ഗണപതിയോടൊപ്പം ഗുരുവിനെ കൂടി നമസ്‌കരിച്ചുകൊണ്ടാണ് നാം അക്ഷരത്തിന്റെയും അറിവിന്റെയും മാന്ത്രിക ലോകത്തേക്ക് വിദ്യാരംഭം കുറിക്കുന്നത്. ഭാരതീയ സങ്കല്പങ്ങള്‍ക്കനുസരിച്ച് ഈശ്വരനും മുകളിലാണ് ഗുരുവിന്റെ സ്ഥാനം. ഗുരു ഒരു അധ്യാപകന്‍ മാത്രമല്ല, വിദ്യാര്‍ത്ഥിക്ക് വഴികാട്ടിയും ഉപദേശകനും കൂടിയായിരുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരുന്നു. ഗുരുദക്ഷിണ എന്ന ആശയം ശിഷ്യര്‍ക്ക് തങ്ങള്‍ പഠിച്ച എല്ലാത്തിനും ഗുരുവിനോട് നന്ദി കാണിക്കാനുള്ള ഒരു അവസരമായിരുന്നു.
പക്ഷേ പുതിയ കാലത്ത് വിദ്യാര്‍ത്ഥി സംഘടനയെന്ന നിലയില്‍ അധ്യാപകരോടുള്ള എസ്എഫ്‌ഐയുടെ അനാദരവ് പല കാലങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവല്ലെന്ന് ആര്‍ക്കും മനസ്സിലാവും. മറിച്ച് അവര്‍ കാലങ്ങളായി പിന്തുടരുന്ന ശൈലിയാണതെന്ന് അക്ഷരാഭ്യാസമുള്ളവര്‍ക്ക് മനസ്സിലാകും. എന്നാല്‍ എസ്എഫ്‌ഐയോ അവരെ നയിക്കുന്ന പാര്‍ട്ടി നേതൃത്വമോ ഇത് സമ്മതിക്കാറില്ല. പ്രതിക്കൂട്ടിലാവുമ്പോള്‍ ‘വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്’ എന്ന മട്ടില്‍ തോന്നുന്ന യുക്തിക്കനുസരിച്ച് അവസരവാദപരമായ ചില പ്രസ്താവനകളിറക്കി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യാറുള്ളത്. എന്നാല്‍ കാലാകാലങ്ങളായി അവര്‍ നടത്തിവരുന്ന ഗുരുനിന്ദ അവരുടെ തനിനിറം പൊതുസമൂഹത്തിന് വെളിപ്പെടുത്തി. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മുദ്രാവാക്യമാക്കിയ ഒരു സംഘടനയുടെ പ്രവര്‍ത്തനശൈലി അവരുടെ മുദ്രാവാക്യത്തിന് എത്രത്തോളം വിരുദ്ധമായി മാറിഎന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുരുദേവ കോളേജില്‍ നടന്ന സംഭവം. കേരളത്തിലെ കലാലയങ്ങള്‍ അഭിമുഖീകരിക്കുന്ന അത്യന്തം ഗുരുതരവും ഭീഷണവുമായ സാഹചര്യത്തെക്കുറിച്ചു പൊതുസമൂഹത്തെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം. മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ കാറ്റില്‍പറത്തിയാണ് എസ്.എഫ്.ഐക്കാര്‍ അധ്യാപകന്റെ മുഖത്തടിച്ചത്. ഇത്തരം സാമൂഹ്യവിരുദ്ധ ചെയ്തികളിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കാനുള്ള ധാര്‍മികാവകാശം എസ്എഫ്‌ഐക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബിരുദപ്രവേശനത്തിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എസ്എഫ്‌ഐയുടെ അക്രമത്തിലേക്ക് നയിച്ചത്. അധ്യാപകന്റെ തീരുമാനം ന്യായമായിരുന്നു. കോഴ്‌സുകളെ പറ്റി ഒരു ധാരണയുമില്ലാത്തയാളുകള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ സഹായിക്കുക? പുതുതായി ആരംഭിച്ച നാലുവര്‍ഷ കോഴ്‌സുകളെ പറ്റി അധ്യാപകര്‍ക്കുപോലും അറിവുകള്‍ പരിമിതമാണെന്നിരിക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക്കുമായി എസ്എഫ്‌ഐ വന്നത്. ഇനി ഒരു വാദത്തിന് വേണ്ടി എസ്എഫ്‌ഐയുടെ വാദം അംഗീകരിച്ചാലും അതിന് അധ്യാപകരെ ആക്രമിക്കാമോ? ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരമാധികാരിയായ അധ്യാപകനെ പോലും നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്നുണ്ടെങ്കില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ സുരക്ഷിതരാണോ? ഇത്രയും വലിയ അനീതി നടന്നിട്ടും എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. ‘ആസനത്തില്‍ ആലുമുളച്ചാല്‍ അതും എസ്എഫ്‌ഐയ്ക്ക് തണലാക്കുന്ന’ നിയമപാലകരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്ന സാധാരണക്കാരാണ് വിഡ്ഢികള്‍. സിസിടിവി കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇത് അധ്യാപകന്റെ കുറ്റമാകുമായിരുന്നു, എസ്എഫ്‌ഐക്കാരന്റെ കേള്‍വിശക്തി എന്നന്നേക്കുമായി നഷ്ട്ടപ്പെടുമായിരുന്നു. എസ്എഫ്‌ഐ നിരത്തിയ വാദം അദ്ധ്യാപകന്‍ ഏരിയാ സെക്രട്ടറിയുടെ കര്‍ണ്ണപടം അടിച്ചുതകര്‍ത്തു എന്നാണ്.
എസ്എഫ്‌ഐ നടത്തിയ അധ്യാപകനിന്ദയുടെ എത്രയോ കടുത്ത ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. 2016ല്‍ ഇടതുപക്ഷം അധികാരമേറിയ വര്‍ഷം പാലക്കാട് വിക്ടോറിയ കോളേജില്‍ വനിതാ പ്രിന്‍സിപ്പാളിന്റെ റിട്ടയര്‍മെന്റ് ദിനത്തില്‍ കുഴിമാടവും റീത്തും സമര്‍പ്പിച്ചാണ് എസ്എഫ്‌ഐ അവര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി ആ സംഭവത്തെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്ന് വിശേഷിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ 2017ല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കത്തിക്കുന്നതിന്റെ പ്രതീകാത്മകമായി പ്രിന്‍സിപ്പാളിന്റെ കസേരയാണ് കത്തിച്ചത്, 2018ല്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ വനിതാ പ്രിന്‍സിപ്പാളിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ക്യാംപസില്‍ പോസ്റ്റര്‍ പതിച്ചതും പടക്കം പൊടിച്ചതും മറക്കരുത്. വര്‍ഷങ്ങളോളം തങ്ങള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അധ്യാപകരോടുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം ഇത്തരത്തിലാണെങ്കില്‍ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സംഭവങ്ങളുടെയൊക്കെ തുടര്‍ച്ചയായിത്തന്നെവേണം കൊയിലാണ്ടി കോളേജിലെ കാടത്തത്തെയും കാണാന്‍. അധ്യാപകനെ നിഷ്ഠൂരം അക്രമിച്ചതിനുശേഷവും അവര്‍ പരസ്യ വെല്ലുവിളി തുടരുകയാണ്. എസ്എഫ്‌ഐ ലോക്കല്‍ നേതാവ് അദ്ധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് ഭീഷണിമുഴക്കുകയാണ്, അതും നിയമം സംരക്ഷിക്കേണ്ട, നീതിനടപ്പിലാക്കേണ്ട കേരള പൊലീസിന് മുന്നില്‍ നിന്നുകൊണ്ട്!… അവരുടെ ചേട്ടന്മാരായ ഡിവൈഎഫ്‌ഐ ഒരു പടികൂടി കടന്ന് അധ്യാപകന്റെ നെഞ്ചില്‍ അടുപ്പുകൂട്ടുമെന്നാണ് വെല്ലുവിളിച്ചത്, അധ്യാപകന്റെ നെഞ്ചില്‍ അടുപ്പുകൂട്ടലാണോ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം? അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങില്‍ എന്തു തോന്ന്യാസവും കാണിക്കുന്ന എസ്എഫ്‌ഐ എന്ന ഫാസിസ്റ്റ് സംഘടന സമൂഹത്തിനു മുന്നില്‍ മുഴക്കുന്ന അപായമണി അത്യന്തം ഗൗരവമുള്ളതാണ്. ഗുരുനിന്ദ കാണിക്കുന്നവര്‍ക്കുള്ള ശിക്ഷ നല്‍കുന്നത് പ്രപഞ്ചമാണ്. അതുകൊണ്ടാണ് ഗുരുവിനെ ‘വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്’ എന്ന് പറയുന്നത്. ഒരു കാര്യം ഉറപ്പാണ്, എസ്എഫ്‌ഐയുടെ ചെയ്തികള്‍ കാരണം ആ സംഘടനയെ പട്ടടയില്‍ എടുക്കുന്ന കാലം വിദൂരമല്ല. കാലം എല്ലാറ്റിനും സാക്ഷ്യം വഹിക്കും.
വാല്‍ക്കഷ്ണം: സിസിടിവിയുടെ വരവോടുകൂടി എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും മുഖംമൂടി ജനങ്ങള്‍ തിരിച്ചറിയുകയാണ്. അടുത്ത പോളിറ്റ്ബ്യുറോ യോഗത്തില്‍ സിസിടിവിയെ കമ്മ്യൂണിസ്റ്റുകാരുടെ പൊതുശത്രുവായി പ്രഖ്യാപിക്കും. ശേഷം മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടരണം. കമ്മ്യൂണിസം സിന്ദാബാദ്, സിസിടിവി മൂര്‍ദാബാദ്…