ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ഥന് 2.0 കാമ്പയിനുമായി സീമാ ജാഗരണ്‍ മഞ്ച്. കൊണാട്ട് പ്ലേസിലെ ദി പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന പരിപാടിയില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന ചുമതലക്കാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇരുന്നൂറിലധികം എന്‍ജിഒകളുടെ പ്രതിനിധികളുമടക്കം നാനൂറിലേറെ പങ്കെടുത്തു. എംപിമാര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി. ഗുസ്തിതാരവും മോട്ടിവേഷണല്‍ സ്പീക്കറുമായ സംഗ്രാം സിങ് ക്ലാസെടുത്തു.
എന്‍ജിഒകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സംയുക്തമായി അതിര്‍ത്തിഗ്രാമങ്ങളില്‍ അടിസ്ഥാനവികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദേശീയ മൂല്യങ്ങള്‍ വളര്‍ത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗം എന്‍ജിഒകളോട് ആഹ്വാനം ചെയ്തു.
സാംസ്കാരിക പ്രവര്‍ത്തനം, സുസ്ഥിര കൃഷി, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം എന്നി ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണവും പരിശീലനവും അനിവാര്യമാണ്. അതിര്‍ത്തിഗ്രാമങ്ങളില്‍ ഭയരഹിതമായ ജീവിതത്തിന് അവസരമൊരുക്കണം. ജനങ്ങളുള്ളപ്പോഴാണ് വികസനത്തിന് സാധ്യത ഉള്ളത്. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക് ഇത് അനിവാര്യമാണെന്ന് സംഗ്രാം സിങ് അഭിപ്രായപ്പെട്ടു.
സീമാ ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ ലഫ്റ്റനന്റ് ജനറല്‍ നിതിന്‍ കോഹ്ലി, പി.പി. ചൗധരി എംപി, ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി, ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി, വിഷ്ണുകാന്ത് ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു.