ഭൂമണ്ഡലത്തില്‍ ആദ്യം പൂത്തുലഞ്ഞത് അമീബയെന്ന് കേട്ടിട്ടുണ്ടാവും. ആധുനിക ശാസ്ത്രം അപ്രകാരമല്ല പറയുന്നത്. എങ്കിലും ആദിമ ജീവനെ കുറിച്ച് കേള്‍ക്കുമ്പോള്‍ മിക്കവരുടേയും മസ്തിഷ്‌ക കോശങ്ങള്‍ ജ്വലിക്കുന്നത് അമീബ എന്ന ശബ്ദം കൊണ്ടാണ്. അമീബ ഏകകോശ ജീവിയാണ്. ഒരു സാധു പരീക്ഷണ ജീവി. ഇതാണ് നാം അറിയുന്ന അമീബ.
മസ്തിഷ്‌കത്തില്‍ കൂടുകെട്ടി പാര്‍ക്കുന്ന അമീബയുടെ കഥ കേട്ടിട്ടുണ്ടോ? അവ മസ്തിഷ്‌കത്തില്‍ കൂടുകെട്ടി കഴിയുക മാത്രമല്ല മസ്തിഷ്‌ക കോശങ്ങളില്‍ ഉപജീവനം തേടുകയും കോശങ്ങളെ മാരകമായി ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു.
മലയാളിക്ക് ഇതൊരു പുത്തന്‍ ആരോഗ്യ പ്രശ്‌നമാണ്. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഒരു രോഗം. അതാണ് അമീബിക് മെനിഞ്ചൈറ്റിസ് (amoebic meningitis). ഇത് പ്രൈമറി അമീബിക് മെനിങ്കോ എന്‍സെഫലൈറ്റിസ് (primary meningoencephalitis) അഥവാ പിഎഎം (PAM) എന്നും അറിയപ്പെടുന്നു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കകം രോഗി മരിക്കുന്നു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഒരു ആണ്‍കുട്ടി അമീബിക് മെനിഞ്ചൈറ്റിസ് മൂലം മരിച്ചതിനെ തുടര്‍ന്നാണ് പലരും ഈ രോഗത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ആലപ്പുഴയില്‍ മറ്റൊരു 15 കാരന്റെ മരണത്തോടെ രോഗം ഏറെ ജനശ്രദ്ധ നേടി. മലപ്പുറം മുന്നിയൂര്‍ കളിയാട്ടുമുക്ക് സ്വദേശിയായ അഞ്ചു വയസ്സുകാരിക്കും ഈ രോഗം സ്ഥിരീകരിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചതിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടത്.
മസ്തിഷ്‌കത്തില്‍ അധിവസിച്ച് മസ്തിഷ്‌ക കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന നെഗ്ലെരിയ ഫൗലറി (Naegleria fowleri) എന്നയിനം അമീബകളാണ് രോഗാണു. ഇവയ്ക്ക് മസ്തിഷ്‌ക ഭോജി എന്നൊരു വിളിപ്പേരുമുണ്ട്. അമീബിഡെ (amoebidae) കുടുംബത്തില്‍ പ്പെടുന്നു.
നെഗ്ലെരിയ ഒരു സ്വതന്ത്ര പരാദമാണ്(free living parasite) മാല്‍കം ഫൗളര്‍ (Malcolm Fowler), റോഡ് കാര്‍ട്ടര്‍ (Rod Carter) എന്നീ പതോളജിസ്റ്റു (pathologist) കളാണ് ഈ അമീബയെ പഠിക്കുകയും ശാസ്ത്ര ലോകത്ത് അവതരിപ്പിക്കുകയും (എഡി 1965) ചെയ്തത്. ഫൗളറിന്റെ നാമത്തെ അവിസ്മരണീയമാക്കുന്നതാണ് അമീബയുടെ (N.fowleri) പേര്.
സൂക്ഷ്മ ദര്‍ശിനിയിലൂടെ മാത്രം കാണാനാവുന്ന, സ്വതന്ത്രമായി ജീവിക്കുന്ന ഏക കോശ ജീവികളാണ് അമീബ. പ്ലാസ്മ സ്തരം (plasma membrane) കൊണ്ട് പൊതിഞ്ഞിരിക്കുന്ന കോശ ശരീരത്തിനുള്ളില്‍ കോശ ദ്രവ്യവും (cytoplasm) കോശ മര്‍മ്മവും(nucleus) ഉണ്ട്.
അമീബയുടെ ശരീരത്തിന് നിശ്ചിത ആകൃതിയില്ല. ഇവയുടെ കോശാകൃതി നിരന്തരം മാറിക്കൊണ്ടിരിക്കും. ആ മാറ്റമാണ് അമീബയുടെ സഞ്ചാരം, ഇര തേടല്‍, പ്രജനനം, തുടങ്ങിയ ജീവല്‍ പ്രവര്‍ത്തനങ്ങളുടെയും അവയുടെ നിലനില്‍പിനുമാധാരം. ‘നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന’ എന്നര്‍ത്ഥം വരുന്ന AMOIBA എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് AMOEBA (അമീബ) എന്ന പേരുണ്ടായത്.
കോശ ശരീരത്തിലെ കപട പാദങ്ങളാണ് (pseudopodia) അമീബയുടെ ആകൃതി മാറ്റത്തിന് കാരണം. കപട പാദങ്ങള്‍ അകത്തേക്ക് വലിച്ചും പുറത്തേക്ക് തള്ളിയുമാണ് ആകൃതി മാറ്റം ഉണ്ടാക്കുന്നത്. ഇര തേടാനും യാത്രയ്ക്കും കപട പാദങ്ങള്‍ ഉപയോഗിക്കുന്നു. കോശദ്രവ്യം ഒരു വശത്തേക്ക് തള്ളുന്നതിന്റെ ഫലമായി കോശം ആ ദിശയിലേക്ക് മാറുന്നു. അങ്ങനെ ഉണ്ടാവുന്ന സ്ഥാനചലനം ആവര്‍ത്തിച്ച് കോശത്തെ അവിടേക്ക് നടത്തുന്നു. ഒരു ഇരയെ കണ്ടുമുട്ടിയാല്‍ അമീബ സ്വന്തം കപട പാദങ്ങളാല്‍ അതിനെ പൊതിഞ്ഞ് ശരീരത്തിനുള്ളിലാക്കുന്നു. അമീബകളില്‍ ഏറെ പ്രസിദ്ധന്‍ ലബോറട്ടറി പഠനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമീബ പ്രോട്ടിയസ് (Amoeba proteus) ആണ്. സൂക്ഷ്മ ജീവികളായ അമീബകളുടെ കൂട്ടത്തില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നവയുമുണ്ട്. അവയാണ് ജയാന്റ് അമീബ (Giant amoeba). അമീബകളില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണ് നെഗ്ലെരിയ ഫൗലറി, അക്കാന്താമീബ (Acanth amoeba), എന്റെമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histolytica) എന്നിവ. ഇവ രോഗകാരികളായ പരാദങ്ങളാണ്(parasites).
അരുവികള്‍, പുഴകള്‍, ഓടകള്‍, കുളങ്ങള്‍, തണ്ണീര്‍ തടങ്ങള്‍, ശുദ്ധജല തടാകങ്ങള്‍, കൃത്രിമ ജലാശയങ്ങള്‍ തുടങ്ങിയ ആവാസ വ്യവസ്ഥകളിലാണ് അമീബ അധിവസിക്കുന്നത്. എന്നാല്‍ നെഗ്ലെരിയ ഫൗലറി എന്നയിനം അമീബകള്‍ തികച്ചും വ്യത്യസ്തരാണ്. ഓക്‌സിജന്‍ ടെന്‍ഷന്‍ കുറഞ്ഞ ഇളം ചൂടുവെള്ളത്തില്‍ കഴിയാനാണ് അവയ്ക്കിഷ്ടം (thermophilic)..
വെള്ളത്തിന് ചൂടുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ ആവാസവ്യവസ്ഥകളില്‍ ഇവയുണ്ടാവാം. കൂടാതെ വാട്ടര്‍ ഹീറ്റിംഗ് യൂണിറ്റുകള്‍, വേണ്ടത്ര ശുചീകരണം നടത്താത്ത ഗൃഹാവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളം, നന്നായി ക്ലോറിനേറ്റ് ചെയ്യാത്ത നീന്തല്‍ കുളങ്ങളിലെ വെള്ളം, നനഞ്ഞ മണ്ണ് എന്നിവിടങ്ങളിലും ഈ ഇനം അമീബ വളരുന്നു.
നെഗ്ലെരിയ ഫൗലറി മൂലം മലിനമായ വെള്ളത്തില്‍ കുളിക്കുകയോ ജലക്രീഡകളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അണുബാധ ഉണ്ടാവാം. വെള്ളത്തില്‍ മുങ്ങി മണല്‍ കോരുക, ചെളി നീക്കം ചെയ്യുക തുടങ്ങിയ പണികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളിലും രോഗം പിടിപെടാവുന്നതാണ്.
ഒരു കാര്യം പ്രത്യേകം അറിയുക. നെഗ്‌ളെരിയ മൂലം മലിനമാക്കപ്പെട്ട ജലം കുടിച്ചാല്‍ അമീബിക് മെനിഞ്ചൈറ്റിസ് രോഗം ബാധിക്കണമെന്നില്ല. രോഗാണുക്കള്‍ മൂക്കിലൂടെ മാത്രമേ ശരീരത്തില്‍ പ്രവേശിക്കുകയുള്ളൂ. അതാണ് എന്‍ട്രി പോയിന്റ്് (entry point). അതിനാല്‍ ഈയിനം അമീബ മൂലം മലിനമായ ജലത്തില്‍ കുളിക്കുകയോ ജലകേളികളില്‍ ഏര്‍പ്പെടുകയോ ജലത്തില്‍ പണിയെടുക്കുകയോ ചെയ്യുന്നവര്‍ മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കേണ്ടതാണ്. അമീബ മൂലം മലിനമായ ജലം മാത്രമല്ല അമീബ കൊണ്ട് മലിനമായ മണ്ണും മണലും മൂക്കില്‍ കയറാതെ നോക്കണം.
നാസികയാണ് നമ്മുടെ ഘ്രാണേന്ദ്രിയം. മൂക്കില്‍ നിന്നും ഗന്ധ സംവേദനങ്ങള്‍ മസ്തിഷ്‌കത്തിലെ പ്രത്യേക ഭാഗത്തെത്തിക്കുന്ന നാഡിയാണ് ഓള്‍ഫാക്ടറി നാഡി (olfactory nerve).. നാസാദ്വാരത്തില്‍ ഓള്‍ഫാക്ടറി നാഡിയുടെ ശാഖ വഴി ഈ അമീബ നാസാദ്വാരത്തില്‍ നിന്നും മസ്തിഷ്‌കത്തെ പൊതിയുന്ന മെനിഞ്ചിസിലും (meninges) പിന്നെ മസ്തിഷ്‌ക കോശങ്ങളിലും എത്തി അവിടെ പ്രജനനം നടത്തി വളര്‍ന്നു പെരുകുന്നു.
മെനിഞ്ചിസില്‍ അമീബയുടെ ആക്രമണം മൂലം ഉണ്ടാകുന്ന വീക്കം (inflammation) മെനിഞ്ചൈറ്റിസിനും(meningitis) മസ്തിഷ്‌ക കോശങ്ങളില്‍ ഇന്‍സെഫലൈറ്റിസിനും (encephalitis) ഇടയാക്കുന്നു. അതാണ് പ്രൈമറി അമീബിക് മെനിങ്കോഎന്‍സെഫലൈറ്റിസ്.
മസ്തിഷ്‌കത്തെ പൊതിഞ്ഞു കാണുന്ന വളരെ നേര്‍ത്ത മൂന്നു പാളി സ്തരങ്ങളാണ് മെനിഞ്ചിസ്സുകള്‍. അവ ഡുറാ മാറ്റര്‍(dura mater), അരക്‌നോയ്ഡ് (arachnoid),, പിയാ മാറ്റര്‍ (pia mater) എന്നിവയാണ്. ഏറ്റവും ഉള്ളിലായി മസ്തിഷ്‌കത്തോട് ചേര്‍ന്നൊട്ടി പിയാ മാറ്റര്‍ കാണപ്പെടുന്നു. ഡുറാ മാറ്റര്‍ തലയോട്ടിയോട് (skull) ചേര്‍ന്ന് കാണപ്പെടുന്ന പാളിയാണ്. പിയാ മാറ്ററിനും ഡുറാ മാറ്ററിനും മധ്യേയാണ് അരക്‌നോയ്ഡ് പാളി കാണപ്പെടുന്നത്. പിയാ മാറ്ററിനും അരക്‌നോയ്ഡിനും ഇടയ്ക്ക് സെറിബ്രോ സ്‌പൈനല്‍ ദ്രാവകം (cerebrospinal fluid) അഥവാ സി എസ്എഫ് (CSF) നിറഞ്ഞിരിക്കുന്നു.
കുറഞ്ഞ അളവില്‍ പ്രോട്ടീന്‍ തന്മാത്രകള്‍ നിറഞ്ഞ നിറമില്ലാത്ത തെളിഞ്ഞ ഒരു ശരീര സ്രവമാണ് സെറിബ്രോസ്‌പൈനല്‍ ദ്രാവകം. മെനിഞ്ചിസുകളും സെറിബ്രോസ്‌പൈനല്‍ ദ്രാവകവും ചേര്‍ന്ന് മസ്തിഷ്‌കത്തെ സംരക്ഷിക്കുന്നു.
മസ്തിഷ്‌കത്തിന്റെ തുടര്‍ച്ചയാണ് നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്ന സുഷുമ്‌ന നാഡി (spinal cord).. സുഷുമ്‌ന നാഡിയെ പൊതിഞ്ഞ് മെനിഞ്ചിസുകളും അവയ്ക്കിടയില്‍ സെറിബ്രോസ്‌പൈനല്‍ ദ്രാവകവും ഉണ്ട്. അപ്രകാരം സുഷുമ്‌ന നാഡിയും സംരക്ഷിക്കപ്പെടുന്നു.
നെഗ്ലരിയ ഹൗലറി അമീബയ്ക്ക് സിസ്റ്റ് (cyst), അമീബോയ്ഡ് ട്രോഫോസോവൈറ്റ്(amoeboid trophozoite), ഫ്‌ലജല്ലേറ്റ് ട്രോഫോസോവൈറ്റ് (trophozoite) എന്നിങ്ങനെ മൂന്നു തരം രൂപ ഘടനയുണ്ട്. അമീബയുടെ സിസ്റ്റ് ഘട്ടത്തിന് പന്തിന്റെ ആകൃതിയാണ്. മിനുസമുള്ളതും താരതമ്യേന കട്ടിയുള്ളതുമായ തോടുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇത് ഒരിക്കലും മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്നില്ല.
അമീബോയ്ഡ് ട്രോഫോസോവൈറ്റിന് വൃത്താകാര കപട പാദങ്ങള്‍ ഉണ്ടായിരിക്കും. കപട പാദങ്ങള്‍ ഉണ്ടെങ്കിലും ഈ ഘട്ടത്തില്‍ യഥേഷ്ടം യാത്ര പ്രയാസമാണ്. ഇത് പരാദത്തിന്റെ ഇന്‍ഫെക്റ്റീവ് ഘട്ടമാണ് (infective stage) അമീബോയ്ഡ് ട്രോഫോസോവൈറ്റുകള്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ കടന്നുകൂടി രോഗബാധയുണ്ടാക്കുന്നു.
ഫ്‌ളജല്ലേറ്റ് ട്രോഫോസോവൈറ്റിന് പിയര്‍ പഴത്തിന്റെ (pear fruit) ആകൃതിയാണ്. കോശ ശരീരത്തില്‍ രണ്ട് ഫ്‌ളജല്ലകള്‍ (biflagellate) ഉണ്ടായിരിക്കും. നീളമുള്ള രോമങ്ങള്‍ പോലുള്ള അവയവമാണ് ഫ്‌ലജല്ല (flagella). ഫ്‌ളജല്ല ചലിപ്പിച്ച് അമീബയ്ക്ക് ജലത്തില്‍ യഥേഷ്ടം സഞ്ചരിക്കാനാവുന്നു.
അമീബോയ്ഡ് ട്രോഫോസോവൈറ്റ് ഘട്ടത്തില്‍ അവ നന്നായി ഇര തേടി വളരുകയും ദ്വിഖണ്ഡനത്തിലൂടെ (binary fission) ) പ്രജനനം നടത്തി സംഖ്യാബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ പിറക്കുന്ന മുഴുവന്‍ അമീബോയ്ഡ് ടോഫോസോവൈറ്റുകള്‍ക്കും സ്വന്തം ആവാസവ്യവസ്ഥയില്‍ മുഴുവന്‍ പടര്‍ന്നു പന്തലിക്കാനാവില്ല.
അതിനാല്‍ അവയ്ക്ക് ഒരു സൂത്രമുണ്ട്. അവ വളരെ പെട്ടെന്ന് വര്‍ദ്ധിച്ച സഞ്ചാര സ്വാതന്ത്ര്യമുള്ള ഫ്‌ളജല്ലേറ്റ് ട്രോഫോസൊവൈറ്റുകളായി മാറുന്നു. സ്വന്തം ഫളജല്ല ചലിപ്പിച്ച് നീന്തിത്തുടിച്ച് അവിടെങ്ങും നിറയുന്നു. അതിനിടയില്‍ ഒരു മനുഷ്യ ശരീരത്തില്‍ കയറാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അവ അമീബോയ്ഡ് ട്രോഫോസോവൈറ്റ് ഘടനയിലേക്ക് മാറുകയും ശരീരത്തിനുള്ളില്‍ കടന്നുകൂടുകയും ചെയ്യുന്നു. ഇപ്രകാരം വളരെ പെട്ടെന്ന് പരസ്പരം രൂപഘടന മാറുന്നതിനാല്‍ അവയെ അമീബോഫ്‌ളജല്ലേറ്റ്(amoeboflagellate) എന്നു വിളിക്കുന്നു.
ട്രോഫോസോവൈറ്റുകള്‍ക്ക് 45 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിന് മുകളില്‍ പിടിച്ചുനില്‍ക്കാനാവില്ല. അതുപോലെ അധിക തണുപ്പും താങ്ങുക പ്രയാസമാണ്. ജലത്തില്‍ കലര്‍ന്നിട്ടുള്ള ക്ലോറിന്റെ അളവ് 2 പി.പി.എം.ല്‍ (2 part per million)അധികമായാലും നിലനില്‍പ്പ് അസാധ്യമാണ്. ഉപ്പിന്റെ സാന്നിധ്യം 0.7 ശതമാനമോ അതില്‍ കൂടുതലോ ആയാലും വലിയ കഷ്ടമാണ്. കടല്‍ ജലത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഉപ്പിന്റെ അളവ് 2.5% ആണ്. അതിനാല്‍ ഇവ കടല്‍ ജലത്തില്‍ കാണപ്പെടുന്നില്ല.
ഭക്ഷണ ദൗര്‍ലഭ്യത, നിര്‍ജ്ജലീകരണം തുടങ്ങി അനവധി ഘടകങ്ങളും ഇവയുടെ നിലനില്‍പ്പിന് പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇവയ്ക്ക് നന്നായി അറിയാം. പ്രതികൂല സാഹചര്യങ്ങളില്‍ അവ സ്വന്തം രൂപഘടന മാറി സിസ്റ്റ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ചുറ്റുപാട് അനുകൂലമാകുന്നതോടെ തോടു (cyst) പൊളിച്ച് ട്രോഫോസോവൈറ്റുകള്‍(trophozoites) പുറത്തുവരുന്നു.
ഒരാളുടെ മസ്തിഷ്‌കത്തില്‍ കയറുന്ന രോഗാണു (amoeboid trophozoite) അവിടെ പെറ്റുപെരുകുന്നു. അതാണ് ഇന്‍കുബേഷന്‍ പീര്യേഡ് (incubation period). ഇതിലേക്ക് 2-14 ദിവസങ്ങള്‍ വേണ്ടി വരുന്നു. ഇതേതുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയായി. അനോസ്മിയ, പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നീ രോഗ ലക്ഷണളോടെയാവും രോഗത്തിന് തുടക്കം. തുടര്‍ന്ന് കഴുത്തു തിരിക്കാന്‍ ആവാത്ത അവസ്ഥ, അറ്റാക്‌സിയ, ബോധക്ഷയം എന്നീ ലക്ഷണങ്ങളോടെ രോഗം തീവ്രമാകുന്നു.
ഗന്ധം അറിയാനുള്ള ശേഷി (ഘ്രാണ ശേഷി) ഇല്ലായ്മയാണ് അനോസ്മിയ (anosmia). സ്‌മെല്‍ ബ്ലൈന്റ്‌നസ് (smell blindness) എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. ചില പ്രത്യേക ഗന്ധമോ ഒന്നിലേറെ ഗന്ധമോ അറിയാനാവാത്ത അവസ്ഥയാണിത്. മസ്തിഷ്‌കാഘാതം, നാസാദ്വാരത്തിലെ ശ്ലേഷ്മസ്തരത്തിലെ വീക്കം, മൂക്കടപ്പ്, കോവിഡ് -19, ക്യാന്‍സര്‍ ചികിത്സ തുടങ്ങി പല കാരണങ്ങളാലും അനോസ്മിയ വരാം.
അതിശക്തമായ പനിയും തലവേദനയും ആണ് രോഗി അനുഭവിക്കുന്നത്. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഡീജനറേറ്റീവ് (degenerative) തകരാറാണ് അറ്റാക്‌സിയ (ataxia). (cerebellum) സെറിബലത്തിനുണ്ടാവുന്ന നാശം ഇതിന് കാരണമാകുന്നു.
അമീബിക് മെനിഞ്ചൈറ്റിസ് രോഗികള്‍ വെളിച്ചത്തോട് വര്‍ദ്ധിച്ച പ്രതികരണമാണ് പ്രകടിപ്പിക്കുന്നത്. രോഗി മദ്യ ലഹരിയില്‍ കഴിയുന്ന ഒരാളെ ഓര്‍മിപ്പിക്കുന്നു. നടക്കാന്‍ ഏറെ പ്രയാസമാവും. നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്നു. സംഭാഷണത്തില്‍ ഇഴച്ചില്‍ അനുഭവപ്പെടും. വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ ക്ലേശിക്കുന്നത് കാണാം. ഇല്ലാത്ത കാഴ്ചകള്‍ക്കും തോന്നലുകള്‍ക്കും (hallucinations) രോഗി വശംവദനനാവുന്നു. മൂന്നാമത്തെയും ആറാമത്തെയും ശിരോനാഡികളുടെ ((cranial nerves) തകരാറ് പ്രത്യേകം ശ്രദ്ധേയമാണ്.
രോഗലക്ഷണങ്ങള്‍ ഇവ്വിധം തീവ്രമാവുന്നതോടെ വൈകാതെ മരണമെത്തുന്നു. അതിനാല്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടപാടെ വൈദ്യ സംരക്ഷണം നല്‍കേണ്ടതാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത നിങ്ങളുടെ കുട്ടി കുളത്തിലോ പുഴയിലോ കുളിച്ച് രണ്ടാഴ്ചയ്ക്കകം അനോസ്മിയയും ഒപ്പം പനിയും പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടനെ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. അത്തരമൊരു പശ്ചാത്തലം ഒന്നുമില്ലാതെ തന്നെ ഈ വിധം ഒരു പനി വന്നാല്‍ കൂടി വിദഗ്ദ്ധ വൈദ്യ സേവനം ഉറപ്പു വരുത്തേണ്ടതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സ്വയം ചികിത്സയും, ഒറ്റമൂലി പ്രയോഗവും നടത്താതിരിക്കുക. വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന നാം അക്കാര്യത്തില്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകം എടുത്ത് പരിശോധിച്ച് രോഗനിര്‍ണയം നടത്താവുന്നതാണ്. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ – പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ (Reverse Transcription – Polymerase Chain Reaction) അഥവാ ആര്‍ടിപിസി ആര്‍ (RTPCR) ടെസ്റ്റിലൂടെയും രോഗനിര്‍ണയം ഉറപ്പുവരുത്താം.
ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ല. അതിനാല്‍ രോഗത്തെ ക്ഷണിച്ചു വരുത്താതിരിക്കുക. രോഗത്തിന്റെ തുടക്കത്തില്‍ ആംഫോട്ടറിസിന്‍ – ബി (amphotericin – B) തുടങ്ങിയ ചില ഔഷധങ്ങള്‍ നല്‍കി വരുന്നുണ്ട്. വളരെ ചുരുക്കം രോഗികളെ രക്ഷപ്പെടുത്താനുമാവുന്നു.
മലയാളിയുടെ ആരോഗ്യവും രോഗ പ്രതിരോധശേഷിയും അനുദിനം മോശമാവുകയാണ്. അതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് പെരുകുന്ന രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും. നമ്മുടെ മോശപ്പെട്ട ഭക്ഷണശീലം, വ്യായാമ രഹിത ജീവിതം, മറ്റ് ശീലക്കേടുകള്‍, ആധുനിക ലോകം വച്ചു നീട്ടുന്ന ഭ്രമാത്മക വെളിപാടുകള്‍ തുടങ്ങി അനവധി ഘടകങ്ങള്‍ നമ്മുടെ രോഗപ്രതിരോധശേഷി തകര്‍ക്കുന്നവയാണ്.
രോഗ പ്രതിരോധ ശേഷി സ്വാഭാവികമായും ലഭിക്കുന്നതാണ്. പ്രത്യേകം ഭക്ഷ്യ വസ്തുക്കള്‍ക്കോ പോഷക ഘടകങ്ങള്‍ക്കോ ഔഷധക്കൂട്ടുകള്‍ക്കോ ചികിത്സാ വിധികള്‍ക്കോ സ്ഥായിയായി പ്രതിരോധം മെച്ചപ്പെടുത്താന്‍ കാര്യമായൊന്നും ചെയ്യാനില്ല.
ആരോഗ്യ കേരളം എന്ന പേരില്‍ അഭിമാനിക്കുന്നവരാണ് നാം. എന്നാല്‍ അതിമാരകമായ പല രോഗങ്ങളും നമ്മെ വിടാതെ പിന്‍തുടരുകയാണ്. നമുക്ക് എവിടെയോ പിഴച്ചിരിക്കുന്നു. എവിടെയാണ് കാലിടറിയത് എന്ന് ചിന്തിക്കാന്‍ ഒരു നിമിഷ നേരമെങ്കിലും ചെലവിടണം.