണ്‍ ഒന്നിന് പാമ്പാടി കെജി കോളേജില്‍ ജൂനിയര്‍ ലക്ചററായി സ്ഥിരനിയമനം കിട്ടി. ജോയിന്‍ ചെയ്യാന്‍ നേരം ചില തടസ്സങ്ങളൊക്കെയുണ്ടായി. അവ ശുഭസൂചകമായി തോന്നിയില്ല. അതിനുള്ള കാരണം പിന്നീടുണ്ടായ ഒരനുഭവത്തില്‍നിന്നു വ്യക്തമായി.
പാമ്പാടിയില്‍ ജീവിച്ച അനുഭവം എങ്ങനെയാണ്? അവിടെ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടായിരുന്നോ?
♠1987 ജൂണ്‍ ഒന്നിന് ജോയിന്‍ ചെയ്യാന്‍വേണ്ടി തലേന്നുതന്നെ പാമ്പാടിയിലെത്തിച്ചേര്‍ന്നു. സുഹൃത്തായ കെ. മുരളികുമാറിനൊപ്പമാണു പോയത്. അവിടെ എവറസ്റ്റ് ലോഡ്ജില്‍ മുറിയെടുത്തു താമസം തുടങ്ങി. മുരളിയുടെ ബന്ധു അവിടെ ഉണ്ടായിരുന്നതുകൊണ്ട് നേരത്തേതന്നെ മുറി ഏര്‍പ്പാടാക്കിയിരുന്നു. ജീവിതത്തില്‍ ആദ്യമായാണു വീട്ടില്‍നിന്നു മാറിത്താമസിക്കുന്നത്. അതിന്റെ പ്രയാസമുണ്ടായിരുന്നു. പിന്നെ, നമ്മുടെ നാട്ടിലെ ഭക്ഷണരീതിയല്ല അവിടത്തേത്. അതിന്റെ പ്രയാസവുമുണ്ടായിരുന്നു. സര്‍വോപരി ഒരു വര്‍ഷത്തോളം ശമ്പളം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുമുണ്ടായിരുന്നു.
പാമ്പാടിയിലെ ജീവിതകാലത്ത് മറക്കാന്‍ കഴിയാത്ത ആളാണ് എല്‍ഐസി ഡവലപ്‌മെന്റ് ഓഫീസറായിരുന്ന തൃപ്പൂണിത്തുറ സ്വദേശി എ. മുരളീധരന്‍. എന്നെക്കാള്‍ മൂന്നുവയസ്സു കൂടുതലുണ്ടായിരുന്ന അദ്ദേഹവും ബാച്ചിലറായിരുന്നതിനാല്‍ ‘സംഗം’ ഹോട്ടലില്‍ തന്നെയായിരുന്നു താമസം. ഗണിതശാസ്ത്രമാണു പഠിച്ചതെങ്കിലും സാഹിത്യതത്പരനും പൊതുവിജ്ഞാനത്തില്‍ ഉയര്‍ന്നനിലവാരവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പാമ്പാടിയില്‍നിന്നു പോയതിനുശേഷവും അദ്ദേഹവുമായുള്ള സൗഹൃദം തുടര്‍ന്നു. പിന്നീട് എന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് തലേന്നുതന്നെ അദ്ദേഹവും ഭാര്യയും വന്നതോര്‍ക്കുന്നു. കാലാന്തരത്തില്‍, സൗഹൃദം കുറഞ്ഞില്ലെങ്കിലും, വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാലയളവിന്റെ ദൈര്‍ഘ്യം കൂടുകയുണ്ടായി. അങ്ങനെ ഒരുവര്‍ഷം മുന്‍പു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. അടുത്ത ദിവസം വീണ്ടും വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണു ഫോണെടുത്തത്. സാറ് ഈ ലോകംവിട്ടുപോയി എന്ന ദുഃഖവാര്‍ത്ത അപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ടുപറഞ്ഞു.
അവിടെ വെച്ച് അശുഭകരമായ ഒരുകാര്യം ഉണ്ടായെന്നു പറഞ്ഞല്ലോ. അത് എന്തായിരുന്നു?
♠ഞാന്‍ സര്‍വീസില്‍ പ്രവേശിച്ച് ഒന്നരവര്‍ഷം കഴിഞ്ഞ്, പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത്, ഇന്‍ക്രിമെന്റ് കിട്ടിയതിനുശേഷം, ഒരുദിവസം മുന്നറിയിപ്പില്ലാതെ ഒരു അദ്ധ്യാപിക കോളേജില്‍ വന്ന് എന്റെ സ്ഥാനത്തു ചുമതലയേറ്റു. അതോടെ ഞാന്‍ പുറത്തായി. അവര്‍ പഠിപ്പിച്ചിരുന്ന കോളജില്‍ ഡിവിഷന്‍ ഫാള്‍ ഉണ്ടായതായിരുന്നു കാരണം. മാനേജ്‌മെന്റിന്റെ സമുദായത്തില്‍പ്പെട്ടതും അന്നത്തെ നായനാര്‍ സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള വ്യക്തിയുമായിരുന്നതുകൊണ്ട് അവരെ പരിക്കു പറ്റാതെ സംരക്ഷിക്കാന്‍ മാനേജ്‌മെന്റ് ശ്രദ്ധിച്ചു. കോളേജിലെ സഹാദ്ധ്യാപകരും സഹപ്രവര്‍ത്തകരും ഒറ്റക്കെട്ടായി എന്നോടൊപ്പം നിന്നുവെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.
പിന്നീടെങ്ങനെയാണ് ആ പ്രതിസന്ധിയില്‍നിന്നു കരകയറിയത്?
♠ആ സമയത്ത് അതേ മാനേജ്‌മെന്റിനു കീഴിലുള്ള കോട്ടയം ബസേലിയസ് കോളജില്‍ ഒരു മെറ്റേണിറ്റി ലീവ് വേക്കന്‍സി വന്നു. എന്നെ താല്‍ക്കാലികമായ ആ പോസ്റ്റിലേക്കു മാറ്റി. 1989 മാര്‍ച്ച് 31 വരെ ഞാന്‍ അവിടെ തുടര്‍ന്നു. പിന്നെ തൊഴില്‍രഹിതനായി വീട്ടില്‍വന്നു താമസിച്ചു. അതുകഴിഞ്ഞ് സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നു. അതിന്റെ ഫലമായി സബ്സ്റ്റാന്റിവ് പോസ്റ്റില്‍ 1989 ജൂലായ് മാസം പത്താം തീയതി രണ്ടാമതും ചെന്നുചേര്‍ന്നു. എന്നാല്‍ കെജി കോളേജില്‍ വീണ്ടും ശമ്പളമില്ലാത്ത അവസ്ഥയില്‍ക്കൂടിത്തന്നെ കടന്നുപോകേണ്ടിവന്നു.
ആ നിലയില്‍ തുടരുന്നതു ബുദ്ധിമുട്ടായതിനാല്‍ ഒരുവര്‍ഷം ശമ്പളമില്ലാത്ത അവധിയെടുത്ത്, കേരളസര്‍വകലാശാലയില്‍ എംഫില്‍ പ്രോഗ്രാമിനു രണ്ടാംവട്ടം ചേരാന്‍ തീരുമാനിച്ചു. അങ്ങനെ വീണ്ടും കാര്യവട്ടത്ത് എംഫില്‍ വിദ്യാര്‍ത്ഥിയായി.
♠ബസേലിയസ് കോളേജിലെത്തിയത് എപ്പോഴാണ്?
1996 ജൂണ്‍ ഒന്നിന് എനിക്കു കോട്ടയം ബസേലിയസ് കോേളജിലേക്കു മാറ്റമായി. ഞാന്‍ ബസേലിയസ് കോളജിലേക്കു മാറുന്നതിനു തൊട്ടുമുന്‍പാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഹിന്ദി എംഎയ്ക്കു പഠിച്ചിരുന്ന എന്റെ സുഹൃത്ത്, കുടപ്പനക്കുന്നു സ്വദേശിയായ ശ്രീകുമാര്‍, പാമ്പാടി കെജി കോളേജില്‍ താത്കാലികമായ ഒഴിവില്‍ അദ്ധ്യാപകനായി ചേര്‍ന്നത്. കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലേക്കു പോയി. 1996 ജൂണ്‍ ഒന്നാംതീയതി ഞാന്‍ ബസേലിയസ് കോളേജില്‍ ചെല്ലുമ്പോള്‍ ശ്രീകുമാറും അദ്ധ്യാപകനായി അവിടെവന്നു. പിന്നീടുള്ള താമസവും നാട്ടിലേക്കുള്ള പോക്കും വരവുമെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. വിശദമായി പ്രതിപാദിക്കേണ്ട ഒരാളാണ് ശ്രീകുമാര്‍.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കോളേജിലുള്ളവര്‍ക്കും മാത്രമല്ല, പരിചയപ്പെടുന്ന എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ റിട്ടയേഡ് പ്രൊഫസ്സറും അമ്മ റിട്ടയേഡ് ഹെഡ്മിസ്ട്രസ്സുമാണ്. ഭാര്യ കേരളസര്‍വകലാശാലയില്‍ അസിസ്റ്റന്റ് ആയിരുന്നു. എന്റെ മകളുടെ പ്രായത്തില്‍ അവര്‍ക്കും ഒരു മകളുണ്ട്. ഞങ്ങളുടെ കുട്ടികളുടെ വിദ്യാരംഭം ഒരേദിവസം നടത്തുന്നതിന് ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. പിറ്റേദിവസം ശ്രീകുമാര്‍ കുടുംബത്തോടൊപ്പം വാഹനാപകടത്തില്‍പ്പെടുകയുണ്ടായി. അബോധാവസ്ഥയിലായിരുന്നു ശ്രീകുമാര്‍. ആ കിടപ്പ് 65 ദിവസം ഐസിയുവില്‍ തുടര്‍ന്നു. 1997 ഡിസംബര്‍ 13ന് അദ്ദേഹം ഈ ലോകം വിട്ടുപോയി.
ഏകസന്താനമായിരുന്നു ശ്രീകുമാര്‍. അദ്ദേഹത്തിന്റെ മരണത്തോടെ അച്ഛനമ്മമാര്‍ ആകെത്തകര്‍ന്നു. ഒരാശ്വാസത്തിനുവേണ്ടിയാണ് അവരുടെ സമ്മതത്തോടും സഹകരണത്തോടും കൂടി ശ്രീകുമാറിന്റെ സ്മരണയ്ക്കായി കുടപ്പനക്കുന്നില്‍ ബാലനികേതന്‍ ട്രസ്റ്റ് രൂപവത്കരിച്ചത്. പതിമൂന്നുവര്‍ഷം ആ ട്രസ്റ്റ് പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു.
സാധാരണനിലയിലുള്ള സ്‌കൂള്‍വിദ്യാഭ്യാസമല്ല അവിടെ നല്‍കിയത്. ഔപചാരികവിദ്യാഭ്യാസവുമായിരുന്നില്ല അവിടേത്തത്. വിദ്യാലയത്തില്‍ കിട്ടാത്ത അറിവുകള്‍, പ്രത്യേകിച്ചു നൈപുണീവികസനം, ക്വിസ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുക, കമ്പ്യൂട്ടര്‍ പരിശീലനം, ആരോഗ്യപരിപാലനം, കലാപരിശീലനം തുടങ്ങി വ്യക്തിത്വവികസനത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് അവിടെ നല്‍കിയത്.
പിന്നീട് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചല്ലോ. അതെങ്ങനെയായിരുന്നു?
♠2005-ലാണ് കേരളസര്‍ക്കാര്‍ എനിക്കു കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ ഡെപ്യുട്ടേഷന്‍ അനുവദിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലാണ് ഞാനവിടെ പ്രവര്‍ത്തിച്ചത്. പ്രസിദ്ധീകരണ വിഭാഗം, വിജ്ഞാനമുദ്രണം പ്രസ്സ്, അക്കാദമികവിഭാഗം, വിജ്ഞാനകൈരളിമാസിക എന്നിവയുടെ ചുമതല വഹിച്ചു.
പിന്നീടാണോ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാമോ?
♠ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യുട്ടേഷന്‍ കഴിഞ്ഞ് തിരികെ ബസേലിയസ് കോളജില്‍ ജോലിയില്‍ പ്രവേശിച്ച കാലത്താണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഒഴിവുണ്ടായതും ഞാന്‍ അപേക്ഷിച്ചതും. ഞാന്‍ റീഡറായിരിക്കെയാണ് ലക്ചറര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഇന്റര്‍വ്യൂ കഴിഞ്ഞ് എന്നെ രണ്ടാം റാങ്കില്‍പെടുത്തി. ഈ തരംതാഴ്ത്തലിന്റെ ഉള്ളുകളി നേരിട്ടു മനസ്സിലാക്കാന്‍ നിയതി അവസരം തന്നു. അതും അതില്‍ പങ്കാളിയായ വ്യക്തിയില്‍നിന്നു തന്നെ. ആ സംഭവം ഉണ്ടായത് 2016 നവംബര്‍ 10 ന് കേരളകേന്ദ്രസര്‍വകലാശാലയിലെ യാത്രയയപ്പുസമ്മേളനത്തില്‍വച്ചാണ്. വൈസ്ചാന്‍സലര്‍, പ്രോ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ഡീന്മാര്‍, വകുപ്പദ്ധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എല്ലാവരും പങ്കെടുത്ത അത്യന്തം സ്‌നേഹോഷ്മളമായ ചടങ്ങായിരുന്നു അത്. അന്നത്തെ പ്രധാനപ്രസംഗങ്ങളിലൊന്ന് പരീക്ഷാകണ്‍ട്രോളറുടേതായിരുന്നു. അദ്ദേഹം നിറകണ്ണുകളോടെ തൊണ്ടയിടറിക്കൊണ്ടു പറഞ്ഞതുകേട്ടവരെല്ലാം സ്തബ്ധരായിപ്പോയി. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ മലയാളം ലക്ചറര്‍ ഇന്റര്‍വ്യൂവില്‍ എന്നെ രണ്ടാമനാക്കി പിന്തള്ളുന്നതിനുവേണ്ടി നടത്തിയ കുതന്ത്രങ്ങളും ഗൂഢനീക്കങ്ങളും സംബന്ധിച്ചായിരുന്നു ആ വെളിപ്പെടുത്തല്‍. താന്‍ ആ സെലക്ഷന്‍ കമ്മിറ്റിയിലെ സിന്‍ഡിക്കേറ്റ് പ്രതിനിധിയായിരുന്നു എന്നുകൂടി അദ്ദേഹം തുറന്നുപറഞ്ഞു. എന്നുമാത്രമല്ല, എന്നോട് അന്നു ചെയ്ത അനീതിയുടെ പേരില്‍ പശ്ചാത്താപമുണ്ട് എന്ന് ഏറ്റുപറയാനും അദ്ദേഹം മടിച്ചില്ല.
അതു കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് യാതൊന്നും തോന്നിയില്ല. ഞാന്‍ അതിനു മുന്‍പും പിന്‍പും നാലഞ്ചുതവണ ഇതേ അനീതിക്ക് ഇരയായിട്ടുണ്ടല്ലോ. അതെല്ലാം വിവരിച്ചാല്‍ ഒരു പുസ്തകമാകും. സ്‌കോര്‍ ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശം ഉണ്ടുതാനും. പക്ഷേ സര്‍വകലാശാലയിലെ അദ്ധ്യാപകനിയമനങ്ങളില്‍ ഏറെക്കാലമായി രാഷ്ട്രീയാധീശശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന തേര്‍വാഴ്ചയെപ്പറ്റി നേരിട്ടറിയാന്‍ ഈ സംഭവം ഇടയാക്കി.
രണ്ടാമതൊരു ഒഴിവു വന്നപ്പോള്‍, സര്‍വകലാശാല എനിക്കു നിയമനം നല്കാന്‍ തയ്യാറായി. ആ വര്‍ഷം തയ്യാറാക്കിയ ലിസ്റ്റുകളില്‍നിന്നു തന്നെ രണ്ടാമതു വരുന്ന ഒഴിവിലേക്കു നിയമനം നടത്തണമെന്ന സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചായിരുന്നു ആ നടപടി. അങ്ങനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഞാന്‍ വിധേയനായിക്കൊണ്ടിരുന്നു.
ഇവിടെ തുറന്നുകാട്ടേണ്ട ഒരു ഇരട്ടത്താപ്പുകൂടിയുണ്ട്. എന്നെ നിയമിച്ചതോടൊപ്പം സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ ഥോട്ടിലും ഒരു നിയമനം നടത്തുകയുണ്ടായി. അവിടെ നോട്ടിഫൈ ചെയ്തത് റീഡര്‍ പോസ്റ്റിലേക്കുള്ള ഒഴിവാണ്. അതിന് യോഗ്യതയുള്ള ആളെ കിട്ടിയില്ല. അതുകൊണ്ട് ആ വേക്കന്‍സി നിലനിന്നു. എന്നാല്‍ ലക്ചറര്‍ പോസ്റ്റിനു തയ്യാറാക്കിയ സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരാള്‍ അസാധാരണയോഗം ഉള്ള വ്യക്തിയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനു വേണ്ടപ്പെട്ട ഒരുകുടുംബത്തിലെ അംഗമായിരുന്നു ആ വനിത. സ്വാഭാവികമായും പുതിയ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ഒരു തടസ്സവുമുണ്ടായില്ല. റീഡര്‍ പോസ്റ്റ് ലക്ചറര്‍ പോസ്റ്റായി ഡൗണ്‍ ഗ്രേഡ് ചെയ്യപ്പെട്ടു. ലക്ചറര്‍ സെലക്ഷന്‍ ലിസ്റ്റിലെ ഈ ഉദ്യോഗാര്‍ത്ഥി നിയമിതയാവുകയും ചെയ്തു. ഇതോടൊപ്പം വ്യക്തമായ മറ്റൊരു വസ്തുത, അവര്‍ക്കെതിരെ പ്രതിഷേധമോ സമരമോ ഒന്നും ഉണ്ടായില്ല. എന്നുമാത്രമല്ല, ഒരാള്‍ കൊടുത്ത കേസില്‍ തുടര്‍നടപടികള്‍ ഉണ്ടായതുമില്ല.
സംവിധാനങ്ങള്‍ എല്ലാം അവരെ ജാഗ്രതയോടെ സംരക്ഷിച്ചു. ആസൂത്രണങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. തൊട്ടു പിന്നാലെ കൂടുതല്‍ സൗകര്യപ്രദമായ ഒരു സര്‍വകലാശാലാലാവണത്തില്‍ ഉന്നതസ്ഥാനീയയായി അവര്‍ നിയമിക്കപ്പെട്ടു. ആ കുടുംബനാഥന്‍ കാലക്രമത്തില്‍ രാജ്യസഭയിലും മന്ത്രിസഭയിലും അംഗമായിത്തീര്‍ന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ ഒരു രാഷ്ട്രീയകക്ഷിയിലെ നേതാക്കളുടെ ഭാര്യമാരെ അദ്ധ്യാപകരാക്കുന്ന നിയമനപരമ്പരയ്ക്ക് തുടക്കംകുറിച്ചത് ഈ ഗജകേസരിയോഗത്തോടെയാണ് എന്ന് പറയപ്പെടുന്നു. ഞാനൊരിക്കലും ഈ സൗഭാഗ്യങ്ങള്‍ക്ക് അവകാശമുള്ള രാഷ്ട്രീയചേരിയുടെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ കാര്യത്തില്‍ രാഷ്ട്രീയമായ എതിര്‍പ്പും പ്രക്ഷോഭവും രൂക്ഷമായി നിലനില്ക്കുകയും അങ്ങനെ ഞാന്‍ പുറത്താക്കപ്പെടുകയും ചെയ്തു.
തിരിച്ചു ബസേലിയസ് കോളജില്‍ ചേരുന്നതിനു തടസ്സം വല്ലതുമുണ്ടായോ?
♠മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ജോലി തുടരാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ എന്റെ മാനേജ്‌മെന്റ് എന്നെ പൂര്‍വസ്ഥാനത്തു നിയമിച്ചു. അതിനെനിക്ക് എംഒസി മാനേജ്‌മെന്റിനോട് വലിയ കടപ്പാടുണ്ട്. അന്നു ഞങ്ങളുടെ മാനേജരായിരുന്ന ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയാണ് എന്നെ വീണ്ടും നിയമിച്ചത്. പക്ഷേ, അപ്രകാരം ചെയ്തത് വലിയ കുറ്റമാണെന്ന് അച്യുതാനന്ദന്‍ ഗവണ്‍മെന്റ് ആരോപിച്ചു. മാനേജര്‍ക്കു താക്കീതു നല്‍കുന്ന കത്ത് നല്കി. രണ്ടുകൊല്ലത്തോളം ശമ്പളമില്ലാത്ത അവസ്ഥ വീണ്ടുമുണ്ടായി. ഒടുവില്‍ ശമ്പളം നേടിയെടുത്തപ്പോള്‍, പകയടങ്ങാതെ, രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചു.
ആത്മഹത്യയുടെ കാരണവും യാചനയുടെ അപമാനവും സ്വയം മനസ്സിലാക്കിയ സന്ദര്‍ഭങ്ങള്‍. ഒക്കെ മറികടക്കാന്‍ കഴിഞ്ഞു. അഭിമാനത്തോടെ തന്നെ മുന്നോട്ടുപോയി. കീഴടങ്ങാനോ ബലികൊടുക്കാനോ ഒരിക്കലും തയ്യാറായില്ല. ഇതു തരുന്ന ആത്മബലം ചെറുതല്ല. അതിന്റെ ഗതികോര്‍ജ്ജം നിശ്ചലവുമല്ല.
ശമ്പളമില്ലാതിരുന്ന ആ കാലം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. വീടു പണിക്കുവേണ്ടി എടുത്ത ലോണിന്റെ തിരിച്ചടവ്, ചിട്ടികളുടെ തവണയടവ്, റെയില്‍വേ സീസണ്‍ ടിക്കറ്റെടുക്കുന്നതുള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍. പിന്നെ, ലോഡ്ജിന്റെ വാടക, ആഹാരത്തിന്റെ ചെലവ്. ഭാര്യയ്ക്കു ജോലിയുണ്ടായിരുന്നതുകൊണ്ട് കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളുമെല്ലാം നടന്നുപോയി. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ എന്റെ ഭാഗത്തുനിന്നു ചെയ്യേണ്ട പലതും ചെയ്യാന്‍പറ്റാത്തതില്‍ അതിയായ മനഃപ്രയാസമുണ്ടായി. എന്റെ സുഹൃത്ത്, പരേതനായ ശ്രീകുമാറിന്റെ അച്ഛന്‍ സുകുമാരന്‍നായര്‍ സാര്‍ ആ കാലയളവില്‍ എല്ലാമാസവും ഒരു ചെറിയ തുക തന്നു സഹായിച്ചു. നേരിയതോതിലെങ്കിലും സാമ്പത്തികക്ലേശം തരണം ചെയ്യാനായത് അതുകൊണ്ടാണ്. പിന്നീട് ശമ്പളക്കുടിശ്ശിക കിട്ടിയപ്പോള്‍ ആ കടംവീട്ടി. കടംവീട്ടിയാലും കടപ്പാട് തീരുകയില്ലല്ലോ.
ഈ പ്രതിസന്ധിഘട്ടത്തിലും നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായല്ലോ?
♠തൊട്ടു മുന്‍പു വിവരിച്ച പ്രയാസങ്ങളില്‍ക്കൂടി കടന്നുപോകവെയാണ് കേരളത്തിലെ ഏറ്റവും മികച്ച കലാലയാദ്ധ്യാപകനുള്ള പ്രൊഫ. എസ്. ശിവപ്രസാദ് സ്മാരകപുരസ്‌കാരവും ഭാരതത്തിലെ മികച്ച അദ്ധ്യാപകനുള്ള റവ. ടി.എ. മത്യാസ് പുരസ്‌കാരവും കിട്ടിയത്. ഇതിനിടയില്‍ത്തന്നെയാണു സാഹിത്യനിരൂപണത്തിനുള്ള ദുര്‍ഗ്ഗാദത്തപുരസ്‌കാരം കൈവന്നതും. 2009-ല്‍ യുജിസിയുടെ റിസര്‍ച്ച് അവാര്‍ഡും ലഭിച്ചു. അതുകാരണം ഡെപ്യുട്ടേഷനില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഗവേഷണം നടത്തി. അവിടെ ഒരു വര്‍ഷക്കാലം തത്ത്വചിന്താപരമായ, സാഹിത്യസംബന്ധിയായ ഒരു വിഷയത്തിലായിരുന്നു ഗവേഷണം. ഏതാണ്ട് ഇതേ കാലയളവിലാണ് കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നിയമനം ലഭിച്ചത്. 2011 ജനുവരി 28-ന് അവിടെ അദ്ധ്യാപകനായി.
കോട്ടയത്തു ജോലിചെയ്യുമ്പോഴും തിരുവനന്തപുരത്തെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നോ?
♠തിരുവനന്തപുരത്ത് താമസം തുടങ്ങിയ കാലം മുതല്‍ കരമന എന്‍എസ്എസ് കരയോഗത്തിലെ അംഗമാണ്. അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ കഴിയുംവിധം സഹകരിച്ചുപോരുന്നു. ഭാരതീയവിചാരകേന്ദ്രവുമായുള്ള ബന്ധവും ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തി. പത്മവിഭൂഷണ്‍ പി. പരമേശ്വര്‍ജിയുടെ മാര്‍ഗദര്‍ശനം അമൂല്യമായിരുന്നു. ഒരുഘട്ടത്തില്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ സംസ്ഥാനസമിതിയംഗമായും പ്രവര്‍ത്തിച്ചു. പി.കെ. പരമേശ്വരന്‍നായര്‍ സ്മാരകട്രസ്റ്റ്, ശ്രീകുമാര്‍ സ്മാരക ബാലനികേതന്‍ ട്രസ്റ്റ്, നെയ്യാറ്റിന്‍കര ജ്ഞാനപ്രദായിനി ഗ്രന്ഥശാല എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ ഉണ്ടായിരുന്നു.
അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
♠ഏറെ സവിശേഷതകളുള്ള വ്യക്തിയായിരുന്നു അമ്മ. പഠനത്തില്‍ സമര്‍ത്ഥയായിരുന്നു. ആറേഴു കിലോമീറ്റര്‍ തോട്ടുവരമ്പിലൂടെ നടന്നാണ് അമ്മ നെയ്യാറ്റിന്‍കര ഗവ. ഹൈസ്‌കൂളില്‍ പോയി പഠിച്ചുകൊണ്ടിരുന്നത്. മഴക്കാലത്ത് സ്‌കൂളിനടുത്തുവരെ ചെന്ന്, കരകവിഞ്ഞൊഴുകുന്ന തോടു കടക്കാന്‍ പറ്റാതെ വിഷണ്ണയായി തിരിച്ചുവരേണ്ടിവന്നിട്ടുണ്ട്. എങ്കിലും, ഉയര്‍ന്ന മാര്‍ക്കോടുകൂടി ഇഎസ്എല്‍സി പാസ്സായി. സര്‍ക്കാരുദ്യോഗത്തിന് അപേക്ഷ സമര്‍പ്പിച്ചു. അതിനുള്ള വഴി തെളിയുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും വിവാഹിതയായിക്കഴിഞ്ഞിരുന്ന അമ്മയ്ക്ക് ജോലിക്കു പോകാനുള്ള അനുവാദം കിട്ടിയില്ല. അതുകൊണ്ട് വീട്ടമ്മയായി ഒതുങ്ങിക്കൂടി.
അമ്മയ്ക്ക് സാംസ്‌കാരികവും ആദ്ധ്യാത്മികവുമായിഉന്നതനിലവാരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അമ്മയുടെ ശിക്ഷണം മക്കള്‍ക്കു ഗുണപ്രദമായിട്ടുമുണ്ട്. അതിന്റെ ഏറ്റവും പ്രകടമായ തെളിവ് ആദ്യത്തെ മകന്‍ അഞ്ചാമത്തെ വയസ്സില്‍ മൂന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയതാണ്. അദ്ധ്യാപകര്‍ കുട്ടിയുടെ നിലവാരം നിശ്ചയിച്ച് ക്ലാസ്സില്‍ ചേര്‍ക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു അന്ന്. അങ്ങനെ അഞ്ചാംവയസ്സില്‍ മൂന്നാം ക്ലാസ്സില്‍ ചേര്‍ന്ന സനല്‍കുമാര്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ പത്താം ക്ലാസ്സ് ജയിച്ചു. അമ്മ അതിരാവിലെ എഴുന്നേറ്റ് ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും തമിഴിലെ പ്രമുഖകീര്‍ത്തനങ്ങളുമൊക്കെ ഉരുവിട്ടുകൊണ്ടാണ് ദിനകൃത്യങ്ങളാരംഭിച്ചിരുന്നത്. വീട്ടില്‍ ഏറ്റവുമാദ്യം എഴുന്നേല്‍ക്കുന്നതും അവസാനം ഉറങ്ങുന്നതും അമ്മയായിരുന്നു. യന്ത്രംപോലെയാണ് അമ്മ പ്രവര്‍ത്തിച്ചിരുന്നത്. വീട്ടിലുള്ളവര്‍ക്കെല്ലാം വച്ചുവിളമ്പുന്ന, കന്നുകാലികള്‍ക്കുള്ളതെല്ലാം എത്തിച്ചുകൊടുക്കുന്ന, ജോലിക്കാര്‍ക്കു വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുന്ന യന്ത്രം. മുന്‍കാലത്തെ അമ്മമാര്‍ മിക്കവരും ഏറെക്കുറെ ഈ മട്ടില്‍ത്തന്നെയാണ് ജീവിച്ചത്. അത്, അമ്മ ഒരു യന്ത്രമാണ് എന്നു തോന്നാത്ത വിധത്തിലായിരുന്നുതാനും.
എന്നാല്‍, വീട്ടമ്മയായ ഈ വ്യക്തിക്ക് മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കുള്ള അവകാശങ്ങളൊന്നുമില്ല എന്നെനിക്കു പിന്നീടു മനസ്സിലായിട്ടുണ്ട്. നിശ്ചിതമായ പ്രവൃത്തിസമയമില്ല, അവധിയില്ല, ശമ്പളമില്ല, പ്രൊമോഷനില്ല, റിട്ടയര്‍മെന്റുമില്ല. അതുകൊണ്ടുതന്നെ പെന്‍ഷനോ ആനുകൂല്യങ്ങളോ ഒന്നുമില്ല. ചുരുക്കത്തില്‍ യാതൊരവകാശവുമില്ല; അംഗീകാരവും! അങ്ങനെയുള്ള അമ്മയില്‍നിന്നു കിട്ടിയ നീതിബോധവും വിദ്യാഭ്യാസവുമൊക്കെ വളരെയധികം മൂല്യവത്താണെന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഞങ്ങളെ എംഎ മലയാളത്തിന് ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയുമൊക്കെ പഠിപ്പിച്ചത് ഡി. വിനയചന്ദ്രന്‍ സാറിനെപ്പോലുള്ളവരാണ്. അവരൊക്കെ പഠിപ്പിച്ച പല വരികളും എത്രയോ മുന്‍പുതന്നെ ഹൃദിസ്ഥമായത് അമ്മ ജോലിചെയ്യുന്നതിനിടയില്‍ ചൊല്ലിക്കേട്ടതില്‍നിന്നാണ്. അങ്ങനെയുള്ള ധാരാളം സവിശേഷതകളുണ്ടായിരുന്നു അമ്മയ്ക്ക്.
അമ്മയുടേത് ഒരു നിശ്ശബ്ദസഹനജീവിതമായിരുന്നു. ഒരുതരം തപസ്യ. ആരെയും ബുദ്ധിമുട്ടിക്കാതെ, ആര്‍ക്കും ക്ലേശങ്ങളൊന്നും വരുത്താതെ, ബാദ്ധ്യതകളുണ്ടാക്കാതെ, സ്വസ്ഥയായി, ശാന്തയായി, എണ്‍പത്തേഴുവര്‍ഷം ജീവിച്ച് അമ്മ ഈ ലോകത്തോടു വിടപറയുകയാണുണ്ടായത്. മിക്ക കുടുംബത്തിനും ഇങ്ങനെ ജീവിച്ചവര്‍ സംഭാവന ചെയ്തതാണ് അതിന്റെ മഹിമ.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചല്ലോ. ഇനി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
♠കാല്‍നൂറ്റാണ്ടോളം കാലം ഞാന്‍ ലോഡ്ജ്, ഹോട്ടല്‍, ട്രെയിന്‍ എന്നിവയെ ആശ്രയിച്ചുജീവിച്ചു. ഇനി വീട്ടില്‍ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്. ഭാര്യയും സ്വസ്ഥയായി വീട്ടിലുണ്ട്. അവര്‍ ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയിരിക്കെ, എട്ടുവര്‍ഷത്തെ സേവനകാലം ശേഷിക്കെ, 2020 ജനുവരിയില്‍ സ്വയം വിരമിച്ചതാണ്. ഇനി താത്പര്യമുള്ള എന്തെങ്കിലും വായിച്ചും പഠിച്ചും കഴിയാന്‍ ഇഷ്ടപ്പെടുന്നു.