ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പും പിന്‍പും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തന്റെ എതിരാളികളെ നേരിടാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ച ആളായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. തന്നെക്കാള്‍ കഴിവും ജനസമ്മതിയും ദേശസ്നേഹവുമുള്ള മഹാരഥന്മാരെ ഏതുവിധേനയും ഒഴിവാക്കി പ്രധാനമന്ത്രി സ്ഥാനത്ത് എത്താന്‍ നെഹ്റുവിന് ഇത് ആവശ്യമായിരുന്നു. കോണ്‍ഗ്രസിലെ അവസാനവാക്കായ മഹാത്മാഗാന്ധിയെ മകനുവേണ്ടി സ്വാധീനിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവ് മോട്ടിലാലിന് നേരത്തെ കഴിഞ്ഞിരുന്നു. സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റിന്റെ പ്രതിച്ഛായ സൃഷ്ടിച്ച് അന്നത്തെ സോവിയറ്റ് യൂണിയനുമായി പോലും മകനുവേണ്ടി മോട്ടിലാല്‍ ബന്ധം സ്ഥാപിച്ചു. 1927 ല്‍ മോസ്കോയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം മോട്ടിലാല്‍ നെഹ്റുവും പോയിരുന്നു. നെഹ്റുവിന്റെ ഭാര്യ കമലയും സഹോദരി കൃഷ്ണ ഹതീസിംഗും അനുഗമിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച മറ്റ് പലര്‍ക്കും ബ്രിട്ടീഷ് ഭരണകൂടം അനുവാദം നല്‍കാതിരുന്നപ്പോഴാണ് നെഹ്റുവിനും മറ്റും സന്ദര്‍ശനാനുമതി ലഭിച്ചത്. ബ്രിട്ടീഷ് ഭരണകൂടവുമായുള്ള അടുത്ത ബന്ധം ഇതിന് സഹായകമായി.
കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹ്റു തന്റെ എതിരാളിയായി കണ്ട ഒരാളായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. മധ്യപ്രദേശിലെ ത്രിപുരിയില്‍ 1939 ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി പിന്തുണച്ച പട്ടാഭി സീതാരാമയ്യയെ തോല്‍പ്പിച്ച് പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സ്ഥാനമൊഴിയേണ്ടി വന്ന നേതാജിയെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുന്നതില്‍ നെഹ്റു ഉള്‍പ്പെടുന്ന കോക്കസ് വിജയിച്ചു. പില്ക്കാലത്ത് ഐഎന്‍എ രൂപീകരിച്ച് ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും, വിജയത്തോട് അടുക്കുകയും ചെയ്ത ഘട്ടത്തിലാണ് തായ്വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി ‘കൊല്ലപ്പെടുന്നത്.’ എന്നാല്‍ നേതാജി കൊല്ലപ്പെട്ടില്ലെന്നും, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളെ കബളിപ്പിക്കാന്‍ ആസൂത്രണം ചെയ്തതാണ് ഈ വിമാനാപകടമെന്നും വലിയൊരു വിഭാഗം കരുതുന്നു. ഇങ്ങനെ വിശ്വസിക്കുന്നവരില്‍ നേതാജിയുടെ ബന്ധുക്കളുമുണ്ട്.
നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച ചില കമ്മീഷനുകളും നേതാജി പിന്നീടും ജീവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നേതാജിയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ബ്രിട്ടനുമായി നെഹ്റു ഗൂഢാലോചന നടത്തിയെന്നാണ് നേതാജിയുടെ ചെറുമകളായ രാജ്ശ്രീ ചൗധരി ബോസ് 2015 ല്‍ ആരോപിച്ചത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച വിവാദം മൂടിവെച്ച് തനിക്ക് ഭാരത പ്രധാനമന്ത്രിയാവാന്‍ നെഹ്റു ബ്രിട്ടനുമായി ധാരണയുണ്ടാക്കിയെന്നാണ് ചൗധരി പറഞ്ഞത്. പ്രത്യുപകാരമായി ബ്രിട്ടന്റെ നേതൃത്വത്തിലുള്ള കോമണ്‍വെല്‍ത്ത് കൂട്ടായ്മയില്‍ സ്വതന്ത്ര ഭാരതം അംഗമാകാമെന്ന ഉറപ്പ് നെഹ്റു കൊടുത്തുവത്രേ. അധികാരകൈമാറ്റം നിശ്ചയിച്ചിരുന്നതില്‍നിന്നും നേരത്തെയാക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നിലും പ്രധാനമന്ത്രിയാവാനുള്ള നെഹ്റുവിന്റെ വ്യഗ്രതയുണ്ടായിരുന്നുവെന്ന് കരുതാന്‍ കാരണങ്ങളുണ്ട്.
രഹസ്യം ചോര്‍ത്താന്‍ പരസ്പര ധാരണ
നെഹ്റു കുടുംബത്തിന്റെ വഴിവിട്ട ഈ വൈദേശിക ബന്ധങ്ങള്‍ ഇന്ദിരാഗാന്ധിയുടെ കാലത്തും തുടര്‍ന്നു. സോവിയറ്റ് യൂണിയനുമായി ഇന്ദിരയ്ക്ക് ഉണ്ടായിരുന്നത് ഇത്തരമൊരു ബന്ധമായിരുന്നു. അധികാരത്തില്‍ തുടരാനുള്ള അത്യാഗ്രഹത്തിന് പുറമേ ദേശസ്നേഹമില്ലായ്മയുമാണ് ഇതിനു കാരണം. വിദേശ വംശജയായ, ഭാരതത്തോട് വൈകാരിക ബന്ധമില്ലാത്ത സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഈ വൈദേശിക ചായ്വ് കൂടുതല്‍ പ്രകടമായി. ബ്രിട്ടന്റെയും സോവിയറ്റ് യൂണിയന്റെയും പ്രതാപ കാലങ്ങള്‍ അസ്തമിച്ചതിനാല്‍ ചൈനയെയാണ് സോണിയാ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത്. ആര്‍ക്കും എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന കളിപ്പാവയായ രാഹുലും ഇതിനൊപ്പം നിന്നു.
2008 ല്‍ യുപിഎ ഭരണകാലത്ത് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാറൊപ്പുവച്ചത് രാജ്യത്തിന് വലിയ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് രാഹുലാണ് ചൈനയില്‍ ചെന്ന് പാര്‍ട്ടിക്കുവേണ്ടി ഈ കരാറില്‍ ഒപ്പുവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയയുടേ യും ചൈനീസ് വൈസ് പ്രസിഡന്റായിരുന്ന ജിന്‍ പിംഗിന്റെയും സാന്നിധ്യത്തിലായിരുന്നു ഇത്. രാഹുലും ചൈനീസ് പ്രതിനിധിയും ചേര്‍ന്നു കരാര്‍ ഒപ്പുവയ്ക്കുന്ന തിന്റെയും സോണിയയും ജിന്പിങ്ങും കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മയും ഇതിന് സാക്ഷിയാവുന്നതിന്റെയും ചിത്രം പുറത്തുവന്നിരുന്നു. ഒരു വിധത്തിലും നിഷേധിക്കാനാവാത്ത സംഭവം. ഉയര്‍ന്ന തലത്തില്‍ വിവരങ്ങള്‍ സ്ഥിരമായി പങ്കുവയ്ക്കാമെന്നും സഹകരിക്കാമെന്നുമാണ് ധാരണയിലെത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യങ്ങള്‍ തമ്മിലും മേഖലയിലും രാജ്യാന്തര തലത്തിലുമുള്ള സംഭവവികാസങ്ങളില്‍ ചൈനയ്ക്കും കോണ്‍ഗ്രസിനും പരസ്പരം ബന്ധപ്പെടാനുള്ള അവസരം ലഭിക്കുകയാണെന്നും കരാറില്‍ പറഞ്ഞിരുന്നു. പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ക്ഷണമനുസരിച്ച് മറ്റു രാജ്യങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്താം. രാജ്യങ്ങള്‍ തമ്മിലാണ് കരാറുകള്‍ ഒപ്പിടുക. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കല്ലാതെ ഒരു രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് മറ്റൊരു രാജ്യവുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ഇങ്ങനെ ഒന്നാണ് കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ നടന്നത്. കോണ്‍ഗ്രസ് കരാര്‍ ഒപ്പുവച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണെന്ന് വാദിക്കാം. പക്ഷേ ചൈനയില്‍ ഏകാധിപത്യ ഭരണസംവിധാനമാണുള്ളത്. പാര്‍ട്ടി തന്നെയാണ് അവിടെ ഭരണകൂടവും. ഇതുകൊണ്ടാണ് ചൈനീസ് വൈസ് പ്രസിഡന്റ് തന്നെ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ഔദ്യോഗിക സ്വഭാവമാണ് ഇതു കാണിക്കുന്നത്.
വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ധാരണാ പത്രത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. കാരണം ചൈന ഭാരതത്തിന്റെ ശത്രു രാജ്യമാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ശത്രു സംഘടനയാണ്. ചൈനീസ് സൈന്യം ഭാരതത്തിന്റെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനെയും മറ്റിടങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇത്തരമൊരു പാര്‍ട്ടിയുമായുള്ള കരാര്‍ ചൈനയുടെ കയ്യേറ്റങ്ങളെയും അവകാശവാദങ്ങളെയും ശരിവെക്കുകയാണ് ചെയ്യുന്നത്. യുഎപിഎ പ്രകാരം കുറ്റകരമായ നടപടിയുമാണിത്.
ചൈനയുടെ പണം സോണിയാ കുടുംബത്തിന്
കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് 2006 മുതല്‍ നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സോണിയ ചെയര്‍പേഴ്സണായ ഈ സംഘടനയുടെ ട്രസ്റ്റിമാരാണ് രാഹുലും പ്രിയങ്കയും. ശത്രുരാജ്യമായ ചൈനയില്‍ നിന്ന് ഇങ്ങനെയൊരു സഹായം കൈപ്പറ്റിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. ഇത്തരം കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത വിവേചനാധികാരം തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ചൈനീസ് ഭരണകൂടത്തില്‍ നിന്ന് കോണ്‍ഗ്രസിന് പണമെത്തിയത് ഗുരുതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നമാണിത്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ പതനമാണ് ഇവിടെ കാണുന്നത്. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങളെ നേരിടാന്‍ ഭാരത സൈനികര്‍ സ്വന്തം ജീവന് തന്നെ ബലിയര്‍പ്പിക്കുമ്പോഴാണ് ആ രാജ്യത്തുനിന്ന് കൊടിക്കണക്കിന് രൂപ സംഭാവനയായി സ്വീകരിക്കുന്നതും, അവര്‍ക്ക് രഹസ്യങ്ങള്‍ കൈമാറാമെന്ന കരാറുണ്ടാക്കുന്നതും. നെഹ്റു കുടുംബത്തിലേക്കാണ് ശത്രുരാജ്യം നല്കുന്ന പണമെത്തുന്നത് എന്ന കാര്യവും ആശങ്കാജനകമാണ്. പ്രകൃതിക്ഷോഭങ്ങളില്‍പ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുപോലും 2014 വരെയുള്ള യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം വക മാറ്റുകയുണ്ടായി. ആര് ഇതിന് അനുമതി നല്കി എന്ന് വിശദീകരിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗിന് ഉണ്ടായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ് പൂര്‍ണമായും ഒരു കുടുംബ സംരംഭമായി മാറുകയായിരുന്നു. കുടുംബം ആഗ്രഹിക്കുന്നത് മാത്രമേ കോണ്‍ഗ്രസില്‍ നടക്കുകയുള്ളൂ എന്ന സ്ഥിതിവന്നു. സ്വാഭാവികമായും കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോഴൊക്കെ രാജ്യം പ്രച്ഛന്ന രാജഭരണത്തിലേക്ക് മാറി. ഈ കുടുംബത്തിനു പുറത്തുള്ളവരുടെ സംഭാവനകള്‍ അവഗണിക്കാനും തമസ്കരിക്കാനും തുടങ്ങി. സര്‍ക്കാര്‍ പദ്ധതികള്‍, ദേശീയ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സ്കോളര്‍ഷിപ്പുകള്‍, കായിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഒന്നൊഴിയാതെ നെഹ്റു കുടുംബത്തില്‍പ്പെട്ടവരുടെ പേരുകള്‍ നല്കി. മഹാത്മാഗാന്ധിയുടെ പേരുപോലും ഒഴിവാക്കപ്പെട്ടു.
ഈ കുടുംബാധിപത്യത്തിന്റെ പാരമ്യതയായിരുന്നു മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബീജിങ് ഒളിമ്പിക്സിലേക്ക് നെഹ്റു കുടുംബത്തെ ക്ഷണിച്ച സംഭവം. സോണിയയും രാഹുലും പ്രിയങ്കയും റോബര്‍ട്ട് വാദ്രയുമാണ് ഭാരതത്തെ പ്രതിനിധീകരിച്ച് ബീജിങ്ങില്‍ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തെ പരിഹസിക്കുന്നത് മാത്രമായിരുന്നില്ല ഇത്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും മൂല്യങ്ങളെയും അട്ടിമറിക്കുന്നതുമായിരുന്നു.
ആശങ്ക പ്രകടിപ്പിച്ച് പരമോന്നത കോടതിയും
കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ പരസ്പരം സഹകരിക്കാനും വിവരങ്ങള്‍ കൈമാറാനും കരാറില്‍ ഒപ്പുവെച്ചത് രാജ്യത്തെ പരമോന്നത നീതിപീഠത്തെയും അമ്പരപ്പിക്കുകയുണ്ടായി. ”എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചൈനയുമായി കരാറുണ്ടാക്കാന്‍ കഴിയും. ഒരു രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടിയും മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുന്നത് ആദ്യമായി കേള്‍ക്കുകയാണ്” എന്നായിരുന്നു ചീഫ് ജസ്റ്റിസ് അശോക് ബോബ്ഡെ പറഞ്ഞത്. ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ തേടിയും, ഇതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സോണിയക്കും രാഹുലിനും എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണമുണ്ടായത്. രാജ്യസുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് കാണിച്ച് ഗോവയിലെ പ്രമുഖ പത്രപ്രവര്ത്തകന് സാ വിയോ റോഡ്രിക്സ് ആണ് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഏതൊരു കരാറിലും സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതാണ് കോണ്‍ഗ്രസ് ലംഘിച്ചത്.
അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുടെ നീക്കങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ അപ്പപ്പോള്‍ കനത്ത തിരിച്ചടി നല്കിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് പക്ഷേ ചൈനയ്ക്കൊപ്പം നില്ക്കുകയാണുണ്ടായത്. ഭാരത സൈനികര്‍ നേടിയ വിജയങ്ങളെ കാണാന്‍ കൂട്ടാക്കാതെ ചൈനയുടെ അവകാശവാദങ്ങളെ ശരിവയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഹുലാണ് ഇക്കാര്യത്തില്‍ ആവേശത്തോടെ മുന്നില്‍ നിന്നത്. 2008 ല്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയോ പ്രതിപക്ഷനേതാവായിരിക്കുകയോ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും. രാജ്യത്തോട് കൂറില്ലാത്തയാള്‍ എംപിയായിരിക്കുന്നതുപോലും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്.
(തുടരും)