‘എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന രീതിയിലുള്ളതല്ല’. ഈ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കളുടേതോ ബിജെപി നേതാക്കളുടേതോ അല്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയാണിത്. തൊട്ടുപിന്നാലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയും വന്നു. അത് ബിനോയ് വിശ്വത്തിനെതിരെയല്ല. ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പൂര്‍ണ്ണമായും ന്യായീകരിക്കുന്ന പ്രസ്താവനയാണ് എം.വി.ഗോവിന്ദനും പുറപ്പെടുവിച്ചത്. എസ്എഫ്‌ഐയുടെ ചില പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് തന്നെ അവമതിപ്പുണ്ടാക്കുന്നു എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
ഏതൊരു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഇതര സംഘടനകള്‍ക്കും മാതൃസംഘടനകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ മാതൃസംഘടനയ്ക്കും പ്രതിപക്ഷ സംഘടനകള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഒരു സംഘടനയെ കുറിച്ച് ഒരേ രീതിയില്‍ എതിരഭിപ്രായം ഉയരുമ്പോള്‍ തീര്‍ച്ചയായും ആ സംഘടന ആത്മപരിശോധന നടത്തണം. മാത്രമല്ല, ഇത്തരമൊരു പ്രസ്ഥാനം പൊതുസമൂഹത്തില്‍ ആവശ്യമാണോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലുടനീളം എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെക്കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍, സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ഉയരുന്ന ആക്ഷേപങ്ങള്‍ ഒരു ഹിതപരിശോധനയായി എടുത്താല്‍ കേരളത്തില്‍ എസ്എഫ്‌ഐ എന്ന സംഘടന അനഭിമതമാണെന്ന് മാത്രമല്ല, സമൂഹത്തില്‍ ജീര്‍ണ്ണതയുടെ പ്രതീകമായി അത് മാറിയിരിക്കുന്നു. കെ.സുരേന്ദ്രനും കെ.സുധാകരനും വി.ഡി.സതീശനും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ പങ്കുവെച്ച അതേ അഭിപ്രായംതന്നെ ബിനോയ് വിശ്വവും എം.വി. ഗോവിന്ദനും പങ്കുവെക്കുമ്പോള്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തേണ്ടത് എന്തൊക്കെയോ ഉണ്ടെന്ന ധാരണ ദൃഢമാവുകയാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയനേതാക്കളും വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്നവരാണ്. വിദ്യാര്‍ത്ഥിസംഘടനകളിലൊന്നും പ്രവര്‍ത്തിക്കാതെ അഭൗമവിലാസലോലനായി, അഴകിയ രാവണനായി അവതരിച്ച ശശി തരൂരിനെ പോലെ ചിലര്‍ മാത്രമേ ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ അല്ലാതെ വന്നിട്ടുള്ളൂ. അതിന്റെ വൈകൃതങ്ങള്‍ കാണാനും അറിയാനുമുണ്ട്. സുരേഷ് കുറുപ്പും സി.പി. ജോണും വി.മുരളീധരനും കെ.സുരേന്ദ്രനും വി.ഡി.സതീശനും കെ.സുധാകരനും മാത്രമല്ല, പിണറായി വിജയന്‍ പോലും വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ വന്നത്. വിദ്യാര്‍ത്ഥി സംഘടനകളിലും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം സംവാദത്തിന്റെയും വ്യക്തിബന്ധത്തിന്റെയും മര്യാദയുടെയും കുലീനതയുടെയുമൊക്കെ ഒരു പൊന്‍നൂലിഴ നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
വിവാഹങ്ങള്‍ക്കും മരണങ്ങള്‍ക്കുമൊക്കെ ആശീര്‍വദിക്കാനും അനുശോചിക്കാനും എത്തുന്ന തരത്തിലുള്ള ഭാവാത്മകമായ ഒരുബന്ധം രാഷ്ട്രീയനേതൃത്വത്തിനിടയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലത്ത് ഉറ്റസുഹൃത്തായ കവി കുഞ്ചുപിള്ളയ്ക്കുവേണ്ടി ഇന്നും ഒത്തുചേരുന്ന പഴയ എസ്എഫ്‌ഐ നേതാക്കളായ സുരേഷ് കുറുപ്പും സി.പി. ജോണും ബിജെപി നേതാവ് എം.എസ്. കുമാറും ഇന്നത്തെ പുത്തന്‍കൂറ്റ് എസ്എഫ്‌ഐ നേതാക്കള്‍ക്ക് മനസ്സിലാകുന്നതിന് എത്രയോ അപ്പുറമാണ്.
എസ്എഫ്‌ഐയുടെ ഏറ്റവും പുതിയ അവതാരം കണ്ടത് കൊയിലാണ്ടി ഗുരുദേവ കോളേജിലാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച ഗുരുദേവന്റെ പേരിലുള്ള കോളേജില്‍ വിദ്യകൊണ്ട് പ്രബുദ്ധരായില്ല എന്നത് പോകട്ടെ, സാമാന്യ ബോധംപോലും ഉണ്ടാകാതെപോയ എസ്എഫ്‌ഐ സഖാക്കള്‍ പ്രിന്‍സിപ്പാൡനെതിരെ നടത്തിയ ആക്രമണം സാക്ഷരകേരളത്തിന് അപമാനമാണ്. അവാര്‍ഡുകള്‍ക്കുവേണ്ടി രാഷ്ട്രീയ യജമാനന്മാര്‍ക്ക് മുന്നില്‍ കാത്തുകിടക്കുന്ന സാംസ്‌കാരികനായകരില്‍ ഒരാള്‍പോലും ഇതിനെതിരെ പ്രതികരിച്ചില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. കൈവിലങ്ങുകള്‍ പൊട്ടിക്കാതിരുന്നാല്‍ മാത്രമേ പുരസ്‌കാരങ്ങള്‍ വരൂ.
കോളേജ് പ്രിന്‍സിപ്പല്‍ ആയ ഡോ. സുനില്‍ ഭാസ്‌കരന്‍ കോളേജില്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് മര്‍ദ്ദനത്തിനിരയായത്. ബിരുദവിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ അനുവാദമില്ലാതെ ഹെല്‍പ്പ് ഡസ്‌ക് ഇട്ടതാണ് പ്രശ്‌നത്തിന്റെ തുടക്കം. അച്ചടക്കലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരടക്കം ഹെല്‍പ്പ് ഡെസ്‌കില്‍ ഉണ്ടായിരുന്നു. അനുവാദമില്ലാതെ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ 10 മിനിറ്റ് സമയം അവര്‍ ആവശ്യപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയിലുള്ളവര്‍ എന്ന് അവകാശപ്പെടുന്നവരെ പുറത്തുനിന്ന് കൊണ്ടുവന്നു. ഇനി എന്താണെന്ന് വെച്ചാല്‍ സാര്‍ ചെയ്‌തോ എന്നാണ് പറഞ്ഞത്. അനുവാദമില്ലാതെ ഹെല്‍പ്‌ഡെസ്‌ക് അനുവദിക്കാനാവില്ല എന്നുപറഞ്ഞപ്പോഴാണ് പ്രിന്‍സിപ്പാളിനെതിരെ ആക്രമണം ഉണ്ടായത്. ഉന്നത വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായതെങ്കിലും ഉന്നത വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരോ മന്ത്രിയോ പ്രിന്‍സിപ്പാളിന് തല്ലുകൊണ്ട സംഭവത്തെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല.
പതിവുപോലെ പ്രിന്‍സിപ്പാള്‍ഏരിയാസെക്രട്ടറിയെ മര്‍ദ്ദിച്ചു എന്നാരോപിച്ച് പോലീസില്‍ കേസ് കൊടുത്തു. എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും ഈ പതിവ് പരിപാടി ഇവിടെയും ആവര്‍ത്തിച്ചത് സ്വാഭാവികം. പക്ഷേ, പ്രിന്‍സിപ്പാള്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, തല്ലി എന്നതിന് തെളിവായി സിസിടിവി മുന്നില്‍ ഉണ്ടല്ലോ. എസ്എഫ്‌ഐ ഏരിയാസെക്രട്ടറിയുടെ കര്‍ണ്ണപുടം തകര്‍ത്തു എന്നാരോപിക്കുന്ന പ്രിന്‍സിപ്പാളിന്റെ തല്ല് പക്ഷേ, സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല. ദൃശ്യങ്ങളില്‍ ഉള്ളത് എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പാളിനെ തല്ലുന്നതാണ്. സിസിടിവിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൊയിലാണ്ടി പോലീസിന് കൈമാറി എന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ദൃശ്യങ്ങള്‍ കണ്ടാലും പ്രതിസ്ഥാനത്ത് എസ്എഫ്‌ഐക്കാര്‍ ആണെങ്കില്‍ കേസ് എടുക്കാന്‍ എലത്തൂര്‍ പുഴയ്ക്ക് വടക്കോട്ടുള്ള പോലീസുകാര്‍ക്ക് കഴിയില്ല. പോലീസ് ആസ്ഥാനം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എസ്എഫ്‌ഐ അനുകൂല നിലപാട് എടുക്കുന്നതിനാല്‍ ജീവഭയമുള്ള പോലീസുകാര്‍ കേസ്സെടുക്കില്ല. എസ്എഫ്‌ഐ എതിരെവരുമ്പോള്‍ പരിശീലനകാലത്ത് എടുത്ത പ്രതിജ്ഞയും അതിലെ വാചകങ്ങളും പോലീസിന്റെ അഭിമാനം സംരക്ഷിക്കാമെന്ന വാഗ്ദാനവും ഒക്കെ അവര്‍ മറന്നുപോകും.
പ്രിന്‍സിപ്പാളിനെ തല്ലിയതിനേക്കാള്‍ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നത് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ബി.ആര്‍. അഭിനവിനെ മര്‍ദ്ദിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രകടനത്തില്‍ ഏരിയ സെക്രട്ടറി നവതേജ് എസ്.മോഹന്‍ നടത്തിയ പ്രസംഗമാണ്. എസ്എഫ്‌ഐ സഖാക്കളെ ഭയന്ന് കേരള പോലീസ് മൂടിവെച്ച പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കട്ടെ;
”ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകന്‍ ഇവിടെ പഠിപ്പിക്കാന്‍ യോഗ്യനല്ല. ഈ അധ്യാപകനെ പുറത്താക്കണം. അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്ന എസ്എഫ്‌ഐക്കാരോടും ഡിവൈഎഫ്‌ഐക്കാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയും. ഇനി നമുക്ക് നോക്കാം ഈ അധ്യാപകന്‍ രണ്ടുകാലില്‍ ഈ ഇന്‍സ്റ്റിറ്റിയൂഷന്റെ അകത്തു കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യാനുള്ള കഴിവും എസ്എഫ്‌ഐക്ക് ഉണ്ടെന്ന് മനസ്സിലാക്കിക്കോ. ക്യാമ്പസില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയ സഖാവിനെ അകാരണമായി അടിക്കുകയായിരുന്നു. ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൊയിലാണ്ടിയിലെ പോലീസിന് എസ്എഫ്‌ഐയെ നന്നായിട്ടറിയാം. ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചത് രമേശന്റെ (സ്റ്റാഫ് സെക്രട്ടറി) മുറിക്കകത്തും പ്രിന്‍സിപ്പാളിന്റെ മുറിക്കകത്തുമാണെങ്കില്‍ തടയാന്‍ ഈ പോലീസുകാര്‍ മാത്രം മതിയാകില്ല. രണ്ട് ആംബുലന്‍സ് കൂടി പോലീസ് വിളിച്ചുവരേണ്ടി വരും അവര്‍ രണ്ടാളെയും കൊണ്ടുപോകാന്‍.”
ഇത്രയും ആശയഗംഭീരമായ ഒരു പ്രസംഗം കേരളത്തിലെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനകളും മാത്രമല്ല, സ്വാതന്ത്ര്യസമരകാലത്തെ തീപ്പൊരി നേതാക്കള്‍ പോലും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട പിണറായി ഈ പ്രസംഗം പ്രതിജ്ഞയായോ പാഠഭാഗമായോ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പഠിപ്പിക്കുകയും വേണം. അങ്ങനെയാണ് എസ്എഫ്‌ഐയെ മാതൃകയാക്കേണ്ടത്. എസ്എഫ്‌ഐയുടെ ഇത്തരം പ്രവൃത്തികളെ ചോദ്യംചെയ്ത കാസര്‍കോട് ഗവ. കോളേജിലെ പ്രിന്‍സിപ്പാള്‍ എം. രമയ്ക്ക് ഇതുവരെ ഹൈക്കോടതി ഉത്തരവിട്ടിട്ടുപോലും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടില്ല. കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരിഉപയോഗവും അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങളും നടക്കുന്നതായി പ്രൊഫ. രമ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് അവര്‍ക്കെതിരെ നടപടിയെടുത്തതും സ്ഥലം മാറ്റിയതും പെന്‍ഷന്‍ തടഞ്ഞതുമെല്ലാം. ഇതെല്ലാം കഴിഞ്ഞ ഏപ്രില്‍മാസം ഹൈക്കോടതി റദ്ദാക്കിയതാണ്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മുകളിലാണ് എസ്എഫ്‌ഐ എന്നും അവരെ പിണക്കിയാല്‍, അവരുടെ അസാന്മാര്‍ഗിക നടപടികള്‍ ചൂണ്ടിക്കാണിച്ചാല്‍ പെന്‍ഷന്‍ വാങ്ങില്ലെന്ന് മുഴുവന്‍ അധ്യാപകര്‍ക്കുമുള്ള താക്കീതാണ് കോടതി ഉത്തരവിട്ടിട്ടും പെന്‍ഷന്‍ കിട്ടാത്തതെന്ന അധ്യാപകസമൂഹം മനസ്സിലാക്കണം. ആകെ ഒരു സംശയമേ ഉള്ളൂ, ഏപ്രില്‍മാസത്തിലെ ഉത്തരവ് മൂന്നുമാസം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തത് ഹൈക്കോടതി എങ്കിലും കാണണ്ടേ?
എസ്എഫ്‌ഐയുടെ ഇത്തരം പ്രവൃത്തികള്‍ ആദ്യത്തേതല്ല. കാര്യവട്ടംക്യാമ്പസിലെ പ്രൊഫസറും മഹാകവി ഉള്ളൂരിന്റെ പൗത്രിയുമായ പ്രൊഫസര്‍ തങ്കമണി, പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന പ്രൊഫ. സരസു, യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായിരുന്ന പ്രൊഫ.വിജയലക്ഷ്മി തുടങ്ങി എത്രയെത്ര സംഭവങ്ങള്‍. പൂക്കോട് സര്‍വകലാശാലയില്‍ സഹപാഠിയായ സിദ്ധാര്‍ത്ഥന് വധശിക്ഷ വിധിച്ച എസ്എഫ്‌ഐ കഴിഞ്ഞദിവസം കാര്യവട്ടം കാമ്പസിലെ സഹപാഠിയായ സാന്‍ജോസിനെയും ഇടിമുറിയില്‍ ശിക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിനു മുമ്പേ പോലീസ് എത്തി രക്ഷിച്ചു. പക്ഷേ, കേരള പോലീസിന്റെ എസ്എഫ്‌ഐയോടുള്ള കരുതല്‍ പറയാതിരിക്കാനാവില്ല. രാത്രിയില്‍ പോലീസ് വന്നെങ്കിലും അവര്‍ രാവിലെയാണ് പ്രശ്‌നം അറിഞ്ഞതെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട്. ഭൂമി തട്ടിപ്പും കള്ളപ്പണ ഇടപാടും ഒക്കെ നടത്തുന്ന മേലധികാരികള്‍ ഉള്ള ഒരു പോലീസ് സേനയ്ക്ക് ഒരിക്കലും സത്യത്തിനുവേണ്ടി നിലപാട് എടുക്കാനോ ആര്‍ജ്ജവത്തോടെ സേനയെ നയിക്കാനോ നിഷ്പക്ഷമായി പെരുമാറാനോ കഴിയില്ല. അവര്‍ക്ക് പലതും ഒളിക്കാനുള്ളതുകൊണ്ട് പലയിടത്തും തലതാഴ്‌ത്തേണ്ടിവരും, നട്ടെല്ല് വളക്കേണ്ടി വരും. മൃദുഭാവവും ദൃഢകൃത്യവും മുദ്രാവാക്യത്തില്‍ മാത്രം ഒതുക്കി വളഞ്ഞ നട്ടെല്ലും ഉയര്‍ത്തി നോക്കാനാകാത്ത മുഖവും ഒക്കെയായി കള്ളന് കഞ്ഞിവെക്കാനുള്ള സംവിധാനമായി പോലീസ് മാറുമ്പോള്‍ എസ്എഫ്‌ഐ കൊയിലാണ്ടിയിലും കാര്യവട്ടത്തും ഒക്കെ കേസില്‍ പെടാതെ തലയൂരും.
എല്ലാ കാലത്തും എസ്എഫ്‌ഐയെ സംരക്ഷിക്കുകയും അവരുടെ സമരത്തെ വാഴ്ത്തുകയും ചെയ്ത ഏ.കെ.ബാലന്‍ സ്വന്തം മകനെ എസ്എഫ്‌ഐക്കാര്‍ ഇല്ലാത്ത വിദേശക്യാമ്പസില്‍ അയച്ചു പഠിപ്പിച്ചു വലുതാക്കിയയാളാണ്. ഇപ്പോള്‍ എസ്എഫ്‌ഐക്ക് ഉപദേശവുമായി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. എസ്എഫ്‌ഐ തിരുത്തണം. ഇടതുസംഘടനയുടെ സ്വഭാവം ഇല്ലാത്തവരും സംഘടനയില്‍ കടന്നുകൂടിയിരിക്കുന്നു. ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ തിരുത്തിയേ മതിയാകൂ എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പതിവില്‍നിന്ന് വ്യത്യസ്തനായ ഈ ബാലനെയും മലയാളികള്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം ബാക്കിനില്‍ക്കുന്നു പൂച്ചയ്ക്ക് ആര് മണികെട്ടും? എസ്എഫ്‌ഐയെ നന്നാക്കാന്‍ ആരു മുന്‍കൈയെടുക്കും. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനും പൊതുസമൂഹത്തിനും ഒരേപോലെ അപമാനവും ഭീഷണിയുമായ ഈ സംഘടനയെ എന്തുകൊണ്ട് നിരോധിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ സമസ്യ. യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ പരീക്ഷാതട്ടിപ്പും പിഎസ്‌സി പരീക്ഷാതട്ടിപ്പുമടക്കം എത്രയെത്ര പൊന്‍കിരീടങ്ങളാണ് എസ്എഫ്‌ഐ എന്ന പ്രസ്ഥാനത്തിന് ഇന്നുള്ളത്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്ന തിരിച്ചറിവ് ഇനിയെങ്കിലും തലയില്‍ ആളു താമസമുള്ള ഏതെങ്കിലും സിപിഎംനേതാവിന് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.