വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഉപജ്ഞാതാവായി നമ്മള്‍ പഠിച്ചിരിക്കുന്നത് മഹാത്മാഗാന്ധിയെയാണ്. എന്നാല്‍ വിദേശ വസ്ത്ര ബഹിഷ്‌ക്കരണം, കോണ്‍ഗ്രസിന്റെ സമരമാര്‍ഗ്ഗമായി മഹാത്മജി സ്വീകരിക്കുന്നതിന് 16 വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിനായക ദാമോദര സാവര്‍ക്കറാണ് ഈ സമര മാര്‍ഗ്ഗം ആദ്യമായി ഭാരതത്തില്‍ പരീക്ഷിക്കുന്നത്. 1905 ലെ ബംഗാള്‍ വിഭജനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദേശ വസ്ത്രങ്ങള്‍ ആദ്യമായി കത്തിക്കപ്പെടുന്നത്.
1905നും 1910 നുമിടയിലുള്ള വര്‍ഷങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പരിണാമത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെ ഒരു ദേശീയ രാഷ്ട്രീയ ബോധം വളര്‍ന്നുവന്ന കാലഘട്ടമായിരുന്നു അത്.
ഇപ്രകാരം, ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിന് ആക്കം കൂട്ടിയ സംഭവമായിരുന്നു, 1905 ലെ ബംഗാള്‍ വിഭജനം. അന്നത്തെ വൈസ്രോയിയായിരുന്ന, ലോര്‍ഡ് കഴ്‌സണ്‍ (Lord Curzon) ആണ്, ഭരണ സൗകര്യത്തിനെന്നപേരില്‍, ബംഗാളിനെ വിഭജിക്കുക, എന്ന ആശയം ആദ്യമായി മുന്‍പോട്ടു വയ്ക്കുന്നത് (1903ല്‍). 1905 ഒക്‌ടോബര്‍ 16 നാണ് ബംഗാള്‍ വിഭജനം നടപ്പിലാക്കിയത്. ബംഗാളിനെ മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാളായും (East Bengal) ഹിന്ദു ഭൂരിപക്ഷ പടിഞ്ഞാറന്‍ ബംഗാളായും (West Bengal) വിഭജിച്ചു. ഇത് ബംഗാളിലുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്കു വഴി വച്ചു.
ബംഗാളിലെ പ്രക്ഷോഭങ്ങളോട് എപ്രകാരം പ്രതികരിക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിലെ മിതവാദികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. വിഭജനത്തിനെതിരെ ഭാരതത്തിലൊട്ടുക്കും, പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തിയ, കോണ്‍ഗ്രസ്സിലെ ഒരേയൊരു ബദല്‍ ലോകമാന്യതിലകന്‍ മാത്രമായിരുന്നു. ബംഗാളിലെയും മഹാരാഷ്ട്രയിലെയും വിപ്ലവകാരികളും അവരുടെ സംഘടനകളും, തിലകനെ ഇതില്‍ സഹായിച്ചു.
അരവിന്ദഘോഷും, ബിപിന്‍ ചന്ദ്രപാലും, വിനായക സാവര്‍ക്കറും ഉള്‍പ്പെടെ ധാരാളം യുവ വിപ്ലവകാരികള്‍, വിഭജനത്തെ അപലപിച്ച് വലിയ ബഹിഷ്‌ക്കരണങ്ങളും, അക്രമാസക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലുടനീളം സാവര്‍ക്കര്‍, ആവേശകരമായ നിരവധി പ്രസംഗങ്ങള്‍ നടത്തി.
1905 ഒക്‌ടോബര്‍ ഒന്നാം തീയതി പൂനയിലെ സാര്‍വജനിക് സഭാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ്, വിദേശ വസ്ത്രങ്ങള്‍ കത്തിക്കുക എന്ന ആശയം സാവര്‍ക്കര്‍ അവതരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തനായ സാഹിത്യകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍. സി. കേല്‍ക്കര്‍ (N.C Kelkar) ആയിരുന്നു ആ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍. വിദേശ വസ്ത്രങ്ങള്‍ കത്തിക്കുക എന്ന ആശയത്തോട് കേല്‍ക്കറിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അവയെല്ലാം ശേഖരിച്ച്, ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നതാണ് വിവേക പൂര്‍ണ്ണമായ തീരുമാനം എന്ന് അദ്ദേഹം കരുതി. ഇതിനോട് സാവര്‍ക്കര്‍ യോജിച്ചില്ല. സാവര്‍ക്കറെ സംബന്ധിച്ച്, കത്തിക്കുന്നത് വിദേശ വസ്ത്രങ്ങള്‍ മാത്രമല്ല, വിദേശികളോടുള്ള വഞ്ചനാപരമായ അടുപ്പവും, അവര്‍ നമ്മുടെ രാഷ്ട്രത്തോടുചെയ്ത വഞ്ചനയുമാണ്.
സാവര്‍ക്കറുടെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, പൂനയിലെ നിരവധി ഗ്രൂപ്പുകള്‍, സ്വദേശി സങ്കല്‍പ്പത്തെ പിന്‍തുണച്ച്, ക്ഷേത്രങ്ങളിലും, മറ്റിടങ്ങളിലും, യോഗങ്ങള്‍ സംഘടിപ്പിച്ചു. പലയിടത്തും, സ്ത്രീകള്‍ യോഗം ചേര്‍ന്ന് വിദേശ നിര്‍മ്മിത വീട്ടുപകരണങ്ങള്‍ ബഹിഷ്‌ക്കരിക്കുവാന്‍ തീരുമാനിച്ചു. അഭിനവ് ഭാരതിന്റെ (സാവര്‍ക്കര്‍ ആരംഭിച്ച വിപ്ലവ സംഘടന) അണികളെ മുഴുവന്‍ അണിനിരത്തി, സാവര്‍ക്കര്‍, വലിയതോതില്‍ വിദേശ വസ്ത്രങ്ങള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചു. ധാരാളം വിദ്യാര്‍ത്ഥികളും, സന്നദ്ധ പ്രവര്‍ത്തകരും സാവര്‍ക്കറെ ഇതില്‍ സഹായിച്ചു.
ആ വര്‍ഷത്തെ ദസറ ഉല്‍സവകാലമായപ്പോഴേക്കും, വന്‍തോതില്‍, വിദേശ വസ്ത്രങ്ങള്‍ ശേഖരിക്കപ്പെട്ടു. അവ ഘോഷയാത്രയായി, കാളവണ്ടിയില്‍ ഫെര്‍ഗൂസണ്‍ കോളേജി (Fergusson College) നടുത്തുള്ള ലക്കടി പുല്‍ (Laksi Pul) എന്ന സ്ഥലത്തേക്കു കൊണ്ടുവന്നു. ധാരാളം പ്രമുഖര്‍ ഘോഷയാത്രയുടെ ഭാഗമായി. പൂനയ്ക്കടുത്തുള്ള ചിത്രശാല എന്ന സ്ഥലത്തുവച്ച് തിലകനും ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ലക്കടിപുല്‍ ല്‍ നടന്ന സമ്മേളനത്തില്‍, തിലകനും സാവര്‍ക്കറുമടക്കം നിരവധി പ്രമുഖര്‍ പ്രസംഗിച്ചു. രാത്രി ഒന്‍പത് മണിയോടെ, യോഗം അവസാനിച്ചപ്പോള്‍ കൊണ്ടുവന്ന വിദേശ വസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു. തിലകന്റെ നിര്‍ദ്ദേശപ്രകാരം സാവര്‍ക്കറും, സുഹൃത്തുക്കളും, വസ്ത്രങ്ങളെല്ലാം കത്തിതീരുന്നവരെ അവിടെ കാവല്‍ നിന്നു. അന്നേദിവസം, സമാന പരിപാടികള്‍, വിനായക സാവര്‍ക്കറുടെ ജേഷ്ഠന്‍, ഗണേശ് സാവര്‍ക്കര്‍ നാസിക്കിലും സംഘടിപ്പിച്ചിരുന്നു.
1905 ഒക്‌ടേബര്‍ 10 ന് പുറത്തിറങ്ങിയ ‘ബോംബെ സമാചാറി’ല്‍ പൂനയില്‍ നടന്ന വിദേശവസ്ത്ര ബഹിഷ്‌ക്കരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഡോ. വിക്രം സമ്പത്തിന്റെ സാവര്‍ക്കര്‍ ജീവചരിത്രത്തില്‍ (Savarka: Echoes from a forgotten past) ഇതു കൊടുത്തിട്ടുണ്ട്. ബോംബെ സമാചാറില്‍ വന്ന വാര്‍ത്തയുടെ പരിഭാഷ ഇപ്രകാരമാണ്.
‘ഫെര്‍ഗൂസണ്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ശ്രീ സാവര്‍ക്കറാണ് ഈ പ്രക്ഷോഭത്തില്‍ മുഖ്യ പങ്കുവഹിച്ചത്. പൂനയില്‍ നടന്ന മുന്‍ യോഗങ്ങളില്‍, വിദേശ വസ്ത്രങ്ങള്‍ നിരോധിക്കുക എന്ന ആശയം മുന്നോട്ടു വച്ചത് അദ്ദേഹമാണ്. തങ്ങളുടെ കൈയിലുള്ള എല്ലാ വിദേശ നിര്‍മ്മിത വസ്തുക്കളും വലിച്ചെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു’.
വിദേശ വസ്ത്ര ബഹിഷ്‌ക്കരണം സംഘടിപ്പിച്ചതിന്, സാവര്‍ക്കറെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും പുറത്താക്കി. പത്തു രൂപ പിഴയും ഈടാക്കി.
വിദേശ വസ്ത്ര ബഹിഷ്‌ക്കരണം എന്ന സമര മാര്‍ഗം ആദ്യമായി ഭാരതത്തില്‍ നടപ്പാക്കിയത്, വിനായക ദാമോദര സാവര്‍ക്കറാണ്. അതിന്റെ പേരില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വിദ്യാര്‍ഥിയും സാവര്‍ക്കറാണ്. പൂനയിലെ ഈ സംഭവത്തിന് 16 കൊല്ലങ്ങള്‍ക്കു ശേഷമാണ്, 1921 ജൂലായ് 31 ന്, ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിദേശവസ്ത്രങ്ങള്‍ കത്തിക്കുന്നത് (ബോബെയില്‍ വച്ച്).
പൂനയിലെ വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിനു നേതൃത്വം നല്‍കുമ്പോള്‍, സാവര്‍ക്കറിന് കേവലം ഇരുപത്തിരണ്ടു വയസ്സായിരുന്നു പ്രായം.