കേരള കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണ്ണറെ മാറ്റി ആ കസേരയില്‍ നര്‍ത്തകി മല്ലിക സാരാഭായിയെ നിയമിച്ചത് ഇടതുസര്‍ക്കാറിന്റെ വമ്പന്‍ വിപ്ലവമായിരുന്നു. വെറുതെ ഒപ്പിടുന്ന ചാന്‍സലര്‍ വേണ്ട, ഒരു പൈസ ചെലവില്ലാതെ പുതിയ ചാന്‍സലറെ നിശ്ചയിക്കുകയാണ് ചെയ്തത് എന്ന് ഇടത് സര്‍ക്കാര്‍ വിളംബരം ചെയ്യുകയും ചെയ്തു. ഇതോടെ കലാമണ്ഡലത്തില്‍ വന്‍ മാറ്റം വരും എന്നും കേരളം കലാ കേദാരമാകുമെന്നും നാട്ടുകാര്‍ സ്വപ്നം കണ്ടു. മല്ലിക ചാന്‍സലറായി കൊല്ലം രണ്ടോടടുക്കുമ്പോഴും ഒന്നും സംഭവിച്ചില്ല. സംഭവിച്ചില്ല എന്നു തീര്‍ത്തു പറയരുത്. വഴിതെറ്റിയെങ്ങാനും കലാമണ്ഡലത്തിന്റെ പടിക്കല്‍ കയറിപ്പോയതല്ലാതെ നര്‍ത്തകി ആ വഴി വന്നിട്ടില്ല എന്നാണ് ജനം പറയുന്നത്. എന്നാല്‍ അധികാരത്തിലിരുന്ന് അധികം കഴിയും മുമ്പ് അവര്‍ കേരള സര്‍ക്കാരിന് കത്തെഴുതി, എനിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപ തരണം. പിന്നെ ചെലവുകാശായി 25000 രൂപ പോക്കറ്റ് മണിയും വേണം. സര്‍ക്കാര്‍ അവര്‍ക്ക് ആവശ്യം പരിഗണിച്ച് രണ്ടു ലക്ഷവും 25000 ഉം ആയി പ്രതിഫലം തീരുമാനിച്ചു നല്‍കാനും തുടങ്ങി. ഇതോടെ ഇതിനെ എതിര്‍ത്ത റജിസ്ട്രാര്‍ എന്‍.ആര്. ഗ്രാമപ്രകാശ് പുറത്തായി. ജീവനക്കാര്‍ക്ക് നേരാംവണ്ണം ശമ്പളം കൊടുക്കാന്‍ കഴിവില്ലാത്ത കലാമണ്ഡലത്തിന്റെ കാര്യം ഇതോടെ അധോഗതിയാകുമെന്നു പറഞ്ഞ അദ്ദേഹം കലാമണ്ഡലം ഗോപിയാശാനെ വൈസ് ചാന്‍സലറാക്കിയാല്‍ പോരായിരുന്നോ എന്നു ചോദിക്കുകയുമുണ്ടായി. മല്ലികയെ ചാന്സലറാക്കിയതുകൊണ്ട് എന്തു ഗുണം എന്നും ചോദിച്ചു.
വിജയന് സഖാവിനെതിരെ ഇതിന്റെ പേരില്‍ ആരോപണമുന്നയിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. മല്ലിക സാരാഭായിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. അവര്‍ ശമ്പളം ചോദിച്ചിട്ടുമില്ല. കൊടുക്കുന്നത് കേവലം മാസപ്പടി മാത്രം. മുഖ്യമന്ത്രിയുടെ മകളാണെന്നതിനാല്‍ വീണയ്ക്ക് മാസപ്പടി വാങ്ങാമെങ്കില്‍ ചാന്‍സലര്‍ കസേരയില്‍ ഇരിക്കുന്ന മല്ലികയ്ക്ക് എന്തു കൊണ്ടു മാസപ്പടി വാങ്ങിക്കൂടാ? അവര്‍ക്ക് മാസപ്പടി കൊടുക്കാന്‍ പാടില്ല എന്നു പറയുന്നത് അനീതിയല്ലേ? അതിനു കൂട്ടുനില്ക്കാന് ഇടതുസര്‍ക്കാരിനെ കിട്ടില്ല.