കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ സിപിഎം എളമരം കരീമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സി. ഐ.ടിയുവിന്റെ നേതാവ് എന്ന നിലയ്ക്കാണ്. സി.പി.എം തന്നെ സാധാരണക്കാരന്റെ പാര്‍ട്ടിയാണല്ലോ. അതും പോരാ, അതിലും സാധാരണക്കാരും പാവങ്ങളുമായ തൊഴിലാളികളുടെ നേതാവു കൂടിയായാല്‍ ചാകരക്കാലത്ത് മത്സ്യം കിട്ടുമ്പോലെ വോട്ട് സി.പി.എമ്മിന്റെ ചിഹ്നത്തില്‍ കുത്തിക്കൊണ്ടേയിരിക്കും. അതു കൊണ്ടുതന്നെ കരീമിന് ജയിക്കാം. ഭൂരിപക്ഷം ഇനിയും കൂടട്ടെ എന്നു കരുതി പാര്‍ട്ടിയുടെ മാധ്യമമാനേജിംഗ് വിഭാഗം സഖാവ് കരീമിനെ ‘കരീംക്കാ’ കൂടിയാക്കി. അതോടെ സഖാവ് എളമരം കരീം മുസ്ലിമായ കരീമും കൂടിയായി. ഇത്രയൊക്കെ പോരേ കോഴിക്കോട് മണ്ഡലം പാര്‍ട്ടിയുടെ സ്വന്തമാകാന്‍.
എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു ഫലം വന്നപ്പോള്‍ വന്‍ തോല്‍വിയാണ് പാര്‍ട്ടിക്ക് കിട്ടിയത്. കരീം മുമ്പ് എം.എല്‍.എയായി വിജയിച്ച ബേപ്പൂര്‍ മണ്ഡലത്തില്‍ 19561 വോട്ടിന്റെ തോല്‍വിയാണ് സഖാവിനുണ്ടായത്. അപ്പോഴാണ് പാര്‍ട്ടി നേതാക്കള്‍ കണ്ണു തുറന്നത്. കരീംക്കാ എന്നു വിളിച്ച മുസ്ലിങ്ങളാരും വോട്ടു ചെയ്തില്ല. തൊഴിലാളി മേഖലയായ ബേപ്പൂരും ഫറൂഖിലും സഖാവിനൊപ്പം തൊഴിലാളികളില്ല. കോംട്രസ്റ്റ് സമരം, സ്റ്റീല്‍ കോംപ്ലക്‌സ് അടച്ചുപൂട്ടിയത്, പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റിയത് – ഇതെല്ലാം കണ്ട തൊഴിലാളികള്‍ സഖാവ് കരീമിന് വോട്ടു ചെയ്തില്ല. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയേയും അവരുടെ തൊഴിലാളി സംഘടനയേയും അതിന്റെ സംസ്ഥാന സെക്രട്ടറിയേയും തൊഴിലാളികള്‍ കൈവിട്ടിരിക്കുന്നു.