ഒരു ബഹുഭാഷാ രാജ്യമായ ഭാരതത്തിലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ ഭാഷാപ്രത്യയശാസ്ത്രങ്ങളുടെയും സമ്പ്രദായങ്ങളുടെയും സ്വാധീനം വളരെ വലുതാണ്. അവയുടെ അപകോളനീകരണത്തിനായി (Decolonization) ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.
നമ്മുടെ പൊതു/സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ബോധന മാധ്യമമായി (Medium of instruction) സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ സ്ഥാപനങ്ങള്‍ അതിനായി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിയമിക്കാന്‍ പോലും തുടങ്ങിയിട്ടുണ്ട്. തദ്ദേശീയരായ അധ്യാപകരുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവര്‍ക്ക് ((English native teachers) മികച്ച ഇംഗ്ലീഷ് പ്രാവീണ്യമുണ്ടെന്ന അനുമാനത്തിലാണ് ഇത് ചെയ്തുവരുന്നത്. സ്വകാര്യസ്‌കൂളുകള്‍ പ്രത്യേകിച്ചും, വിപുലമായ പരസ്യ വാക്യങ്ങളിലൂടെ ഇംഗ്ലീഷ് മീഡിയത്തിലൂടെ വിദ്യാഭ്യാസം എന്നത് അവരുടെ പ്രധാന സവിശേഷതയായി കാണിക്കുന്നു. അതിനായി ഗണ്യമായ പണം നീക്കിവെയ്ക്കുന്നു. ഈ മനോഭാവം ഇംഗ്ലീഷിനെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ സൂചികയായി കണക്കാക്കുന്നത് കൊണ്ടാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഇംഗ്ലീഷ് പ്രാവീണ്യം എന്നത് ഉയര്‍ന്ന സാമൂഹികനില, വിപണിയുടെ ഭാഷ, വിദേശതൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു അന്ധവിശ്വാസമാണ്. ഇംഗ്ലീഷിന്റെ ഈ ആധിപത്യത്തിന് മുന്‍ഗണന നല്‍കുകയും പ്രാദേശിക ഭാഷകളെയും സംസ്‌കാരങ്ങളെയും വിലകുറച്ച് കാണുകയും ചെയ്യുന്ന ചിന്താഗതി, കോളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പ്പിച്ച ഏകഭാഷാ പ്രത്യയശാസ്ത്രത്തില്‍ (monolingual ideology) നിന്നുമാണ് ഉടലെടുത്തത്. സാമൂഹിക മനുഷ്യന്‍ വസ്തുക്കളാലും അടയാളങ്ങളാലും പ്രത്യയശാസ്ത്ര പ്രതിഭാസങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. അവയുടെ സാക്ഷാത്കാരത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളായ വാക്കുകള്‍ (ശബ്ദങ്ങള്‍, എഴുത്ത്, മറ്റുള്ളവ), ശാസ്ത്രീയപ്രസ്താവനകള്‍, മതചിഹ്നങ്ങള്‍, വിശ്വാസങ്ങള്‍, കലാസൃഷ്ടികള്‍ മുതലായവയെല്ലാം പ്രത്യയശാസ്ത്ര പരിതസ്ഥിതികള്‍ ഉള്‍ക്കൊള്ളുന്നു. ഇത് മനുഷ്യന് ചുറ്റും ഒരു ഉറച്ച പ്രത്യയശാസ്ത്രവലയം സൃഷ്ടിക്കുന്നു. മനുഷ്യബോധം അസ്തിത്വവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നില്ല, മറിച്ച് ചുറ്റുമുള്ള പ്രത്യയശാസ്ത്രലോകത്തിന്റെ മാധ്യമത്തിലൂടെയാണ് അത് സാധ്യമാകുന്നത് എന്ന് ബക്തിന്‍ (1987) ഒരിക്കല്‍ പറയുകയുണ്ടായി. ഭാഷാപരമായ പ്രത്യയശാസ്ത്രങ്ങളെ അപകോളനീകരിക്കുന്നതിനായി, കോളനിവല്‍ക്കരണം, ഭാഷാ സാമ്രാജ്യത്വം (Linguistic Imperialism) അത് അടിച്ചേല്‍പ്പിച്ച കൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ (ideologies)എന്നിവയെക്കുറിച്ച് സമഗ്രമായ ധാരണ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൊളോണിയല്‍ ശക്തികള്‍ പലപ്പോഴും തദ്ദേശവാസികള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ ചൂഷണം, പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെ പുനര്‍നിര്‍മ്മാണം, കോളനിക്കാര്‍ക്ക് അനുകൂലമായി രാഷ്ട്രീയഘടനകളില്‍ മാറ്റം വരുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കപ്പുറം, കോളനിവല്‍ക്കരണത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ട്. അതില്‍ മനസ്സിന്റെ തന്ത്രപരമായ കോളനിവല്‍ക്കരണവും ഉള്‍പ്പെടുന്നു. ഈ പ്രക്രിയ കോളനിവത്കരിക്കപ്പെട്ട ആളുകളുടെ-(indigenous people/natives), പൊതുസമ്മതിയോടെ കൊളോണിയല്‍ ഭരണം അധികാരത്തിലേറാന്‍ കാരണമാകുന്നു. മനസ്സിന്റെ കോളനിവല്‍ക്കരണം രഹസ്യതന്ത്രങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. ഇത് കോളനിവല്‍ക്കരിക്കപ്പെട്ടവരുടെ ഭാഷ, സംസ്‌കാരം, ചരിത്രം, മതം, ആചാരങ്ങള്‍ എന്നിവയുടെ മേലുള്ള അപകര്‍ഷത എന്നിവ അവരില്‍ നിരന്തരം കുത്തിവയ്ക്കുന്നു. കോളനിവത്കരിക്കപ്പെട്ടവരില്‍ തങ്ങളുടെ അപകര്‍ഷതാബോധം ആന്തരികമാകുകയും അവരുടെ സാമ്രാജ്യത്വ അധികാരത്തോടുള്ള ചെറുത്തുനില്‍പ്പിനെ നിഷ്ഫലമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രങ്ങള്‍, ഭാഷകള്‍, സാംസ്‌കാരികഗ്രന്ഥങ്ങള്‍ എന്നിവ മാറ്റിയെഴുതുന്നതിലൂടെ ഈ സൂക്ഷ്മ പ്രക്രിയ സംഭവിക്കുന്നു. സാമ്രാജ്യത്വശക്തികള്‍ അവരുടെ പ്രത്യയശാസ്ത്രങ്ങളെ ഉപയോഗിച്ചുകൊണ്ട്, അവരുടെ മാതൃഭാഷയിലൂടെ മറ്റ് സമൂഹങ്ങളില്‍ അധികാരം ഉറപ്പിക്കുകയും, വിഭവങ്ങളുടെ അസമമായ വിതരണത്തെ ന്യായീകരിക്കുകയും ചെയ്യുന്നു എന്ന് പ്രൊഫസര്‍ റോബര്‍ട്ട് ഹെന്റി ഫിലിപ്‌സണ്‍ (1988: 339) പറയുന്നുണ്ട്. അദ്ദേഹം ഈ പ്രതിഭാസത്തെ ഭാഷാ സാമ്രാജ്യത്വം (Linguistic Imperialism) എന്ന് വിളിക്കുന്നു. ഗാള്‍ട്ടുങ്ങിന്റെ കാഴ്ചപ്പാട് അനുസരിച്ച്, കൊളോണിയലിസ്റ്റുകള്‍ രാജ്യങ്ങളെ ലോകത്തിന്റെ കേന്ദ്രം (ശക്തമായ പാശ്ചാത്യരാജ്യങ്ങള്‍), പ്രാന്തപ്രദേശങ്ങള്‍ (വികസ്വര രാജ്യങ്ങള്‍) എന്നിങ്ങനെ വിഭജിക്കുന്നു. ഭാഷയിലൂടെ കേന്ദ്രത്തിലെ വരേണ്യവര്‍ഗം പ്രാന്തപ്രദേശങ്ങളെ നിയന്ത്രിക്കുന്ന ഒരു നിര്‍ണായക മാധ്യമമായി വര്‍ത്തിക്കുന്നു. ആഗോള അസമത്വങ്ങളും ആശ്രിതത്വഘടനകളും നിലനിര്‍ത്തുന്നതില്‍ ഇംഗ്ലീഷ് ഭാഷ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ചില വിമര്‍ശകര്‍ വാദിക്കുന്നു.
ഇംഗ്ലീഷിന്റെ വികാസത്തെ നിയമാനുസൃതമാക്കുന്ന (legalizing) രണ്ട് പ്രധാനഘടകങ്ങളെ ഫിലിപ്‌സണ്‍ (1992:47) ചൂണ്ടിക്കാണിക്കുന്നു: മറ്റ് സംസ്‌കാരങ്ങളെ അതിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്ന വംശീയകേന്ദ്രീകരണം (ethnocentricity), മറ്റൊന്ന് വിദ്യാഭ്യാസനയം. ഈ സമ്പ്രദായങ്ങള്‍ ഭാഷകള്‍ക്കിടയില്‍ വ്യത്യാസം സൃഷ്ടിക്കുന്നതിനും ആധിപത്യ സംസ്‌കാരം നിശ്ചയിച്ച മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, തദ്ദേശീയ ഭാഷകളുടെ മുകളില്‍ അപകര്‍ഷതാബോധം ശക്തിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ഇംഗ്ലീഷിന്റെ കൊളോണിയല്‍ വ്യാപനത്തിലൂടെ പലപ്പോഴും നിലനില്‍ക്കുന്ന ഈ ആശയങ്ങളുടെ കേന്ദ്രബിന്ദു മാതൃഭാഷകളുടെ മൂല്യശോഷണമാണ്. ഫിലിപ്‌സണ്‍ വംശീയകേന്ദ്രീകരണം ആംഗ്ലോസെന്‍ട്രിസിറ്റിയായി രൂപാന്തരപ്പെട്ടു എന്നു പറയുന്നുണ്ട്. അതിന്റെ അനന്തരഫലമായി ഇംഗ്ലീഷിന്റെ ആധിപത്യം, ഭാഷകള്‍ക്കിടയില്‍ ശ്രേഷ്ഠത (superior)/അപകര്‍ഷത (inferior), നാഗരികത (civilised)/ അപരിഷ്‌കൃതം (uncivilized), പുരോഗതി(developed) / പിന്നോക്കം (under developed) തുടങ്ങിയ ദ്വന്ദ്വങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കപ്പെടുന്നു. കൊളോണിയല്‍ ഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ ഭാഷകളെക്കുറിച്ച് മാത്രമല്ല പറയുന്നത്. അവ ഒരു സമൂഹത്തിലെ ഭാഷയും മനുഷ്യരും തമ്മിലുള്ള വിഭജനത്തിനു കാരണമാകുന്നു. ഭാഷയെ സ്വത്വം, സൗന്ദര്യശാസ്ത്രം, ധാര്‍മ്മികത, വിജ്ഞാനശാസ്ത്രം എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നു. കാരണം ഭാഷ വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍, ഓര്‍മ്മകള്‍, പോരാട്ടങ്ങള്‍, സ്വത്വപ്രശ്‌നങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം അനാവരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഉപാധിയാണല്ലോ. ഭാഷാപ്രത്യയശാസ്ത്രങ്ങള്‍ സാമൂഹികാധികാരവുമായും നിയമാനുസൃത പ്രക്രിയകളുമായും സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പ്രധാനമായി, ഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സാമൂഹികാധികാരവുമായും നിയമസാധുതകളുമായും അടുത്ത ബന്ധമുണ്ട്. ഒരു നിര്‍ദ്ദിഷ്ട സാമൂഹിക, സാംസ്‌കാരിക വിഭാഗത്തിന്റെ താല്‍പ്പര്യത്തിനായി നിര്‍മ്മിച്ച പ്രബലമായ സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങള്‍, ഭാഷാനയങ്ങളെ സ്വാധീനിക്കുന്നു. ഒരു പ്രത്യേക ഭാഷയുടെ നിയമസാധുത (language policy) ന്യൂനപക്ഷ ഭാഷകള്‍ക്കിടയില്‍ പ്രതീകാത്മകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ഇവ മറ്റു ഭാഷാനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതില്‍ ചില വിഭാഗങ്ങളുടെ സ്വത്വങ്ങള്‍, ഭാഷാസമ്പ്രദായങ്ങള്‍, വൈജ്ഞാനികശാസ്ത്രം എന്നിവ ആസൂത്രിതമായി പാര്‍ശ്വവത്കരിക്കപ്പെടുകയും അവയ്ക്ക് അംഗീകാരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ഭാഷകള്‍ക്കുള്ളിലും ഭാഷാ ഏറ്റെടുക്കല്‍ പ്രക്രിയകളിലും (language borrowing) വിഭജനങ്ങള്‍, തടസ്സങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിലൂടെ ആധിപത്യ പ്രത്യയശാസ്ത്രങ്ങളുടെയും (Hegemonic Ideologies) വിജ്ഞാനശാസ്ത്രങ്ങളുടെയും മേല്‍ക്കോയ്മ നിലനിര്‍ത്തുന്നു. ഈ പ്രതിഭാസങ്ങളെ കൊളോണിയലിസത്തിന്റെ പ്രകടനമായി കാണാം. കൊളോണിയല്‍ വിദ്യാഭ്യാസനയങ്ങളില്‍ അസമത്വം നിലനില്‍ക്കുന്നതായി സമീപകാല പഠനങ്ങള്‍ പറയുന്നു. ഫിലിപ്പൈന്‍സിലെ ഭാഷാനയങ്ങളില്‍ ഇംഗ്ലീഷിന്റെ ആധിപത്യം വിശകലനം ചെയ്യുമ്പോള്‍ ഇതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ കിട്ടുന്നുണ്ട്. ഫിലിപ്പൈന്‍സിലെ ഇംഗ്ലീഷിന്റെ ഉപയോഗം ഭാഷാ സാമ്രാജ്യത്വമാണ് രൂപപ്പെടുത്തിയത്. ഫിലിപ്പിനോ സമൂഹത്തിന്റെ ഭാഷാപരമായ പരിതസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകുന്നതിലും ദുര്‍ബലപ്പെടുത്തുന്നതിലും ഇംഗ്ലീഷ് ഇരട്ട പ്രവര്‍ത്തനം നിര്‍വഹിക്കുന്നതായി കാണാം.
ഇംഗ്ലീഷും നവലിബറലിസവും
ഇംഗ്ലീഷിന്റെ പ്രാധാന്യത്തെ ന്യായീകരിക്കാന്‍, ഭാഷയെ ഏകീകൃതവും(homogeneous), ഏകഭാഷാപരവും (monolingual) മാനകീകരിക്കപ്പെട്ടതുമായ (standardised) അസ്തിത്വമായി ചിന്തിക്കാന്‍ മനുഷ്യബോധത്തെ (ബഹുഭാഷാ സമൂഹത്തെ) പ്രേരിപ്പിക്കുന്നു. അതുവഴി പ്രാദേശികതലത്തില്‍ ഭാഷാശ്രേണികള്‍(linguistic classes) സൃഷ്ടിക്കപ്പെടുന്നു. ആഗോള വിദ്യാഭ്യാസത്തിന്റെ ഭാഷയെന്ന നിലയില്‍, ഇംഗ്ലീഷിനെ അംഗീകരിക്കുന്നത് വാസ്തവത്തില്‍ ബഹുഭാഷാ ജനതയുടെ ഭാഷാപരവും സാംസ്‌കാരികവും വൈജ്ഞാനികവുമായ വ്യതിരിക്തതകള്‍ ഇല്ലാതാക്കുന്നതിനായി നവലിബറല്‍ പ്രത്യയശാസ്ത്രം സൃഷ്ടിച്ച ഒരു തെറ്റിദ്ധാരണയാണ്. കൊളോണിയലിസം ഒരു തരത്തില്‍ ഇംഗ്ലീഷിനെ രക്ഷയുടെയും പുരോഗതിയുടെയും മാധ്യമമായി ചിത്രീകരിക്കുന്നതില്‍ വിജയിച്ചു. അതേസമയം വേറെ ഭാഷകള്‍ പൊതുമണ്ഡലത്തില്‍ പ്രബോധനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും അനുയോജ്യമല്ലെന്ന് സ്ഥാപിക്കുകയും ചെയ്തു.
പ്രാദേശിക ഭാഷാ നയവ്യവഹാരങ്ങളിലും സമ്പ്രദായങ്ങളിലും കൊളോണിയല്‍ ഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ നിലനിര്‍ത്തുന്ന ഒരു നിര്‍ണ്ണായക പ്രക്രിയയാണ് പ്രതീകവത്കരണം (Iconization). വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ വര്‍ഗ്ഗീകരണം, ലേബലിംഗ്, ഐഡന്റിറ്റി ആട്രിബ്യൂഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭാഷകളുടെ സോഷ്യല്‍ ഇമേജുകളും ഐഡന്റിറ്റികളും നിര്‍മ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു ഭാഷയുടെ അന്തസ്സ്, മൂല്യം, ശക്തി എന്നിവയുള്‍പ്പെടെയുള്ള സൂചികയെയും ഇത് അഭിസംബോധന ചെയ്യുന്നു. ഭാഷാ നയ ചര്‍ച്ചകളില്‍ ഇംഗ്ലീഷിനും മറ്റ് തദ്ദേശീയ ഭാഷകള്‍ക്കും വ്യത്യസ്ത മൂല്യങ്ങളും അന്തസ്സും നല്‍കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രതീകവത്കരണം. ഭാഷാപരമായ ദേശീയതയുടെ (Linguistic Nationalism) പ്രത്യയശാസ്ത്രം പുനര്‍നിര്‍മ്മിക്കുന്നതില്‍ ഒരു നിലയില്‍ പ്രതീകവത്കരണം പ്രധാനപങ്കുവഹിക്കുന്നു. ഗെല്‍നര്‍, ആന്‍ഡേഴ്‌സണ്‍, ബ്ലോമെര്‍ട്ട് തുടങ്ങിയ പണ്ഡിതന്മാര്‍ ഭാഷയും ദേശ-രാഷ്ട്രവും (Nation State)തമ്മിലുള്ള ബന്ധം അന്വേഷിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ പ്രത്യയശാസ്ത്രം ദേശീയതയെ ശക്തിപ്പെടുത്തുന്നതിനുള്ള ഏകീകൃതമായ ശക്തിയായി ഭാഷയെ ഉപയോഗിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. ഈ പ്രത്യയശാസ്ത്രം ദേശീയ സ്വത്വത്തെ നിര്‍വചിക്കുന്നത് ദേശീയ ഭാഷ(National Language ) സംസാരിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. ഇത് പ്രധാനമായും അച്ചടിയില്‍ ഉപയോഗിക്കുകയും ഉയര്‍ന്ന വര്‍ഗങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. ദേശ-രാഷ്ട്രത്തിന്റെ ഏകഭാഷാ നയങ്ങള്‍ ഒരു ഭാഷയെ ദേശീയം എന്നും മറ്റുള്ളവയെ മാതൃഭാഷ അല്ലെങ്കില്‍ വംശീയ ഭാഷകള്‍ എന്നും തരംതിരിക്കുന്നു. എന്നിരുന്നാലും ഏകഭാഷ ദേശീയതയെ പരിമിതപ്പെടുത്തുന്നതും പാര്‍ശ്വവത്കരിക്കുന്നതുമാണെന്ന് ആന്‍ഡേഴ്‌സണ്‍ വിമര്‍ശിക്കുന്നു. ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം മാത്രമേ സംഭാഷണത്തിലോ എഴുത്തിലോ ദേശീയ ഭാഷയുമായി ഇടപഴകുന്നുള്ളൂ എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. പ്രധാനമായും, ഈ പ്രത്യയശാസ്ത്രം ബഹുഭാഷാ സമ്പ്രദായങ്ങളെയും ബഹുഭാഷാ സംസാരിക്കുന്നവരുടെ സ്വത്വങ്ങളെയും ദേശീയ നയങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. മാനകീകൃതമായ ഭാഷാ പ്രത്യയശാസ്ത്രം (Language standardization), ഭാഷയുടെ കൃത്യമായ ഒരു സംസാരരൂപം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് സ്ഥാപിക്കുന്നു. ഒരൊറ്റ ശരിയായ ലിഖിത രൂപത്തെ മാത്രം അത് പ്രതിഫലിപ്പിക്കുന്നു. ഈ പ്രത്യയശാസ്ത്രം പ്രധാനമായും ഉയര്‍ന്ന മധ്യവര്‍ഗത്തിന്റെ സംസാരഭാഷയില്‍ നിന്നാണ് വരുന്നത്. ന്യൂനപക്ഷ ഭാഷകളെ ദേശീയ ആവശ്യങ്ങള്‍ക്കും ആധുനിക വിദ്യാഭ്യാസത്തിനും തെറ്റായതും അനുചിതവും എന്ന് തരംതിരിച്ചുകൊണ്ട് ഇത് ഭാഷാശ്രേണികള്‍ സ്ഥാപിക്കുന്നു. തല്‍ഫലമായി, പാര്‍ശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഭാഷാ സമ്പ്രദായങ്ങള്‍ വിദ്യാഭ്യാസ ക്രമീകരണങ്ങളില്‍ നിയമാനുസൃത ഭാഷകളായി അംഗീകരിക്കപ്പെടുന്നില്ല. ബഹുഭാഷാ പഠിതാക്കള്‍ക്ക് അവരുടെ സ്റ്റാന്‍ഡേര്‍ഡ് അല്ലാത്ത ഇംഗ്ലീഷ് ഉപയോഗത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് ഭാഷാ പഠിതാക്കള്‍(ELL), പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികള്‍ (LEP) തുടങ്ങിയ പദവികള്‍ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അത്തരം ലേബലുകള്‍ ബഹുഭാഷാ പഠിതാക്കളുടെ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്തുക്കള്‍, സ്വത്വങ്ങള്‍, ശബ്ദങ്ങള്‍ എന്നിവയെ തള്ളിക്കളഞ്ഞുകൊണ്ട് അപര്യാപ്തരും ദുര്‍ബലരും എന്ന സ്വത്വത്തെ പ്രതീകാത്മകമായി നിര്‍മ്മിക്കുന്നു. കൂടാതെ, വിദ്യാഭ്യാസത്തില്‍ മാനകീകൃത ഭാഷാ പ്രത്യയശാസ്ത്രം സ്വീകരിക്കുന്നത് വംശീയ അസമത്വങ്ങളും വിവേചനവും നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. ഭാഷാ നയത്തില്‍ മാനകീകൃത ഭാഷാ പ്രത്യയശാസ്ത്രത്തിന്റെ സ്ഥിരത ബ്ലോമെര്‍ട്ട് (2005) നിര്‍വചിച്ചതുപോലെ ഒരു സൂചികാക്രമം സ്ഥാപിക്കുന്നു. ഒരു വശത്ത് നല്ലത്, സാധാരണം(normal), ഉചിതം (appropriate), സ്വീകാര്യമായ (acceptable) ഭാഷാ ഉപയോഗം, മറുവശത്ത് വ്യതിചലിക്കല്‍(deviant) അസാധാരണം(abnormal) മുതലായവയാണ് ഈ സൂചികാക്രമം. ബഹുഭാഷാവാദത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, നിലവിലെ ഭാഷാ നയങ്ങള്‍, ബഹുഭാഷയാകാന്‍ ഉദ്ദേശിച്ചവ പോലും, പ്രധാനമായും ഏകഭാഷാ പ്രത്യയശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുവെന്ന് സമീപകാല പഠനങ്ങള്‍ അടിവരയിടുന്നു. ഈ ഏകഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ സാമൂഹിക അനീതിക്കും ബഹുഭാഷാ വ്യക്തികളുടെ സ്വയം പാര്‍ശ്വവല്‍ക്കരണത്തിനും എങ്ങനെ കാരണമാകുന്നുവെന്ന് പില്ലറുടെ കൃതികള്‍ എടുത്തുകാണിക്കുന്നു. ബഹുഭാഷാപരവും(multi-lingual) ബഹുവംശീയവുമായ(multi ethnic) സ്വഭാവം ഉണ്ടായിരുന്നിട്ടും ഇന്ത്യ ഇപ്പോഴും വിദ്യാഭ്യാസത്തിലും അതിനപ്പുറവും ഏകഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ നിലനിര്‍ത്തുന്നു. ഭാഷാ അവകാശങ്ങളെക്കുറിച്ചും മാതൃഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ചും ചില സംവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും, തദ്ദേശീയ ഭാഷകള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ബഹുഭാഷാ സമ്പ്രദായങ്ങള്‍ പൊതുനയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ദേശ-രാഷ്ട്രങ്ങള്‍ നിര്‍മ്മിച്ച നവലിബറല്‍ – ഏകഭാഷാ പ്രത്യയശാസ്ത്ര- വ്യവഹാരങ്ങളും അവരുടെ സ്വത്വങ്ങളും ശബ്ദങ്ങളും വൈജ്ഞാനികതകളും ഉള്‍ക്കൊള്ളുന്ന ബഹുഭാഷാ സമൂഹത്തിന്റെ ദാരുണമായ അവസ്ഥയാണ് ഇവിടെ നമ്മള്‍ കാണുന്നത്. ദേശ-രാഷ്ട്രങ്ങളും, നവലിബറല്‍ പ്രത്യയശാസ്ത്രങ്ങളും നയിക്കുന്ന ഭാഷാനയങ്ങള്‍ നിലവിലുള്ള ഭാഷാ പ്രത്യയശാസ്ത്രങ്ങളെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിന്, ഈ ഭാഷാ പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിക്കുന്ന ഒരു ആശയപരമായ ചട്ടക്കൂട് നമുക്ക് ആവശ്യമാണ്.
ഭാഷാ പ്രത്യയശാസ്ത്രങ്ങളെ അപകോളനീകരിക്കുക
ഭാഷാ പ്രത്യയശാസ്ത്രങ്ങളെ അപകോളനീകരിക്കുന്നതിന് കൊളോണിയല്‍ ഭാഷാ പ്രത്യയശാസ്ത്രങ്ങളുടെ ചരിത്രപരമായ ഉത്ഭവം പരിശോധിക്കേണ്ടതുണ്ട്. വിവേചനപരമായ ഭാഷാ പ്രത്യയശാസ്ത്രങ്ങളെ തുറന്നുകാട്ടാനും വംശീയ സ്വത്വത്തിന്റെ ഒരു നിശ്ചിത അടയാളമായി കൊളോണിയലിസം ഭാഷയെ ചിത്രീകരിക്കുന്നതിനെ ചെറുക്കാനും പണ്ഡിതന്മാര്‍ ആവശ്യപ്പെടുന്നു. കൊളോണിയലിസത്തെ വെല്ലുവിളിക്കുന്ന സാമൂഹിക രാഷ്ട്രീയ ചലനാത്മകതയെക്കുറിച്ച് ഭാഷാ നയ പ്രവര്‍ത്തകര്‍ക്കിടയില്‍ അവബോധം വളര്‍ത്തുക, ബദല്‍ കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ അപകോളനീകരണ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു. കൊളോണിയലിസം ചില ഗ്രൂപ്പുകളുടെ അഥവാ സ്വത്വങ്ങളുടെ നിയമസാധുതയെ ദുര്‍ബലപ്പെടുത്തുകയും ഭാഷകളിലും പഠനപ്രക്രിയകളിലും ശ്രേണികളിലൂടെ ആധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അപകോളനീകരണം (decolonization) ആധിപത്യ പ്രത്യയശാസ്ത്രങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നില്ല. മറിച്ച് പ്രാദേശിക ആശങ്കകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മുന്‍ഗണന നല്‍കുന്നു. ഭാഷാ നയങ്ങള്‍ നിര്‍ദ്ദിഷ്ട പ്രത്യയശാസ്ത്രങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്ന് പരിശോധിക്കുകയും വിമര്‍ശനാത്മക അവബോധം വളര്‍ത്തുന്നതിലൂടെ നിലവിലുള്ള ഭാഷാ പ്രത്യയശാസ്ത്രങ്ങളെ പരിവര്‍ത്തനം ചെയ്യുകയും, ഭാഷാ നിയമസാധുതയെക്കുറിച്ചുള്ള ബദല്‍ ധാരണകള്‍ നല്‍കുകയും ചെയ്യുന്നു.
ഒരു ആത്യന്തിക പരിഹാരം
കോളനീകരിക്കപ്പെട്ട ഭാഷാപ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ വിമര്‍ശനാത്മക അവബോധം (critical awareness) ജനങ്ങളില്‍ വളര്‍ത്തേണ്ട ആവശ്യകതയുണ്ട്. അതിനായി ഭാഷാ നയ വക്താക്കളുടെയും, ബഹുഭാഷാ ഉപയോക്താക്കള്‍ ആയിട്ടുള്ള സ്വദേശികള്‍, അധ്യാപകര്‍, യുവാക്കള്‍ എന്നിവരെയും, അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഏജന്‍സികളുടെയും (അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍) ഇടപെടലുകളും സംവാദങ്ങളും അത്യാവശ്യമാണ്. എന്‍ഗേജ്ഡ് ലാംഗ്വേജ് പോളിസി ആശയപരമായ വിശകലനങ്ങളിലൂടെ നിലവിലുള്ള ഭാഷാനയങ്ങളെ വെല്ലുവിളിക്കുവാനും, നയങ്ങളെ പറ്റിയുള്ള വിമര്‍ശനാത്മക അവബോധം (critical awareness) സാധാരണക്കാരില്‍ വളര്‍ത്തിയെടുക്കാനും, ഭാഷാ പ്രത്യയശാസ്ത്രത്തെ പരിവര്‍ത്തനപ്പെടുത്തുവാനും, ഭാഷാനയ പ്രവര്‍ത്തകരെ സജീവമായി ഉള്‍പ്പെടുത്തിക്കൊണ്ട് അവ വിവര്‍ത്തനം ചെയ്യുവാനും ലക്ഷ്യമിടുന്നു. ഒരു ബഹുഭാഷാ രാജ്യത്തില്‍, ഭാഷാപരമായ പിരിമുറുക്കങ്ങള്‍ മനസ്സിലാക്കുന്നതിനും ഉചിതമായ ഭാഷാ പ്രത്യയശാസ്ത്രങ്ങള്‍ രൂപീകരിക്കുവാനായുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഈ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്‍ഗേജ്ഡ് ലാംഗ്വേജ് പോളിസിയുടെ ചട്ടക്കൂട് ഭാഷാ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹുഭാഷാ സ്വദേശികള്‍, അധ്യാപകര്‍, യുവാക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നു. തദ്ദേശീയ ഭാഷാ ഉപയോക്താക്കളുമായി സംവാദ-സമ്പര്‍ക്ക- സഹകരണത്തിലൂടെ അവരുടെ നരവംശശാസ്ത്രം പ്രതി-വിവരണങ്ങള്‍, വിമര്‍ശനാത്മക ഭാഷാ അവബോധ വര്‍ക്ക് ഷോപ്പുകള്‍, ഫോക്കസ്-ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയിലൂടെ ബഹുഭാഷാ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് വിമര്‍ശനാത്മക അവബോധം വളര്‍ത്താനും ലക്ഷ്യമിടുന്നു. ബഹുഭാഷ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഭാഷ-പ്രത്യയശാസ്ത്രങ്ങള്‍ക്ക് രൂപം നല്‍കുവാനും, ബഹുഭാഷാ സ്‌കൂളുകള്‍ രൂപപ്പെടുത്തുവാനും ഭാഷാ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് വിമര്‍ശനാത്മക അവബോധം വികസിപ്പിക്കുന്നതു വഴി സാധിക്കുന്നു. ഇതിനെത്തുടര്‍ന്ന് നൂതനമായ ഒരു ഭാഷാ-പ്രത്യയശാസ്ത്ര അവബോധം ഉണ്ടാവുന്നു. അത് ദേശ-രാഷ്ട്ര, നവലിബറല്‍ ആധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഭാരതം വിശ്വഗുരുപാതയിലേക്ക് നീണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതുമായി ഒത്തു ചേരാത്തതായ കുറേ മാലിന്യങ്ങള്‍ ഇന്നും നമ്മുടെ തലച്ചോറുകളില്‍ അടിഞ്ഞു കൂടികിടക്കുന്നു. അതില്‍ നിന്നും മുക്തി നേടാന്‍ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ ആവശ്യമാണ്.
അവലംബം
1. Penny, William Kevin. “Linguistic Imperialism: The Role of English as an International Language.” University of Birmingham, 2002.
2. Uniyal, Ranu. “Decolonising the Indian Mind by Namvar Singh: Text and Notes.” University of Lucknow, 2015.
3. Phyak, Prem Bahadur. “‘For Our Cho:Tlung’: Decolonising Language Ideologies And (Re)Imagining Multilingual Education Policies And Practices In Nepal.” University of Hawaii, 2016.