ജൂണ്‍ 20
സക്ഷമ സ്ഥാപനദിനം
‘പുല്ലായെങ്കിലും ഈ മണ്ണില്‍ പുലരാന്‍ പുണ്യമുദിച്ചെങ്കില്‍’ എന്ന് കവി പാടിയതിലെ സാരഗര്‍ഭമായ സന്ദേശം സംസ്‌കാര സമ്പന്നമായ ഈ ഭാരതഭൂമിയില്‍ ജന്മം സിദ്ധിച്ച സകല ജീവജാലങ്ങളും സൗഭാഗ്യം കൈവരിച്ചവരാണെന്ന് തന്നെയാണ്. ജന്മങ്ങളില്‍ ശ്രേഷ്ഠമായത് മനുഷ്യജന്മം തന്നെ. അതില്‍ സകലാംഗ ക്ഷമതയോടെ ജീവിതം അനുഭവിക്കുക എന്നത് ദൈവാനുഗ്രഹമായി കരുതാം. സകലാംഗ സമൂഹം പരാശ്രയമില്ലാതെ സ്വന്തം കാര്യങ്ങളും – വിദ്യാഭ്യാസവും തൊഴിലും കുടുംബജീവിതവും ആസ്വദിച്ച് വിനോദങ്ങളും ആഢംബരങ്ങളും അനുഭവിച്ച് ജീവിക്കുന്നു. എന്നാല്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ജന്മനാ ശരീര മനോബുദ്ധി വൈകല്യത്തോടുകൂടി ജീവിക്കുന്ന അസംഖ്യമാളുകള്‍ നമുക്ക് ചുറ്റുമുണ്ട് എന്നത് കാണാതിരുന്നുകൂടാ. കൂടാതെ ജീവിതയാത്രയില്‍ നിര്‍ഭാഗ്യവശാല്‍ വന്നുചേര്‍ന്ന മാറാരോഗങ്ങളും അപകടങ്ങളും കാരണം ഭിന്നശേഷിക്കാരായി കഴിയുന്നവര്‍ വേറെയും. ഭിന്നശേഷിക്കാര്‍ പൊതുവെ സമൂഹത്തിന്റെ ശ്രദ്ധ അറിഞ്ഞോ അറിയാതെയോ വേണ്ടത്ര ലഭിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി, ഹതഭാഗ്യരായി കഴിഞ്ഞുകൂടുന്ന ദുരവസ്ഥ നിലനില്‍ക്കുന്നത് ദുഃഖകരമാണ്. ജനിച്ച നാടിനെ അമ്മയായി കാണുന്നു എന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ഈ വീക്ഷണമനുസരിച്ച് ഭാരതമാതാവിന്റെ ഉദരത്തില്‍ ജന്മമെടുത്തവരെല്ലാം നമ്മുടെ സഹോദരന്മാര്‍ തന്നെ. കയ്യില്‍ തൊപ്പിയുമായി ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഭിന്നശേഷിക്കാരെ ഹാന്‍ഡികാപ്പ്ഡ് എന്നും വികലാംഗര്‍, പിന്നീട് ഡിസ്ഏബിള്‍ഡ്, ഡിഫ്രന്റ്‌ലി ഏബിള്‍ഡ്, വൈകല്യങ്ങള്‍ അനുസരിച്ച് വെല്ലുവിളികള്‍ നേരിടുന്നവരെന്നും വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിജി ‘ദിവ്യാംഗര്‍’ എന്ന് ഈ സഹോദരങ്ങളെ അഭിസംബോധന ചെയ്തത്. അതായത് സ്‌പെഷല്‍ ചില്‍ഡ്രന്‍ ഓഫ് ഗോഡ് അഥവാ ദൈവത്തിന്റെ അനുഗൃഹീതരായ മക്കള്‍.
നാടിന്റെ പരമവൈഭവം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവകസംഘം 1998-ല്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ പ്രസ്ഥാനമായി ‘ദൃഷ്ടി ഹീന്‍ കല്ല്യാണ്‍ സംഘ്’ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. കാഴ്ച വൈകല്യമുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. ഭിന്നശേഷി അനുഭവിക്കുന്നവരില്‍ വര്‍ദ്ധിതതോതും കാഴ്ച വൈകല്യമുള്ളവരാണ്. എന്നാല്‍ കാഴ്ച വൈകല്യം മാത്രമല്ല മറ്റ് നിരവധി വൈകല്യാവസ്ഥകളോടുകൂടി ജീവിക്കുന്ന എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷത്തിനുശേഷം 2008ല്‍ സക്ഷമ എന്ന ഭിന്നശേഷിക്ഷേമ ദേശീയ സംഘടനയ്ക്ക് രൂപം കൊടുത്തു. ‘സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍’ എന്നതാണ് സംഘടനയുടെ പൂര്‍ണ്ണ നാമം.
സക്ഷമ എന്ന സംഘടനയുടെ ആദ്യപദമായ സമദൃഷ്ടി അന്വര്‍ത്ഥമാക്കുന്നത് രൂപഭാവഭേദങ്ങളില്ലാതെ എല്ലാ ചരാചരങ്ങളെയും ഒരുപോലെ കാണണമെന്നാണ്. ക്ഷമതയെന്നാല്‍ കഴിവ് അഥവാ ശേഷി. ഭിന്നശേഷിക്കാരില്‍ അന്തര്‍ലീനമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുക എന്നതാണ് സക്ഷമയുടെ ഉള്ളടക്കം. ഭാരതീയര്‍ ഒരിക്കല്‍ പോലും വ്യക്തികളെ അവരുടെ ബാഹ്യരൂപത്തിന്റെ ഭംഗിമാത്രം കണക്കിലെടുത്ത് ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. രണ്ട് കാലുകളും നഷ്ടപ്പെട്ട വ്യക്തിയായിരുന്ന അരുണന്‍ സൂര്യഭഗവാന്റെ തേരാളിയായിരുന്നു. വാമനാവതാരം ഹ്രസ്വകായനായിരുന്നു. അഷ്ടാവക്രഗീത സമ്മാനിച്ച മഹാനായ അഷ്ടാവക്രമുനി ശരീരത്തില്‍ 8 വളവുകളോടു കൂടിയ ബഹുവൈകല്യ ബാധിതനായിരുന്നു. തന്റെ അനുപമമായ ഈശ്വരഭക്തിമൂലം ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശന സാക്ഷാല്‍ക്കാരം സിദ്ധിച്ച ഭക്തകവി സൂര്‍ദാസ് കാഴ്ചശേഷിയില്ലാത്ത കവിയായിരുന്നു. ഇതില്‍ നിന്നും ഭിന്നശേഷിക്കാരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെയാണ് ഭാരതീയര്‍ ആദരിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. ഈ ഉള്‍ക്കാഴ്ചയാണ് മഹാനായ ഭക്ത കവി സൂര്‍ദാസിനെ ആദര്‍ശപുരുഷനായി സ്വീകരിക്കാന്‍ സക്ഷമയെ പ്രേരിപ്പിച്ചത്. ഓരോ വ്യക്തിയും ദൈവികമായ ചില കഴിവുകളുടെ ഉടമയാണെന്നും രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതി കൈവരിക്കാന്‍ ഭിന്നശേഷിക്കാരുടെ വൈഭവവും കൂടി അനിവാര്യമാണെന്നും സക്ഷമ വിശ്വസിക്കുന്നു.
സംഘടന ഇന്നതിന്റെ 16-ാം വര്‍ഷത്തിലെത്തിനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കിയ ഭിന്നശേഷി അവകാശനിയമം – 2016ല്‍ പ്രതിപാദിക്കുന്ന 21 വൈകല്യങ്ങളെയും പരിഗണിച്ച് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ ഏക ദേശീയ പ്രസ്ഥാനമാണ് സക്ഷമ എന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി സംഘടനകളില്‍ നിന്നും സക്ഷമയെ വ്യതിരിക്തമാക്കുന്നു. ഭിന്നശേഷി സഹോദരങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍ പരിശീലനം എന്നിവ വഴി ആത്മവിശ്വാസം പകര്‍ന്ന് നല്‍കി സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് സക്ഷമയുടെ ലക്ഷ്യം. ഭാരതത്തില്‍ ഏതാണ്ട് 400ല്‍ പരം ജില്ലകളിലും കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സക്ഷമയുടെ പ്രവര്‍ത്തനമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അംഗന്‍വാടി വഴിയും പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹസമ്പര്‍ക്കങ്ങള്‍ വഴിയും ഭിന്നശേഷി സര്‍വ്വേ നടത്തി ലിസ്റ്റ് സമാഹരിച്ചാണ് സക്ഷമ, ആരോഗ്യപരിപാലനം, പഠനോപകരണങ്ങള്‍ വിതരണം, ഭക്ഷ്യധാന്യക്കിറ്റ് വിതരണം, ഉപകരണങ്ങള്‍ നല്‍കല്‍ സേവാകേന്ദ്രങ്ങള്‍ വഴി സ്വയംതൊഴില്‍ പരിശീലിപ്പിച്ച് തൊഴില്‍ നല്‍കല്‍, മറ്റ് സ്ഥാപനങ്ങളില്‍ പോയി തൊഴില്‍ നേടുവാന്‍ സന്നദ്ധരാക്കല്‍, പ്രാഥമിക സൗകര്യങ്ങളില്ലാത്ത ഭിന്നശേഷിക്കാരുടെ വീടുകളുടെ നവീകരണം, ഭിന്നശേഷി സൗഹൃദമായ ശുചിമുറി നിര്‍മ്മാണം തുടങ്ങി നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ചെയ്ത് വരുന്നത്. കണ്ണൂരില്‍ ‘സ്വാസ്ഥ്യ’ എന്ന പേരില്‍ സൗജന്യമായി ഭിന്നശേഷിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഫിസിയോതെറാപ്പി സെന്റര്‍, കോഴിക്കോട് പന്തീരാങ്കാവില്‍ സംഘടനയ്ക്ക് ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ ‘സക്ഷമ ഭവന്‍’ എന്ന ഭിന്നശേഷി തൊഴില്‍ നൈപുണ്യവികാസ കേന്ദ്രത്തില്‍ ജാതി-മതവ്യത്യാസമില്ലാതെ ഭിന്നശേഷിയുള്ള സഹോദരിമാര്‍ക്കായി സ്വയംതൊഴില്‍ (തയ്യല്‍ വേല, കുട നിര്‍മ്മാണം, തുണിസഞ്ചികള്‍ ഇരുമുടി സഞ്ചികള്‍, പാദമെത്ത തുടങ്ങിയവ) പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുന്നു. തൊഴില്‍ പരിശീലിക്കുന്ന കാഴ്ചവൈകല്യമുള്ള സഹോദരിമാര്‍ക്ക് സക്ഷമഭവനില്‍ താമസിക്കുവാന്‍ സൗകര്യം നല്‍കുന്നു. ശ്രവണസംസാര വൈകല്യമുള്ള സഹോദരിമാര്‍ തൊഴില്‍ നൈപുണ്യം നേടി സക്ഷമഭവനില്‍ തന്നെ ജോലി ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നു.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ‘ധീമഹി’ ദിവ്യാംഗ സേവാ കേന്ദ്രം ഫിസിയോതെറാപ്പി സേവനം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലെ ആദിവാസി മേഖലയില്‍ സക്ഷമ ഏറ്റെടുത്ത് നടത്തിയ ‘പഴശ്ശി വിഷന്‍’ പദ്ധതി 10 മാസം കൊണ്ട് ആദിവാസി ഊരുകളിലെ നിവാസികളായ പതിനായിരത്തോളം പേരെ വിവിധ ഘട്ടങ്ങളായി നേത്ര പരിശോധന നടത്തി കാഴ്ച വൈകല്യമുള്ളവര്‍ക്ക് സൗജന്യ നേത്രശസ്ത്രക്രിയയും 1000 പേര്‍ക്ക് കണ്ണടകളും വിതരണം ചെയ്തു.
ഭിന്നശേഷി അവകാശനിയമം – 2016 അംഗീകരിച്ച 21 വൈകല്യങ്ങളെ കാഴ്ച, ബുദ്ധി, ചലനം, കേള്‍വി തുടങ്ങിയ വെല്ലുവിളികള്‍, രക്തസംബന്ധിയായ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, കുഷ്ഠരോഗമുക്തര്‍ എന്നിങ്ങനെ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം ഏഴ് വിഭാഗങ്ങളായി തരംതിരിച്ചു പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സ്‌പെഷ്യല്‍ വിദ്യാലയങ്ങള്‍, ഓഡിയോ പുസ്തക വായനശാലകള്‍, ആംഗ്യഭാഷാപഠനകേന്ദ്രങ്ങള്‍ ബ്രെയില്‍ ലിപി പഠനകേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, ദിവ്യാംഗ സേവാകേന്ദ്രങ്ങള്‍ എന്നിവ നടത്തി വരുന്നു. കൂടാതെ ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ വിവാഹ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി ചില സംസ്ഥാനങ്ങളില്‍ യുവതി യുവാക്കളുടെ ഒത്തുചേരലിന് സക്ഷമ അവസരങ്ങളൊരുക്കാറുണ്ട്.
സക്ഷമ ഏറ്റെടുത്തിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് CAMBA (കോര്‍ണിയ അന്ധത്വമുക്ത ഭാരത് അഭിയാന്‍). ഭാരതത്തില്‍ ഏകദേശം ഒന്നര ലക്ഷത്തോളം കോര്‍ണിയ തകരാറുമൂലം കാഴ്ച നഷ്ടപ്പെട്ടവരാണ്. ഇങ്ങനെയുള്ളവരുടെ എണ്ണം പ്രതിവര്‍ഷം 25000 മുതല്‍ 30000 വരെ വര്‍ദ്ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോര്‍ണിയ മാറ്റിവെക്കല്‍ മാത്രമാണിതിന് പരിഹാരം. നേത്രദാനത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ. ഇതിനായി സമാജബോധവല്‍ക്കരണം നടത്തി മരണശേഷം കോര്‍ണിയ ദാനം ചെയ്യുന്നതിന് സന്നദ്ധരാക്കുന്ന ശ്രമകരമായ ദൗത്യനിര്‍വ്വഹണമാണ് കാംബ പദ്ധതിയിലൂടെ സക്ഷമ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷവും ആഗസ്റ്റ് 25 മുതല്‍ സപ്തംബര്‍ 8 വരെ നടക്കുന്ന നേത്രദാന പക്ഷാചരണവേള സക്ഷമ ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. വൈകല്യത്തെ അതിജീവിക്കാന്‍ പ്രേരണയേകുക എന്ന ലക്ഷ്യത്തോടെ ഓരോ വര്‍ഷവും ഭക്തസൂര്‍ദാസ് ജയന്തി, ലോകപരിസ്ഥിതിദിനം, സക്ഷമ സ്ഥാപകദിനം, ഹെലന്‍കെല്ലര്‍ ദിനം, സെറിബ്രല്‍ പാഴ്‌സി ദിനം, രക്ഷാബന്ധന്‍, ലോകഓട്ടിസം ദിനം, ലോക കേള്‍വി ദിനം, ലോക ബുദ്ധിവൈകല്യദിനം, ലൂയി ബ്രെയില്‍ ദിനം, കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണം തുടങ്ങിയ ദിനാചരണങ്ങള്‍ ആചരിക്കുകയെന്നത് സംഘടനാ കാര്യപദ്ധതിയുടെ ഭാഗമാണ്. സക്ഷമയുടെ അഖിലഭാരതീയ അദ്ധ്യക്ഷന്‍, കേരള സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ദേശീയ സമിതിയിലും സംസ്ഥാന സമിതികളിലും ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത് വിദ്യാസമ്പന്നരായ ഭിന്നശേഷിക്കാരാണ് എന്നത് സക്ഷമയുടെ പ്രത്യേകതയാണ്.
ഭിന്നശേഷിക്കാരോട് പൊതുസമൂഹത്തിന് ഉണ്ടാകേണ്ടത് സഹാനുഭൂതിയല്ല, മറിച്ച് കൂടപ്പിറപ്പുകളായി പരിഗണിച്ച് സഹവര്‍ത്തിത്വ മനോഭാവത്തോടെ ചേര്‍ത്ത് പിടിക്കലാണ്. സകലാംഗരെ പോലെ ജീവിതത്തിലെ എല്ലാ സുഖാനുഭവങ്ങളും അനുഭവിക്കാന്‍ അവര്‍ക്കുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, തിയറ്ററുകള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകുവാന്‍ പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലുകളാണ് ആവശ്യം. ഭിന്നശേഷി സ്ഥാപനങ്ങളില്‍ ജോലിക്കാരായി നിയമിതരാകുവാന്‍ വിഷയസംബന്ധമായ യോഗ്യതകള്‍ നേടുന്നതിന് തയ്യാറുള്ളവരായി ഹിന്ദുസമാജത്തില്‍ നിന്നും താരതമ്യേന കുറവാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതര മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ഈ മേഖലകളില്‍ വളരെ ജാഗരൂകരുമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന CRC (Composite Regional Centre) നിരവധി കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന സമത്വം, സ്വാതന്ത്ര്യം, അന്തസ്സ്, നീതി എന്നിവ ഭിന്നശേഷിക്കാരനും ബാധകമാണ്. ഭിന്നശേഷിക്കാര്‍ സമൂഹത്തിന് ഒരു ഭാരമോ ബാധ്യതയോ അല്ല. രാഷ്ട്ര വികസനത്തിന് പലതരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കും.
കലാകായികരംഗത്തും സാമൂഹ്യസാഹിത്യസംസ്‌കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം പ്രതിഭാശാലികളായ നിരവധി പേരുണ്ട്. കളക്ടര്‍മാരടക്കം പല ഉന്നത മേഖലകളിലും മികച്ച സേവനം കാഴ്ചവെക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നു.
ഭിന്നശേഷി സഹോദരങ്ങള്‍ രാജ്യത്തിന്റെ വിലമതിക്കാനാകാത്ത മുതല്‍ക്കൂട്ടാണ് എന്നതാണ് സക്ഷമയുടെ കാഴ്ചപ്പാട്. സംസ്ഥാന അസംബ്ലികളിലും പാര്‍ലമെന്റിലും ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പാക്കാനും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ഭിന്നശേഷി അവകാശ നിയമം – 2016, നിര്‍ദ്ദേശിക്കപ്പെട്ട 4% സംവരണം നടപ്പാക്കാനും സക്ഷമ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭി ക്കാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനും ഉപകരണങ്ങള്‍ ലഭ്യമാക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി ജില്ലകള്‍ തോറും ദിവ്യാംഗസേവാകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
ബഹുമുഖ സ്വഭാവമുള്ള ഒരു സാമൂഹിക പ്രശ്‌നമാണല്ലോ വൈകല്യാവസ്ഥ. പുരാതന സാമൂഹിക വ്യവസ്ഥയില്‍ കുടുംബമായിരുന്നു ഭിന്നശേഷിക്കാര്‍ക്ക് അത്താണിയായിരുന്നത്. എന്നാല്‍ ആധുനിക അണു കുടുംബ വ്യവസ്ഥയില്‍ ഇതിനെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു. മാനസിക വിഭ്രാന്തി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം പോലുള്ള അവസ്ഥയില്‍ ജനിച്ച കുട്ടികളുടെ അമ്മമാര്‍ ഇങ്ങനെ വൈകല്യമുള്ള കുഞ്ഞ് ജനിച്ചത് കാരണം ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് വിഷാദരോഗത്തിനും ആശങ്കയ്ക്കും അടിമപ്പെട്ട് കുഞ്ഞിനെക്കൊന്ന് ഞാനും മരിക്കുമെന്ന് പറയുന്നവര്‍ ഇനിയും നമുക്ക് ചുറ്റും ഉണ്ടായിക്കൂടാ. തങ്ങളുടെ കാലശേഷം ഈ കുഞ്ഞുങ്ങളുടെ അവസ്ഥ ആലോചിച്ച് ഉള്ളുരുകി ജീവിതം തള്ളിനീക്കുകയാണിവര്‍. ഇത്തരം അമ്മമാരുമായി സഹവര്‍ത്തിക്കാനും സമാശ്വസിപ്പിക്കാനും സമൂഹ മനസ്സ് ഉണരേണ്ടിയിരിക്കുന്നു. സാമൂഹിക പുനരധിവാസമാണ് ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന പരിഹാരം.
‘അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍’
ഈ കവി ഭാവനയും അന്വര്‍ത്ഥമാക്കുന്നത് സഹജീവികളോട് കാരുണ്യപൂര്‍വ്വം ഇടപഴകുവാനും അവരുടെ ക്ഷേമ ഐശ്വര്യങ്ങളില്‍ സദാജാഗ്രതയോടെ നിലകൊള്ളുവാനും കഴിയുമ്പോഴാണ് നാം ദേവദുര്‍ലഭമായ വ്യക്തിത്വത്തിന് ഉടമകളായി തീരുന്നത് എന്നാണ്. ധര്‍മ്മ സാധന ചെയ്യുവാനാണ് നമുക്ക് ശരീരവും മനസ്സും ഈശ്വരന്‍ കൃപാപൂര്‍വ്വം സമ്മാനിച്ചത്. എല്ലാം തികഞ്ഞവര്‍ ആരുമില്ലല്ലോ ഭൂമിയില്‍. കഴിവ് കുറഞ്ഞവര്‍ ഉണ്ടായത് കഴിവുള്ളവര്‍ക്ക് അവരെ സഹായിക്കാന്‍ അവസരം ലഭിക്കാനായാണ് എന്നതല്ലേ നേര്? ആ സദ്കര്‍മ്മ നിര്‍വ്വഹണത്തിലൂടെ കൃതകൃത്യരാകുവാന്‍ നമുക്ക് സാധിക്കണം. മാതൃസംഘടനയായ സംഘത്തിന്റെ ജന്മശതാബ്ദി ആസന്നമായ ഈ ശുഭവേളയില്‍ സമൂഹത്തില്‍ ദിവ്യാംഗസേവനമെന്നത് ഒരു സംസ്‌കാരമായി വളര്‍ന്നു വരുവാന്‍ സക്ഷമ ആഗ്രഹിക്കുന്നു.