ഋഷികേശ്: രാഷ്ട്രഹിതം മുന്‍നിര്‍ത്തിയുള്ള സേവനത്തിലൂടെ ഭാരതം മുന്നേറുമെന്നും സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകനേതൃത്വത്തിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ആര്‍എസ്എസ് പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതം വളരുന്നത് കാണാന്‍ ആഗ്രഹിക്കാത്തവര്‍ രാജ്യത്തെയും സമൂഹത്തെയും വിഭജിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഷികേശ് എയിംസില്‍ രോഗികള്‍ക്കും പരിചാരകര്‍ക്കുമായി ഭാവുറാവു ദേവറസ് സേവാ ട്രസ്റ്റ് നാലു നിലയില്‍ പണിത മാധവ് സേവാവിശ്രം സദന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ജീവിക്കുന്ന എല്ലാ ആളുകളും ഒരു ആത്മാവും ഒരു ശരീരവുമാണ്. ഉള്ളിന്റെയുള്ളില്‍ നമ്മളെല്ലാം ഒന്നാണ്. ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുന്ന മനോഭാവം നമ്മളില്‍ ജന്മസിദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങളും പല തരത്തിലുള്ള മത്സരങ്ങളുമുണ്ടാകാമെങ്കിലും രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടാകുമ്പോള്‍ നമ്മളൊന്നാണ്. ഈ മനോഭാവം ഓരോ ഭാരതീയന്റെയും ഹൃദയത്തിലുള്ളതാണ്.
ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഹിന്ദുത്വമുണ്ട്, അത് തിരിച്ചറിയണം. സംസ്കാരത്തിന്റെയോ ആചാരങ്ങളുടെയോ വേഷവിധാനങ്ങളുടെയോ മറ്റേതെങ്കിലും രൂപത്തിലോ ഒക്കെയാണ് പ്രതിഫലിക്കുന്നത്. ആകാം. ഈ വികാരത്തിന്റെ അടിസ്ഥാനത്തില്‍ നാം ഒന്നിച്ചാല്‍ രാഷ്ട്ര പുരോഗതിയെ ആര്‍ക്കും തടയാനാവില്ല. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ കരുത്തും അന്തസും ഏറെ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങേയറ്റം ഗൗരവത്തോടെയാണ് ലോകം കേള്‍ക്കുന്നത്. രാഷ്ട്രത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന് നമുക്ക് കഴിയുന്നത് ഈ കരുത്ത് കൊണ്ടാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
സമൂഹത്തിനുള്ളിലെ സമാനതകളെ തിരിച്ചറിയണം. അതിന്റെ ആധാരത്തില്‍ ഒത്തുചേരണം. സേവനം എന്നത് എല്ലാവരിലുമുള്ള ഭാവമാണ്. മനുഷ്യനുള്ളില്‍ ക്രമേണ പ്രത്യക്ഷമാകുന്ന ഈശ്വരീയതയുടെ പ്രായോഗിക സാക്ഷാത്കാരമാണ് സേവനം, അദ്ദേഹം പറഞ്ഞു. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും നേര് മാതൃകയാണ് മാധവ് സേവാ വിശ്രം സദനെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, സ്വാമി ചിദാനന്ദ്, ഭാവുറാവു ദേവറസ് ട്രസ്റ്റ് ചെയര്മാന് ഓംപ്രകാശ് ഗോയല്‍ മാധവ്, സംന്യാസി ശ്രേഷ്ഠരായ വിജയ് കൗശല്‍ മഹാരാജ്, മഹേന്ദ്ര രൂപേന്ദ്ര പ്രകാശ് മഹാരാജ്, സ്വാമി രവിദേവ് ശാസ്ത്രി, മഹന്ത് ദുര്‍ഗാദാസ്, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.