പോസ്റ്റ് ഓഫീസ് വരെ പോയതായിരുന്നു. അവിടെ ആല്‍ത്തറയ്ക്കല്‍ ചന്ദ്രനുണ്ണി. കണ്ട പാടെ പറഞ്ഞു.
‘ഞാന്‍ ആ ആര്‍ട്ടിക്കിള്‍ വായിച്ചു. അതിനുശേഷമാണ് ഞാന്‍ അണ്ണാമലൈയുടെ ഇന്റര്‍വ്യൂ വീഡിയോ കണ്ടത്. ഗൈ ഈസ് റീയലി സ്മാര്‍ട്ട് ആന്‍ഡ് ഇന്റലിജന്റ്. ഇതുപോലെയുള്ള യുവാക്കള്‍ ഭാവിയുടെ വാഗ്ദാനമാണ്. ഇത്രയും കാലിബര്‍ ഉള്ള ഒരു പത്തുപേരെ കിട്ടിയാല്‍ ഇന്ത്യാരാജ്യം രക്ഷപ്പെട്ടു.’
‘ശരിയാണ് അണ്ണാമലൈ നല്ല പഠിപ്പുള്ള വ്യക്തി മാത്രമല്ല ഫുള്ളി അപ്‌ഡേറ്റഡ് ആണ്. അല്ലെങ്കില്‍ എ.ഐയെ, നിര്‍മ്മിത ബുദ്ധിയെ കുറിച്ച് ഇത്രയും വിശദമായി എങ്ങനെ പറയാന്‍ കഴിയുന്നു? ആ ഇന്റര്‍വ്യൂ എ.ഐ എക്‌സ്‌പെര്‍ട്ട് ആയ എന്റെ മകന് ഞാന്‍ അയച്ചു കൊടുത്തു. അവന്‍ പറഞ്ഞു ‘ഫോര്‍ എ പൊളിറ്റിഷ്യന്‍ ഹി ഈസ് അമേസിങ്‌ലി വെല്‍ ഇന്‍ഫോര്‍മ്ഡ്. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ അറിവുള്ള വ്യക്തി.’
‘അതേസമയം രാഹുല്‍ ഗാന്ധി പറഞ്ഞതോ? അയാളുടെ കോച്ച് വല്ല തെരുവ് ഗുണ്ടയാണോ എന്ന് തോന്നിപ്പോവും.’
‘ഹ..ഹ. ഹ..ശരിയാണ് അമേസിങ്‌ലി ഇല്‍ ഇന്‍ഫോര്‍മ്ഡ് അല്ലേ?’
‘നമ്മുടെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മോദിജിക്കൊപ്പം രാഹുലിനെ കാണിക്കുന്നത് എനിക്ക് അസഹ്യമായി തോന്നാറുണ്ട്. എളിയതിനെ വില കുറച്ച് കാണുകയല്ല ഇവിടെ. എന്തെങ്കിലും ഒരു നല്ല ട്രൈറ്റ്, ഒരു ഗുണം വേണ്ടേ? അതില്ല.’
‘അല്ലെങ്കിലും പ്രതിപക്ഷത്ത് ആരുണ്ട് സമശീര്‍ഷനായി ഒപ്പം വെക്കാന്‍? രാഷ്ട്രീയ വിദ്വേഷങ്ങള്‍ മാറ്റി വെച്ച് ഒന്ന് ആലോചിച്ചു നോക്കൂ… മോദിജിയെ മോശമായി ചിത്രീകരിക്കുന്നതിലാണ് മത്സരവും കേമത്തവും. ഇവര്‍ മോദിജിയുടെ ഏതെങ്കിലും ഒരു പരിപാടിയെ ക്രിയാത്മകമായി വിമര്‍ശിച്ച് കണ്ടിട്ടില്ല. ഒന്നുകില്‍ മത വര്‍ഗ്ഗീയത ചാലിച്ച് അല്ലെങ്കില്‍ ജാത്യാരോപം ചേര്‍ത്ത് വെച്ച് എന്തെങ്കിലും പറയും.’
‘ഞാന്‍ നോക്കി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ എല്ലാ ലക്ഷ്യങ്ങളിലും മോദിജി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിശപ്പില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, ശുചിത്വം, അടിസ്ഥാന വികസനം, ഊര്‍ജ്ജ സംരക്ഷണം, കാലാവസ്ഥ, തൊഴില്‍, സാമ്പത്തിക വളര്‍ച്ച എന്നിങ്ങനെ പതിനാറ് ലക്ഷ്യങ്ങളുണ്ട്. അതിലെല്ലാം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്.’
‘ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് തന്നെ, ഹൈവേ, എയര്‍പോര്‍ട്ട്, പോര്‍ട്ട്, റെയില്‍വേ എന്നിവയുടെ നവീകരണത്തിലൂടെ കോടിക്കണക്കിന് തൊഴിലാണ് സൃഷ്ടിക്കുന്നത്. എന്നിട്ടും കണക്കുകള്‍ ഒന്നും നോക്കാതെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പകരം ക്ഷേത്രം നിര്‍മ്മിക്കുകയാണ് മോദി എന്നാണ് പ്രതിപക്ഷ പരാതി.’
‘അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക വഴിയും പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേ? അപ്പൊ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയാണ്. അതിനു ജനം മറുപടി കൊടുത്തോളും’.
‘മോദിജി ‘സ്‌കില്‍ ഇന്ത്യ’ എന്ന് പറയുമ്പോള്‍ പ്രതിപക്ഷം ‘കില്‍ ഇന്ത്യ’ എന്ന് പറയുന്നു അത്ര തന്നെ മൂര്‍ഖര്‍.’
‘ഹ.ഹ… ശരിയാണ്. ഒരു വശത്ത് ഒരു മരം നട്ടു വലുതാക്കാന്‍ നോക്കുമ്പോള്‍ മറു വശത്ത് അത് വെട്ടിയിടാന്‍ നോക്കുന്നു’.
‘ഇന്ത്യയെ ഇകഴ്ത്തിക്കാട്ടുന്നു. വിദേശ നിക്ഷേപം വരാതിരിക്കാന്‍ വേണ്ടി ശ്രമിക്കുന്നു. ഇവിടെ സ്വാതന്ത്ര്യമില്ല, ഫാസിസമാണ്, സ്വേച്ഛാധിപത്യമാണ് എന്നൊക്കെ പുരപ്പുറത്ത് കേറി നിന്ന് ഘോഷിക്കുക അത് വിദേശമാധ്യമങ്ങള്‍ എടുത്ത് കാണിച്ച് ഇന്ത്യയുടെ റേറ്റിങ് കുറയ്ക്കുക. കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക, പുരോഗതിയ്ക്ക് എങ്ങനെയെങ്കിലും തുരങ്കം വെക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുക.’
‘ജനം എല്ലാം കേള്‍ക്കുന്നുണ്ട് കാണുന്നുണ്ട്. അതിനുള്ള മറുപടി ഭാരതത്തിലെ സാമാന്യജനം കൊടുത്തിരിക്കും.
ചന്ദ്രനുണ്ണി ദീര്‍ഘ നിശ്വാസം വിട്ടു. ഒരു പുതിയ ഊര്‍ജ്ജം കിട്ടിയ പോലെ.
‘വാസ്തവത്തില്‍ നാം എത്ര ഭാഗ്യവാന്മാരാണ്. ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞല്ലോ.’
‘ശരിയാണ് മോദിജിയുടെ സമകാലികരായി ഇന്ത്യയുടെ വളര്‍ച്ച നേരില്‍ കണ്ട്.’
‘തീര്‍ച്ചയായും. ആലോചിച്ച് നോക്കൂ. ഭാരതത്തെ അങ്ങേയറ്റം സ്‌നേഹിച്ച വള്ളത്തോളിനെപ്പോലെയുള്ള നമ്മുടെ മഹാകവികള്‍ ഈ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ എത്ര നല്ല കവിത എഴുതുമായിരുന്നു.’
‘ശരിയാണ്. നമുക്ക് ഇടക്കാലത്ത് ഇടതുപക്ഷ ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ദാരിദ്ര്യവും ചോരയും ചലവും നിലവിളികളും മാത്രം കണ്ട നെഗറ്റീവ് കവികള്‍ ധാരാളം ഉണ്ടായി. തീര്‍ത്തും പ്രതിലോമ ചിന്തകള്‍ പരത്തുകയും വ്യവസായത്തിനും പുരോഗതിയ്ക്കും എല്ലാം എതിരായി നിരന്തരം എഴുതി ആളുകളെ ഒരു തരം അലസരും നിര്‍വീര്യരുമാക്കുകയായിരുന്നു അവരുടെ പണി. ഇന്നും മലയാളികള്‍ അതില്‍ നിന്ന് മുക്തരായിട്ടില്ല. പൂര്‍ണ്ണമായും പ്രതിലോമ ചിന്തകള്‍ വളര്‍ത്തുന്ന വാരികകളും മാസികകളും നമുക്കുണ്ട്. മനസ്സ് ചീത്തയാക്കുന്ന സിനിമകളും നമുക്കില്ലേ? വൃഥാവിലുള്ള രാഷ്ട്രീയ പോര് അവസാനിച്ചാല്‍ തന്നെ കുറെ ശമനമുണ്ടാകും’
വള്ളത്തോളിന്റെ വരികള്‍ ഓര്‍മ്മ വരികയാണ്.
‘ഉന്മത്തര്‍ പോലീ വലമിടങ്കയ്യുകള്‍
തമ്മില്‍ പൊരുതിയൊഴുക്കും നിണത്തിലും
മല്‍പ്രിയരാജ്യത്തിന്നാസന്നമാകിയ
സുപ്രഭാതത്തിന്‍ തുടുപ്പ് കാണുന്നു ഞാന്‍’
ചന്ദ്രനുണ്ണി പൂര്‍വ്വാധികം സന്തുഷ്ടനായി. എന്നിട്ട് പറഞ്ഞു ഭാരതം പുരോഗതിയുടെ പാതയിലാണ്. അത് എല്ലാവരും സമ്മതിക്കും.
നല്ല ഭാവിയുണ്ട്. പക്ഷേ കേരളം വളരെ മോശം അവസ്ഥയിലാണ്. ഇതിനു പ്രധാനകാരണം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തന്നെ. അതില്‍ നിന്ന് എങ്ങനെ മോചനം സാധ്യമാവും?
‘കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം തന്നെ തത്സ്ഥിതി തുടരാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണത്. ഞാന്‍ അവരെ മാത്രമേ കുറ്റപ്പെടുത്തൂ. നാളെ തൊട്ട് അവര്‍ മാറി ചിന്തിച്ച് മോദിജിയുടെ പരിപാടികളെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാന്‍ തുടങ്ങി എന്ന് കരുതുക കേരളം രക്ഷപ്പെടും. ഒന്നും ഇല്ലാത്ത വെറും ഉപ്പ് മാത്രമുള്ള റാന്‍ ഓഫ് കച്ചില്‍ ഒരു ടൂറിസ്റ്റ് വില്ലേജ് തുടങ്ങി സന്ദര്‍ശകരെ അങ്ങോട്ട് ആകര്‍ഷിക്കാമെങ്കില്‍ കേരളത്തില്‍ എന്തെല്ലാം നടക്കില്ല!.’
‘അത് ഇപ്പോഴത്തെ സര്‍ക്കാരിനും തുടങ്ങിക്കൂടെ?’
‘തുടങ്ങില്ല. ബിസിനെസ്സ് ഫ്രണ്ട്‌ലി അല്ല.’ ‘പരസ്യ മുതലാളി വിരുദ്ധത’യും ‘രഹസ്യ മുതലാളി ചങ്ങാത്ത’ വും ആണ് മുഖമുദ്ര. പിന്നെ അഴിമതി, സ്വജനപക്ഷപാതം, ധിക്കാരം, വ്യവസായ വിരുദ്ധത. അതിനാല്‍ ഇവര്‍ തീരെ ഇല്ലാതാവണം. നശിക്കണം. അങ്ങനെ പുതിയ മലയാളി ഉദയം ചെയ്യണം അപ്പോഴേ ‘എല്ലാം ശരിയാകൂ.’
‘മലയാളി ഇങ്ങനെ കുണ്ടന്‍ കിണറ്റില്‍ കിടക്കാതിരിക്കണമെങ്കില്‍ ഒരു രണ്ടാം ഭാഷ ശരിക്കും പഠിക്കണം. അതില്‍ വാര്‍ത്താ വിനിമയം നടത്തണം. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് ന്യൂസ് കാണുന്ന മലയാളികളും മലയാളം മാത്രം കേള്‍ക്കുന്നവരും തമ്മില്‍ ചിന്തയില്‍ വലിയ വ്യത്യാസമുണ്ട്. ഹിന്ദി വാര്‍ത്ത പതിവായി കേള്‍ക്കുന്നവര്‍ ചുരുങ്ങും. പണ്ട് ദൂരദര്‍ശന്‍ ഉണ്ടായിരുന്നപ്പോള്‍ സ്വല്പമെങ്കിലും കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ മലയാളികള്‍ പൂര്‍ണ്ണമായും വിഭജിച്ചവരാണ്. പലപ്പോഴും രാഷ്ട്രത്തിന് എതിരായി ചിന്തിക്കുന്നവരും.’
‘ശരിയാണ്. ഹിന്ദി ഭാഷയിലുള്ള നമ്മുടെ സ്വാധീനം അത്തരം പോരായ്മകള്‍ മറി കടക്കുമോ?’
‘അറിയില്ല… ഹിന്ദി ഭാഷയില്‍ പ്രാവീണ്യം നേടിയാല്‍ അതിലെ പ്രസിദ്ധീകരണങ്ങള്‍ വന്നാല്‍ പുസ്തകമെഴുതിയാല്‍ എത്ര വലിയ മാര്‍ക്കറ്റാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്? ആലോചിച്ച് നോക്കൂ. എന്താണ് ആരും അതിനു ശ്രമിക്കാത്തത്? സിനിമയുണ്ടാക്കി വിജയം വരിക്കുന്നുണ്ടല്ലോ?’
‘ശരിയാണ്.. ഒരു രണ്ടാം ഭാഷ പഠിക്കണം.. ഒരു കഥ ഓര്‍മ്മ വരികയാണ്. ഒരിക്കല്‍ ഒരു അമ്മച്ചുണ്ടെലിയും കുഞ്ഞും പുറത്തിറങ്ങി ഭക്ഷണം തേടുകയായിരുന്നു. അപ്പോള്‍ ആ വഴി ഒരു വലിയ കണ്ടന്‍ പൂച്ച വന്നു. അത് നാവു നുണച്ച് ചാടി വീഴാന്‍ തക്കം പാര്‍ത്തു നിന്നു. പെട്ടെന്ന് അമ്മച്ചുണ്ടെലി സ്വയം ഊതി വീര്‍പ്പിച്ച് എഴുന്നേറ്റ് നിന്ന് വീര്യത്തോടെ ഒരൊറ്റ ഊത്തും ചീറ്റലും. കണ്ടന്‍ പൂച്ച പേടിച്ചോടി. അപ്പോള്‍ കുഞ്ഞു ചോദിച്ചു അതെന്താ അമ്മ കാട്ടിയത്? അമ്മച്ചുണ്ടെലി പറഞ്ഞു ജീവിതത്തില്‍ വിജയം വരിക്കാന്‍ ഒരു രണ്ടാം ഭാഷ പഠിക്കണം. അത് അത്യാവശ്യമാണ്. മലയാളി മാതൃഭാഷയെ സ്‌നേഹിക്കുമ്പോഴും ഒരു രണ്ടാം ഭാഷയില്‍ പ്രാവീണ്യം നേടണം.
അത് ‘സ്‌കില്‍ ഇന്ത്യ’ നൈപുണ്യ വികസനം പദ്ധതിയിലൂടെ സാധിക്കും. നോര്‍ത്ത് സൗത്ത് വിഭജനത്തിനു ശ്രമിക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ അത്തരം ആശയത്തെ എതിര്‍ക്കും. അവരെ സംബന്ധിച്ചിടത്തോളം ‘കില്‍ ഇന്ത്യ’ യാണ് ലക്ഷ്യം. ഇന്ത്യയെ പൊട്ടിച്ച് കഷ്ണം കഷ്ണമാക്കുക.’
‘ശരിയാണ്.. സോറോസിന്റെ ഏജന്റുമാര്‍ നല്ല അധ്വാനത്തിലാണ്. അവര്‍ അടങ്ങിയിരിക്കില്ല.’
ചന്ദ്രനുണ്ണി ചിരിച്ചു. വാച്ചിലേക്ക് നോക്കി.
അപ്പോള്‍ ഞാന്‍ ഇപ്രകാരം വള്ളത്തോളിന്റെ വരികള്‍ ഒരു ചെറിയ ട്വിസ്റ്റോടെ ചൊല്ലി വിട വാങ്ങി.
‘അല്ലുടന്‍ വന്നു മറച്ചാല്‍ മറയ്ക്കട്ടെ
പൊന്‍താമരപ്പൂക്കള്‍ വിരിക താന്‍ ചെയ്തിടും
അന്തരീക്ഷത്തിലണയ്ക്കയും ചെയ്തിടും
അന്തിക്കുളിര്‍കാറ്റവറ്റിന്‍ പരിമളം’