ജൂണ്‍ 25 അടിയന്തരാവസ്ഥ വിരുദ്ധദിനം
സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വര്‍ഷവും പിന്നിട്ട് ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി തലയുയര്‍ത്തി നില്‍ക്കുകയാണ്. ഒപ്പം പിറവിയെടുത്ത പല രാജ്യങ്ങള്‍ക്കും ജനാധിപത്യ പാതയില്‍ നിന്ന് അപഭ്രംശം സംഭവിച്ചപ്പോഴും ഒട്ടേറെ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഭാരതം ജനാധിപത്യ വ്യവസ്ഥിതി നിത്യനൂതനമായി നിലനിര്‍ത്തുന്നത്. എന്നാല്‍ സ്വതന്ത്രഭാരതത്തിന്റെ ജനാധിപത്യ കീര്‍ത്തിക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു ഏടാണ് 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഭാരതത്തിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ രാജ്യഭരണത്തിലെത്തിയ ഇന്ദിരാഗാന്ധി തന്റെ കഴിവുകേടുകള്‍ മറച്ചുവെയ്ക്കാന്‍ അടിയന്തരാവസ്ഥ എന്ന ഭരണകൂട ഭീകരതയുടെ മൂടുപടം സ്വയം അണിയുകയായിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നിന്നും അകറ്റി നിര്‍ത്തേണ്ട ദുശ്ശീലങ്ങളായ സ്വജനപക്ഷപാതം, അഴിമതി, അധികാര ഭ്രാന്ത് മുതലായ പ്രവണതകളെ മറച്ചുപിടിക്കാനാണ് അടിയന്തരാവസ്ഥ ഭാരത ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്.
അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാല്‍ നയിക്കപ്പെട്ട പല സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയും, കേന്ദ്ര ഗവണ്‍മെന്റിനെതിരെയും, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിന് എതിരെ, ജനങ്ങളില്‍ വലിയ തോതിലുള്ള അസംതൃപ്തി വളര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്.
ഗുജറാത്തില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ പിരിച്ചു വിടണം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് ആരംഭിച്ച നവനിര്‍മ്മാണ പ്രസ്ഥാനവും ബീഹാറിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ജനവികാരവും കൂടിച്ചേര്‍ന്നാണ് അടിയന്തരാവസ്ഥയ്ക്ക് വഴിതെളിച്ചത്. പ്രതിഷേധം ശക്തമായതോടെ ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചെങ്കിലും ബീഹാറിലെ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് എബിവിപിയുടെ നേതൃത്വത്തില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെയും കൂട്ടിച്ചേര്‍ത്ത് ഛാത്ര സംഘര്‍ഷ സമിതി എന്ന സമര മുന്നണി രൂപീകരിക്കപ്പെടുകയായിരുന്നു. സമരസമിതി സംസ്ഥാനത്ത് ഉടനീളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരണം ആരംഭിക്കുകയും അഴിമതിവിരുദ്ധ വികാരം വളര്‍ത്തിയെടുക്കുകയും ചെയ്തു. 1974 മാര്‍ച്ച് 18 ന് സമര മുന്നണി പാറ്റ്‌നയില്‍ നടത്തിയ സമരത്തിന് നേരെ സര്‍ക്കാര്‍ ആക്രമണം അഴിച്ചു വിട്ടതോടു കൂടിയാണ് പ്രക്ഷോഭത്തിന് പുതിയ രൂപം കൈ വരുന്നത്.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ സമരനേതാക്കള്‍ വന്ദ്യവയോധികനായ ലോകപ്രിയ ജയപ്രകാശ് നാരായണനെ സമീപിച്ചു. അന്ന് അദ്ദേഹത്തിന് 71 വയസ്സുണ്ടായിരുന്നു. ഭാരതത്തില്‍ ഐതിഹാസികമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു ജയപ്രകാശ് നാരായണന്‍. സ്വതന്ത്ര ഭാരതം നേരിട്ട വിവിധ സമസ്യകള്‍ക്ക് പരിഹാരം കാണുവാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചിരുന്നു. നാഗാലാന്റ്, കാശ്മീര്‍, മറ്റ് നക്‌സല്‍ ബാധിത മേഖലകള്‍ മുതലായ പ്രദേശങ്ങളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ക്ക് ശമനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
അധികാര രാഷ്ട്രീയത്തോട് നിശ്ചിത അകലം പാലിക്കാന്‍ എക്കാലവും ശ്രമിച്ച അദ്ദേഹം മന്ത്രിസഭയില്‍ ചേരുവാനുള്ള നെഹ്‌റുവിന്റെ ക്ഷണം നിരസിക്കുകയായിരുന്നു. നെഹ്‌റുവുമായും ഇന്ദിരാഗാന്ധിയുമായും നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ചു പുലര്‍ത്തുന്ന ഒരാളായിരുന്നില്ല. എന്നാല്‍ രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അഴിമതി, കുടുംബാധിപത്യം മുതലായ ദുഷ്പ്രവണതകളില്‍ അദ്ദേഹവും വ്യാകുലനായിരുന്നു. ഇങ്ങനെയൊരു അവസരത്തിലാണ് അദ്ദേഹത്തെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തിലുളള സമരസമിതിയുടെ പ്രതിനിധികള്‍ പോയി കാണുന്നതും സംഘര്‍ഷ സമിതിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതും.
ആ ക്ഷണം അദ്ദേഹം സ്വീകരിച്ചു. പിന്നീട് നടന്നത് ചരിത്രപരമായ സംഭവങ്ങളാണ്. ഛാത്ര സംഘര്‍ഷ സമിതി ലോക് സംഘര്‍ഷസമിതിയായി. അഴിമതി വിരുദ്ധസമരം ജെപി പ്രസ്ഥാനമായും സമ്പൂര്‍ണ വിപ്ലവത്തിനുള്ള ആഹ്വാനമായും മാറി. ഈ ഐതിഹാസികമായ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ചുരുക്കത്തില്‍, കുടുംബാധിപത്യത്തിനു കീഴില്‍ അമര്‍ന്നിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമൂഹത്തില്‍ ഉയര്‍ന്ന വികാരം യഥാവിധം ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി പരിഷത്തിന് സാധിച്ചതിനാലാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ച ശക്തമായ സമരങ്ങള്‍ രാജ്യത്ത് ഉണ്ടായത്. അക്കാലത്ത് രാജ്യത്തിനകത്തെ, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ, കലാലയങ്ങള്‍ സമ്പൂര്‍ണമായും എബിവിപിയുടെ സ്വാധീനത്തിന് കീഴിലായിരുന്നു. കലാലയങ്ങള്‍ നിരന്തര സമരവേദിയായി മാറി.
അടിയന്തരാവസ്ഥയിലേക്ക് നയിച്ച ശക്തമായ സമരങ്ങളുടെ നേതൃനിരയില്‍ തുടക്കം മുതല്‍ തന്നെ എബിവിപി സാന്നിദ്ധ്യം അറിയിച്ചിരുന്നു എന്ന് രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ വളരെ പ്രാധാന്യത്തോടു കൂടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി പരിഷത്ത് ആരംഭിച്ച സമര പോരാട്ടങ്ങളാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെങ്കില്‍ അതിനെ മറികടന്ന് രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്കും നട്ടെല്ലായത് എബിവിപി തന്നെയാണ്. രാജ്യമെമ്പാടും ശക്തമായ ചെറുത്തുനില്‍പ്പിന് എബിവിപി അക്കാലത്ത് നേതൃത്വം നല്‍കി.
ലോക സംഘര്‍ഷ സമിതിയുടെ സത്യഗ്രഹങ്ങളില്‍ പതിനായിരക്കണക്കിന് എബിവിപി പ്രവര്‍ത്തകര്‍ പങ്കാളികളായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പലരും തങ്ങളുടെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി. 650 ഓളം പ്രവര്‍ത്തകരാണ് മിസ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 4500 ഓളം പ്രവര്‍ത്തകര്‍ മറ്റു പല വകുപ്പുകളിലായി ജയിലിലടക്കപ്പെട്ടു.
1977 ജനുവരി 18ന് പാര്‍ലമെന്റ് പിരിച്ചു വിട്ടുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തോട് കൂടി അടിയന്തരാവസ്ഥയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു. പിന്നീട് 1977 മാര്‍ച്ചില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയാല്‍ നയിക്കപ്പെട്ട കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ജനസംഘം കൂടി ഉള്‍പ്പെടുന്ന നാല് പാര്‍ട്ടികളുടെ സമ്മിശ്രരൂപമായ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു.
അന്നത്തെ ദേശീയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആദര്‍ശത്തിന്റെ ബിംബമായാണ് ജയപ്രകാശ് നാരായണന്‍ അറിയപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെയും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച പല ആശയങ്ങളോടും അദ്ദേഹത്തിന് മമതയുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയ്ക്ക് എങ്ങനെ എബിവിപി ഉള്‍പ്പെടെയുള്ള ദേശീയ വാദിവിഭാഗം തിരികൊളുത്തിയ ഒരു പ്രക്ഷോഭത്തില്‍ ഭാഗവാക്കാകുവാന്‍ സാധിക്കും എന്നതില്‍ രാഷ്ട്രീയനിരീക്ഷകര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എബിവിപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ഏതൊരാള്‍ക്കും അതില്‍ അത്ഭുതം ഉണ്ടാകാനിടയില്ല. ജ്ഞാനം, ശീലം, ഏകത പോലുള്ള മുദ്രാവാക്യങ്ങള്‍ അത്രത്തോളം ആദര്‍ശാധിഷ്ഠിതവും സുശക്തവുമാണ്. ഇത്തരം മുദ്രാവാക്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഒരു പ്രസ്ഥാനം നയിക്കുന്ന സമരസമിതിയുടെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റു തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പൂര്‍ണ്ണമായും അഹിംസാ മാര്‍ഗത്തില്‍ ആയിരിക്കണം സമരപരിപാടികള്‍, സമരം ബീഹാറിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കണം എന്നിങ്ങനെയുള്ള രണ്ട് നിബന്ധനകള്‍ അദ്ദേഹം മുന്നോട്ടു വച്ചപ്പോള്‍ വ്യക്തമായ ആശയാദര്‍ശങ്ങളുടെയും ആസൂത്രണങ്ങളുടെയും പിന്‍ബലത്തില്‍, വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍, മുന്നോട്ട് പോകുകയായിരുന്ന സംഘര്‍ഷ സമിതിയ്ക്ക് ഇവ സമ്മതിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല.
ജയപ്രകാശ് നാരായണന്‍ കാണിച്ച ആദര്‍ശം പ്രതിഫലിപ്പിക്കുന്ന വണ്ണം, അധികാര രാഷ്ട്രീയത്തോട് എബിവിപി എന്നും അക ലം സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് അടിയന്തരാവസ്ഥയ്ക്കുശേഷം, നിലവിലുള്ള വിവിധ യുവജന – വിദ്യാര്‍ത്ഥി സംഘടനകള്‍ പിരിച്ചുവിട്ട് ജനസംഘം കൂടി അംഗമായ ഭരണ പാര്‍ട്ടിയുടെ യുവജനവിഭാഗമായി പുതിയ ഏകീകൃത രൂപം സ്വീകരിക്കണമെന്ന, 1977 ഏപ്രിലില്‍ സാരാനാഥില്‍ വച്ച് നടന്ന അത്തരം സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന, നിര്‍ദ്ദേശത്തെ എബിവിപി തള്ളിക്കളഞ്ഞത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായി തങ്ങള്‍ നിലനില്‍ക്കുമെന്നാണ് എബിവിപി അന്ന് ഉയര്‍ത്തിപ്പിടിച്ച നിലപാട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം എബിവിപിക്ക് രാജ്യത്ത് വലിയ സ്വാധീനം ഉണ്ടായി. തുടര്‍ന്ന് നടന്ന ചില കോളേജ് തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച വിജയം സംഘടനക്ക് ഉണ്ടായി. എന്നാല്‍ ഇത് അടിയന്തരാവസ്ഥ-വിരുദ്ധ ബഹുജന സമരത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന തിരിച്ചറിവില്‍, അതിന്റെ ഫലം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍, 1978 മെയ് മാസത്തില്‍, ഇനി മുതല്‍ തല്‍ക്കാലത്തേക്ക് സ്റ്റുഡന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം എബിവിപി കൈക്കൊണ്ടു. അഴിമതി കൊടികുത്തിവാണ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ 2012ല്‍ യൂത്ത് എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന ബാനറില്‍ ഐതിഹാസികമായ മറ്റൊരു അഴിമതി വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കാനും എബിവിപിക്ക് സാധിച്ചു.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)