ജൂണ്‍ അഞ്ച്. വേദവ്യാസ സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം കഴിഞ്ഞു വരികയായിരുന്നു. വായനശാലയ്ക്ക് സമീപം ഇറങ്ങിയപ്പോള്‍ അവിടെ രണ്ടു സുഹൃത്തുക്കള്‍. ശ്രീധരന്‍മാഷും ചന്ദ്രനുണ്ണിയും ‘ഇന്ന് ജുബ്ബയിലാണല്ലോ?.. എന്നൊരാള്‍’.
‘ആങ്.. ഇന്ന് പരിസ്ഥിതി ദിനം’ എന്നു മറ്റെയാള്‍.
‘ശോഭീന്ദ്രന്‍ മാഷിനെ ഓര്‍ക്കുന്നു… ഇന്ന് എത്ര വൃക്ഷത്തൈ നട്ടു? എല്ലാ വര്‍ഷവും ഇങ്ങനെ ഇത്രയധികം വൃക്ഷത്തൈകള്‍ നട്ടാല്‍ കേരളം ഇപ്പോള്‍ ആമസോണ്‍ കാടായി മാറിയേനെ’.
‘ഹ ഹ ഹ’ എല്ലാവരും ചിരിച്ചു.
ശ്രീധരന്‍മാഷുടെ തമാശയ്ക്ക് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു.
‘ഇന്ന് മരം നട്ടില്ല. പത്ത് ആള്‍ ചേര്‍ന്ന് ദശ പുഷ്പം നട്ടു. മരം വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെ. നടുന്നതില്‍ ഒരു രണ്ടു ശതമാനം തൈകള്‍ വളര്‍ന്നാല്‍ അതായില്ലേ? മാത്രമല്ല കുട്ടികള്‍ക്ക് അത് നല്ല ഒരു സന്ദേശവും നല്‍കില്ലേ?’
ചന്ദ്രനുണ്ണി പറഞ്ഞു ‘ശരിയാണ്. കുട്ടികള്‍ക്ക് പ്രകൃതിയുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന ആപത്തുക്കളെപ്പറ്റിയും പറഞ്ഞു കൊടുക്കണം. ഓരോ മഴക്കാലത്തും എത്ര കുട്ടികളാണ് മുങ്ങി മരിക്കുന്നത്. നമ്മുടെ ചിറയിലും എല്ലാ വര്‍ഷവും ഒരു മരണം ഉറപ്പാ.’
ഞാന്‍ പറഞ്ഞു ‘തീര്‍ച്ചയായും. പരിചിതമല്ലാത്ത ജലാശയത്തില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് പഠിക്കണം. വീട്ടില്‍ നിന്നും പറഞ്ഞുകൊടുക്കയും വേണം. മൃഗങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ഒക്കെ രക്ഷ നേടുന്നതിനുള്ള പാഠങ്ങളും പഠിപ്പിക്കണം. അതിനു പകരം മറ്റെന്തൊക്കെയോ ആണ് പഠിപ്പിക്കുന്നത്.’
‘നമ്മള്‍ പഠിക്കുമ്പോഴൊന്നും ഈ പരിസ്ഥിതി ദിനാചരണം ഇല്ല. എല്ലാം പാശ്ചാത്യ കണ്ടുപിടുത്തം. നമ്മള്‍ ഭാരതീയര്‍ പ്രകൃതിയോട് എത്രയും ഒട്ടി നില്‍ക്കുന്നവരാണ്. നമുക്ക് ഇതൊക്കെ വേണോ?’
‘നല്ല ചോദ്യം. പാശ്ചാത്യര്‍ക്ക് പ്രകൃതി സംരക്ഷണ ബോധം വളരെ വൈകിയാണ് വന്നത്. 1956 ല്‍ അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞന്‍ മാരിയന്‍ കിംഗ് ഹുബ്ബര്‍ട്ട് എന്നയാള്‍ അമിത ഖനനം, ഉപഭോഗം എന്നിവ മൂലം ഭൂമിയിലെ വിഭവങ്ങള്‍ അവസാനിക്കും എന്ന് പറഞ്ഞു. വലിയ എതിര്‍പ്പാണ് അന്ന് അതിനുണ്ടായത്. അന്നത്തെ മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും അയാളെ ഭ്രാന്തന്‍ എന്ന് വിളിച്ചു മുദ്രകുത്തി. ഭൂമിയിലെ വിഭവങ്ങള്‍ എന്നെങ്കിലും കുറയുമോ? എന്നായിരുന്നു അവരുടെ ചോദ്യം.’
‘നമുക്ക് ഇന്ന് മണല്‍ കിട്ടാനില്ല. ഒരു കാലത്ത് നമ്മളും പൂഴി മണല്‍ എന്നെങ്കിലും ഇല്ലാതാവും എന്ന് കരുതിയില്ല.’
‘ശരിയാണ്. പിന്നെ എപ്പോഴാണ് ഈ ബോധം വന്നത്?’ ചന്ദ്രനുണ്ണി ചോദിച്ചു.
‘1972 ലെ ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സിലാണ് പരിസ്ഥിതി ഒരു വിഷയമായി ചര്‍ച്ച ചെയ്യുന്നത്. അന്ന് അത് ‘ഹ്യുമന്‍ എന്‍വയോണ്‍മെന്റ്’ മനുഷ്യന്റെ ചുറ്റുപാട് പ്രശ്‌നങ്ങള്‍ മാത്രം എന്ന രീതിയിലാണ് അവതരിപ്പിച്ചത്. അതില്‍ പിന്നീടാണ് ലോക പരിസ്ഥിതി ദിനമായി മാറുന്നത്. എന്ന് വെച്ചാല്‍ എല്ലാ ജീവജാലങ്ങളും അടക്കം ഭൂമിയുടെ പരിസ്ഥിതി ആയി മാറുന്നത്. ഇന്ന് UNEP യുനൈറ്റഡ് നേഷന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം – വലിയ ആഗോള പദ്ധതിയാണ്. അനേകം കാര്യങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. എപ്പോള്‍ തുടങ്ങി ആര് തുടങ്ങി എന്നത് പ്രശ്‌നമാക്കണ്ട എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി. പിന്നെ ഭൂമിയോടും പ്രകൃതിയോടും ആദരവ് ഉണ്ടായിട്ട് മാത്രം കാര്യമില്ല. അതിനെ എങ്ങനെ പരിചരിക്കുന്നു എന്ന് നോക്കണമല്ലോ.’
ശ്രീധരന്‍ മാഷ് പറഞ്ഞു ‘ശരിയാണ്. പശുവിനോട് വലിയ ആരാധനയാണ് നമുക്ക്. അതിനെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്? വലിയ നഗരങ്ങളില്‍ പോലും കെട്ടഴിച്ച് വിടുകയാണ്. പലപ്പോഴും വലിയ ട്രാഫിക് ശല്യമായി മാറുന്നു.
വേദകാലം തൊട്ട് ഭാരതീയര്‍ക്ക് പരിസ്ഥിതിബോധം ഉണ്ട്. പ്രകൃതി സ്‌നേഹം ഉണ്ട്. വനപശ്ചാത്തലം നമ്മുടെ എല്ലാ ഗ്രന്ഥങ്ങളിലും കാണാം. എന്നിട്ടും സംരക്ഷണത്തില്‍ നാം വളരെ പുറകിലാണ്. പുണ്യനദികള്‍ ഉദാഹരണം.’
ചന്ദ്രനുണ്ണി ദാര്‍ശനികനായി. ‘നമുക്ക് ഈശാവസ്യ ഉപനിഷത്തില്‍’ ‘തേന ത്യക്ത്യേന ഭുംഞ്ജീഥാ’ ത്യജിച്ചുകൊണ്ട് ഭുജിക്കൂ എന്നൊക്കെയുണ്ടല്ലോ.’
ശ്രീധരന്‍ മാഷ് കുറച്ച് കൂടി അതിനെ വിശദമാക്കി.
‘ഭാരതീയ ദര്‍ശനങ്ങളില്‍ മുഴുവന്‍, വേദങ്ങള്‍, ഇതിഹാസ പുരാണങ്ങള്‍ എന്ന് വേണ്ട എല്ലാറ്റിലും വനപശ്ചാത്തലം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഏതു ഉദാഹരണത്തിനും പ്രകൃതിയിലേക്ക് തിരിയുന്നത് കാണാം. ഗീതയില്‍ അങ്ങ് ആരാണ് എന്ന് ചോദിക്കുമ്പോള്‍ പറയുന്നത് മുഴുവനും പ്രകൃതിയെ ചൂണ്ടിക്കാണിച്ചാണ്.’
‘അതെ അതെ.. മയാ അധ്യക്ഷേണ പ്രകൃതി സൂയതെ സ ചരാചരം, എന്റെ അധ്യക്ഷതയിലാണ് പ്രകൃതി എന്ന് പറയുന്നുണ്ടല്ലോ’
അടുത്ത കാലത്ത് യോഗ പഠിക്കാന്‍ തുടങ്ങിയ ചന്ദ്രനുണ്ണി പറഞ്ഞു. ‘യോഗശാസ്ത്രത്തിലെ എല്ലാ ആസനങ്ങളും പ്രകൃതിയെ നോക്കി പഠിച്ചിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.’
പിന്നെ ശബ്ദം കുറച്ചു ‘കാമശാസ്ത്രത്തിലെ പോസുകളും അങ്ങനെതന്നെ.’
‘ഹ ഹ ഹ’ ചിരി പകര്‍ച്ചവ്യാധിയായി.
ചിരി വിട്ട് ഞാന്‍ പറഞ്ഞു.
‘എനിക്ക് തോന്നുന്നത് ഗുരു ചാണക്യനാണ് മനുഷ്യ ജീവിതത്തിനു വേണ്ടതെല്ലാം പ്രകൃതിയെ നോക്കി പഠിക്കാന്‍ പറയുന്നത്.
പഞ്ചതന്ത്രത്തിലെ കഥകള്‍ പോലും ബുദ്ധി, ബലം, ധൈര്യം എന്നിവ നേടാന്‍ ഗുരു ഉദ്ധരിക്കുന്നുണ്ട്. പക്ഷെ നമ്മുടെ കുട്ടികള്‍ക്ക് അതൊക്കെ ആര് പറഞ്ഞു കൊടുക്കാന്‍?’
‘ശരിയാണ്. എട്ടുകാലിയുടെ ചാട്ടത്തെ നോക്കി ധൈര്യം നേടി രാജ്യം വീണ്ടെടുത്ത റോബര്‍ട് ബ്രൂസിന്റെ കഥ കുട്ടികള്‍ക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ നാട്ടിലെ നല്ല നല്ല പ്രകൃതി പാഠങ്ങള്‍, കഥകള്‍ ഒന്നും അറിയില്ല, പഠിപ്പിക്കില്ല. അത് വല്ല സുഭാഷിതങ്ങളിലും ഒളിഞ്ഞു കിടക്കും.’
‘മൃഗങ്ങളില്‍ നിന്ന് മനുഷ്യന് പഠിക്കാന്‍ ഒട്ടേറെയുണ്ട്. കാക്കയില്‍ നിന്ന്, കോഴിയില്‍ നിന്ന് എന്നൊക്കെ കേട്ടിട്ടുണ്ട്’. ‘ശരിയാണ്’.
സിംഹദേകം ബകാദേകം
ശിക്ഷേ ചത്വാരി കുക്കുടാല്‍
വായസാല്‍ പഞ്ച ശിക്ഷേ ച
ഷഡ് ശുന: സ്ത്രീണീ ഗര്‍ദ്ദഭാല്‍
‘സിംഹത്തില്‍ നിന്നും കൊറ്റിയില്‍ നിന്നും ഓരോന്നും കോഴിയില്‍ നിന്ന് നാലും കാക്കയില്‍ നിന്ന് അഞ്ചും നായയില്‍ നിന്ന് ആറും കഴുതയില്‍ നിന്ന് മൂന്നും പാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്.’ അതൊന്നു വിശദമാക്കി ഞാന്‍ പറഞ്ഞു.
‘സിംഹത്തിന്റെ ഇര തേടല്‍ ഒരു പ്രോജക്ട് വര്‍ക്കാണ്. അത് ഒറ്റ ലക്ഷ്യത്തോടെ പൂര്‍ണ്ണമാക്കും, കൊറ്റിയാകട്ടെ ശ്രദ്ധയില്‍ കേമന്‍. അനേകം മത്സ്യങ്ങളെ കണ്ടാലും ഒരൊറ്റ ഒന്നിനെ ലക്ഷ്യമിട്ട് അതിനെ കൊത്തിയെടുക്കും. കോഴിയില്‍ നിന്ന് നാലു കാര്യങ്ങള്‍ പഠിക്കാനുണ്ട്. നേരത്തെ എഴുന്നേല്‍ക്കും, ചിറകടിച്ച് യുദ്ധ സന്നദ്ധത പ്രകടിപ്പിക്കും, കിട്ടിയ ഭക്ഷണം ബന്ധുക്കള്‍ക്ക് വീതിച്ച് കൊടുക്കും, അതിര്‍ത്തി വീറോടെ കാക്കും.
കാക്കയില്‍ നിന്ന് അഞ്ച് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഏക പത്‌നീവ്രതക്കാരനാണ് കാക്ക. കൂടാതെ ഗൂഢമൈഥുനക്കാരനും. കാലാകാലങ്ങളില്‍ ഭക്ഷണം കിട്ടിയത് സംഗ്രഹിച്ചു വെക്കും. പിന്നെയോ ഭയങ്കര ശുഭാപ്തി വിശ്വാസക്കാരനാണ്. എന്നാല്‍ സര്‍വ്വത്ര അവിശ്വാസവുമുണ്ട്. ആരെയും വിശ്വസിക്കില്ല. അങ്ങനെ അഞ്ചു കാര്യങ്ങള്‍.
ചന്ദ്രനുണ്ണി ഇടയ്ക്ക് കയറി പറഞ്ഞു ‘ശരിയാണ്.. ആ ഗൂഢ മൈഥുനം.. കാക്കകള്‍ ഇണ ചേരുന്നത് നമ്മള്‍ അങ്ങനെ സാധാരണ കാണാറില്ല. ആട്ടെ നായയില്‍ നിന്നാണല്ലോ ഏറെ പഠിക്കാനുള്ളത്.. അത് എന്തൊക്കെയാണ്?’
‘നായയില്‍ നിന്ന് ആറു കാര്യങ്ങള്‍ മനുഷ്യന് പഠിക്കാനുണ്ട്. നല്ലോണം ശാപ്പിടുമെങ്കിലും സ്വല്പം കൊണ്ട് തൃപ്തനാണ്. നല്ലോണം ഉറങ്ങും. എന്നാല്‍ ഒരില വീണാല്‍ ഉണരും, യജമാനഭക്തി അത് പറയണ്ട, ശൂരത്വത്തിലോ ആരുടേയും പുറകിലല്ല അങ്ങനെ ആറ് കാര്യങ്ങള്‍.’
‘മൂന്ന് കാര്യങ്ങള്‍ കഴുതയില്‍ നിന്ന് പഠിക്കാനുണ്ട്. ഏതു ഭാരവും പരാതിയില്ലാതെ വഹിക്കുക. ചൂടും തണുപ്പും ഒരേ പോലെ സഹിക്കുക, ഏതു കാര്യത്തിലും സദാ സന്തുഷ്ടനായി സ്ഥിതി ചെയ്യുക.’
‘സ്ഥിതപ്രജ്ഞന്‍ അല്ലെ?’
‘ആങ്.. ഒരു കണക്കില്‍. മൃഗങ്ങളില്‍ നിന്ന് എന്ത് പഠിക്കരുത് എന്നും ഗുരു പറയുന്നുണ്ട്.’
‘അതെന്തൊക്കെയാ?’
‘ഒരു ഉദാഹരണം:
‘യത്രോദകം തത്ര വസന്തി ഹംസാ:
തഥൈവ ശുഷ്‌കം പരിവര്‍ജ്ജയന്തി
ന ഹംസ തുല്ല്യേണ നരേണ ഭവ്യം
പുനഃസ്ത്യജന്തേ പുനരാശ്രയന്തേ’
ഹംസത്തിനെപ്പോലെ മനുഷ്യന്‍ അവന്റെ സ്വഭാവം കൂടെക്കൂടെ മാറ്റരുത്. അരയന്നം ജലാശയത്തെ ആശ്രയിക്കുന്നു.എന്നാല്‍ ജലാശയം ശുഷ്‌കമാവുമ്പോള്‍ അതിനെ വിട്ടുപോകുന്നു. ഹംസത്തിനു അത് ചെയ്യാം പക്ഷെ മനുഷ്യന്‍ തനിക്ക് ആശ്രയം തന്നവരെ മറക്കാമോ?’
‘നല്ല ഉദാഹരണം’
‘ഗുരു ചാണക്യന്‍ ഈ ഭൂമിയെ ഒരു വൃക്ഷമായി സങ്കല്‍പ്പിച്ച് പറയുന്നു.
ഏക വൃക്ഷ സമാരൂഢ
നാനാ വര്‍ണ്ണ വിഹംഗമാ
പ്രഭാതേ ദിക്ഷു ദശാസു
തത്ര കാ പരിദേവനാ
നാനാജാതിയിലുള്ള പക്ഷിഗണങ്ങള്‍ എപ്രകാരമാണോ രാത്രിയില്‍ ഒരു വൃക്ഷത്തില്‍ കൂടണയുന്നതും പ്രഭാതത്തില്‍ പല ദിക്കിലേയ്ക്കായി പറന്നു പോകുന്നതും അപ്രകാരം നമുക്ക് ഈ ഭൂമി ഒരു ഇടത്താവളം മാത്രമാണ്. വരുന്നു, പോകുന്നു. ‘തത്ര കാ പരിദേവനാ? ‘.. അതില്‍ ദു:ഖിക്കാനെന്തിരിക്കുന്നു?’
എന്ന് പറഞ്ഞു നിര്‍ത്തി.
അതോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.