യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ അഴിമതിയില്‍ നെഹ്‌റു കുടുംബത്തിനെതിരായ രേഖകള്‍, അതായത് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഈ ഇടപാടില്‍ പണം കൈപ്പറ്റി എന്നതുള്‍പ്പെടയുള്ള നിര്‍ണ്ണായക തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനത്തെ തുടര്‍ന്ന് ഇറ്റലി ഭാരതത്തിന് കൈമാറിയിക്കുന്നു.
2014 വരെയുള്ള രണ്ടാം യു പിഎ സര്‍ക്കാരിന്റെ കാലത്ത് ഇറ്റാലിയന്‍ പ്രതിരോധ നിര്‍മ്മാണ ഭീമനായ ഫിന്‍മെക്കാനിക്ക നിര്‍മ്മിച്ച 12 അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ 3,600 കോടി രൂപ ചെലവില്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചപ്പോള്‍, ഇടനിലക്കാര്‍ക്കും ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കിയെന്ന അഴിമതിക്കേസാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ (ചോപ്പര്‍) അഴിമതി. 2010 ഫെബ്രുവരിയില്‍, അന്നത്തെ യുപിഎ സര്‍ക്കാര്‍ 3,600 കോടി രൂപയ്ക്ക് 12 ‘അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് AW 101’ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഫിന്‍മെക്കാനിക്ക എന്ന ഈ കമ്പനി നിലവില്‍ ലിയണാര്‍ഡോ ഗ്രൂപ്പ് എന്നറിയപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടിയായിരുന്നു ഈ ഇടപാട്.
Mi8 ഹെലികോപ്റ്ററുകള്‍ക്ക് കാലപ്പഴക്കം ചെന്നെന്നും പകരമായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹോലികോപ്റ്ററുകള്‍ വാങ്ങണം എന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കരാര്‍ തീരുമാനിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ യാത്രക്ക് വേണ്ടിയായിരുന്നു ഈ കോപ്റ്ററുകള്‍ എന്നായിരുന്നു വാദം. ഡീല്‍ ഉറപ്പിച്ചത് ക്രിസ്റ്റ്യന്‍ മിഷേല്‍ എന്ന ഇടനിലക്കാരന്‍ വഴിയായിരുന്നു. അഗസ്റ്റയ്ക്ക് അനുകൂലമായി കച്ചവടമുറപ്പിക്കാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ 295 കോടി രൂപ കോഴ നല്‍കി എന്നതാണ് കുറ്റകൃത്യം.
ഇത്രയും തന്ത്രപരമായി പ്രാധാന്യമുള്ള ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ഹെലികോപ്റ്ററിന്റെ ഗുണനിലവാര മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടായി. ആദ്യം തീരുമാനിച്ച അല്ലെങ്കില്‍ ഭാരതീയ വായുസേന നിര്‍ദേശിച്ച നിബന്ധനകളില്‍ വെള്ളം ചേര്‍ത്തു. കാബിന്റെ ഉയരം, പരമാവധി പറക്കാവുന്ന ഉയരം തുടങ്ങിയ മാനദണ്ഡങ്ങളില്‍ അയവു വരുത്തി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് കരാര്‍ കിട്ടുന്ന വിധത്തില്‍ മാറ്റിമറിച്ചു.
2012 ആയപ്പോഴേക്കും മൂന്ന് AW101 ഹെലികോപ്ടറുകള്‍ ഭാരതീയ വായുസേനക്ക് കമ്പനി ഇവിടെ എത്തിച്ച് നല്‍കി. എന്നാല്‍ ഭാരതീയ വായുസേനയുമായുള്ള കരാര്‍ ഒപ്പിടാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റത്തിന് അന്നത്തെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സിഇഒ ബ്രൂണോ സ്പാഗ്‌നോലിനിയെയും ഫിന്‍മെക്കാനിക്കയുടെ മുന്‍ പ്രസിഡന്റ് ഗ്യൂസെപ്പെ ഓര്‍സിയെയും 2013 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കാര്യം അത്ര പന്തിയല്ല എന്ന് മനസ്സിലായ യുപിഎ സര്‍ക്കാര്‍ 2014 ജനുവരിയില്‍ കരാര്‍ റദ്ദാക്കി. ഈ റദ്ദാക്കിയ കരാര്‍ മൂലം ഖജനാവിന് 398.21 മില്യണ്‍ യൂറോ (ഏകദേശം 2,666 കോടി രൂപ) നഷ്ടമുണ്ടായതിന്റെ പേരില്‍ സിബിഐ കേസ് എടുത്തു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സിഇഒ ബ്രൂണോ സ്പാഗ്‌നോലിനിയെയും ഫിന്‍മെക്കാനിക്കയുടെ മുന്‍ പ്രസിഡന്റ് ഗ്യൂസെപ്പെ ഓര്‍സിയെയും രണ്ട് ഇടനിലക്കാരായ ഗ്വിഡോ ഹാഷ്‌കെ, കാര്‍ലോ വലെന്റിനോ ഫെര്‍ഡിനാന്‍ഡോ ഗോരോസ എന്നിവരെ ഇന്ത്യയുടെ ഹൈക്കോടതിക്ക് തുല്യമായ മിലാന്‍ അപ്പീല്‍ കോടതി ശിക്ഷിച്ചു.
അന്താരാഷ്ട്ര അഴിമതി, കൈക്കൂലി, ഇന്ത്യന്‍ എയര്‍ഫോഴ്‌സുമായി ഹെലികോപ്റ്റര്‍ ഇടപാട് ഉറപ്പാക്കാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു അവരുടെ മേല്‍ ചുമത്തിയത്.
ഇറ്റലിയില്‍ കൈക്കൂലി കൊടുത്തവര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കൈക്കൂലി വാങ്ങിയ അവരുടെ കൂട്ട് പ്രതികള്‍ ഇന്ത്യയില്‍ അധികാരത്തിലായിരുന്നു എന്നതാണ് സത്യം. ഈ വലിയ പ്രതിരോധ കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുന്‍ ഐഎഎഫ് മേധാവി എസ്പി ത്യാഗി എന്നിവരുടെ പങ്ക് സംശയാസ്പദമാണ്.
വിവിഐപി ഹെലികോപ്റ്ററുകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മിഷേല്‍, ഇറ്റാലിയന്‍ പൗരനായ കാര്‍ലോ വലെന്റിനോ ഫെര്‍ഡിനാന്‍ഡോ ഗോരോസ, സ്വിറ്റ്‌സര്‍ലാന്‍ഡ് പൗരനായ ഗ്വിഡോ ഹാഷ്‌കെ എന്നിവരാണ് ഈ ഇടപാടിനു പിന്നില്‍ ഗൂഢാലോചനനടത്തിയതെന്ന് സിബിഐ കുറ്റപത്രത്തിലുണ്ട്. ഇവര്‍ മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണയായതെന്നും സിബിഐ പറയുന്നു. ത്യാഗിയും അദ്ദേഹത്തിന്റെ കസിനായ ജൂലി ത്യാഗിയും ദല്‍ഹിയിലെ ഒരു വക്കീലായ ഗൗതം ഖൈതാനും ഇതേ വിഷയത്തില്‍ അറസ്റ്റിലായി. ഇന്ത്യ വാങ്ങുന്ന ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന പരിധി 6000 മീറ്ററില്‍ നിന്ന് 4500 മീറ്ററായി കുറച്ചതില്‍ ത്യാഗി പങ്കുവഹിച്ചു. ഇത് അഗസ്ത വെസ്റ്റ്‌ലാന്‍ഡിനെ രംഗത്തേക്ക് കൊണ്ടുവന്നു എന്നതാണ് കേസ്.
ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയുടെ സിഇഒ, ചെയര്‍മാന്‍, രണ്ട് ഇടനിലക്കാര്‍ എന്നിവരുള്‍പ്പെടെ നാല് പേരെ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി നല്‍കിയതിന് ഇറ്റലിയിലെ ഒരു കോടതി കുറ്റക്കാരായി വിധിച്ചെങ്കിലും ഇന്ത്യയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഈ കൈക്കൂലി അഴിമതിയിലെ വിശദ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ലായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ പൊട്ടിത്തെറി സൃഷ്ടിച്ചേക്കാവുന്ന മൊഴികളും വാദങ്ങളും വിധിയുടെ ഫുള്‍ ടെക്സ്റ്റും ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്നത്തെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരിക്കലും പരസ്യമാക്കിയില്ല. ഈ കോടതി വിധി പുറത്തേക്ക് വിടരുതെന്നും ഒരു രഹസ്യ രേഖയായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ യുപിഎ സര്‍ക്കാരും സോണിയ ഗാന്ധിയും ഇറ്റാലിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അവര്‍ 2013 ല്‍ ഈ വിഷയത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി ഒരു ധാരണയില്‍ എത്തിയിരുന്നു. അതിനാല്‍ ഈ രേഖകള്‍ ഭാരതത്തിന് ഇന്ന് വരെ അപ്രാപ്യമായിരുന്നു.
225 പേജുള്ള ഇറ്റാലിയന്‍ കോടതി വിധിയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന്റെ നായികയുടെയും പങ്ക് തുറന്നുകാട്ടുന്നുണ്ട്. കൈക്കൂലി അഴിമതിയുടെ മുഴുവന്‍ രീതിയും വഴിയും വിശദമായി പറയുന്ന വിധിന്യായത്തില്‍ പ്രതികള്‍ കൈകൊണ്ട് എഴുതിയ കുറിപ്പുകള്‍ തെളിവായി ചേര്‍ത്തിട്ടുമുണ്ട്. കുറ്റം സമ്മതിച്ച ഗ്യൂസെപ്പെ ഓര്‍സിയും മറ്റുള്ളവരും ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്നും ഇടപാടിനായി ശക്തമായി സമ്മര്‍ദം ചെലുത്തിയെന്നും സമ്മതിച്ചിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്കും ഇന്ത്യയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും എതിരായ തെളിവുകള്‍ വിധിയില്‍ ഉദ്ധരിക്കുന്നു. ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയക്കാരില്‍ ഒരാളുടെയും രാഷ്ട്രീയ കുടുംബത്തിന്റെ തലവന്റെയും പേര് 4 തവണയും, 2 തവണയും വീതം പരാമര്‍ശിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ‘എപി’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന് ഒരു പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ഏകദേശം 14 മുതല്‍ 16 ദശലക്ഷം യൂറോ വരെ നല്‍കിയതായി വിധിയില്‍ ഉദ്ധരിച്ച രേഖകള്‍ പറയുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ 70 മില്യണ്‍ യൂറോ കിക്ക്ബാക്ക് നല്‍കിയതില്‍ 2014 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇഡി കേസെടുത്തിരുന്നു. ക്രിസ്റ്റ്യന്‍ മൈക്കല്‍(മിഷേല്‍) ജെയിംസിന്റെ നേതൃത്വത്തിലും മറ്റൊന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെയും കാര്‍ലോ ജെറോസയും നേതൃത്വം നല്‍കുന്ന ശൃംഖലയും വഴി രണ്ടു ചാനലുകളില്‍ കൂടി ഈ പണം വെളുപ്പിച്ചതെന്നാണ് ആരോപണം. ട്രാന്‍സ്ഫര്‍ ചെയ്ത 30 മില്യണ്‍ യൂറോയില്‍ 12.4 ദശലക്ഷം യൂറോയും മിഷേലിന്റെ പങ്കാളിയായ രാജീവ് സക്‌സേനയുടെ മൗറീഷ്യസിലെ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ഇന്ത്യയില്‍ എത്തിച്ച് കിക്ക്-ബാക്ക് നല്‍കുകയും ചെയ്തു. കഅഎ, പ്രതിരോധ മന്ത്രാലയം, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയക്കാര്‍, ഇന്ത്യയിലെ ഒന്നാം നിര കുടുംബത്തിലെ അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് 30 ദശലക്ഷം യൂറോ നല്‍കിയിട്ടുണ്ട്, അഥവാ നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി സിബിഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ ഈ പേയ്മെന്റുകളുടെ മുഴുവന്‍ വഴിയും കഥയും ഇറ്റലിയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.
ആരാണ് ക്രിസ്റ്റ്യന്‍ മൈക്കല്‍ (മിഷേല്‍) ജെയിംസ്?
അഗസ്റ്റ വെസ്റ്റ്ലാന്‍ഡിനെ 2010 ഫെബ്രുവരിയില്‍ ഈ കരാര്‍ ഉറപ്പിക്കാന്‍ സഹായിച്ച ആയുധ വ്യാപാരിയാണ് 57 കാരനായ ഈ ബ്രിട്ടീഷ് പൗരന്‍. 2016 ജൂണില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിഷേലിനെതിരെ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം ഇന്ത്യന്‍ ബ്യൂറോക്രാറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കാന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാതാവില്‍ നിന്ന് 30 ദശലക്ഷം യൂറോ ഇയാള്‍ കൈപ്പറ്റി.2018-ല്‍, ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കല്‍(മിഷേല്‍) ജെയിംസിനെയും അദ്ദേഹത്തിന്റെ കൂട്ടാളി രാജീവ് സക്സേനയെയും ദുബായില്‍ നിന്നും തങ്ങളുടെ കസ്റ്റഡിയില്‍ നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. എന്നാല്‍ താന്‍ ഇന്ത്യയില്‍ ആര്‍ക്കാണ് ദശലക്ഷക്കണക്കിന് യൂറോ കിക്ക്-ബാക്ക് പണം നല്‍കിയത് എന്ന് വെളിപ്പെടുത്താന്‍ മിഷേല്‍ വിസമ്മതിച്ചു. ഇതോടെ ഇറ്റലിയിലെ രേഖകളിലും കോടതി വിധിയിലും മറഞ്ഞിരിക്കുന്ന ഉറച്ച തെളിവുകള്‍ ഇല്ലാതെ കേസ് മുന്നോട്ടു പോകില്ലായിരുന്നു. ഇതേ വരെ ഇറ്റലിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കേസിലെ വിധിന്യായം ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഡി ക്ലാസ്സിഫൈ ചെയ്ത് പരസ്യമാക്കി. മൂന്നാമതും അധികാരമേറ്റ ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി നടത്തിയ ആദ്യ വിദേശയാത്രയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ഈ രേഖകള്‍ അദ്ദേഹത്തിന് കൈമാറി. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഈ ഇടപാടില്‍ പണം കൈപ്പറ്റി എന്നതുള്‍പ്പെടയുള്ള നിര്‍ണ്ണായക തെളിവുകളാണ് ഇപ്പോള്‍ ഇറ്റലി ഭാരതത്തിന് കൈമാറിയിരുന്നത്.
യുപിഎ സര്‍ക്കാരിലെ മന്ത്രിമാരും ഇടനിലക്കാരും ഉദ്യോഗസ്ഥരും സൈനികരും ഉള്‍പ്പെട്ട വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസ് 2016 മുതല്‍ ഇന്ത്യയില്‍ കോടതിയില്‍ നടക്കുന്നുണ്ട്. ഇറ്റലി ഇപ്പോള്‍ സുപ്രധാന രേഖകള്‍ പങ്കിട്ടതിനാല്‍, വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയിലെ അന്വേഷണവും പ്രോസിക്യൂഷനും ഇന്ത്യയില്‍ പുരോഗമിക്കുമെന്നത് ഉറപ്പാണ്.