2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഓണം ബമ്പര്‍ ലോട്ടറിയടിച്ചിരിക്കുകയാണ് മുസ്ലിം ലീഗിന്. വീണുകിട്ടുന്ന ഭാഗ്യമാണല്ലോ ലോട്ടറി. ഈ തിരഞ്ഞെടുപ്പില്‍ ലീഗിന് ഇരട്ട ഭാഗ്യമാണ് കൈവന്നത്. ഒന്ന്, മലപ്പുറം, തിരൂര്‍ ലോകസഭാ മണ്ഡലങ്ങളില്‍ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് ലീഗുനേതൃത്വത്തില്‍ വലിയ ആശങ്കപരത്തിയെങ്കിലും ഫലപ്രഖ്യാപനം വന്നപ്പോള്‍ ലീഗു സ്ഥാനാര്‍ത്ഥികള്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ ജയിച്ചു. തൊട്ടുപിന്നാലെ, അതുവരെ ഇടതുപക്ഷത്തേയ്ക്ക്, ലീഗിന്റെ പിടിവിട്ട് കുതിച്ചുകൊണ്ടിരുന്ന സമസ്ത നേതൃത്വം പാണക്കാട്ടേയ്ക്ക് തിരിച്ചു നടന്നു തുടങ്ങി. സമസ്തയിലെ മാര്‍ക്‌സിസ്റ്റ് പക്ഷപാതികള്‍ പൂര്‍ണ്ണമായും കീഴടങ്ങി. രണ്ടാമത്തെ വിജയമാണ് ലീഗുനേതൃത്വത്തിന് തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ വിലപ്പെട്ടതായത്. അതാണ് അതിനെ ബമ്പര്‍ലോട്ടറി എന്നു വിശേഷിപ്പിക്കാന്‍ കാരണം.
സമസ്ത ലീഗിനു കീഴടങ്ങണോ ഇടതുപക്ഷത്ത് നില്‍ക്കണോ എന്നതായിരുന്നു സുന്നികള്‍ക്കിടയിലെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ കുറച്ചു നാളത്തെ ചര്‍ച്ചാവിഷയം. രണ്ടുവശത്തു നിന്നും നല്ലതോതിലുള്ള പിടിവലി നടന്നു. ശരിയായ രീതിയിലുള്ള വടംവലി മത്സരം. അതിലാണിപ്പോള്‍ ലീഗ് ജയിച്ചിരിക്കുന്നത്. സുന്നികളില്‍ വലിയൊരു വിഭാഗത്തിനു നേതൃത്വം നല്‍കുന്ന മതയാഥാസ്ഥിതിക സംഘടനയാണ് സമസ്ത. സമുദായത്തിലേയ്ക്ക് വെളിച്ചം വീശുന്നതിനെ ഒരിക്കലും അതു അനുകൂലിച്ചിട്ടില്ല. സ്ത്രീകള്‍ പഠിക്കുന്നതിനോടുള്ള എതിര്‍പ്പ് പിന്നീട് മയപ്പെടുത്തിയെങ്കിലും പെണ്‍കുട്ടികള്‍ പൊതുവേദിയില്‍ വരുന്നതിനെ ഒട്ടും അനുകൂലിക്കുന്നില്ല. പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചയാളെ പരസ്യമായി ശാസിക്കുന്ന സമസ്ത നേതാക്കളുടെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നും കേള്‍ക്കാം. ഇസ്ലാമിലേക്ക് മതം മാറ്റാതെ വിവാഹം കഴിക്കുന്നതിനെ വ്യഭിചാരം എന്നാണ് സമസ്തയുടെ പക്ഷം. ഈ കാഴ്ചപ്പാട് കാരണമാണ് കോഴിക്കോട് കടപ്പുറത്തെ ലീഗിന്റെ പൊതുയോഗത്തില്‍ ഒരു നേതാവ് മുഖ്യമന്ത്രിയുടെ വീടായ ക്ലിഫ് ഹൗസ് വ്യഭിചാരശാലയാണ് എന്നു വിശേഷിപ്പിച്ചത്. മുത്തലാഖ്, മുസ്ലിം വ്യക്തിനിയമം, പര്‍ദ്ദ തുടങ്ങിയ കാര്യങ്ങളിലെല്ലാം യാഥാസ്ഥിതിക വാദികളാണിവര്‍. ഈ നിലപാടില്‍ നിന്നും സമസ്തയ്ക്ക് മാറ്റംവരാനുള്ള സാധ്യത ഭയക്കുന്നവരാണ് അതിനെ ലീഗിന്റെ കാല്‍ച്ചുവട്ടില്‍ തന്നെ തളച്ചിടാന്‍ കൊതിക്കുന്നത്. കാലത്തിനനുസരിച്ചുള്ള സാമൂഹ്യമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമുദായ പരിവര്‍ത്തനമുണ്ടാക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ഇപ്പോള്‍ ജയിച്ചത്.
മുസ്ലിംലീഗ് പച്ചയായ വര്‍ഗ്ഗീയ കക്ഷി
സമസ്ത മുസ്ലിംലീഗിന് അടിയറവു പറയുമ്പോള്‍ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്, മുസ്ലിം ലീഗ് മതേതരകക്ഷിയല്ല, പച്ചയായ മതവര്‍ഗ്ഗീയ കക്ഷിയാണ് എന്ന വസ്തുത അതിന്റെ നേതൃത്വം തന്നെ വിളിച്ചു പറയുകയാണ്. മലപ്പുറം പൂക്കോട്ടൂരില്‍ നടന്ന പാണക്കാട് ഖാസി ഫൗണ്ടേഷന്‍ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി തങ്ങള്‍ പറഞ്ഞത് ലീഗിന്റെ ശക്തിയാണ് സമസ്ത; സമസ്തയുടെ ഊര്‍ജ്ജമാണ് ലീഗ് എന്നാണ്. ”സമസ്തയും പാണക്കാട്ട് കുടുംബവും ഒരു മനസ്സും ഒരു ശരീരവുമാണ്. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തലമുറകളിലൂടെ കൈമാറിവന്ന പാരമ്പര്യമാണ്. അത് തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല” തങ്ങള്‍ പറഞ്ഞു. ലീഗും സമസ്തയും തമ്മില്‍ അനൈക്യത്തിനു പ്രവര്‍ത്തിക്കുന്നവരെ കരുതിയിരിക്കാനും അത്തരം പ്രവണത മുളയിലേ നുള്ളാനും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. മതമൗലികവാദ സംഘടനയായ സമസ്തയും ലീഗും ഒരു ശരീരവും ഒരു മനസ്സുമാണെങ്കില്‍ ലീഗു പച്ചയായ വര്‍ഗ്ഗീയ സംഘടനയല്ലെങ്കില്‍ പിന്നെ എന്താണ്? സമസ്തയുടെ മതമൗലികവാദ നിലപാടിനെ എന്നെങ്കിലും ലീഗ് എതിര്‍ത്തിട്ടുണ്ടോ? രാഹുല്‍ഗാന്ധിയോ എം.വി.ഗോവിന്ദനോ നല്‍കുന്ന ‘മതേതരകക്ഷി’ എന്ന സര്‍ട്ടിഫിക്കറ്റാണോ മതമൗലികവാദ സംഘടനയാണ് തങ്ങളുടെ പ്രാണന്‍ എന്ന തുറന്നു പറച്ചിലാണോ ഏതാണ് ലീഗിന്റെ സ്വഭാവം വ്യക്തമാക്കുന്ന ജീന്‍?
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പിന്തിരിപ്പന്‍ സ്വഭാവം
സമസ്ത നേതൃത്വം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുമായി അടുക്കാന്‍ കാരണം ഇടതുപക്ഷത്തോടുള്ള മമതയല്ല, രണ്ടു തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ്. ഇടതുപക്ഷ അടുപ്പം മൂലം സാമൂഹ്യമായ ഒരു പരിവര്‍ത്തനത്തിനും സമസ്ത തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, മാര്‍ക്‌സിസ്റ്റു സര്‍ക്കാരിനെക്കൊണ്ട് തങ്ങളുദ്ദേശിച്ചകാര്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ടതുപോലെ വഖഫ് ബോര്‍ഡ് നിയമനവും പി.എസ്.സിക്കു വിടാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് ഇതിനെതിരെ പ്രക്ഷോഭത്തിനു തയ്യാറായി. ലീഗിന്റെ സമരത്തില്‍ നിന്നു മാറിനിന്ന സമസ്ത നേതൃത്വം പിണറായി വിജയനെ നേരില്‍ കണ്ട് ആവശ്യമുന്നയിക്കുകയും ആ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. മദ്രസ സമയത്തിനനുസരിച്ചേ സ്‌കൂള്‍ സമയം ക്രമീകരിക്കാവൂ, സമയം മാറ്റരുത് എന്ന തങ്ങളുടെ ആവശ്യവും അവര്‍ അംഗീകരിപ്പിച്ചു. സമസ്തയ്ക്ക് കീഴിലുള്ള സ്‌കൂളിലെ നിയമനതട്ടപ്പില്‍ നടപടി ഉണ്ടാവാതിരിക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. ഇങ്ങനെ സംഘടനയ്ക്കും നേതാക്കള്‍ക്കും ഗുണം കിട്ടുന്ന കാര്യങ്ങള്‍ അവര്‍ നേടിയെടുത്തു. സമുദായത്തില്‍ വെളിച്ചം കടക്കാന്‍ അനുവദിച്ചതുമില്ല.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയാവട്ടെ, നവോത്ഥാനത്തിന്റെ വക്താക്കളാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ അവര്‍ ഒരു നവോത്ഥാനവും ഉണ്ടാക്കിയില്ല. സമസ്തയുമായുള്ള ബന്ധത്തെ അതിനു ഉപയോഗിച്ചതുമില്ല. പകരം മുസ്ലിംലീഗിന്റെ പാതയിലൂടെ മതപ്രീണനനയം മാത്രം സ്വീകരിച്ചു. ഏക സിവില്‍കോഡിനെതിരെയും പൗരത്വ നിയമത്തിനെതിരെയും സി.പി.എം സംഘടിപ്പിച്ച റാലിയുടെ ആകര്‍ഷണമായി അവര്‍ ഉയര്‍ത്തിപ്പിടിച്ചത് സമസ്തയെയാണ്. ഇതേ പരിപാടി തന്നെയാണ് മുസ്‌ലിം ലീഗും സംഘടിപ്പിച്ചത്. ഫലത്തില്‍ സമസ്താ പ്രീണനത്തിനാണ് സി.പി.എം ശ്രമിച്ചത്. അതുകൊണ്ടുതന്നെ പരിഷ്‌കരണവാദികളായ മുസ്ലിങ്ങളെ നിരാശരാക്കുകയും സാധാരണ സുന്നികള്‍ക്ക് ലീഗും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും തമ്മില്‍ വ്യത്യാസമില്ല എന്ന തോന്നലുണ്ടാവുകയും ചെയ്തു. സ്വാഭാവികമായും അവര്‍ ഇത്രകാലം കൂടെയുണ്ടായിരുന്ന ലീഗിനൊപ്പം നിന്നു. പുരോഗമന പാത പിന്തുടരുന്നവര്‍ എന്നവകാശപ്പെടുന്ന സി.പി.എം തങ്ങള്‍ എങ്ങോട്ടാണ് പോയത് എന്നു ആത്മപരിശോധന നടത്തുമോ?
മൂന്നാമത്തെ വിഷയം, സമസ്ത ഇപ്പോള്‍ മുസ്ലിം ലീഗിന്റെ മൂക്കുകയറിനുള്ളിലാണെങ്കിലും അതിന്റെ മത നേതൃത്വമെന്നു പറയുന്ന 40 അംഗ മുശാവറയില്‍ തന്നെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണത ശക്തമായിരിക്കുന്നു എന്നതാണ്. ഇതിന്റെ ഗൗരവം സുന്നികള്‍ക്കെന്നപോലെ ജമാഅത്തെ ഇസ്ലാമിക്കും ബോധ്യമായിട്ടുണ്ട്. സുന്നികളെ അന്ധവിശ്വാസികള്‍ എന്ന് കളിയാക്കുന്നവരാണ് ജമാഅത്തെക്കാര്‍. സ്വാഭാവികമായും സമസ്തയിലെ ഭിന്നതയെ ആഘോഷിക്കേണ്ട അവര്‍ സമസ്ത ലീഗിന്റെ പിടിയിലൊതുങ്ങണം എന്നു നിലപാടെടുക്കുന്നതിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാകും. മുസ്ലിം സമുദായത്തില്‍ പൊതുവിലും സുന്നികള്‍ക്കിടയില്‍ പ്രത്യേകിച്ചും രൂപപ്പെടുന്ന പുരോഗമ-ദേശീയവാദ പ്രവണതയാണത്. എക്‌സ് മുസ്ലിം ഗ്രൂപ്പിന്റെ സ്വാധീനം, മുസ്ലീം സ്ത്രീകള്‍ മുത്തലാഖ് നിരോധന നിയമത്തിന്റെ ഗുണകാംക്ഷികളായത്, ബിജെപി ഭരണത്തോടുള്ള ഭയപ്പാട് മാറി വരുന്നത്, ചില മുസ്ലിം പണ്ഡിതര്‍ ഹിന്ദുക്കളോട് ചേര്‍ന്നു നില്‍ക്കാന്‍ നടത്തുന്ന മതപ്രസംഗം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സമസ്ത പണ്ഡിതനായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ പ്രസംഗം ഉദാഹരണമാണ്. സമസ്ത മുശാവറയില്‍ തന്നെ ചോദ്യംചെയ്യല്‍ പ്രണവതയുണ്ടായാല്‍ അതു മുസ്ലിം സമുദായത്തിലും പ്രതിഫലിക്കും. ചേകന്നൂര്‍ മൗലവിയെ ഉന്മൂലനം ചെയ്തകാലവും ഭരണവും അല്ല ഇന്ന് എന്നതും അവര്‍ക്കറിയാം.