ഏതാനും ദശകം മുമ്പ് കേരളത്തിലെ എട്ടാംതരം മലയാളപാഠാവലിയിലെ ഒരു പാഠഭാഗം ഓര്‍ക്കാം. മുല്ലവള്ളിയും മാന്‍കിടാവും എന്നായിരുന്നു തലക്കെട്ട്. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തെ, വിശേഷിച്ച് അതിന്റെ നാലാംഅങ്കത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ രചന. ഗാന്ധര്‍വ വിധിപ്രകാരം ദുഷ്യന്തന്‍ പരിണയിച്ച ശകുന്തളയെ തിരക്കി രാജാവ് എത്താതിരുന്നപ്പോള്‍, ഗര്‍ഭിണിയായ അവളെ കൊട്ടാരത്തിലേക്കയക്കാന്‍ താത കണ്വന്‍ തീരുമാനിച്ചു. ആശ്രമത്തിലെ വൃദ്ധതാപസിമാരും താപസകുമാരന്മാരും കൂട്ടുപോകുന്നു. ശകുന്തള പുറപ്പെടുന്ന ദിവസമാണ് നാലാംഅങ്കത്തിലെ പ്രധാന പ്രതിപാദ്യം. കണ്വന്റെ വളര്‍ത്തുമകളായ ശകുന്തള (ജനിച്ച ഉടന്‍ മാതാപിതാക്കളായ മേനകയും വിശ്വാമിത്രനും ഉപേക്ഷിച്ച കുട്ടിയെ കണ്വമഹര്‍ഷി കണ്ടെത്തി സംരക്ഷിക്കുകയായിരുന്നല്ലോ) തന്റെ ജീവിതകാലം മുഴുക്കെ ചെലവഴിച്ച ആശ്രമത്തോടും അവിടത്തെ മനുഷ്യരോടെന്നപോലെ സസ്യ-ജന്തുജാലങ്ങളോടും വിട പറയുകയാണ്. ‘ദീര്‍ഘാപാംഗന്‍’ എന്ന മാന്‍ കിടാവും’വനജ്യോല്‍സ്ന’ എന്ന മുല്ലവള്ളിയും കൂട്ടത്തില്‍ മുഖ്യമാണ്. ഇവരും പേരിട്ടു വിളിച്ചിട്ടില്ലാത്ത മറ്റു സസ്യ-ജന്തുജാലങ്ങളുമെല്ലാം ശകുന്തളയുടെ രക്ഷാകര്‍തൃത്വവും വൈകാരികവായ്പും ഏറ്റവരാണ്, എന്നുവച്ചാല്‍ ഇവയും കൂടി നാടകത്തിലെ കഥാപാത്രങ്ങളാകുന്നു. അല്ലെങ്കില്‍ അവഗണിക്കാനാകാത്ത സജീവസാന്നിദ്ധ്യമാകുന്നു. മനുഷ്യര്‍ക്കു പുറമെ തിര്യക്കുകളും സ്വതന്ത്രസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്നു എന്നത് കാളിദാസന്റെ പ്രപഞ്ചദര്‍ശനം വെളിപ്പെടുത്തുന്നു.
വൃക്ഷങ്ങള്‍,കഥാപാത്രങ്ങള്‍, കഥാപരിണാമ ഘടകങ്ങള്‍
മനുഷ്യ-പ്രകൃതി സംയോഗവും സഹവര്‍ത്തിത്വവുമാണ് കവിയുടെ ജീവിതദര്‍ശനം. പരസ്പരാശിതത്വത്തിലൂന്നി സഹവര്‍ത്തിക്കുന്നത് പ്രകൃതിയില്‍ ദര്‍ശിക്കുകയാണ്. തിര്യക്കുകളും മനുഷ്യരും തമ്മിലുള്ള വികാരവിനിമയവും നമുക്ക് ഇവിടെ കാണാം. ശകുന്തളയെ പിരിയുന്ന ദുഃഖത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നതിന് തുല്യം ഇല പൊഴിക്കുന്ന മരങ്ങള്‍, ആഹാരം കഴിക്കാതെ മനംനൊന്ത് പിടയുന്ന മാനുകള്‍, ശകുന്തളയെ മുട്ടിയുരുമ്മി പോകരുതേ എന്നു യാചിക്കുന്നതുപോലെ യാത്ര തടയാനൊരുങ്ങുന്ന മാന്‍കിടാവ് (ദീര്‍ഘാപാംഗന്‍) ഇവരെല്ലാം വികാരവിനിമയത്തില്‍ മനുഷ്യരോട് ചേരുന്നു. ശകുന്തളയാകട്ടെ എല്ലാ തിര്യക്കുകളോടും യാത്ര ചൊല്ലുന്നു, തേന്‍മാവില്‍ പടര്‍ന്നു തുടങ്ങിയ മുല്ലവള്ളിക്ക് പരിണയകാലമായെന്ന് ഓര്‍ക്കുന്നു. എല്ലാവരും ചേര്‍ന്ന് ശകുന്തളയെ യാത്രയാക്കുന്നു. യാത്രയിലുടനീളം നീരൊഴുക്കുകള്‍ തടസ്സമാകാതിരിക്കാനും കാറ്റ് അനുകൂലമാകാനും കണ്വന്‍ ആശീര്‍വദിക്കുന്നു. ഇവിടെ സസ്യ-ജന്തുജാലവും മനുഷ്യരും സഹവര്‍ത്തിക്കുന്ന ഒരു ജീവിതമാണ് കവിഭാവനയില്‍ തുടിച്ചു നില്‍ക്കുന്നത്. വൃക്ഷം കഥാപാത്രതുല്യമായി നില്‍ക്കുന്ന മറ്റൊരു സന്ദര്‍ഭം മാളവികാഗ്‌നിമിത്രം നാടകത്തിലും കാളിദാസന്‍ അവതരിപ്പിക്കുന്നു. ചിലമ്പണിഞ്ഞ നര്‍ത്തകിമാരുടെ ചവിട്ടേറ്റാല്‍ അശോകമരം പൂക്കുന്നു എന്ന കവി സങ്കേതം പ്രഖ്യാതമാണ്. ഇത് വെളിപ്പെടുത്തുന്ന ഒരു രംഗം നാടകത്തിന്റെ മൂന്നാം അങ്കത്തിലുണ്ട്. ഇവിടെ അശോകം ഒരു കഥാപാത്രമായി ഉയരുന്നുണ്ട്. അശോകമരം മറ്റു ഭാരതീയകാവ്യങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. രാമായണത്തില്‍ സീതയെ രാവണന്‍ അപഹരിച്ച് കൊണ്ടുപോയി പാര്‍പ്പിച്ചത് അശോകത്തിന്‍ ചുവട്ടിലാണ് (അശോകവനി). വലിയ ഔഷധമൂല്യമുള്ള മരമാണിത്. വന്ധ്യത, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വലിയ ഔഷധമൂല്യം അശോകത്തിന്റെ പല ഭാഗങ്ങള്‍ക്കും ഉള്ളതായി ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പദാര്‍ത്ഥം വച്ച്, ശോകമില്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ‘Without Sorrow’എന്ന് ഇംഗ്ലീഷില്‍ പേര് നല്‍കിയിട്ടുണ്ട്. ഈ അശോകമാണ് നര്‍ത്തകീപാദസ്പര്‍ശത്താല്‍ പൂവണിയുന്നത്.
എന്നാല്‍ ഇതേ അശോകം സുന്ദരികളുടെ പാദസ്പര്‍ശത്തിന് കാത്തിരിക്കാതെ പൂവണിയുന്ന ഒരു സന്ദര്‍ഭം കുമാരസംഭവത്തില്‍ കാണാം. മൂന്നാം സര്‍ഗത്തിലാണിത്. കാമദേവന്‍ പ്രവേശിക്കുന്നതോടെ അശോകം പൊടുന്നനെ സപല്ലവങ്ങളായ കുസുമങ്ങളെ പ്രസവിച്ചു എന്നാണ് പരാമര്‍ശം.
അസൂത സദ്യ:
കുസുമാന്യശോകം (ശ്ലോകം 26)
കാമബാണങ്ങളയച്ച് തപസ്സുണര്‍ത്തി ശിവനെ പാര്‍വ്വതിയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണല്ലോ വസന്ത സഹായത്തോടെയുള്ള കാമന്റെ പ്രവേശം. ഇവിടെ നാടകത്തിലെ ക്രിയാംശത്തെ അശോകം സ്വാധീനിക്കുന്നു.
മേഘസന്ദേശത്തിലും അശോകത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രിയ പാദസ്പര്‍ശം കാത്ത് അശോകത്തെപ്പറ്റി പറയുകയാണ്- മേഘത്തിന് മാര്‍ഗ്ഗം വിവരിക്കുന്നതിനിടയില്‍ യക്ഷന്‍ നര്‍ത്തകിയായ സുന്ദരിയുടെ ചവിട്ടേറ്റാല്‍ അശോകം പൂക്കുന്നു എന്ന പ്രഖ്യാത കവി സങ്കേതത്തിന്റെ ചുവടു പിടിച്ചാണ് ഈ പരാമര്‍ശവും.
മനുഷ്യരുടെ വികാരങ്ങളും മനോഭാവങ്ങളും പ്രകൃതി പ്രതിഫലിപ്പിക്കുന്നതായി കാളിദാസകാവ്യങ്ങള്‍ പലപ്പോഴായി കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ, കുമാരസംഭവത്തില്‍ ശിവനെ ഭര്‍ത്താവായി കിട്ടാന്‍ കഠിന തപസ്സനുഷ്ഠിച്ച് പരീക്ഷണങ്ങളെ അതിജീവിച്ച് വിവാഹിതയാകാന്‍ കുളി കഴിഞ്ഞ് നില്‍ക്കുന്ന പാര്‍വ്വതിയെ വര്‍ണ്ണിച്ചപ്പോള്‍ മഴ പെയ്ത് പൂവണിഞ്ഞ് കാശപ്പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂഭാഗത്തോട് കവി ഉപമിച്ചത്-(സര്‍ഗം 7, ശ്ലോകം 11)
സാ മംഗളസ്‌നാന വിശുദ്ധഗാത്രീം
ഗൃഹീതവത്യുത്ഗമനീയ വസ്ത്രം
നിര്‍വൃത്ത പര്‍ജന്യ ജലാഭിഷേകം
പ്രഫുല്ല കാശാവസുധേവരേജേ
പാര്‍വതി പരമേശ്വരന്മാരുടെ വിവാഹം പൂര്‍വ നിശ്ചിതമാണ്, ഭൂമിയുടെ രക്ഷയ്ക്കായി പിറക്കേണ്ട കുമാരനു വേണ്ടിയാണത്. ഇത്രമേല്‍ ക്രിയാത്മകമായ പ്രക്രിയയെ ആനയിക്കുന്ന ഒരു രംഗം മഴപെയ്ത് പൂവണിഞ്ഞ കാശപ്പുല്ലുകള്‍ നിറഞ്ഞ ഭൂഭാഗത്തോടുപമിക്കുക എന്ന അത്യന്തം സ്വാഭാവികവും അതീവ ഹൃദ്യവുമായ ഒരു സന്ദര്‍ഭമാണിത്. മാനുഷഭാവങ്ങളുടെ പ്രതിഫലനങ്ങളോ അനുരണനങ്ങളോ പ്രകൃതിയിലും ദ്യശ്യമാകുന്നു എന്നു ചിന്തിക്കുന്ന കവി അത്രമേല്‍ അവബോധം പ്രാപിക്കുന്നു എന്ന് പറയാം. ഈ അവബോധത്തിന്റെ തുടര്‍ച്ചയാണ് തിര്യക്കുകളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പൊരുള്‍.
ഹിമാലയത്തെ സുഗന്ധിയാക്കുന്ന ദേവദാരു ‘രഘുവംശ’ത്തില്‍ സജീവ സാന്നിദ്ധ്യമാകുന്നു. വംശത്തിലെ ആദ്യ രാജാവായ ദിലീപന്‍ സന്താനലബ്ധിക്കായി വസിഷ്ഠന്റെ ഉപദേശപ്രകാരം നന്ദിനിയെ പരിചരിച്ചും പൂജിച്ചും ഭാര്യ സുദക്ഷിണയുമൊത്ത് വിധി പ്രകാരം കാട്ടില്‍ വസിക്കുന്ന കാലം, നന്ദിനി ഒരു സിംഹത്തിന്റെ പിടിയില്‍പ്പെടുന്നു. സിംഹത്തെ നേരിടാന്‍ അസ്ത്രമെടുക്കാന്‍ മുതിര്‍ന്ന രാജാവ് നിശ്ചേഷ്ടനാകുന്നു. സിംഹം പറയുന്നു. ‘ശ്രമം വിഫലമാകും, താന്‍ ശിവസേവകനായ കുംഭോദരനാണ്, സാധാരണ സിംഹമല്ല, ദേവദാരു കണ്ടില്ലേ, പാര്‍വ്വതി ഇഷ്ടവൃക്ഷമായി വളര്‍ത്തുന്നതാണിത്. ഇതില്‍ വന്നെത്തുന്ന ജീവികളെല്ലാം തന്റെ ആഹാരമാണ്.’ അപകടമറിഞ്ഞ ദിലീപന്‍ സ്വശരീരം പകരം നല്‍കാനുറച്ച് കുനിഞ്ഞിരിക്കെ ‘വല്‍സാ, എഴുന്നേല്‍ക്കൂ’ എന്ന മൃദുമൊഴി കേട്ടു, നന്ദിനിയായിരുന്നു മുമ്പില്‍, അത് നന്ദിനി നടത്തിയ പരീക്ഷണമായിരുന്നു. വരം നല്‍കി, ഭാര്യ സുദക്ഷിണയുമൊത്ത് കൊട്ടാരത്തില്‍ വസിച്ചു. സന്താനലബ്ധി കൈവന്നു. രഘു പിന്നീട് അതി പ്രശസ്തനായി, രഘുവംശം എന്ന് വംശനാമം കൈവന്നു. രഘുവംശം രണ്ടാം സര്‍ഗത്തിലാണ് ഈ ദേവവദാരു കല്‍പ്പന വിന്യസിച്ചിരിക്കുന്നത് (ശ്ലോകം 36). ഇവിടെയും ദേവദാരു കഥാപരിണാമത്തില്‍ പങ്കാളിയാണ്. കഥാപാത്ര പദവിയുമുണ്ട്. ദേവദാരുവിന് Himalayan cedar, Himalayan Deodar എന്നിങ്ങനെ ഇംഗ്ലീഷില്‍ പേരുണ്ട്. ഹിമാലയത്തെ സുഗന്ധിയാക്കുന്നു എന്ന കുമാരസംഭവത്തിലെ പരാമര്‍ശം ഓര്‍ക്കാം. ഹിമാലയന്‍ പശ്ചാത്തലമുള്ള രചനകളില്‍ ദേവദാരു സാന്നിധ്യമുറപ്പിക്കുക സ്വാഭാവികം. കുമാരസംഭവത്തില്‍ ദേവദാരു വൃക്ഷത്തണലില്‍ പുലിത്തോല്‍ വിരിച്ച് സംയമിയായ ശിവന്‍ ഇരിക്കുന്നു എന്ന് പരാമര്‍ശമുണ്ട്. മുഖ്യ കഥാപാത്രത്തെ ചിത്രീകരിക്കുമ്പോള്‍ അതിനായി ഒരുക്കുന്ന പശ്ചാത്തലം മുഖ്യമാണ്, പാത്രവിന്യാസത്തിന്റെ ഭാഗമാണ്.
വൃക്ഷങ്ങളുടെ മൂല്യം-ഔഷധം,ശുദ്ധീകരണം
മുമ്പ് പറഞ്ഞതുപോലെ, കാളിദാസ മഹാകവിയുടെ കാവ്യപ്രപഞ്ചം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. വൃക്ഷങ്ങള്‍ പലതും കഥാപാത്ര സ്ഥാനങ്ങളിലോ ഇതിവൃത്ത പരിണാമത്തില്‍ പങ്കുചേരുന്നതോ ആയി കാണാം. അതിനുമപ്പുറം ഈ വൃക്ഷങ്ങളില്‍ പലതും മികച്ച ഔഷധമൂല്യമുള്ളതും മണ്ണ്, വായു, വെള്ളം എന്നിവയെ നമ്മുടെ രക്തത്തെ എന്നപോലെ ശുദ്ധീകരിക്കാന്‍ കഴിവുള്ളവയുമാണ്. വിഷബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വൃക്ഷങ്ങളും ധാരാളമുണ്ട്.
ഈ ഭൂമി എല്ലാറ്റിന്റേയും സങ്കലനവേദിയാണ്. വിഷവും ഔഷധവുമെല്ലാം ഇവിടെയുണ്ട്. പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയും പരസ്പരപൂരകമാകുന്നവയുമെല്ലാം ചേര്‍ന്നതാണ് ഭൂമി. എല്ലാം ഒരു കുടുംബമായി ഇവിടെ പുലരുന്നു. ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ആശയം പ്രതിഫലിക്കുന്ന ദര്‍ശനമാണിത്. ലോകത്തിന്റെ അതിജീവനം ഈ പാരസ്പര്യത്തില്‍ അധിഷ്ഠിതമാണ്. ഭൂമിയില്‍ ധാരാളം വൃക്ഷങ്ങളും ചെടികളും വളരുന്നു, മനുഷ്യരുടെ മന:പൂര്‍വമായ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ തന്നെ. എന്നാല്‍, ഇവ പലതും ഔഷധമായും സാന്ത്വനമായും ശുദ്ധീകരണോപാധിയായും പ്രവര്‍ത്തിക്കുകയാണ്. കാളിദാസ കവിതകളില്‍ പല നിലകളിലായി ഇടം പിടിച്ചിരിക്കുന്ന വൃക്ഷങ്ങളും അവയുടെ ഔഷധ- ശുദ്ധീകരണമൂല്യങ്ങളും ചുവടെ സംക്ഷിപ്തമായി ചേര്‍ക്കുന്നു.
സാലവൃക്ഷം, ഏഴിലംപാല, സഹകാരം, തെങ്ങ്, കവുങ്ങ്, തുടങ്ങിയ വൃക്ഷങ്ങള്‍ പല കാളിദാസകൃതികളിലും വിവരിക്കപ്പെടുകയോ, പരാമര്‍ശിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
മേഘസന്ദേശത്തില്‍ യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെ സന്ദേശവാഹകനായി സഞ്ചരിക്കുന്ന മേഘം വിവിധ ഭൂഭാഗങ്ങളിലൂടെ കടന്നുപോകുമല്ലോ. അവിടങ്ങളില്‍ വളരുന്ന വൃക്ഷലതാദികള്‍ സ്വാഭാവികമായും വര്‍ണ്യ വിഷയമാണ്. വളരെ ബുദ്ധിപൂര്‍വ്വമായ മാര്‍ഗനിര്‍ദ്ദേശവും ഭൂസ്ഥിതിയുടെ സമര്‍ത്ഥമായ വിവരണവും മേഘസന്ദേശത്തില്‍ കാണാം.
കാളിദാസന്റെ ഒരു ഖണ്ഡകാവ്യം ‘ഋതുസംഹാരമാണ്’. പേരു പോലെ തന്നെ ആറ് ഋതുക്കളും, ഋതുക്കളില്‍ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കൃതിയില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും യഥാകാലത്തെ വൃക്ഷങ്ങളും ഋതു വര്‍ണനകളുടെ ഭാഗമായി വരുന്നുണ്ട്. ഋതുഭേദങ്ങളിലൂടെ പ്രകൃതിയെക്കുറിച്ചും അതിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള ഒരു പഠനമായി, നമുക്കനുഭവപ്പെടുന്ന മാറ്റങ്ങളുടെ വിവരണമായും ഈ കാവ്യത്തെ കാണാം.
വിശ്വപ്രശസ്ത പൗരാണിക ഭാരതീയ കവിയായ കാളിദാസന്‍ സൃഷ്ടിച്ച കാവ്യലോകം, വിശ്വകവിയായ ദാന്തെ ശാകുന്തളത്തെക്കുറിച്ച് പറഞ്ഞതുപോലെ സ്വര്‍ഗ്ഗീയ-ഭൗമാനുഭവങ്ങളുടെ സങ്കലന വേദി തന്നെ. മനുഷ്യ പ്രകൃതി സംയോഗത്തിന്റെ മാസ്മരികമായ സംയോജനം കാവ്യങ്ങളില്‍ കാണുന്നു. ആ കൃതികളില്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും കഥാപാത്ര പദവിയോ ഇതിവൃത്തത്തിന്റെ വികാസപരിണാമങ്ങള്‍ നിര്‍ണയിക്കുന്ന പദവിയോ നല്‍കിയിട്ടുണ്ട്. സസ്യ-വൃക്ഷങ്ങള്‍ മനുഷ്യരുമായി സഹജീവനത്തിലേക്ക് നയിക്കുന്നു. മനുഷ്യരുമായി അതുവഴി പ്രപഞ്ചത്തിലെ സഹവര്‍ത്തിത്വം അവതരിപ്പിക്കുന്നു. തിളക്കമാര്‍ന്ന ഈ സംയോജനമാണ് കവിയുടെ ദര്‍ശനമാകുന്നത്.
പ്രസ്തുത വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യമുണ്ട്. സര്‍വതും ഭൂമിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നു എന്ന ദര്‍ശനമാണ് ഇവിടെ പുലരുന്നത്.
(ഗോവ രാജ്ഭവനില്‍ നടന്ന വൃക്ഷവൈജ്ഞാനിക സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)