ക്ഷേത്രോപദേശക സമിതികള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി വാര്‍ത്തകള്‍ കാണുന്നു! നമ്മുടെ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശ സമിതികളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. ഹിന്ദുമത വിശ്വാസമെന്നത് പലതരം വിശുദ്ധികളുടെ ദര്‍ശനമാണ്. മനഃശുദ്ധി, ശരീരശുദ്ധി, വാക്ശുദ്ധി, കര്‍മ്മ-ദര്‍ശന ശുദ്ധി തുടങ്ങി സകലതും പരിശുദ്ധമായി നില്‍ക്കുന്ന ദര്‍ശനമാണ് ഹിന്ദുമത വിശ്വാസത്തിന്റെ ആധാരശില. ഭൂമിയില്‍ മതങ്ങളും മതവിശ്വാസങ്ങളും ധാരാളമാണ്. എന്നാല്‍ ഹിന്ദുമതം മറ്റെല്ലാമതങ്ങളേക്കാളും വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് പറയുമ്പോള്‍ അവിടെ എന്താണ് ചൈതന്യവത്തായിരിക്കുന്നതെന്ന് പഠിക്കേണ്ടതുണ്ട്.
മറ്റു മതങ്ങളെപ്പോലെ ഹിന്ദു മതത്തിന് ഒരപ്പോസ്തലന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല. വിശ്വസിക്കൂ! വിശ്വസിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്പെടും എന്നു തുടങ്ങുന്ന പല്ലവികള്‍ പാടി നടക്കേണ്ട ഗതികേടുമില്ല. ലോകത്ത് നിലനില്‍ക്കുന്ന ധാരാളം മതങ്ങളും മതപ്രചാര വേലകളും രാത്രിയിലും പകലും ഒന്നുപോലെ പാടിയും പറഞ്ഞും കാട്ടുന്ന മതപ്രചാരണങ്ങള്‍ ഒന്നും തന്നെ ഹിന്ദുമതത്തിന് ആവശ്യമില്ല. അത്തരത്തിലുള്ള വിശ്വാസക്കച്ചവടതന്ത്രം ഹിന്ദുമതത്തിന് അന്യമാണ്. മനുഷ്യമനസ്സില്‍ ഭീഷണിയും ആജ്ഞയും പ്രീണനവും ഒന്നും തന്നെ കടത്തിവിടാതെ, ഹിന്ദുമതാചാരങ്ങളോ വിശ്വാസപ്രമാണങ്ങളോ ഒന്നും തന്നെ തലയില്‍ കെട്ടിവയ്ക്കാതെ, ഒരു സനാതനധര്‍മ്മിക്ക് ഹിന്ദുവായി ജീവിക്കുവാന്‍ കഴിയുന്നുവെന്നതാണ് മറ്റു മതങ്ങളില്‍ നിന്നും ഹിന്ദുമതത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നതില്‍ പ്രധാനമായത്. അതിവിശാലവും നിസ്തുലവുമായ ഒരു വലിയ കാഴ്ചപ്പാടാണത്. ലോകം തറവാടാണെന്ന് വിളംബരം നടത്തിയ ദര്‍ശനമാണ്. ഹിന്ദുമതക്ഷേത്രങ്ങളിലേക്ക് ആരേയും മാടിവിളിക്കില്ല. ക്ഷേത്രദര്‍ശനത്തിന് വരാത്തവരെ ശിക്ഷിക്കുകയുമില്ല. ക്ഷേത്ര ശ്രീകോവിലില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന പൂജാരിയ്ക്ക് വിശ്വാസികളുടെ മേല്‍ യാതൊരുവിധ അധികാരമോ ആജ്ഞാശക്തിയോ ഇല്ല. ശുദ്ധി സങ്കല്പത്തില്‍ അടിയുറച്ച മനസ്സുമായി നിലകൊള്ളുകയെന്നതിനപ്പുറം മറ്റൊന്നും പൂജാരിക്കുമില്ല. ഭക്തജനം സ്വയം ശുദ്ധി നിലനിര്‍ത്തി ക്ഷേത്രത്തിലേക്ക് കടന്നു വരികയാണ്. അല്ലാതെ പൂജാരിയുടെ മുന്നില്‍ കുമ്പിടുവാനോ തലവച്ചു കരയുവാനോ സങ്കടം പറയുവാനോ ഒന്നും ഹിന്ദുമതം ഭക്തന്മാരെ മാടിവിളിക്കില്ല. ഹിന്ദുമതം ഭക്തന്മാര്‍ക്ക് വളരെ വലിയ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. ശുദ്ധിപരിപാലനം സ്വയം സ്വീകരിച്ച് വന്നെത്തുകയാണ്. ഓരോ ഹിന്ദുമത വിശ്വാസിയും സ്വയം ആചാരാനുഷ്ഠാനങ്ങളും വ്രതശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ട് ക്ഷേത്രങ്ങളില്‍ വന്നെത്തുന്നുവെന്നതാണ് മഹാത്ഭുതമായിരിക്കുന്നത്. ഹിന്ദുമതക്ഷേത്രങ്ങളിലെ പരിപാവനമായ ഭക്തി സങ്കല്പവും ദര്‍ശനവും മറ്റുമതങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിച്ചാല്‍ അറിയാം.
തൊഴില്‍ശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമയക്ലിപ്ലത ഉള്ളതുകൊണ്ടും മേലധികാരികള്‍ നടപടി സ്വീകരിക്കുമെന്നതുകൊണ്ടും ഓടിക്കയറുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികളൊന്നുമല്ല ഹിന്ദുക്ഷേത്രദര്‍ശനം. ക്ഷേത്രപരിസരവും ക്ഷേത്രക്കുളവും ചുറ്റുമതിലിനുള്ളിലും ശ്രീകോവിലിലും മറ്റും നിലനിര്‍ത്തിവരുന്ന പരിശുദ്ധി ഭക്തന്മാരുടെ ദര്‍ശനസാഫല്യമാണ്. ഇങ്ങനെ ക്ഷേത്രദര്‍ശനവും പരിശുദ്ധിയും വേണ്ടുംവിധം പരിപാലിയ്ക്കാന്‍ ജീവിത സാഹചര്യത്താല്‍ അസാദ്ധ്യമായ പാവം ജനങ്ങളെ മറ്റു മതങ്ങളിലേക്ക് വലവീശിപ്പിടിക്കുവാന്‍ വിദേശികള്‍ പല വഴികള്‍ തേടുന്ന സന്ദര്‍ഭത്തിലാണ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ 1936 നവംബര്‍ 12ന് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. ചരിത്രപരമായ ആ മഹാവിളംബരം എന്തായിരുന്നുവെന്ന് പരിശോധിക്കാം.
‘നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ടും ആയത് ദൈവികമായ അനുശാസനത്തിലും സര്‍വ്വവ്യാപകമായ സഹിഷ്ണുതയിലും ആണ് അടിയുറപ്പിച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ച് പോന്നുവെന്ന് ധരിച്ചും നമ്മുടെ ഹിന്ദുപ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദു വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.’ തിരുവിതാംകൂര്‍ രാജ്യത്ത് ഭരണം നടത്തിയ മഹാരാജാവാണ് ഈ ചരിത്ര പ്രസിദ്ധമായ വിളംബരം നടത്തിയത്. മഹാരാജാവിന്റെ സര്‍ക്കാര്‍ ഈ വിളംബരത്തിന്റെ നിയമാവലികളും നിബന്ധനകളും 12 ദിവസങ്ങള്‍ കൂടിക്കഴിഞ്ഞ് അതായത് 1936 നവംബര്‍ 24-ാം തീയതി സര്‍ക്കാരിന്റെ രഹസ്യ വിഭാഗം 1365-ാം നവംബര്‍ ഫയല്‍ പ്രകാരം പുറപ്പെടുവിച്ചിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അസാധാരണ ഗസറ്റു വിജ്ഞാപനപ്രകാരം പ്രധാനമായി ആറ് നിബന്ധനകളാണ് ഉള്‍പ്പെടുത്തിയത്. അവ താഴെ വിവരിക്കുന്നു.
1. മഹാരാജാവിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ നിവേദ്യം വഴിപാട്, നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം, ഉത്സവം തുടങ്ങി മറ്റ് സാധാരണ ചടങ്ങുകളിലും പ്രജകള്‍ക്ക് അവരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടും ചില പ്രത്യേക വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും പ്രവേശിക്കുന്നതിനുള്ള നിയമവ്യവസ്ഥാപനം ചെയ്യുന്നതിനുള്ള നിയമ ഉത്തരവാദിത്വം ചീഫ് ഓഫീസറില്‍ നിക്ഷിപ്തമായിരിക്കുന്നു.
2. ക്ഷേത്രത്തിലെ ശ്രീകോവില്‍, തിടപ്പള്ളി (അടുക്കള) എന്നിവിടങ്ങളില്‍ പ്രവേശനമില്ല. എന്നാല്‍ ആചാരംകൊണ്ട് അനുവദിക്കപ്പെട്ടവര്‍ക്ക് പ്രവേശനം ഉണ്ട്.
3. അഹിന്ദുക്കള്‍, ജനനംകൊണ്ടും മരണംകൊണ്ടും മലിനപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍, സ്ത്രീകള്‍ (അവരുടെ അനുഷ്ഠാനം കൊണ്ട് നിഷേധിക്കപ്പെട്ട സമയത്ത്) മദ്യപിച്ചു ലക്കുകെട്ടവര്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, മന്ദബുദ്ധികള്‍, ഭിക്ഷക്കാര്‍ എന്നിവര്‍ക്ക് പ്രവേശനമില്ല.
4. ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിക്കാത്തവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. ചെരിപ്പ് ധരിക്കാന്‍ പാടില്ല. ആചാരം കൊണ്ട് ധരിക്കേണ്ടവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.
5. ആരും ക്ഷേത്ര പരിസരത്ത് തുപ്പാനോ, പുകയില ചവയ്ക്കാനോ മീന്‍, മുട്ട, ഇറച്ചി, കള്ള്, ചാരായം മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കൊണ്ടു നടക്കാനോ പാടില്ല.
6. എല്ലാ സമുദായങ്ങളും ഒരുപോലെ ചില ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി നിരോധനങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അതു തുടര്‍ന്നു നടത്താം.
ഇങ്ങനെയുള്ള നിബന്ധനകള്‍ ലംഘിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ അയാളെ ക്ഷേത്രത്തിന് പുറത്താക്കാന്‍ ദേവസ്വം ചീഫ് ഓഫീസര്‍ക്ക് അധികാരമുണ്ട്. അയാള്‍ പുറത്ത് പോകാതിരിക്കുകയോ ശരിയായ വിലാസം നല്‍കാതിരിക്കുകയോ ചെയ്താല്‍ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാം. ഹെഡ്‌കോണ്‍സ്റ്റബിളിന്റെ റാങ്കില്‍ കുറയാത്ത ഓഫീസ്സറെക്കൊണ്ട് അറസ്റ്റ് ചെയ്തു കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡിയറിലെ 38-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാം. ആരെങ്കിലും ഇത്തരം നിബന്ധനകള്‍ നിഷേധിച്ച് ക്ഷേത്രത്തില്‍ കടന്ന് അശുദ്ധി ഉണ്ടാക്കിയാല്‍ ശുദ്ധികലശം ചെയ്യുവാനുള്ള ചെലവ് അയാളില്‍ നിന്ന് ഈടാക്കുവാനും അയാളെ മൂന്നു മാസത്തെ തടവിന് ശിക്ഷിക്കുന്നുതിനുള്ള അധികാരങ്ങളും മജിസ്‌ട്രേട്ടിന് ഉണ്ടായിരിക്കും. ഇതിനെതിരെ യാതൊരുവിധമായ കോടതി വ്യവഹാരങ്ങളും നടത്തുവാന്‍ പാടുള്ളതല്ല. വേണ്ടിവന്നാല്‍ ഗസറ്റഡ് ഓഫീസര്‍ക്ക് പരാതി സമര്‍പ്പിക്കാം. ആര്‍ക്കെങ്കിലും അവര്‍ക്കെതിരെ ക്രിമിനല്‍ കോടതിയില്‍ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണം.
ക്ഷേത്രപ്രവേശനം ലഭിച്ചെന്നും ഇനി ആര്‍ക്കുമെന്തുമാകാമെന്നും ചിലര്‍ ചിന്തിക്കുയുണ്ടായി. ഹിന്ദുമതാനുഷ്ഠാനങ്ങള്‍ പരിപൂര്‍ണ്ണമായ ശുദ്ധി സങ്കല്പത്തിലാണ് നിലകൊള്ളുന്നത്. ആ ശുദ്ധി നിലനിറുത്തുവാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ക്ഷേത്രം നിലനിറുത്തുകതന്നെ വേണം. അതാണ് മഹാരാജാവിന്റെ സര്‍ക്കാര്‍ 1936 നവംബര്‍ 26ന് അസാധാരണ ഗസറ്റു വിജ്ഞാപനത്തിലൂടെ നടത്തപ്പെട്ടതും. 1947ല്‍ ഭാരതം സ്വാതന്ത്ര്യം നേടുമ്പോഴും രാജഭരണം നാട്ടുരാജാക്കന്മാരുടെ കൈകളിലായിരുന്നു. നാട്ടുരാജാക്കന്മാരുടെ അധികാരങ്ങള്‍ നിയന്ത്രിച്ചു നീക്കിയും ഭാരതം സമ്പൂര്‍ണ്ണ ജനാധിപത്യഭരണക്രമത്തിലേക്കു വന്നെത്തുവാന്‍ പിന്നെയും സമയമെടുത്തു.
1948ല്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തന്റെ രാജ്യം പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം വിജയിക്കുന്ന കക്ഷിക്ക് കൈമാറുന്നുവെന്നും പ്രഖ്യാപനം നടത്തി. എന്നാല്‍ തന്റെ വകയും തന്റെ അധീനതയിലും ഭരണത്തിലും നിലനില്‍ക്കുന്ന ഹിന്ദുക്ഷേത്രങ്ങള്‍ നാനാജാതി മതസ്ഥരുടെ ജനകീയ കൂട്ടായ്മക്ക് വിട്ടുതരില്ലെന്നും ഹിന്ദുമതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന ഹിന്ദുസമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് മാത്രമെ ക്ഷേത്രഭരണം വിട്ടുതരികയുള്ളൂവെന്നും മഹാരാജാവ് കല്പിച്ചു. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ തീരുമാനം തികച്ചും ന്യായമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന വല്ലഭഭായി പട്ടേല്‍ അറിയിച്ചു. അങ്ങനെ 1949ല്‍ ഭാരത ഗവണ്‍മെന്റും തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളും തമ്മില്‍ കരാര്‍ ഒപ്പ് വച്ചു.
നമ്മുടെ നാട്ടില്‍ പുതിയ ദേവസ്വം ബോര്‍ഡും കമ്മറ്റിയും ഭരണവും ഒക്കെ ഉണ്ടായത് ഇതിന് ശേഷമാണ്. അങ്ങനെ പുതിയ ദേവസ്വം ബോര്‍ഡും ഭരണസമിതിയും വന്നെത്തി. മന്നത്ത് പത്മനാഭപിള്ള, ആര്‍.ശങ്കര്‍, മഹാരാജാവിന്റെ പ്രതിനിധിയായി റിട്ടയേര്‍ഡ് ജഡ്ജി ശങ്കരനാരായണ അയ്യര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിച്ചുവന്നു. കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ഭരണം തുടരുമ്പോള്‍ നിലവില്‍ വരുന്ന സര്‍ക്കാരുകള്‍ പല പല ഘട്ടങ്ങളില്‍ ക്ഷേത്രഭരണത്തിനായി പലതരത്തിലുളള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക പതിവായി. ക്ഷേത്രപ്രവേശന വിളംബരവും ആ വിളംബരത്തില്‍ ദര്‍ശിക്കുന്ന സങ്കല്പങ്ങള്‍ക്കും അനുസരിച്ചായിരുന്നില്ല പല നിര്‍ദ്ദേശങ്ങളും കൊണ്ടുവന്നു നടപ്പാക്കിയത്.
2008ല്‍ കേരള സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത് മതഭേദമെന്യേ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു. ശ്രീകോവിലിനുള്ളില്‍ പൂജ നടത്തുവാന്‍ ജാതി നോക്കേെണ്ടന്നും പറയുകയുണ്ടായി. ‘ദി സെക്കുലര്‍ നോംസ് ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പ്‌ളെയ്‌സസ് ഓഫ് പബ്ലിക് വര്‍ഷിപ് ബില്‍’ എന്ന പേരില്‍ ഒരു കരട് ബില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുള്ളത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കുവാനും പരിശുദ്ധി കളങ്കപ്പെടാതിരിപ്പാനും ബാധ്യസ്ഥരാണെന്നാണ്. ക്ഷേത്രഭരണം രാഷ്ട്രീയവല്‍ക്കരിക്കപ്പെടരുത്. ഭക്തി നിലനിര്‍ത്താന്‍ ഭക്തന്മാര്‍ക്ക് മാത്രമെ കഴിയൂ. നമ്മുടെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് നിയന്ത്രണവും നിബന്ധനകളും മഹാരാജാവ് തന്നെ കല്പിച്ചു തന്നിട്ടുള്ളതും ഭാരത ഗവണ്‍മെന്റ് 1949ല്‍ അംഗീകരിച്ചതുമാണ്.