എത്ര തൂവിയിട്ടും വറ്റാത്ത ജലാശയമാണ്
കണ്ണുനീരെന്ന് അമ്മ പറയാറുണ്ടായിരുന്നു.
നനഞ്ഞ തോര്‍ത്ത് കൊണ്ട് മുഖമൊന്നമര്‍ത്തി
തുടച്ച് ഇല്ലാത്ത ചിരിയൊന്ന് വരുത്തി
തെളിയാതെ കത്തുന്ന വിളക്കിന് മുന്നില്‍
അമര്‍ന്നിരിക്കാറുണ്ടായിരുന്നു അമ്മ.
വീട് മലര്‍ക്കെ തുറന്നൊരു പുസ്തകം പോലെ
അമ്മയ്ക്ക് ചുറ്റും ചിതറിക്കിടക്കും.
ആരും വരാനില്ലെങ്കിലും ആരൊക്കയോ
വരാനുള്ളത് പോലെ അമ്മയും വീടും പ്രതീക്ഷിക്കും.
എല്ലാ വൈകുന്നേരങ്ങളിലും ആരും വന്നില്ലല്ലോയെന്ന്
പരസ്പരം പരിഭവം പറയും.
ആരെങ്കിലും എത്താതിരിക്കില്ലെന്ന്
ചിരി വരുത്തി ഇരുവരും ആശ്വസിപ്പിച്ചു.
വെളിച്ചമില്ലാത്ത സര്‍പ്പക്കാവില്‍
പുളിമരച്ചുവട്ടില്‍, ശൂന്യമായ കാലിത്തൊഴുത്തില്‍
വരണ്ട കുളപ്പടവില്‍, തരിശായ നിലങ്ങളില്‍
പുല്ല് മുളച്ച് തുടങ്ങിയ അസ്ഥിത്തറകളില്‍
വീട് മാത്രം അമ്മയ്ക്ക് കൂട്ടുചെന്നു.
പ്രാര്‍ത്ഥനകളില്‍ അമ്മ വീടിനോടൊപ്പം
ലോകത്തേയും ഓര്‍ത്തു.
അമ്മ പഴയകാലങ്ങളിലേക്ക് വീടിനേയും കൂട്ടിപ്പോയി
നിറഞ്ഞ കാലിത്തൊഴുത്തില്‍
ജലസമൃദ്ധമായ കുളപ്പടവില്‍
എള്ളും നെല്ലും നിറഞ്ഞ നിലങ്ങളില്‍
നിറതിരി കത്തുന്ന അസ്ഥിത്തറകളില്‍
വീടിനെ കൊണ്ടിരുത്തി.
വീട് കരയാന്‍ തുടങ്ങിയപ്പോള്‍
അമ്മ പറഞ്ഞു ‘എത്ര തൂവിയാലും
വറ്റാത്ത ജലാശയമാണ് കണ്ണീരെന്ന്’
വീടാകട്ടെ തന്റെ മുറികളെല്ലാം ചേര്‍ത്ത്
ഒറ്റമുറിയാക്കി അമ്മയെ ചേര്‍ത്തുപിടിച്ചു.
അമ്മ, എള്ളും നെല്ലും നിറഞ്ഞ പാടങ്ങള്‍
സ്വപ്‌നം കണ്ട്, നിറതിരികത്തുന്ന
അസ്ഥിത്തറയിലേക്ക്, പതുക്കെ നടന്നു പോകുകയായിരുന്നു.