റായ്പൂര്‍(ഛത്തിസ്ഗഡ്): ഭാരതീയ ജീവിതമൂല്യങ്ങള്‍ പ്രകടമാകുന്നത് കുടുംബങ്ങളിലാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. അഞ്ചാമത് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്റെ സ്മരണാര്‍ത്ഥം സുദര്ശന് പ്രേരണാമഞ്ച് റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിലെ കെട്ടുറപ്പിലാണ് നമ്മുടെ സാംസ്കാരിക ജീവിതം മുന്നോട്ടുപോകുന്നത്. പടിഞ്ഞാറന്‍ നാടുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്നത് ആയുധവുമായാണ്. ഓരോ വര്‍ഷവും 40,000 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നത്. അമേരിക്കയില്‍ അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നു. ഭാരതത്തിന്റെ കുടുംബജീവിതദര്‍ശനത്തിലേക്കാണ് പരിഹാരത്തിനായി എല്ലാവരും ഉറ്റുനോക്കുന്നത്. അത് എല്ലാ മൂല്യങ്ങളോടെയും ഉറപ്പിച്ച് നിര്‍ത്തേണ്ട ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ടെന്ന് രാംദത്ത് ചക്രധര്‍ പറഞ്ഞു.
സ്ത്രീയെ അമ്മയായി കാണുന്ന സംസ്കാരം ഭാരതത്തിന്റേതാണ്. അമ്മ നല്കുന്ന ഉന്നതമായ ദര്‍ശനം പരിസ്ഥിതിയെ സംരക്ഷിച്ച്, ജീവിതത്തില്‍ അച്ചടക്കം നിറച്ച്, ഉത്തമപൗരന്മാരായി വളരാനുള്ള പ്രേരണയാണ് പകരുന്നത്. എല്ലാറ്റിലും ഈശ്വരനെ കാണുന്നതാണ് നമ്മുടെ ആദര്‍ശം. പ്രകൃതിയോട്, അച്ഛനമ്മമാരോട്, ആചാര്യന്മാരോട്, അതിഥികളോട് ഒക്കെ ഈശ്വരതുല്യമായ ആരാധനയാണ് തലമുറകളായി നമ്മളെ ലോകത്തിന് മുന്നില്‍ ബഹുമാന്യരാക്കുന്ന ഘടകം. ഈ സംസ്കാരം വളരേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. ആദ്യം രാജ്യം എന്ന വികാരം ഓരോ വ്യക്തിയിലും നിറയണം. സമൂഹത്തിലെ എല്ലാവരെയും സ്വന്തമെന്ന് കരുതുന്ന സമരസതയുടെ ഭാവം, പ്രകൃതിയോടുള്ള ആദരവ്, നാടിന്റെ സംസ്കൃതിക്കും തനിമയ്ക്കും ചേരുന്ന ജീവിതശൈലി, രാഷ്ട്രത്തോടും നിയമങ്ങളോടുമുള്ള ബഹുമാനം തുടങ്ങിയ സാമാജികമാറ്റത്തിന്റെ എല്ലാ ഉപായങ്ങളും ശീലിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്, രാംദത്ത് ചക്രധര്‍ പറഞ്ഞു.
ഓരോ തവണ കാണുമ്പോഴും പുതിയതെന്തെങ്കിലും ചെയ്യാനുള്ള പ്രേരണ സുദര്‍ശന്‍ജിയില്‍ നിന്ന് ലഭിച്ചിരുന്നുവെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. അഗാധമായ അറിവിനൊപ്പം സാരള്യവും ലാളിത്യവുമുള്ള പെരുമാറ്റമായിരുന്നു സുദര്‍ശന്‍ജിയുടെ സവിശേഷത. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമടക്കം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിപത്തുകളെക്കുറിച്ച് മുപ്പത് കൊല്ലം മുമ്പ് പറയുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത മഹത്വമാണ് സുദര്‍ശന്‍ജിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിങ്, മധ്യക്ഷേത്ര സംഘചാലക് ഡോ. പൂര്‍ണേന്ദു സക്സേന എന്നിവരും പങ്കെടുത്തു.