മധുരം കിനിയുന്ന മലയാള ഭാഷയെ മാറോടുചേര്‍ക്കുന്ന പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിളള ഒക്‌ടോബര്‍ 4 ന് ശതാഭിഷിക്തനായി. സ്‌നേഹത്തിന്റെ മഹത്തായ പേരുകള്‍ക്കൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന നാമമാണ് വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടേത്. എഴുത്തിന്റെ ആഴംകണ്ട ഗുരുശ്രേഷ്ഠന് 2019-ലെ അമൃതകീര്‍ത്തി പുരസ്‌കാരവും ലഭിച്ചു. ഇരുളടഞ്ഞ മനസ്സുകളില്‍ വെളിച്ചം വിതറി ഈ വിളക്കുമരം നില്‍ക്കുന്നു.
സമൂഹത്തിന്റെ മുഴുവന്‍ വഴികാട്ടിയായി, നന്മയുടെ പ്രതീകമായി മാറിയ ഗുരുശ്രേഷ്ഠനാണ് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള. അക്ഷരങ്ങളിലൂടെയും അറിവിലൂടെയുമുള്ള യാത്രയിലാണ് ഗോപിനാഥപിള്ള. ശുദ്ധമലയാളത്തിന്റെ പ്രചാരണത്തിന് വിട്ടുവീഴ്ചയില്ലാതെ പരിശ്രമിക്കുന്ന ഈ ഭാഷാപണ്ഡിതന്‍ കലാ-സമൂഹ്യ-സാംസ്‌കാരിക മേഖലകളിലും നിറസാന്നിദ്ധ്യമാണ്.
തിരുവനന്തപുരം ജില്ലയില്‍ ഉളിയാഴ്ത്തുറ വില്ലേജില്‍ പന്തലക്കോട് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.രാഘവന്‍പിള്ളയുടെയും പി. അമ്മുക്കുട്ടിഅമ്മയുടെയും 12 മക്കളില്‍ ഒന്നാമനായിട്ടായിരുന്നു ഗോപിനാഥപിള്ളയുടെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം മാര്‍ഇവാനിയേസ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു തുടര്‍ പഠനം. ബി.എ.യ്ക്ക് സാമ്പത്തിക ശാസ്ത്രമായിരുന്നു ഐശ്ചിക വിഷയമെങ്കിലും സാഹിത്യത്തോടുള്ള താത്പ്പര്യം കാരണം എം.എ.യ്ക്ക് മലയാളമായിരുന്നു പഠനം. അധ്യാപകവൃത്തിയിലുള്ള താത്പ്പര്യത്താല്‍ ബി.എഡ്ഡിന് ചേര്‍ന്നു. പഠനത്തോടൊപ്പം ട്യൂട്ടോറിയല്‍ അധ്യാപനം കൂടി ഉണ്ടായിരുന്നു. കുറച്ചുനാള്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റില്‍ ഗോപിനാഥപിള്ള ട്രാന്‍സിലേറ്ററായി ജോലിനോക്കി. പിന്നീട് നാലാഞ്ചിറ സെന്റ്‌ജോണ്‍സിലും പട്ടം സെന്റ്‌മേരീസിലും അധ്യാപകനായി. തുടര്‍ന്ന് കുമരകം സ്‌കൂളിലും അവിടെ നിന്ന് ഇടുക്കി ബൈസന്‍വാലി സ്‌കൂളില്‍ ഹെഡ്മാസ്റ്ററുമായി. 1965-ല്‍ മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിയമനം ലഭിച്ചു. 1992-ല്‍ ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി പെന്‍ഷന്‍പറ്റി.
പ്രമുഖ മലയാളം അധ്യാപകനായി പേരെടുത്ത പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള പാഠപുസ്തകങ്ങളുടെ പഠനസഹായികള്‍ ധാരാളമായി പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ മലയാള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പഠന സഹായികള്‍ (ഗൈഡ്) എഴുതി റിക്കോര്‍ഡ് സൃഷ്ടിച്ച ആചാര്യനാണ് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള.
മലയാള ഭാഷയുടെ ഉപയോഗത്തില്‍ സാധാരണയായി സംഭവിക്കുന്ന അക്ഷര പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പുസ്തകങ്ങള്‍ ഗോപിനാഥപിള്ള എഴുതിയിട്ടുണ്ട്. ഭാഷാ വ്യാകരണ ദര്‍പ്പണം, മലയാള വ്യാകരണവും രചനയും, മലയാള പര്യായ നിഘണ്ഡു, മലയാള ലഘു നിഘണ്ഡു, നാനാര്‍ത്ഥ നിഘണ്ഡു, ഭാഷാ വ്യാകരണവും രചനയും തുടങ്ങിയവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ശ്രീ മഹഗണേശന്‍ (വിവര്‍ത്തനം), ചട്ടസ്വാമികള്‍, രമണ മഹര്‍ഷി (ജീവചരിത്രം) കുട്ടികളുടെ കാളിദാസന്‍ (പുന:രാഖ്യാനം), 55 നാടന്‍ പാട്ടുകള്‍ (സമാഹരണവും പഠനവും), കഥകളി പ്രവേശിക (പഠനം), ഭാഷാ ദര്‍പ്പണം (ഉപന്യാസം), ഉണ്ണായി വാര്യര്‍ (വിവര്‍ത്തനം), കുമാരനാശാന്റെ കൃതികള്‍ (പഠനവും വ്യാഖ്യാനവും) അധ്യാത്മ രാമായണം (സമ്പൂര്‍ണ്ണ വ്യഖ്യാനവും പഠനവും), കഥകളിയിലെ കാണാപ്പുറങ്ങള്‍, തമസോമാ ജ്യോതിര്‍ഗമയ, ആധ്യാത്മിക പഠന സഹായി തുടങ്ങി 30 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. മഹാകാവ്യമായ രാമചന്ദ്രവിലാസം ഉള്‍പ്പെടെ പല കൃതികള്‍ക്കും അദ്ദേഹം ദീര്‍ഘമായ ആമുഖ പഠനങ്ങള്‍ തയ്യാറാക്കി. ചെറുശ്ശേരി, വെണ്‍മണി, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയ കവികളുടെ കാവ്യ ഭാഗങ്ങളും വ്യാഖ്യാനിച്ചു. കേരള ഭാഷാ നിഘണ്ഡുവിന്റെയും ശബ്ദതാരാവലിയുടെയും എഡിറ്ററുമായിരുന്നു.
ഏറ്റവും നല്ല കഥകളി ഗ്രന്ഥത്തിന് കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഥകളി പ്രവേശികയ്ക്ക് 1994-ല്‍ ലഭിച്ചു. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ ചട്ടമ്പിസ്വാമി സ്മാരക പുരസ്‌കാരം, ഹേമലത പുരസ്‌കാരം, പകല്‍ക്കുറി എം.കെ.കെ. സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ ഭാഷാസ്‌നേഹിയെ തേടിയെത്തി. മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള അമൃതകീര്‍ത്തി പുരസ്‌കാരം 2019-ല്‍ ലഭിച്ചത് വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയ്ക്കായിരുന്നു.
അക്കിത്തത്തിന്റെ പ്രശംസ
മുപ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള തയ്യാറാക്കിയ ലളിതാര്‍ത്ഥ ദീപിക എന്ന അധ്യാത്മ രാമായണ വ്യാഖ്യാന ഗ്രന്ഥത്തിന് അവതാരിക എഴുതിയത് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ആയിരുന്നു. അദ്ദേഹം എഴുതി: നമുക്ക് ലഭിച്ചിട്ടുള്ള അധ്യാത്മരാമായണ വ്യാഖാനങ്ങളില്‍ ഇതിനു സമാനമായി മറ്റൊന്നില്ല. ഗവേഷണ കൃതികള്‍ക്ക് ഇത്രത്തോളം പ്രയോജനപ്പെടുന്ന ഒരു രാമയണപഠനം മലയാളത്തില്‍ ഇല്ലായെന്ന് തറപ്പിച്ചു പറയാം. അധ്യാത്മ രാമായണം കിളിപ്പാട്ടിന് ഏകദേശം പത്തിലധികം വ്യാഖാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്നെല്ലാം അത്യന്തം വ്യത്യസ്തമാണ് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള തയ്യാറാക്കിയ ലളിതാര്‍ഥദീപിക.അമൃതകീര്‍ത്തി പുരസ്‌കാര ജേതാവ്
നിരവധി അവാര്‍ഡുകള്‍ ഗോപിനാഥപിള്ളയെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠമായ അമൃതകീര്‍ത്തി പുരസ്‌കാരം 2019-ല്‍ ഈ ഭാഷാ സ്‌നേഹിയെ തേടിയെത്തി. സനാതന മൂല്യങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള മികച്ച സംഭാവനകളാണ് നല്‍കുന്നത്. 48 രാജ്യങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍വച്ച് അമ്മയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നെന്ന് ഗോപിനാഥപിള്ള പറയുന്നു.
കേരള കലാമണ്ഡലം, കേരള സാഹിത്യഅക്കാഡമി, കേരള സംഗീത നാടക അക്കാഡമി എന്നിവയില്‍ ഭരണസമിതി അംഗം, ജനറല്‍ കൗണ്‍സില്‍ അംഗം, പുണ്യഭൂമി മാസിക പത്രാധിപര്‍, കേരള വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ ഗോപിനാഥപിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പോത്തന്‍കോട് കഥകളി ക്ലബ്ബിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ഇപ്പോഴും ആ പദവി അലങ്കരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഐ.എ.എസ്. പ്രൊബേഷണേഴ്‌സിന് മലയാള പരിശീലനം, സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള മലയാള പരിശീലനത്തിനുള്ള ഫാക്കല്‍റ്റി അംഗം (ഐ.എം.ജി) എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കേരള കലാണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കല്‍ ആശാന്‍ സ്മാരക കള്‍ച്ചറല്‍ സെന്റര്‍ എന്നിവിടങ്ങളിലെ ഭരണസമിതി അംഗവും, എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ഡയറക്ടറുമാണ്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ സുഭാഷിതം പരിപാടി വളരെക്കാലം ഗോപിനാഥപിള്ള അവതരിപ്പിച്ചിരുന്നു.
ആശയവിനിമയത്തിന് വേണ്ടത് നല്ലഭാഷയായിരിക്കണമെന്നും അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണമെന്നും ഗോപിനാഥപിള്ളയ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ വാക്കിലും എഴുത്തിലും കാണിക്കുന്ന തെറ്റുകള്‍ മനസ്സിലാക്കിത്തരുവാന്‍ ഗോപി സാര്‍ ഒരുപടി മുന്നിലാണ്. ഉച്ചാരണത്തിലും എഴുത്തിലും കാണിക്കുന്ന അശ്രദ്ധയും തെറ്റുകളും ഭാഷയെ ദുഷിപ്പിക്കുമെന്ന് ഗോപിനാഥപിള്ള അഭിപ്രായപ്പെടുന്നു. തെറ്റായി ഉച്ചരിക്കുന്നവര്‍ ശരിയായി എഴുതാറുമില്ല. ഭാഷാദൂഷണം സംസ്‌കാര ദൂഷണം കൂടിയാണ്. ഗുരുശ്രേഷ്ഠന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
അധ്യാപനത്തില്‍ നിന്നും വിരമിച്ച് 29 വര്‍ഷമായിട്ടും നല്ലഭാഷയുടെ അധ്യാപകനായി അദ്ദേഹം തുടരുന്നു. ഒപ്പം യുവതലമുറയ്ക്ക് വഴികാട്ടിയായും. ഭൂജലവകുപ്പില്‍ നിന്നും റിട്ടയേര്‍ഡ് ആയ ലളിതമ്മയാണ് ഗോപിനാഥപിള്ളയുടെ ഭാര്യ. മക്കള്‍ ഗോപകുമാറും, കൃഷ്ണകുമാറും പത്രപ്രവര്‍ത്തന രംഗത്താണ്. പ്രശസ്ത നാടക നടനും ഗ്രന്ഥകാരനും പ്രഭാഷകനും നാടന്‍പാട്ട് പരിശീലകനും, മികച്ച അധ്യാപകനുമായ വട്ടപ്പറമ്പില്‍ പീതാംബരന്‍ ഇദ്ദേഹത്തിന്റെ അനുജനാണ്.