റാഞ്ചി(ഝാര്‍ഖണ്ഡ്): ആര്‍എസ്എസ് പ്രാന്തപ്രചാരകരുടെ അഖില ഭാരതീയ ബൈഠക് നാളെ മുതല്‍ 14 വരെ റാഞ്ചിയിലെ സരള ബിര്‍ള സര്‍വകലാശാലയില്‍ ചേരുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, രാജ്യത്തെ 46 സംഘടനാപ്രാന്തങ്ങളുടെ പ്രചാരകന്മാര്, സഹപ്രാന്തപ്രചാരകര്, ക്ഷേത്രപ്രചാരകര്, അഖിലഭാരതീയ കാര്യകാരി അംഗങ്ങള്‍ എന്നിവരാണ് രണ്ട് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്.
സംഘത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംഘശിക്ഷാവര്‍ഗുകളുടെ അവലോകനം, കാര്യവിഭാഗുകളുടെ പ്രവര്‍ത്തന വിലയിരുത്തല്‍ എന്നിവയും ഇതില്‍ നടക്കും. നിലവില്‍ 73000 ശാഖകളാണ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ശതാബ്ദിയോടെ എല്ലാ മണ്ഡലങ്ങളിലും ശാഖാ പ്രവര്ത്തനമെത്തിക്കും. ഇതോടൊപ്പം വിവിധ ധാര്‍മ്മിക-സാമൂഹിക സംഘടനകളുമായി സഹകരിച്ച് സേവന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മേഖലകളിലും എത്തിച്ചേരും.
ശതാബ്ദി പ്രവര്‍ത്തനവികാസം മുന്‍നിര്‍ത്തി മൂവായിരത്തോളം പ്രവര്‍ത്തകര്‍ രണ്ട് വര്‍ഷത്തേക്ക് വിസ്താരകന്മാര് എന്ന നിലയില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആംബേക്കര്‍ പറഞ്ഞു.
പൂര്‍വക്ഷേത്ര സംഘചാലക് ദേവവ്രത് പഹാന്‍, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര കുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.